Wednesday, January 26, 2011

ഫൈവ് പോയിന്റ്‌ സം വൺ‍, വാട്ട്‌ നോട്ട് ടു ഡൂ അറ്റ് IIT

പുസ്തകം : ഫൈവ് പോയിന്റ്‌ സം വൺ‍, വാട്ട്‌ നോട്ട് റ്റു ഡൂ അറ്റ് IIT
രചയിതാവ് : ചേതന്‍ ഭഗത്ത്
പ്രസാധനം : രൂപ & കോ
അവലോകനം :ജിക്കു വര്‍ഗ്ഗീസ്

രു നോവലെന്നതിലുപരി സമകാലിക ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നേര്കാഴ്ചയാണ് ചേതന്‍ ഭാഗത്ത്തിന്ര്‍ഗെ “ഫൈവ് പോയിന്റ്‌ സം വണ്‍ ,വാട്ട്‌ നോട്ട് ടു ഡൂ അറ്റ് IIT “(Five Point Someone,what not to do at IIT .)ഒരു പ്രത്യേക കാര്യത്തില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാത്രമേ ചെയ്യാവൂ എന്ന് പ്രതിപാദിക്കാറുണ്ട്.എന്നാല്‍ പതിവിനു വിപരീതമായി എന്ത് ചെയ്യരുത് എന്ന് പറയുമ്പോള്‍ വായനക്കാരില്‍ അതൊരു പുതുമയുള്ളതും ,വൈവിധ്യവുമായ ഒരു അനുഭൂതി സൃഷ്ട്ടിക്കുകയാണ്.ഡല്‍ഹി IIT യുടെ പശ്ചാത്തലത്തില്‍ മൂന്നു വ്യതസ്ത ജീവിതങ്ങളുടെ കഥ പറയുകയാണ്‌ ചേതന്‍ .തന്റെ സാഹിത്യ ജീവിതത്തില്‍ ആകെ കൂടി 4 പുസ്തകങ്ങള്‍(Five Point Someone – What not to do at IIT! , One Night @ the Call Center, The 3 Mistakes of My Life , 2 States: The Story of My Marriage.) മാത്രം രചിച്ച ചേതന്റെ ഈ ‘വിസ്മയം’ പോയ വര്‍ഷങ്ങളിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയതില്‍ എനിക്കത്ഭുതമില്ല.കാരണം എനിക്കറിയാം ചേതന്റെ വാക്കുകളുടെ ശക്തി.ഇത് വായിച്ചവര്‍ ഒരിക്കലും ഒരു ‘വെറും നോവലായി’ ഇതിനെ കാണാന്‍ ഇടയില്ല .മറിച്ച് ഒട്ടനേകം സന്ദേശങ്ങള്‍ നല്‍കുന്ന ഒരു അക്ഷയ നിധിയായി ഇതിനെ കണ്ടിട്ടുണ്ടാവും.ചേതന്റെ IIT വിദ്യാഭ്യാസ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ എഴുതപെട്ടിരിക്കുന്നത്.ഈ നോവലാണ്‌ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 3-idiots എന്ന പേരില്‍ വമ്പന്‍ ഹിറ്റായ സിനിമയായി മാറിയത്.ഒരു പക്ഷെ ദ്രിശ്യാവിഷ്ക്കാരം കണ്ട ശേഷം മൂലകഥ വായിക്കുമ്പോള്‍ മടുപ്പിക്കുന്ന അനുഭവം അനുവാചകരില്‍ ഉണ്ടാക്കാം.എന്നാല്‍ 3-idiots കണ്ട ശേഷം നോവല്‍ വായിക്കുന്നവര്‍ക്കായി കാത്തിരിക്കുന്നത് സിനിമയില്‍ അവര്‍ കാണാത്ത ഒരു ക്ലൈമാക്സും മട്ടു ഘടകങ്ങളുമാണ്.

ര്യാന്‍,ആലോക്,ഹരി -മൂന്നു യുവാക്കള്‍.അവര്‍ ജീവിത ലക്ഷ്യമെന്നോണം ഡല്‍ഹി IIT യിലെ പഠനത്തിനെത്തുന്നു .ആദ്യ ദിവസത്തെ റാഗിങ്ങില്‍ നിന്നും അതിവിദഗ്ദമായി ര്യാന്‍ -ആലോകിനെയും,ഹരിയും രക്ഷപ്പെടുത്തുന്നു.തുടര്‍ന്നുള്ള ഹോസ്റ്റെല്‍,കോളജ് ജീവിതത്തില്‍ അവരുടെ അതിശക്തമായ സുഹൃത്ത് ബന്ധം ആരംഭിക്കുകയാണ്.മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ,മൂന്നു വ്യത്യസ്ത രീതികളിലുള്ളവര്‍ ,പരിമിതികള്‍ ഉള്ളവര്‍ ,പക്ഷെ പോരാടുകയാണ് പരിമിതികളെ തോല്‍പ്പിച്ചു കൊണ്ട് ,ഒറ്റ ലക്‌ഷ്യം മാത്രം -ജീവിത വിജയം.അതില്‍ അവര്‍ക്ക് അനേകം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു ,ഇതാണ് ഫൈവ് പോയിന്റ്‌ സം വണ്‍ എന്ന സൃഷ്ട്ടിയുടെ പ്രമേയം.പുസ്തകം ആരംഭിക്കുന്നത് മുതല്‍ വായനക്കാരെ ഈ സൃഷ്ട്ടി അതിയായി രസിപ്പിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് .കടപ്പാട് പേജില്‍ നോവലിലെ അക്ഷര പിശകുകള്‍ തിരുത്താന്‍ സഹായിച്ച MS വേര്‍ഡ്‌ ന്റെ മുതലാളിയായ ബില്‍ ഗേറ്റ്സിനും

മൈക്രോസോഫ്ട്‌ കോര്‍പ്പറേഷനും വരെ നന്ദി പറഞ്ഞാണ് ചേതന്‍ എഴുതി തുടങ്ങുന്നത്.മൂന്നു പേരില്‍ ഹരിയാണ് കഥ പറയുന്നത്.ആലോകിനു ഒരു അപകടം സംഭവിച്ചപ്പോള്‍ ആംബുലന്‍സില്‍ ഇരുന്നുകൊണ്ട് ആലോക് രക്ഷപ്പെട്ടാല്‍ ആരും മറക്കാത്ത ഈ കോളജ് ദിനങ്ങള്‍ പുസ്തകമാക്കുമെന്നു പറഞ്ഞു കൊണ്ട് കഥയിലേക്ക് വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നു.പോസ്റ്റ് മോഡേണ്‍ നോവലിസ്റ്റുകളെ പോലെ ഒരു നോവല്‍ എന്നത് മാത്രമല്ല ഉദേശിക്കുന്നത്,മറിച്ച് അത് എങ്ങനെ വായിക്കണം,എങ്ങനെ എഴുതപെട്ടു എന്നൊക്കെ ചേതന്‍ നമ്മുക്ക് വിവരിച്ചു തരുന്നു.

തികച്ചും സ്വാഭാവികമായ ആഖ്യാന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.ഇന്നത്തെ സാങ്കേതിക /ഉന്നത പഠന രീതികള്‍ എങ്ങനെയാണ് എന്ന് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്-”ഒരാള്‍ക്ക്‌ IIT പാസാകണമെന്നു തീവ്രാഭിലാഷമുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് ഒരു മുറിക്കുള്ളില്‍ കുറെ പുസ്തകങ്ങളുമായി ചടഞ്ഞു കൂടിയിരുന്നു താക്കോല്‍ കൊണ്ട് മുറി പൂട്ടി ,ആ താക്കോല്‍ എറിഞ്ഞു കളയാനുള്ള മനസ് വേണം”.

ര്യാന്‍ പുതിയ പുതിയ ആശയങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും സൃഷ്ട്ടാവാണ്.പഠനം മാത്രമായുള്ള ജീവിതത്തെ കുറിച്ച് അയാള്‍ക്ക്‌ ചിന്തിക്കാന്‍ പോലുമാകില്ല.നിലവിലുള്ള വിദ്യാഭ്യാസ രീതികളോട് അയാള്‍ക്ക്‌ എതിര്‍പ്പാണ്.ബ്രോയിലര്‍ ചിക്കന്‍ കണക്കെയുള്ള കുറെ കുട്ടികളെ ടൈയും കെട്ടിച്ചു വിദേശ രാജ്യങ്ങളുടെ MNC(Multi National Companies)ലേക്ക് കൊടുക്കുന്നതല്ലാതെ അടിസ്ഥാനമായി രാജ്യത്തിന്റെ പുരോഗതിയിലേക്ക് IIT എന്ത് സംഭാവന ചെയ്യുന്നു എന്ന് ര്യാന്‍ ചോദിക്കുന്നു.കാണാതെ പഠിക്കുകയും ,എഴുതു പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ധിപ്പിക്കില്ല എന്ന അഭിപ്രായക്കാരനാണ് ര്യാന്‍.സ്വതന്ത്ര ചിന്തക്കും,ഭാവനകളുടെ വികാസത്തിനും ഇവിടെ യാതൊരു സംവിധാനങ്ങളും ഇല്ലെന്നു അയാള്‍ കൂട്ടി ചേര്‍ക്കുന്നു.പക്ഷെ രണ്ടാമനായ ആലോക് ആകട്ടെ വീട്ടിലെ പരാദീനതകള്‍ മൂലം എങ്ങനെയെങ്കിലും പഠിച്ചു ഈ കടമ്പ കടന്നു ഒരു ജോലി സമ്പാദിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.കഥ പറയുന്ന മൂന്നാമന്‍ ഹരിയാകട്ടെ കഥയില്‍ ഒരു ന്യൂട്രല്‍ കഥാപാത്രമാണ്.രണ്ടു പേരുടെയും രീതികള്‍ കണ്ടു മനസിലാക്കുന്ന ഒരു കാഴ്ചക്കാരന്‍ അല്ലെങ്കില്‍ അവ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന് വായനക്കാരനെ തോന്നിപ്പിക്കും.ഹോസ്റ്റലില്‍ ഒരുമിച്ചു താമസിക്കുന്ന ഇവരുടെ സംഭവം ബഹുലമായ കഥ ;ഓരോ അദ്ധ്യായത്തിലും, അതിന്റെ തലക്കെട്ടില്‍ പോലും വലിയ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു കൊണ്ട് പുരോഗമിക്കുകയാണ്.കുട്ടികളെ ജോലിഭാരം കൊണ്ട് പൊറുതി മുട്ടിക്കുന്ന പ്രൊഫസര്‍മാരും ,viva യില്‍ ക്രൂരമായി സ്‌ട്രെസ് കൊടുത്തു കുട്ടികളെ പ്രയാസപ്പെടുത്തുന്ന അധ്യാപകരെയും കാണാന്‍ കഴിയും.ഒരു സന്ദര്‍ഭത്തില്‍ ഒരു പ്രൊഫസര്‍ കുട്ടികളോട് പറയുന്ന ഒരു വാചകം വളരെയധികം ചിന്തിപ്പിക്കുന്നതാണ്.”if you have no grade,no job,no school,no future” ഗ്രേഡ് നേടുന്നതിലൂടെയും ജോലി സമ്പാദനം കൊണ്ടും മാത്രം വിദ്യാഭ്യാസം പൂര്‍ണമായോ എന്ന ചോദ്യം നമ്മളില്‍ ഇത്തരം അനേകം സന്ദര്‍ഭങ്ങള്‍ ഉയര്‍ന്നു വരും.കഥയില്‍ ഇതിന്റെയെല്ലാം ഇടയില്‍ ഈ മൂവരുടെ സൗഹൃദം ആഴമേറിയതാണ്..ഇടക്കൊക്കെ ചില പിണക്കങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ദൃശ്യം കഥയില്‍ കാണാന്‍ കഴിയും.പരസ്പ്പരം എന്താവശ്യത്തിനും സജ്ജമായ എങ്ങും കാണാത്ത 3 കൂട്ടുകാര്‍.ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി തന്നെ ഹരി തന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയ പ്രൊഫ.ചെറിയാന്റെ മകളായ നേഹയുമായി പ്രണയത്തിലാകുന്നു .കഥയെ പ്രേമസുരഭിലമാക്കുന്നതും ഇത് തന്നെയാണ്.സ്ത്രീകളുടെ അതിസൂക്ഷ്മമായ ഓരോ വികാര വിചാരങ്ങളും അവതരിപ്പിക്കുന്നതില്‍ ചേതന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.എഞ്ചിനീയറിംഗ് എന്ന് പറഞ്ഞു പ്രൊഫ്‌.ചെറിയാന്‍ സമ്മര്‍ദത്തിലാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തന്റെ മകന്‍ നേഹയുടെ സഹോദരന്‍ -സമീര്‍,ഇന്നത്തെ മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന കഥാപാത്രമാകുന്നു.ഇഷ്ട്ട കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ഉപദേശം കൂടിയാണ് ഈ നോവല്‍.എഞ്ചിനീയറിംഗ് സ്വപ്നം കാണുന്ന മക്കളെ അടിമകളാക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ഈ നോവല്‍ വായിച്ചിരിക്കണം എന്ന് ഞാന്‍ പറയും.

സ്വതന്ത്ര ചിന്തക്കും ഭാവനകള്‍ക്കും കുട്ടികളെ അനുവദിക്കുക എന്ന മഹാ സന്ദേശം ചേതന്‍ നല്‍കുന്നു .

കഥ ആദിയോടന്തം നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയതാണെങ്കിലും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രംഗങ്ങളാണ് മുഴുവനും തന്നെ.സ്ട്രെസ്സില്‍ ആകുന്ന കുട്ടികളുടെ ദുരന്ത ചിത്രം,ഭാവനയും innovative ആശയങ്ങളും അക്കാദമിക രംഗത്ത്‌ നിന്ന് തള്ളപ്പെട്ടു പോകുകയും പരീക്ഷകള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന അധ്യാപകരുടെ വിനോദങ്ങളും ദര്‍ശിക്കാന്‍ കഴിയും.എങ്കിലും അധ്യാപകരില്‍ ചിലര്‍ എങ്കിലും നല്ലതായിട്ടുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് പ്രൊഫ.വീര.നോവലില്‍ സ്വന്തമായ ഒരു ആഖ്യാന രീതിയാണ് ചേതന്‍ സ്വീകരിച്ചിട്ടുള്ളത്.ഓരോ അധ്യായങ്ങളില്‍ ഒരു സന്ദര്‍ഭം പറഞ്ഞു വരുമ്പോള്‍ പെട്ടെന്ന് നിര്‍ത്തിയിട്ടു വേരെയൊരു സന്ദര്‍ഭത്തിലേക്ക് പോകുന്നതും ഓരോ അദ്ധ്യായത്തിന്റെയും പേരിന്റെ ഔചിത്യം എല്ലാ അധ്യായതിന്റെയും അവസാനം വെളിപ്പെടുത്തുന്നതും നാടകീയമായ അന്തരീക്ഷം വായനക്കാര്‍ക്ക് നല്‍കുന്നു.ഞാന്‍ എന്റെ വായനയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെടുന്ന സൃഷ്ട്ടിയായി ഇത് മാറാന്‍ ഇത്രയും കാരണങ്ങള്‍ മതിയെന്ന് തോന്നുന്നു.അവസാനമായി Times Of India ഈ നോവലിനെ കുറിച്ച് പറഞ്ഞത് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.

“A Must Read For Both IIT ians and Non-IIT ians”

Saturday, January 22, 2011

ഫ്രാൻസിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാൻസിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്





















പേശാമടന്തക്കും തത്തക്കുട്ടിക്കും ശേഷം വീണ്ടും ഒരു പുസ്തകത്തെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകം. ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ്‌ ഇട്ടിക്കോര.."

ആദ്യമേ തന്നെ ഈ പുസ്തകം എനിക്ക്‌ പരിചയപ്പെടുത്തിയ ബ്ലോഗർ കുമാരനുള്ള നന്ദി ഞാൻ ഇവിടെ അറിയിക്കട്ടെ. എന്റെ 2009 ചില വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ കുമാരന്റേതായി ലഭിച്ച ഒരു കമന്റായിരുന്നു ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കിയത്‌. കുറച്ച്‌ നാളുകളുടെ തിരച്ചിലിനൊടുവിൽ ഡി.സി.ബുക്സിന്റെ എറണാകുളം അന്താരാഷ്ട്രാ പുസ്തകോൽസവത്തിൽ നിന്നും ഞാൻ ഈ പുസ്തകം കണ്ടെത്തി. വായനയുടെ ഇടയിലുള്ള എന്റെ പല സംശയങ്ങളും തേടി പിടിച്ച്‌ ദൂരീകരിച്ച്‌ തന്നതിനും കൂടി കുമാരനു ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. പുസ്തകത്തിന്റെ മുഴുവൻ വായനക്ക്‌ ശേഷം എനിക്ക്‌ പറ്റുന്ന രീതിയിൽ ഇത്‌ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. കാരണം വേറിട്ട കാഴ്ചപാടുകൾ / സമീപനങ്ങൾ അംഗികരിക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം.

വളരെ മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും , സ്ഥിരമായി നമ്മൾ കാണുന്ന ചട്ടകൂടുകളിൽ നിന്നും എന്തോ വ്യത്യാസം ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഈ പുസ്തകത്തിൽ വരുത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. തന്റേത്‌ മാത്രമായ ഒരു ഭാവനാസൃഷ്ടിയെ ചരിത്രവും കുറെ മിത്തുകളുമായി അതിമനോഹരമായി തന്നെ ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിരിക്കുന്നു.. ഒരു നിശ്ചിത ഭൂവിഭാഗത്തിലോ വൻകരയിലോ തന്നെ ഒതുങ്ങുന്നില്ല ഇതിലെ കഥയും കഥാപാത്രങ്ങളും. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളും വിരൽതുമ്പിലേക്ക് ആവാഹിക്കാൻ ശേഷിയുള്ള പുതിയ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഇട്ടിക്കോര മുന്നോട്ട് പോകുന്നതെന്നത് ഒരു നല്ല കാര്യമാണ്. കുറേ വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ സ്വന്തം മുകുന്ദൻ “നൃത്തം” എന്ന നോവലിൽ പരീക്ഷിച്ച് വിജയം കണ്ട ഒരു ഫോർമാറ്റാണെങ്കിലും അതിൽ നിന്നും തുലോം വ്യത്യസ്തമാണ് രാമകൃഷ്ണൻ ഒരുക്കിയ ഈ ചട്ടകൂട്.

ഫ്രാൻസിസ്‌ ഇട്ടിക്കോര എന്ന പേരിൽ പണ്ട്‌ കേരളത്തിലെ കുന്നംകുളത്ത്‌ ജീവിച്ചിരുന്നതും പിന്നീട്‌ യൂറോപ്പിലേക്ക്‌ കുടിയേറിയതുമായ ഒരു കുരുമുളക്‌ വ്യാപാരിയെ ചുറ്റിപറ്റിയാണ് ഇതിന്റെ കഥ മുന്നോട്ട്‌ പോകുന്നത്‌. ഒരു പരിധിവരെ വായനക്കിടയിൽ ഇത്തരം ഒരു കഥാപാത്രം ചരിത്രത്തിലുണ്ടോ എന്ന് നമുക്ക് സംശയം തോന്നിക്കുമാറ് രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു.. ഫ്രാൻസിസ്‌ ഇട്ടിക്കോരയുടെ പിൻതലമുറയിൽ പെട്ടതെന്ന് സ്വയം വിശേഷിപ്പിച്ച്‌ ഒരു ഇട്ടിക്കോര തന്റെ കോരപ്പാപ്പന്റേതായ കുറെ രഹസ്യങ്ങളുടെ കഥകൾ തേടി - അതോടൊപ്പം തന്റെ നഷ്ടപ്പെട്ടുപോയ പുരുഷത്വവും തേടി - അമേരിക്കയിൽ നിന്നും കേരളത്തിലേക്ക്‌ വരുവാൻ തുടങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഒരു റിയൽ ബിച്ച് ആയിരുന്ന സ്വന്തം അമ്മയുടെ കൂട്ടികൊടുപ്പുകാരനായി തുടങ്ങിയ ജീവിതം.. മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മകന്റെ മുൻപിലേക്ക് നഗ്നയായി വന്ന അമ്മയെ വെടിവെച്ച് കൊന്ന് തെരുവിലേക്ക് ജീവിക്കാനിറങ്ങിയ മകൻ…അവന്റെ ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ മയങ്ങാത്ത പെണ്ണൂങ്ങൾ ഇല്ല എന്നായപ്പോൾ മടുപ്പനുഭപ്പെടുകയും തുടർന്ന് ഒരു തുടുത്ത ഇറാഖിപ്പെണ്ണിന്റെ നഗ്നയാക്കി തോക്കിന്റെ മുനക്ക് മുൻപിൽ നിറുത്തി മതിയാവോളം റേപ്പ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ, അമേരിക്ക - ഇറാഖ്‌ യുദ്ധത്തിൽ ഒരു തികഞ്ഞ സാഡിസ്റ്റിന്റെ മാനസീകവ്യാപാരങ്ങളോടെ അമേരിക്കൻ പട്ടാളത്തിനുവേണ്ടി സ്ത്രീപീഡനവും മറ്റും നടത്തി, അതിന്റെ തുടർച്ചയായി നഷ്ടപ്പെട്ട പുരുഷത്വം തേടി പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും പലരേയും സമീപിച്ച്‌ നിരാശനായ ജോസഫ്‌ , ഇന്റർനെറ്റിലെ ഗൂഗിൾ സെർച്ച്‌ എഞ്ചിൻ വഴി കണ്ടെത്തിയ "ദി സ്കൂളിന്റെ" പരസ്യത്തിൽ ആകൃഷ്ടനാവുകയും അതിൽ നിന്നും ദി സ്കൂളിന്റെ പ്രിൻസിപ്പാളായ മിസ്‌. രേഖയെ ഇമെയിലിലൂടെ കോണ്ടാക്ട്‌ ചെയ്യുന്നിടത്താണു കഥയുടെ തുടക്കം.

പിന്നീടുള്ള കഥയിൽ മുഴുവൻ അമേരിക്കൻ ഡോളറിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ രേഖ (കോളേജ്‌ അദ്ധ്യാപിക), രശ്മി (ബാങ്ക് ഉദ്യോഗസ്ഥ), ബിന്ദു (ഫാഷൻ ഡിസൈനർ) എന്നീ മൂന്ന് പ്രോഫണലുകൾ തുടങ്ങിയിരിക്കുന്ന “ദി സ്കൂൾ“ എന്ന വെബ് സൈറ്റും അതിൽ ആകൃഷ്ടരായി വരുന്നവർക്ക് അവരുടെ ഇഷ്ടമേഖലകളിലൂടെ നയിച്ച് (ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലേക്ക് എന്ന് അവരുടെ ഭാഷ) അവിടെ നടക്കുന്ന ബോഡിലാബ്‌, ലിബെറേഷൻ, സൊറ തുടങ്ങിയ സെക്സ്‌ ടൂറിസത്തിന്റെ മാറിയ മുഖവും, ക്ലൈന്റ് ആയ ഇട്ടിക്കോരയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുത്തച്ച്ഛൻ എന്ന് പറയപ്പെടുന്ന ഫ്രാൻസിസ്‌ ഇട്ടിക്കോരയെക്കുറിച്ചും കോരപ്പാപ്പന്റെ കുടുംബമായ പതിനെട്ടാം കുറ്റുകാരെപറ്റിയും അവരുടെ ഇടയിലുള്ള ചില ആചാരങ്ങളെയും പറ്റിയൊക്കെ ദി സ്കൂളിന്റെ നടത്തിപ്പുകാരും അവരുടെ ചില വിശ്വസ്തരായ പറ്റുപടിക്കാരും (ബുജി , കുന്നംകുളത്തുകാരൻ ബെന്നി തുടങ്ങിയവർ) നടത്തുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാവുന്ന അപകടങ്ങളും എല്ലാം നോവലിസ്റ്റ്‌ വരച്ചു കാട്ടുമ്പോൾ, നോവലിസ്റ്റിന്റെ അഗാധമായ ബാഹ്യവിജ്ഞാനം കൂടി വായനക്കാരൻ സഹിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ വളരെ പുതുമ തോന്നുന്ന ഒരു ആഖ്യാനശൈലി തന്നെ രാമകൃഷ്ണൻ ഈ നോവലിനായി അവലംബിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയം തന്നെ.

സെക്സ്‌ പോലെ തന്നെ ഈ നോവലിൽ മുഖ്യ സ്ഥാനം വഹിക്കുന്ന മറ്റൊരു വിഷയം കണക്കാണ്. കണക്കിൽ തനിക്കുള്ള വിജ്ഞാനം മുഴുവൻ അല്ലെങ്കിൽ കണക്കിൽ നമുക്ക്‌ ഇന്റെർനെറ്റിൽ നിന്നും കിട്ടാവുന്ന ഏറെക്കുറെ വിവരങ്ങളും അദ്ദേഹം ഇതിലേക്ക്‌ കുത്തിനിറച്ചിരിക്കുന്നു.. പഴയ ഹൈപേഷ്യൻ സിദ്ധാന്തവും പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ പല മാത്തമാറ്റീഷ്യൻസിനെയും കഥയിലേക്ക്‌ ബോധപുർവ്വം കുടിയേറ്റുക വഴി ചില സമയങ്ങളിലെങ്കിലും വായന നമുക്ക്‌ വിരസമാകുന്നു എന്ന് പറയാതെ തരമില്ല.. അതുപോലെ തന്നെ ജോസഫ്‌ എന്ന ഇട്ടിക്കോരയുടെ പിന്മുറക്കാരൻ ഒരു നരഭോജിയാണെന്നതും അതിന്റെ തുടർച്ചയായി കാനിബാൾസ്‌ ഫീസ്റ്റ്‌ എന്ന രീതിയിൽ നരമാംസാസ്വാദനവും എല്ലാം കൂടി നോവൽ സംഭവബഹുലം തന്നെയെന്ന് പറയാതെ വയ്യ.. നരമാംസാസ്വാദന്ം മനോഹരമായി തന്നെ അല്ലെങ്കിൽ നരഭോജികൾ എങ്ങിനെയാണ് ആ ചടങ്ങ് ഒരു ഉത്സവമാക്കുന്നതെന്ന് വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അതുപോലെ, നോവലിൽ പറയുന്ന 18ം കൂറ്റക്കാർ എന്ന കോരപ്പാപ്പന്റെ പിൻ തലമുറക്കാർക്കിടയിൽ നിലകൊള്ളുന്ന കോരക്ക്‌ കൊടുക്കൽ, കോരപ്പൂട്ട്‌, കോരപ്പണം എന്നൊക്കെ പറയുന്ന വിചിത്രങ്ങളായ ചില ആചാരങ്ങളിലേക്കും നോവലിസ്റ്റ്‌ നമ്മെ കൊണ്ടുപോകുന്നുണ്ട്‌.. (ഇതിന്റെ സത്യം തേടി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അത്തരം ആചാരങ്ങളും ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രത്തെപോലെ തന്നെ ഗ്രന്ഥകാരന്റെ ഫാന്റസി മാത്രമാണെന്നാണു അറിയാൻ കഴിഞ്ഞത്‌)

സെക്സിനു നോവലിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുമ്പോൾ പോലും അത്‌ നോവലിലെ അവശ്യമായ ഒരു ചട്ടക്കൂടാക്കാൻ നോവലിസ്റ്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.. പിന്നെ ഹ്യെപേഷ്യൻ സിദ്ധാന്തവും കാനിബാൾസും ഒപ്പം പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ ചിന്തകളും എല്ലാം വേറിട്ടത്‌ തന്നെ. ഒപ്പം സെക്സ്‌ ടൂറിസം കേരളത്തിൽ എത്രത്തോളം പടർന്നു എന്ന ഒരു തിരിച്ചറിവും ഈ നോവൽ നമുക്ക്‌ തരുന്നുണ്ട്‌. എന്ത്‌ തന്നെയായാലും പുസ്തകത്തിൽ ഗ്രന്ഥകാരൻ തന്റെ അറിവുകൾ വാരി വിതറാൻ ശ്രമിച്ചപ്പോളും അതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെ എന്റെ വിശ്വാസം. കാരണം, ഇത്രയും അധികം അലോസരപ്പെടുത്താൻ സാദ്ധ്യതയുള്ള ഒരു വിഷയമാണു ഇത്രയേറേ ചർച്ചാവിഷയമായതെന്ന് തന്നെ. കുറഞ്ഞ കാലം കൊണ്ട്‌ ഈ പുസ്തകത്തിന്റെ 2 പതിപ്പുകൾ വിറ്റഴിഞ്ഞു എന്ന് പറയുമ്പോൾ നമുക്കറിയാം മടിപിടിച്ച മലയാളിയുടെ വായനാശീലത്തിൽ ഈ പുസ്തകം എത്രത്തോളം സ്വാധീനം ചെലുത്തി എന്നത്‌.

ഒട്ടേറെ സമ്പുഷ്ടമായ മലയാള സാഹിത്യത്തിൽ ഈ നോവൽ ഒരു മുതൽകൂട്ടോ അല്ലെങ്കിൽ ബെഞ്ച്‌മാർക്കോ അവില്ല എങ്കിലും വ്യത്യസ്തമായ ഒരു രീതികൊണ്ടും പ്രമേയത്തിന്റെ ഒരു പുതുമകൊണ്ടുംവായന അർഹിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം. കാരണം ഇന്നിന്റെ പലബെസ്റ്റ്‌ സെല്ലറുകളേക്കാളും നിലവാരം ഇതിനുണ്ടെന്നതിൽ തർക്കമില്ല എന്നത്‌ തന്നെ.

Wednesday, January 19, 2011

ഭാവിയുടെ ഭാവന

പുസ്തകം : ഭാവിയുടെ ഭാവന
രചയിതാവ് : രഘുനാഥന്‍ പറളി
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം :ബെന്യാമിന്‍













നിരൂപണം എന്ന സാഹിത്യശാഖയില്‍ നിന്ന് സാധരണക്കാരനായ ഒരു വായനക്കാരന്‍ ആഗ്രഹിക്കുന്നത്‌ എന്താണ്‌..? എന്റെ അഭിപ്രായത്തില്‍ രണ്ടു കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്‌ എന്നാണ്‌.

ഒന്ന്, വായനക്കാരന്റെ കണ്ണില്‍ പെടാതെ മറഞ്ഞു കിടക്കുന്ന അമൂല്യങ്ങളായ പുസ്‌തകങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക എന്ന പ്രാഥമിക ദൗത്യം.

രണ്ട്‌, ഒരു സാധാരണവായനയില്‍ പ്രത്യക്ഷമാകാതിരിക്കുന്ന സൂക്ഷ്മാര്‍ത്ഥങ്ങൾ‍, അറിവുകൾ‍, ദര്‍ശങ്ങള്‍ എന്നീ വിവിധതലങ്ങള്‍ വെളിച്ചത്ത്‌ കൊണ്ടുവന്ന് വായനക്കാരന്‌ പറഞ്ഞുകൊടുക്കുക എന്ന പ്രധാന ദൗത്യം. ഈ രണ്ടു ദൗത്യങ്ങളിലൂടെ ആത്യന്തികമായ വായനക്കാരനെ പുസ്‌തകങ്ങളിലേക്ക്‌ അടുപ്പിക്കുക.

ഇതിനപ്പുറത്ത്‌ നിരൂപകരില്‍ നിന്നുണ്ടാകുന്ന സംവാദങ്ങളും പ്രതിവാദങ്ങളും പോര്‍വിളികളും ചര്‍ച്ചകളും ഒരു സാധാരണ വായനക്കാരന്‌ പഥ്യമുള്ളതല്ല എന്നാണ്‌ എന്റെ പക്ഷം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്നത്തെ നിരൂപകരില്‍ ഏറിയപക്ഷവും തങ്ങളുടെ ഈ ദൗത്യങ്ങളില്‍ നിന്നകന്ന് അര്‍ത്ഥരഹിതമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ എന്നതാണ്‌ സത്യം. ഒരു കാലത്ത്‌ നമ്മുടെ സാഹിത്യശാഖകളില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിച്ചിരുന്ന നിരൂപണപ്രസ്ഥാനത്തെ പിന്നോട്ടടിക്കുന്നതിനും വായനക്കാര്‍ നിരസിക്കുന്നതിനും കാരണമായത്‌ ഈ ദൗത്യം മറന്നുള്ള വാക്ക്‌പോരാട്ടങ്ങളാണ്‌ എന്ന് പറയാതെ വയ്യ. നമുക്ക്‌ എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ആധുനികതയുടെ കാലത്ത്‌ കെ.പി. അപ്പന്‍, വി.രാജകൃഷ്ണൻ‍, നരേന്ദ്രപ്രസാദ്‌, ആഷാമേനോന്‍ എന്നിവര്‍ തങ്ങളുടെ കാലത്തെ നല്ല പുസ്‌തകങ്ങളെ വായനക്കാരന്റെ മുന്നില്‍ കൃത്യസമയത്ത്‌ എത്തിക്കുന്നതില്‍ വിജയിച്ചവരാണ്‌ എന്ന് സമ്മതിച്ചേ മതിയാവൂ. അത്‌ ഒരുപോലെ വായനക്കാരനും എഴുത്തുകാരനും അങ്ങനെ മൊത്തത്തില്‍ വായനയ്ക്കു തന്നെയും ഗുണം ചെയ്‌തു എന്ന് ഇപ്പോള്‍ നമുക്ക്‌ കാണാം. ഒ.വി.വിജയന്റെയും എം. മുകുന്ദന്റയും സക്കറിയയുടെയും നന്നായി വായിക്കപ്പെടുന്നതിന്‌ ഈ നിരൂപകന്മാര്‍ കാരണമായിട്ടുണ്ട്‌ എന്ന് സമ്മതിക്കണം. ഏറ്റവും പുതിയതായി കെ.പി. അപ്പന്‍ 'യുളീസസ്‌' എന്ന വായനയുടെ ഹിമാലയത്തിലേക്ക്‌ ഒരു എളുപ്പവഴി വെട്ടിയത്‌ നാം കണ്ടതാണ്‌ (മാതൃഭൂമിയിൽ‍). നമുക്ക്‌ അപ്രാപ്യമായതിനെ നമ്മുടെ വരുതിയിലെത്തിക്കുക എന്നൊരു ദൗത്യമാണ്‌ ഇവിടെ നിരൂപകന്‍ നിര്‍വ്വഹിക്കുന്നത്‌. അതേസമയം നിരൂപകന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന മേഖലകൂടിയാണ്‌ ഈ പുസ്‌തകം പരിചയപ്പെടുത്തല്‍. ഒരു നിരൂപകന്‍ മനോഹരം എന്ന് സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത്‌ അവതരിപ്പിക്കുന്ന ഒരു പുസ്‌തകം വായനക്കാരന്‌ ബോധിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ആ കൃതിയായിരിക്കില്ല, ആ നിരൂപകന്റെ സത്യസന്ധതയും സൗന്ദര്യബോധവും ആയിരിക്കും. വായക്കാരന്‌ ഇഷ്ടപ്പെട്ട ഒരു കൃതി അവതരിപ്പിക്കുന്നതില്‍ നിരൂപകന്‍ പരാജയപ്പെടുന്നെങ്കില്‍ അപ്പോഴും ചോദ്യം ചെയ്യപ്പെടുക നിരൂപകന്റെ വായനാശീലവും കാഴ്ചപ്പാടുകളും ആയിരിക്കും. ഈ വെല്ലുവിളികളെ എല്ലാം കൃത്യമായി മറികടന്ന് നല്ല നിരൂപകന്‍ എന്നു ഖ്യാതി സിദ്ധിച്ച നിരവധി പേര്‍ നമുക്കുണ്ടായിരുന്നു. വായനക്കാരെന്റെയും എഴുത്തുകാരന്റെയും ഭാഗ്യമുള്ള കാലമായിരുന്നു അത്‌. എന്നാല്‍ ഇന്നത്തെ വായനക്കാരനും എഴുത്തുകാരനും ഒരുപോലെ നിര്‍ഭാഗ്യവാന്മാരാണ്‌. വായനക്കാര്‍ക്ക്‌ വേണ്ടത്‌ കണ്ടെത്തിക്കൊടുക്കാന്‍, എഴുത്തുകാരന്റെ വെളിച്ചങ്ങള്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുക്കാന്‍ പ്രാപ്‌തരായ നിരൂപകര്‍ നമുക്കിന്നില്ല. നിരൂപണം അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സാഹിത്യശാഖയായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ മുഖങ്ങള്‍ നിരൂപണ ശാഖയിലേക്ക്‌ കടന്നുവരുന്നില്ല. പരന്നവായനാശീലം, കഠിനാധ്വാനവും ചെയ്യാനുള്ള മനസ്സ്‌, വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഇവമൂന്നും ഒത്തുചേര്‍ന്ന ഒരാള്‍ക്ക്‌ മാത്രമേ ഇന്ന് നല്ലൊരു നിരൂപകനായിത്തീരാന്‍ സാധിക്കു. ഇന്‍സ്‌റ്റന്റ്‌ പ്രശസ്‌തിയ്ക്ക്‌ കാത്തിരിക്കുന്ന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകവും മറ്റൊന്നായിരിക്കില്ല.

ആമുഖമായി ഇത്രയും പറഞ്ഞത്‌, കാര്യങ്ങളുടെ ഈ ദുര്‍ദശയിലും പ്രതീക്ഷയ്ക്ക്‌ വക തരുന്ന, നിരൂപണം അത്രയ്‌ക്കങ്ങ്‌ അന്യം നിന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന, നിരൂപണദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു പുസ്‌തകം നമുക്കായി ഇപ്പോള്‍ ലഭിച്ചിരിക്കുന്നു എന്നതിനാലാണ്‌. യുവനിരൂപകരില്‍ ശ്രദ്ധേയനായ രഘുനാഥന്‍ പറളിയുടെ 'ഭാവിയുടെ ഭാവന' യാണ്‌ ആ പുസ്‌തകം!

രഘുനാഥൻ പറളി
നമ്മള്‍ പലതവണ വായിച്ചിട്ടുള്ള കൃതികള്‍, പല നിരൂപകരും പല തവണ പറഞ്ഞിട്ടുള്ള കൃതികള്‍ ഒരിക്കല്‍ക്കൂടി വായിക്കുകയും ആ കൃതികള്‍ക്കുള്ളില്‍ ഇനിയും വെളിപ്പെടാതെ കിടക്കുന്ന അര്‍ത്ഥതലങ്ങള്‍ നമുക്ക്‌ പറഞ്ഞുതരികയുമാണ്‌ ഈ പുസ്‌തകത്തിലെ ഒന്നാംഭാഗമായ 'വിചാര'ത്തിലെ ആദ്യലേഖനങ്ങള്‍. എം.ടിയുടെ 'അസുരവിത്ത്‌', മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ‍' 'നൃത്തം' ആനന്ദിന്റെ 'വ്യാസനും വിഘ്നേശ്വരനും' 'അപഹരിക്കപ്പെട്ട ദൈവങ്ങൾ‍' സി. ആര്‍ പരമേശ്വരന്റെ 'ഞങ്ങളുടെ കവിതാവ്യവസായം' 'ഈഴവർ‍' സേതുവിന്റെ 'ദൂത്‌' സക്കറിയയുടെ 'ഒരിടത്ത്‌' എന്നീ രചനകളാണ്‌ ഇവിടെ രഘുനാഥന്‍ പുനര്‍വായനയ്ക്ക്‌ വിധേയമാക്കുന്നത്‌. ഒരു നിരൂപകന്റെ രണ്ടാം ദൗത്യമെന്ന നിലയില്‍ ഈ ലേഖനങ്ങള്‍ അതിന്റെ കടമ നിര്‍വ്വഹിക്കുന്നുണ്ട്‌.

റിസിയോ രാജിന്റെ 'അവിനാശം' സൈമണ്‍ ലെയ്‌സിന്റെ 'നെപ്പോളിയന്റെ മരണം' കെ.രഘുനാഥന്റെ 'സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ‍' പി. മോഹനന്റെ 'അമ്മകന്യ' 'വിഷയ വിവരം' കെ.പി. ഉണ്ണിയുടെ 'ഫോസിലുകള്‍ ഉണ്ടായിരുന്നത്‌' സാറാജോസഫിന്റെ 'മാറ്റാത്തി' സി. അഷറഫിന്റെ 'ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങൾ‍' അശോകന്റെ 'ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം' എന്നീ കൃതികള്‍ തന്റെ ഒന്നാം ദൗത്യം എന്ന നിലയില്‍ രഘുനാഥന്‍ നമുക്ക്‌ പരിചയപ്പെടുത്തുന്നു. എങ്ങനെ ഒരു നോവല്‍ എഴുതരുത്‌ എന്നതിന്റെ ഉദാഹരണമായി ഹരിദാസ്‌ കരിവള്ളൂരിന്റെ 'പ്രകാശനം' ബി. മുരളിയുടെ 'ആളകമ്പടി' എന്നീ നോവലുകളും നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്‌.

മലയാളത്തിലെ പ്രധാന ആധുനികാനന്തര കഥകളെ പരികയപ്പെടുത്തുന്ന 'പുതിയ കഥ പുതിയ ജീവിതം' കഥാസാഹിത്യത്തിലെ ഉപഭോഗപരത അന്വേഷിക്കുന്ന 'തിരസ്കരിക്കപ്പെടുന്ന മനസ്‌, ആഘോഷിക്കപ്പെടുന്ന ശരീരം' കെ.പി. അപ്പന്റെ നിരൂപണത്തെപ്പറ്റി പഠിക്കുന്ന ' നിരൂപണത്തിന്റെ വാഗ്ദത്തഭൂമി' സെന്‍ ദര്‍ശനം അന്വേഷിക്കുന്ന 'സെന്‍ ദര്‍ശനവും അനുഭവവും' നിരൂപണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ചിന്തിക്കുന്ന 'നിരൂപണത്തിന്റെ ആപേക്ഷികത' എന്നീ ലേഖനങ്ങളും 'വിചാരം' എന്ന ആദ്യഭാഗത്തില്‍ വരുന്നുണ്ട്‌.

തനിക്ക്‌ മുന്‍പേ എഴുതിയവരോട്‌ കഠിനമായി വിയോജിച്ചുകൊണ്ട്‌ തന്റെ വ്യതിരിക്‌തതയും വ്യക്‌തിത്വവും തെളിയിക്കുക എന്നത്‌ ഓരോ നിരൂപകന്റെയും എഴുത്തുപദ്ധതിയുടെ ഭാഗമാണ്‌. രഘുനാഥന്‍ അതിനുവേണ്ടിയാണ്‌ ഈ പുസ്‌തകത്തിലെ രണ്ടാം ഭാഗമായ 'വിതര്‍ക്കം' മാറ്റി വച്ചിരിക്കുന്നത്‌. കെ.പി. അപ്പന്‍, വി.സി. ശ്രീജന്‍, എം.കെ.ഹരികുമാര്‍, സി.ബി.സുധാകരൻ‍, ഇ.പി.രാജഗോപാലന്‍ ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നിരൂപകരുടെയെല്ലാം വിവിധ ലേഖനങ്ങളോടും പുസ്‌തകങ്ങളോടും പലവിഷയങ്ങളില്‍ വിയോജിച്ചുകൊണ്ടാണ്‌ രഘുനാഥന്‍ തന്റെ വ്യതിരിക്‌തത ബോധ്യപ്പെടുത്തുന്നത്‌. വെറുതെ വിയോജിക്കുവാന്‍ വേണ്ടി വിയോജിക്കുക എന്നതിനപ്പുറം ഒരോ വിഷയത്തിലും തന്റെ നിലപാടും കാഴ്കപ്പാടുകളും വെളിപ്പെടുത്താന്‍ വേണ്ടിക്കൂടിയാണ്‌ ഈ ലേഖനങ്ങള്‍ എഴുതപ്പെട്ടത്‌ എന്ന് നമുക്ക്‌ വേഗം ബോധ്യപ്പെടും. ഈ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും രഘുനാഥന്റെ നിലപാടുകളും നിരീക്ഷണങ്ങളും താഴെകൊടുക്കും വിധം ക്രോഡീകരിക്കാമെന്ന് തോന്നുന്നു:

1. കെ.പി അപ്പനു ശേഷമുള്ള തലമുറയുടെ നിരൂപണം പൊതുവെ കഴിവുകേടുകളുടെ അഭയകേന്ദ്രമായിരുന്നു. അപ്പന്റെ നിരൂപണലോകത്തിന്‌ ഒരു പോറല്‍പോലും ഏല്‌പിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

2. മലയാളി എഴുത്തുകാരന്റെ ശിരസ്സ്‌ പാശ്ചാത്യന്റെ കോളനിയായി കാണരുതെന്ന് പ്രഖ്യാപിക്കുന്ന അപ്പന്റെ ശിരസ്‌ മിക്കപ്പോഴും ഒരു പാശ്ചാത്യകോളനിയായി മറുന്നു.

3. രൂപകങ്ങളില്‍ ഊന്നിയുള്ള ഒരു വായനയെക്കാള്‍ സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ള വായനയാവും കൃതികളില്‍ മറഞ്ഞുകിടക്കുന്ന ആശയപ്രപഞ്ചങ്ങള്‍ വായനക്കാരനില്‍ എത്തിക്കാന്‍ ഉതകുക.

4. ഇടതുപക്ഷ നിരൂപകര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ഫാസിസ്റ്റ്‌ തന്ത്രങ്ങളാണ്‌ പയറ്റുന്നത്‌.

5. സാഹിത്യ നിരൂപണത്തെ രണ്ടാം തട്ടിലും സാമൂഹിക നിരൂപണത്തെ ഒന്നാം തട്ടിലും വയ്ക്കുന്ന പുതിയ രീതികളോട്‌ യോജിക്കുന്നില്ല.

6. നാരായന്‍ എന്ന എഴുത്തുകാരനെ സമകാലിക നിരൂപണം മാറ്റിനിറുത്തുന്നത്‌ അദ്ദേഹം ദളിതനായിട്ടല്ല, അദ്ദേഹം അതര്‍ഹിക്കുന്നില്ല എന്നതുകൊണ്ടാണ്‌. അതെ സമയം സാറജോസഫിന്‌ പെണ്ണെഴുത്തിന്റെ അംഗീകാരം കൊടുക്കുന്നത്‌ അവരുടെ കൃതികള്‍ വായന അര്‍ഹിക്കുന്നുണ്ട്‌ എന്നതുകൊണ്ടാണ്‌.

7. യുക്‌തിയുടെ മനസ്സുമായി സാഹിത്യത്തെ സമീപിക്കരുത്‌, അടിസ്ഥാനപരമായി അത്‌ അയുക്‌തിയുടെ മണ്ഡലമാണ്‌.

8. പ്രസക്‌തി നഷ്ടപ്പെട്ട പുരോഗമന സാഹിത്യം പുതിയ അജണ്ട സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അതിന്റെ പേരിലാണ്‌ ഒ.വി. വിജയന്‍ ഉള്‍പ്പെടെ പല എഴുത്തുകാരും ഹിന്ദു വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കപ്പെടുന്നത്‌ .

9. ജീവിതാനുഭവങ്ങളില്‍ നിന്നെത്തുന്നതും മനുഷ്യര്‍ കുടുങ്ങുന്നതുമായ കല ഏതാണോ അതാണ്‌ ശുദ്ധമായ കല. അതുകൊണ്ട്‌ സാഹിത്യപ്രശ്നങ്ങള്‍ സാഹിത്യപ്രശ്നങ്ങളായിത്തന്നെ നിന്നാല്‍ മതി. അതിനെ സാമൂഹിക പ്രശ്നങ്ങളോട്‌ ചേര്‍ത്തുവായിക്കുകയോ കൂട്ടിവയ്ക്കുകയോ വേണ്ടതില്ല.

10. ഒരു പുതിയ നിരൂപണം എന്നൊരു വലിയ ആഗ്രഹം എല്ലാ നിരൂപകരും വച്ചുപുലര്‍ത്തുന്ന കാലമാണിത്‌, അതേസമയം പുതിയ സാഹചര്യത്തില്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുകയോ അതിനുപറ്റിയ ഉപകരണങ്ങള്‍ (കൃതികള്‍) കണ്ടെടുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന ഒരു ദശാസന്ധിയിലാണ്‌ നാമിന്ന് ജീവിക്കുന്നത്‌.

സാഹിത്യ നിരൂപണത്തിന്റെ കാലം അസ്‌തമിച്ചു എന്നും ഇനി നിലനില്‌ക്കുക സാമൂഹിക നിരൂപണം മാത്രമാണെന്നുമുള്ള വാദങ്ങളെ നിരാകരിക്കുന്ന ഒരു പുസ്‌തകമെന്ന നിലയില്‍ രഘുനാഥന്റെ 'ഭാവിയുടെ ഭാവന' ഗൗരവമായ വായന അര്‍ഹിക്കുന്നുണ്ട്‌.

Sunday, January 16, 2011

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

പുസ്തകം : തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
രചയിതാവ് : ഇസ്മായില്‍ കാദെറെ
പ്രസാധനം : റെയിന്‍ബോ പബ്ലിഷേഴ്സ്
അവലോകനം : മുല്ല



















ക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”. അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്. കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം. ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന് പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. ഈ രക്തപ്പണം കൊണ്ടാണു ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം. കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം, പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന ചോരയുടെ മണവും!!!

ബ്രെസ്ഫോര്‍ത്ത് എന്ന ഗ്രാമത്തിലെ ജോര്‍ജ് ബെറിഷ എന്ന യുവാവ്,തനെ അനിയനെ കൊന്നതിനു പകരമായ് ക്രീക്വെക്ക് കുടുംബത്തിലെ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്നതോടെയാണു കഥയാരംഭിക്കുന്നത്. ഇനി ജോര്‍ജിന്റെ ഊഴം,രക്തപ്പണം അടക്കാനായ് ഒറോഷിലേക്ക് പോകുകയാണയാള്‍. അതേ സമയം അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ നിന്നും മധുവിധു ആഘോഷിക്കാനായ് ഗ്രാമത്തിലെത്തുകയാണു എഴുത്തുകാരനായ ബൈസണും വധു ഡയാനയും. വഴിക്കു വെച്ച് അവര്‍ ഒറോഷിലേക്ക് പോകുന്ന ജോര്‍ജിനെ കണ്ടുമുട്ടുന്നു.ആ ആദിവാസി യുവാവിന്റെ കണ്ണുകളിലെ നിസ്സംഗതക്കുമപ്പുറം ഒളിപ്പിച്ച് വച്ചിരുന്ന സ്നേഹത്തിന്റെ കടല്‍, ഡയാന കാണുകയാണു, അവളിന്നുവരെ ദര്‍ശിക്കാത്തത്ര ആഴവും പരപ്പും അവളവിടെ കണ്ടു,അവളുടെയുള്ളില്‍ ജീവന്റെ ഒരു തിരി ദീപ്തമായ്..., അന്നുവരെ കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളേയും നിഷ്പ്രഭമാക്കിക്കോണ്ട് അതങ്ങനെ.

പക്ഷെ അവള്‍ക്കറിയാം, തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്തതാണതെന്ന്, അവന്‍ മരണത്തിനു വിധിക്കപ്പെട്ടവൻ. താനോ, മറ്റൊരാളുടെ സ്വന്തം. അതോടെ എന്നെന്നേക്കുമായ് ഡയാന മ്ലാനവതിയാകുകയാണു. മറിച്ച് ജോര്‍ജിലും ജീവിതത്തോടുള്ള അഭിനിവേശം നിറയുന്നു,.പക്ഷേ ..വ്യവസ്ഥികളെ മറികടക്കാനാവാതെ അവന്‍ മരണത്തിനു കീഴടങ്ങുകയാണു. ബൈസണും ഡയാനയും തിരിച്ച് ടിരാനയിലേക്ക് മടങ്ങുന്നു.., ഇനിയൊരിക്കലും ജീവിതം പഴയ പോലെയാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.

പ്രഥമ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച അല്‍ബേനിയന്‍ എഴുത്തുകാരനാണു ഇസ്മായെല്‍ കാദെറെ. പ്രധാന കൃതികള്‍,ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി,പാലസ് ഓഫ് ഡ്രീംസ്,ത്രീ ആര്‍ച്ഡ് ബ്രിഡ്ജ്,ദ കണ്‍സെര്‍ട്.

ബ്രോക്കണ്‍ ഏപ്രില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എം.കെ.നസീര്‍ ഹുസൈൻ‍.

ഒരേയൊരു “ നോക്ക് ” ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിച്ചു കളയും.അതറിയണെമെങ്കില്‍ ഇസ്മായെല്‍ കാദെരെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രിൽ‍“ വായിക്കുക.

Wednesday, January 12, 2011

സര്‍വ്വം ശിഥിലമാകുന്നു


പുസ്തകം : സര്‍‌വ്വം ശിഥിലമാകുന്നു.
രചയിതാവ് : ചിന്നു അച്ചബേ
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം :ബെന്യാമിന്‍


ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ്‌ ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്‌തമായ നോവലാണ്‌ സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.

വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ്‌ നോവലിന്റെ ആദ്യഭാഗത്ത്‌ വരുന്നത്‌. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്‌. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത്‌ ക്രിസ്‌തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക്‌ നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന്‌ താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ്‌ ഈ നോവലിന്റെ കഥാതന്തു.

ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റേയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ്‌ ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട്‌ പറയുന്നത്‌. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാൻ‍. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌. അങ്ങനെയാണ്‌ ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്‌.

ഊഞ്ഞാല്‍

പുസ്തകം : ഊഞ്ഞാല്‍
രചയിതാവ് : വിലാസിനി (എം.കെ.മേനോൻ‍)
പ്രസാധനം :സുലഭ പ്രിന്റേഴ്‌സ് തൃശൂർ
അവലോകനം :സജി മാര്‍ക്കോസ്


റ്റവും അധികം ഇഷ്ടപ്പെട്ട പ്രണയ നോവല്‍ ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം വിലാസിനിയുടെ ഊഞ്ഞാൽ‍. വളരെ കുറച്ചു പുസ്തങ്ങള്‍ മാത്രമെഴുതിയിട്ടും മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച മഹാനായ എഴുത്തുകാരന്നായിരുന്നു എം. കെ മേനോന്‍ എന്ന വിലാസിനി. “ഇണങ്ങാത്ത കണ്ണികളി“ലെ ദാര്‍ശനികതയും,“അവകാശികളു“ടെ ബൃഹുത്തും വിശാലവുമായ കഥാഭൂമിയും “ഊഞ്ഞാലി“ലെ പ്രണയ തീക്ഷ്ണമായ രംഗങ്ങളും,ഒറ്റവായനക്കു തന്നെ വിലാസിനിയെ പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നു.

പ്രണയം പോലുള്ള ചില വിഷയങ്ങള്‍ ആര്, എങ്ങിനെ കൈകാര്യം ചെയ്താലും ഒരു പൈങ്കിളിച്ചുവ വന്നു പോകും.കാരണം പ്രണയത്തിന്റെ പ്രഭവസ്ഥാനം തലച്ചോറല്ല, മറിച്ചു ഹൃദയമാണ്. ലളിതവും, സുന്ദരവുമാണ് പ്രണയത്തിന്റെ ഭാഷ ! വിലാസിനിയുടെ ഭാഷയില്‍ പറഞ്ഞാല്‍,പ്രണയത്തുന് കണ്ണുണ്ട്-അതു സൌന്ദര്യം മാത്രം ദര്‍ശിക്കുന്നു, പ്രണയത്തിനു മൂക്ക് ഉണ്ട്- അതു സുഗന്ധം മാത്രം ആവഹിക്കുന്നു,പ്രണയത്തിനു കാതുമുണ്ട് അതു സംഗീതം മാത്രം ശ്രവിക്കുന്നു. എന്നാല്‍ പ്രണയത്തിനു ഇല്ലാത്ത തല‍ച്ചോറാണ്- അതിനു ചിന്തിക്കാന്‍ മാത്രം കഴിയുന്നില്ല! അല്ലെങ്കില്‍ തന്നേക്കാള്‍ പ്രായം കൂടിയ ചില്ലിക്കാട്ടെ വിനോദിനിയെ കഥാ നായകനായ വിജയന്‍ പ്രണയിക്കുകയില്ലായിരുന്നല്ലൊ!

ആത്മകഥാപരമായ കുറേ അംശങ്ങങ്ങള്‍ ഊഞ്ഞാലില്‍ ഉണ്ടെന്നു തോന്നുന്നു. മേനോന്റെ തൂലികാ നാമം വിലാസിനി എന്നായതും കഥാ നായികയുടെ പേരു വിനോദിനി എന്നായതും യാദൃശ്ചികമാണെന്നു കരുതാന്‍ വയ്യ. മേനോന്‍ നാടുവിട്ടു പോയി ജോലി ചെയ്ത സിംങ്കപൂരും,സ്വന്തനാടും നാട്ടുകാരും ഊഞ്ഞാലിലില്‍ കടന്നു വരുന്നുണ്ട്. പക്ഷേ,ഇത്രയും വികാര തീവ്രമായ ഒരു നോവല്‍ എഴുതിയ മേനോന്‍, സമൂഹവുമായി സുഖകരമായ ഒരു ബന്ധം സൂക്ഷിച്ചില്ല. സ്വപ്നം കണ്ടൊതൊന്നു നല്‍കാത്ത ലോകത്തോടും ജീവിതത്തോടും മേനോന്‍ പുറം തിരിഞ്ഞു നടന്നതാവണം. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരുടെയും വിവാഹത്തില്‍ പങ്കെടുത്തില്ല എന്നു എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ശ്രീകോവില്‍ എന്ന തന്റെ വീടിന്റെ നട സന്ദര്‍ശകര്‍ക്കു മുന്‍പില്‍ തുറക്കപ്പെട്ടില്ല. അവസാനം, ജീവിതത്തോടുള്ള കൈയ്പ്പു തുറന്നു കാട്ടാനാവണം, ഒസ്യത്തില്‍ എഴുതി “ ഞാന്‍ മരിച്ചു കഴിഞ്ഞിട്ടു അടുത്ത നൂറു വര്‍ഷത്തേക്ക് എന്റെ പേരില്‍ ഒരു സ്മാരകമോ പണിയുകയോ പുരസ്കാരങ്ങള്‍ നല്‍കുകയോ അരുത്” ഇങ്ങിനെയൊക്കെആയിട്ടും, ഒരിക്കലും മറക്കാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഊഞ്ഞാല്‍,ഹൃദ്യമായ പരിമളം പരത്തി ഇന്നും മലയാള സാഹിത്യ അരാമത്തില്‍ പരിലസിക്കുന്നു.

ഒരുമിച്ചു കളിച്ചു വളര്‍ന്ന വിനുവമായി വിജയന്‍ അടുപ്പത്തില്‍ ആകുന്നതു യാദൃശ്ചികമായിട്ടു ആയിരുന്നു. എന്നാല്‍ ഏതു പ്രേമത്തേയും പോലെ ഒതു വളരെപ്പെട്ടെന്നു വളര്‍ന്ന് എല്ലാ സീമകളേയും ലംഘിച്ചു.വിജയന്റെ പുസ്തക ശേഖരങ്ങളില്‍ നിന്നും കവിതാപുസ്തകങ്ങള്‍ വായിക്കാന്‍ വിനു പതിവായി വരാറുണ്ടായിരുന്നു. പ്രണയം കിനിയുന്ന വരികള്‍ക്കു കീഴില്‍ അടിവരയിട്ടു കൈമാറുന്നത് പതിവായിത്തീര്‍ന്നു.

“ഒന്നുമെനിക്കു വേണ്ട മൃദു ചിത്തത്തി
ലെന്നേക്ക്കുറിച്ചൊരോര്‍മ്മ മാത്രം മതി”

“ത്വല്പാ‍ദ പങ്കജം മുത്തുവാനല്ലാതെ
മല്പ്രാണഭൃംഗത്തിനാശയില്ല”

തുടങ്ങിയ മഹാകവികളുടെ പല വരികളും വായനക്കരുടെ ഉള്ളിലും വേലിയേറ്റം ഉണ്ടാക്കതിരിക്കുകയില്ല

കഥയുടെയും പ്രേമത്തിന്റെയും വളര്‍ച്ചയും പരിണാമങ്ങളും എല്ലാം ക്ഷേത്രവും, ഹൈന്ദവ ആചാരങ്ങളുമായി ഇഴചേര്‍ന്നുകൊണ്ടാണ്.തിരുവാതിരയും, ശിവരാത്രിയും കളമെഴുത്തും നിറമാലയും, നിര്‍മ്മാല്യവും കഥാപാത്രങ്ങള്‍ക്കൊപ്പം മനസ്സിലേക്കു ചേക്കേറുന്ന കഥാ സന്ദര്‍ഭങ്ങളത്രേ.

ഒരു പക്ഷേ, നാല്‍പ്പതുകളില്‍ ഒരു ഉല്‍നാടന്‍ ഗ്രാമത്തിലെ കമിതാക്കള്‍ക്കു കണ്ടു മുട്ടുവാന്‍ വേദിയൊരുക്കുന്ന രംഗങ്ങള്‍ എല്ലാം തന്നെ ക്ഷേത്രവും പരിസരങ്ങളും ആകുന്നത് കാലത്തിന്റെ പ്രത്യേകതയായി കരുതാം.

പ്രണയ നൈരാശ്യത്തില്‍ നാടുവിട്ട വിജയന്‍ ദീര്‍ഘകാലം സിങ്കപ്പൂറില്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍പ്പോലും അവധിക്കു നാട്ടില്‍ വന്നില്ല.വിജയന്റെ മടങ്ങിവരവു വരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിനു മറ്റൊരാളുടെ വരണമാല്യം അണിയേണ്ടി വരുന്നു. വിനുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച്,വിനു ചില്ലിക്കാട്ടേക്കു മടങ്ങി വന്നു എന്ന് അറിഞ്ഞിട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രവാസം മതിയാക്കി വിജയന്‍ നാട്ടില്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്.

തുടര്‍ന്നു പഴയ കാലക്കാളും തീക്ഷ്ണമായ പ്രണയ രംഗങ്ങള്‍ക്ക് ചൂളക്കര ഗ്രാമം സാക്ഷിയാകുന്നു. ഇനിയെങ്കിലും ഒരുമിച്ചു ജീവിതം ആരംഭിക്കാമെന്ന സ്വപ്നങ്ങള്‍ക്ക്, വിധി വീണ്ടും വിലങ്ങു തടിയാവുന്നു.

വായിച്ച പുസ്തകങ്ങളിലെ നായകന്‍ പ്രണയിച്ച എല്ലാ നായികമാരെയും ഞാനും പ്രണയിച്ചിട്ടുണ്ട്.പുസ്തങ്ങളില്‍ നിന്നു പുസ്തകങ്ങളിലേക്കു വായന നീളുമ്പോല്‍ പുതിയ നായികമാര്‍ വരികയും പഴയവര്‍ പിന്‍‌വാങ്ങുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, വിനു മാത്രം ഇന്നും മനസ്സില്‍ മങ്ങാതെ നില നില്‍ക്കുന്നു! മേനോന്റെ പാത്ര സൃഷ്ടിയുടെ മേന്മയാകാം! അല്ലെങ്കില്‍ സഫലീകരിക്കാതെ പോയ സ്വപ്നങ്ങളുടെ സാക്ഷ്യ പത്രമാവാം! ആശ്രമ ജീവിതം വരെ എത്തിയ എന്റെ ഹൈന്ദവ മതത്തോടുള്ള സ്നേഹം മൊട്ടിട്ടതും ഈ പുസ്തക പാരായണത്തോടെയാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല!

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ “വായിച്ചതില്‍ വച്ചു ഒരിക്കലും മറക്കാനാവാത്ത പുസ്തകം!“

തേജോമയം

പുസ്തകം : തേജോമയം
രചയിതാവ് : സാറാ ജോസഫ്

പ്രസാധനം : കറന്റ് ബുക്ക്സ്
അവലോകനം : സ്മിത മീനാക്ഷി


ര്‍മീലേ ...രൂബീ... , ഓര്‍മയുണ്ട് ജെമ്മാ...പിന്നെ സഞ്ചാരമാണ് , ചിരിച്ചും കുഴഞ്ഞും കരഞ്ഞും പിഴിഞ്ഞും ഓര്‍മകളിലൂടങ്ങനെ”
അറുപത്തിമൂന്നും അറുപതും വയസ്സായ യൌവ്വനങ്ങള്‍ പുര കത്തുന്ന പോലെയും പുഴ നീന്തുന്നപോലെയും ഇങ്ങനെ പിന്നോക്കം പോകുമ്പോള്‍ തേജോമയമായ ഒരു ലോകം തുറക്കപ്പെടുകയാണ്. ആ യാത്ര ചെന്നെത്തുന്നത് ഒരു തക്കിടമുണ്ടത്തി ചേച്ചിയുടെയും കൊട്ടക്കോലു പോലെ ഉണങ്ങിയ ഒരു അനുജത്തികുട്ടിയുടെയും മുന്‍പിലാകും. അവിടെ മൂന്നു പേര്‍ കൂടിയുണ്ട്.അവരുടെ അപ്പനും അമ്മയും അനുജനും. ഒന്നര വയസ്സുള്ളപ്പോള്‍ കയ്യിലൊരു റബ്ബര്‍ താറാവിനെയും പിടിച്ചു നില്‍ക്കുന്ന തക്കിടമുണ്ടത്തി, പിന്നെ ഏഴുവയസ്സുള്ള കൊട്ടക്കോല്, നാലുവയസ്സുകാരന്‍ അനുജന്‍.. ഈ ചിത്രങ്ങളാണ് കാലത്തിന്റെ തുടക്കത്തില്‍ കാണാന്‍ കിട്ടുക.

കാലം കടന്നു പോകുന്നു, ജെമ്മ വിവാഹിതയായി, റൂബിയാകട്ടെ പുസ്തകങ്ങളെ പ്രണയിച്ചു, വിവാഹം വേണ്ടാ എന്നുറച്ചുനിന്നു. അതുകൊണ്ടു അനുജന്‍ ഇസ്സാക്കിനു അവള്‍ക്കു വേണ്ടി സ്ത്രീ ധനം കൊടുക്കേണ്ടിവന്നില്ല, സ്വന്തം പേരില്‍ കിട്ടിയ കുടുംബവീട് വിറ്റ് അവന്‍ ഭാര്യയുടെയും മകളുടെയും പേരില്‍ ഫ്ലാറ്റും ഭൂമിയും വാങ്ങി. എങ്കിലും കൂടെ താമസിക്കാന്‍ പെങ്ങളെ അവന്‍ അനുവദിച്ചു, പക്ഷെ ജെമ്മയാണ് എതിര്‍ത്തത്, “വേണ്ട രൂബീ അവന്‍ നിന്നെക്കൊല്ലും” . സ്വത്തു ചോദിക്കാതിരിക്കാന്‍ അവന്‍ അതു ചെയ്താലൊ എന്നയിരുന്നു ജെമ്മയുടെ പേടി, സ്വത്തല്ല, ഇസ്സാക്കിന്റെ വീട്ടിലെ ബേബി സിറ്ററുടെ ജോലിയാണ് അവീടെ തമസിക്കുന്നതില്‍ നിന്നും റൂബിയെ മടുപ്പിച്ചത്. അങ്ങനെയാണു ജെമ്മയുടെയും ഭര്‍ത്താവ് റാഫെലിന്റെയും കൂടെ റൂബി താമസം തുടങ്ങിയത്. “ രാഫേലിനോടു ശിങ്ങരിക്കണമെന്നു തോന്നിയാല്‍ ഇത്തിരി ശിങ്ങരിച്ചൊ“എന്നു ജെമ്മയുടെ അനുവാദവും. പക്ഷെ റൂബിയ്ക്കു ശൃഗാരം ഇല്ലായിരുന്നു. അവള്‍ പുസ്തകങ്ങളുടെ ലോകത്തില്‍ സന്തോഷവതിയായിരുന്നു, കൂടെ വീട്ടുജോലികളും സമാധാനത്തോടെ ചെയ്തു.

റാഫേലിന്റെ വീട് നിര്‍മിതി വിസ്മയം തന്നെയാണ് . അതിനു ഉത്തരവാദി അപ്പനാണെന്നു റാഫേല്‍. “ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍, അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ല -ഏകാന്തമായ ഒരു കുഴിയില്‍ “ ആണ് ആ വീട്. പലതട്ടുകളിലായി പത്തിരുപത്തൊന്നു പടികള്‍ കയറിയും ഇറങ്ങിയും വേണം വീടെത്താന്‍, വീടെത്തിയാലൊഉള്ളില്‍ വീണ്ടും കുന്നും കുഴികളും. അതു നിര്‍മ്മിച്ച മൂത്താശ്ശാരിമാരെ ശപിക്കാനേ റൂബിയ്ക്കു നേരമുള്ളു, വണ്ണം അധികമായ ജെമ്മയാണ് പടികളില്‍ തട്ടി വീഴുക. വല്ലാതെ വണ്ണം വെച്ച ജെമ്മ സാരിയുടുത്തുനടന്നിട്ടല്ലേ തട്ടിവീഴുന്നതെന്നു നമ്മള്‍ വിഷമിക്കുമ്പൊഴേയ്ക്കും റൂബി എത്തുകയായി, “ജെമ്മ ഇനി ഉടുപ്പിട്ടാ മതി“ എന്ന്. ഗൃഹനിര്‍മ്മാണത്തിന്റെ ഈ കാഴ്ച കൌതുകകരമാണ്. ഈ വീട്ടില്‍ പൂമുഖത്ത് ഒരാള്‍ കൂടിയുണ്ട്, ഗെദ്സെമെന്‍ തോട്ടത്തില്‍ ചിന്താധീനനായിരിക്കുന്ന യേശു. രക്തം വിയര്‍ക്കുമ്പോഴും അതു ആ സഹോദരിമാരുടെ മേല്‍ വീഴാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തു ചുവരിലിരിക്കുന്ന ദൈവപുത്രനോട് ആശയവിനിമയം ഉള്ളതു റൂബിക്കാണ്.

ജെമ്മയൂടെ ഉള്ളില്‍ അറുപത്തിമൂന്നാം വയസ്സിലും ഒരു പൂങ്കാവനം പൂത്തുലയുന്നുണ്ട്, അവരുടെ കവിള്‍ ചുവക്കുകയും കണ്ണൂകള്‍ തിളങ്ങുകയും ചെയ്യാറുണ്ട്. ഒന്നരവയസ്സുള്ളപ്പോള്‍ റബ്ബര്‍ താറാവിനെയും പിടിച്ചുനിന്നഫോട്ടൊയിലെ കുഞ്ഞുടുപ്പു ഈ പ്രായത്തിലും സ്വപ്നം കാണുന്നവളാണ്. ആ ഫോട്ടോയ്ക്ക് പല കഥകളും ഉണ്ട്. അതിലൊന്നു വിവാഹപിറ്റേന്ന് അതു റാഫേലിനെ കാണിച്ചതാണ്. “ഇതാരാ അറിയൊ” എന്നു കൊഞ്ചിയ ജെമ്മയോട്റാഫേല്‍ വികൃതിച്ചിരിയോടെ പറഞ്ഞതു “ ആ റബ്ബര്‍ താറാവിനെ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ആ ജട്ടി ഞാന്‍ കണ്ടിട്ടുണ്ട്.”എന്നാണ്. “എന്തു വഷളനാല്ലേ റാഫേല്‍“ എന്നു സങ്കടപ്പെടുന്ന ജെമ്മയൊടു വിവാഹം കഴിക്കാത്ത റൂബി പറയുന്നത് ഇത്തരം വഷളത്തരങ്ങളൊക്കെ പൊറുക്കുന്നതാണ് ദാമ്പത്യമെന്നാണ്.

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കാളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. “എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ” റൂബി ചൊദിക്കും, ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റ മാലാഖയായിരുന്നു. അതുകൊണ്ടാണ് പൂവിതളുകള്‍ പൊലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചുനിലതെറ്റി പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. . “ ആദ്യായിട്ടു കാണുമ്പോള്‍ മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍” , സത്യമല്ലെ?കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണതെന്നു റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. “യൌവ്വനംഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണു“ ജെമ്മ അങ്ങനെ പറഞ്ഞത്. “ മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും“ എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. “ ഇഷ്ടന്‍ “ എന്ന് ജെമ്മ വിളിച്ച കാമുകന്‍. അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാംഅവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി.

പിന്നീടായിരുന്നു രോഗബാധിതനായിരുന്ന റാഫേലിന്റെ മരണം. മരണക്കിടക്കയില്‍ അയാളെ മടുപ്പില്ലാതെ ശുശ്രൂഷിച്ചതു റൂബിയാണ്. “ ആ ദിവസങ്ങളിലാണു അവള്‍ ഏറ്റവുംകൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതും“. ഒടുവില്‍ മരിക്കുന്ന അന്നു രാവിലെ ജെമ്മ അയാളുടെ മുറിയില്‍ വന്നു, കൈപിടിച്ച് അടുത്തിരുന്നു. ഒടുവില്‍ ആ കൈ തണുത്തു മരവിച്ചപ്പോള്‍റൂബിയാണ് അവളുടെ ചൂടുള്ള കൈകളെ അടര്‍ത്തിയെടുത്തത്.

ക്രിസ്തു ചിരിക്കാത്തതിനെപ്പറ്റിയും ജെമ്മയ്ക്കു പരാതി ഉണ്ടായിരുന്നു. ഹൃദയം പൊരിയുന്നവര്‍ക്കു കൂട്ടാകാന്‍ എപ്പോഴും അഗാധചിന്തയില്‍ ഇരിക്കുന്ന ഒരാള്‍ക്കു പറ്റുമൊയെന്നയിരുന്നു അവരുടെ സംശയം.

ഇസ്സാക്കിന്റെ ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ റൂബിയ്ക്കു പോകേണ്ടിവരുമ്പോള്‍ കൂടെ പോകാതിരിക്കാന്‍ ജെമ്മയ്ക്കാവുന്നില്ല. അവിടെ ജീവിതം ദുസ്സഹമായിരിക്കുമെന്നറിഞ്ഞിട്ടും .വിചാരിച്ചതില്‍ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ ജീവിതത്തില്‍നിന്നു തിരിച്ചുവരുമ്പോള്‍ റൂബിയ്ക്കു മരണചീട്ടേഴുതികിട്ടിയിരുന്നു. പതിമൂന്നു ദിവസം കൂടി പുസ്തകം വായിച്ച് അവള്‍ കണ്ണടച്ചു.റൂബി ഒരു ഗാന്ധിയനായിരുന്നു എന്ന ജെമ്മയുടെ വാ‍ക്കു മനസ്സിലാകാതെ ഇസ്സാക്ക് അവളെ ഭാര്യയുടെ സില്‍ക്കുസ്സാരി ഉടുപ്പിച്ചു,ഇവിടെ സാറ റ്റീച്ചര്‍ പറയുന്നു, “ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശരികള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ തിരുത്തുന്നു”.

പ്രണയങ്ങളും റൂബിയും ഇല്ലാതായ ജെമ്മ തനിച്ചായി. ഭിത്തിയിലെ കര്‍ത്താവിനോടു അവള്‍ക്കു വിനിമയങ്ങളില്ലായിരുന്നു. “മടങ്ങിവരില്ലെന്ന മൊഴിയോടെ എല്ലാ കിളികളും പറന്നുപോയ മരം പോലെ ജെമ്മ നില്‍ക്കുന്നു’എന്നാണ് നൊവെലിസ്റ്റ് പറയുന്നത്.റൂബി വായിച്ചു മുഴുമിക്കാതെ വച്ചിരുന്ന പുസ്തകം എടുക്കുന്നു. “അതു വായിച്ചുമുഴുമിക്കേണ്ടവള്‍ ജെമ്മയാണെന്നു ജെമ്മയ്ക്കറിയാം” , മിലാന്‍ കുന്ദേരയുടെ “ഫെയര്‍വെല്‍ വാല്‍ട്ട്സ് “.ഇടയ്ക്കു വെച്ചു വായന തുടങ്ങിയ ജെമ്മ അതില്‍ മുങ്ങിത്തുടിക്കുന്നു. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ അവള്‍ പുസ്തകത്തിന്റെ തുടക്കത്തിലേയ്ക്കു തിരിച്ചുപൊകുന്നു, വായന തുടരുമ്പോള്‍ പ്രണയാതുരയായ അവള്‍ക്കായി കര്‍ത്താവു
ഒലിവിലകളുടെമണമുള്ള ഒരു കാറ്റ് അയച്ചുകൊടുത്തു. പേജുകള്‍ ഒരു ധൃതിയുമില്ലാതെ മറിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഒരുപാടു കാലത്തിനു ശേഷം ജെമ്മയുടെ ടെലിഫോണ്‍ റിംഗ് ചെയ്യുന്നു.
അവള്‍ കേള്‍ക്കുന്നു,“ ജെമ്മാ എന്റെ പ്രണയമേ..”
ജെമ്മ ഉറക്കെ നിലവിളിച്ചു, “ആരാ”? "മുളംകുഴലിലൂടെകടന്നുപോകുന്ന ഗംഭീരമായ കാറ്റു പോലെ അയാള്‍ പറഞ്ഞു.. .....ഞാന്‍ ......മിലാന്‍ കുന്ദേര”.

ഈ ലോകം തേജോമയം തന്നെ. പ്രണയത്തിന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, പുസ്തകങ്ങളുടെ, സ്നേഹത്തിന്റെ ... എന്തിനേറെ, ജീവിതത്തിന്റെ തേജസ്സു വിളങ്ങുന്ന ലോകം. സാറാ റ്റീച്ചറിനു ഒരുപാടു നന്ദി... ഹൃദയം തുളുമ്പുന്ന സ്നേഹവും...

രാജലക്ഷ്മിയുടെ ചെറുകഥകള്‍

പുസ്തകം : രാജലക്ഷ്മിയുടെ ചെറുകഥകള്‍
രചയിതാവ് : രാജലക്ഷ്മി
പ്രസാധനം : ഗയ ബുക്ക്സ്
അവലോകനം :മൈത്രേയി

ടാഗോറിന്റെ കഥാ രത്‌നങ്ങള്‍ വായിച്ച് എനിക്കെന്തേ മൃണാളിനി എന്നു പേരിടാഞ്ഞതെന്ന് അമ്മയോടു ചോദിച്ച , വായനാലോലമായ കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. ആംഗലേയ എഴുത്തുകാരും ടാഗോറും ബിമല്‍മിത്രയും യശ്പാലും ജയകാന്തനും ആശാപൂര്‍ണ്ണാദേവിയും ശ്രീകൃഷ്ണ ആലനഹള്ളിയും ആർ‍.കെ. നാരായണും അമൃതാ പ്രീതവും മുല്‍ക്ക് രാജ് ആനന്ദും കെ.എ. അബ്ബാസും പിന്നെയും പലരും മലയാളം എഴുത്തുകാരെപ്പോലെ സുപരിചിതര്‍ ആയിരുന്നു അന്ന്. കോളേജുകാലത്ത് കൂട്ടുകാരുമൊത്ത് തിരുവനന്തപുരത്തെ ലൈബ്രറികള്‍ മുഴവന്‍ കയറിയിറങ്ങി, വായിച്ചു തള്ളിയ ആംഗലേയവും മലയാളവും പുസ്തകങ്ങള്‍ ഒരു പിടി. എഞ്ചിനീയറിംഗ് പഠനം വായന കുറച്ചെങ്കിലും ഒരിക്കലും തീര്‍ത്ത് ഇല്ലാതാക്കിയില്ല. പിന്നെ ജോലി, വിവാഹം, കൂട്ടുകുടുംബം....അതിനിടയില്‍ വായന കുറഞ്ഞു. ചുമതലകളില്‍ നിന്ന് ഒളിച്ചോടാനാവില്ലല്ലോ. അങ്ങനെ ഒളിച്ചോടിയാല്‍ വായിച്ചു മനസ്സിലാക്കിയതെല്ലാം അര്‍ത്ഥമില്ലായ്മയാവുമല്ലോ.

തിരക്കിനിടയിലും പുസ്തക പ്രദര്‍ശനങ്ങള്‍ കഴിവതും ഒഴിവാക്കാതെ നോക്കി. ആദ്യമെല്ലാം ഇതു വീട്ടിലുണ്ട് എന്ന് പലതും വാങ്ങാതെ വന്നു. പിന്നെ പിന്നെ അതിനു ഞാന്‍ മാത്രമല്ലല്ലോ അവകാശി എന്നു വിവരം വച്ചപ്പോള്‍ വാങ്ങാന്‍ തുടങ്ങി.പിന്നീടെപ്പോഴോ ആനുകാലികങ്ങളില്‍ വരുന്ന കഥകള്‍ പലതും രുചിക്കാതായി, അല്ലെങ്കില്‍ അതു മനസ്സിലാകാനുള്ള സ്റ്റാന്‍ഡേഡ് എനിക്കില്ലാതായി. അങ്ങനെ പുത്തന്‍ എഴുത്തുകാര്‍ എനിക്ക് അപരിചിതരായി. ബ്ലോഗ് എന്ന മാദ്ധ്യമം വന്നപ്പോള്‍ പലരേയും അറിഞ്ഞുതുടങ്ങി. അപ്പോള്‍ പിടി കിട്ടി എന്റെ വായന കാതങ്ങള്‍ പിറകിലാണ് !

ഈയിടെ പുതു മലയാളം എഴുത്തുകാരെ പരിചയപ്പെടാന്‍ ശ്രമം തുടങ്ങി. ബുക്ക് എക്‌സിബിഷന് പോയപ്പോള്‍ പലതിനുമൊപ്പം
സ്വര്‍ണ്ണമഹല്‍ (സുസ്‌മേഷ് ചന്ദ്രോത്ത്) മാലിനി തീയേറ്റേഴ്‌സ് (രേഖ.കെ) എന്നിവ വാങ്ങി.( 7-8 മാസം മുമ്പ് ഇങ്ങനെ മോഹിച്ചു വാങ്ങിയതിലെ ഒരു പുസ്തകം 40 പേജിനപ്പുറം നീങ്ങാതെ നിര്‍ത്തി വച്ചു). അപ്പോള്‍ തോന്നി കാലമേറെ മാറിയല്ലോ, പഴയ കഥകളും പുതിയവയും ഒന്നു താരതമ്യം ചെയ്യണം, പഴമ മടുക്കുന്നോ, പുതുമ ഇഷ്ടപ്പെടുന്നോ എന്നറിയണം, എന്താണ് പുതു കഥകളില്‍ നിന്ന് എന്നെ അകറ്റിയ ഫാക്ടര്‍ എന്ന് കണ്ടുപിടിക്കണം എന്ന്. അങ്ങനെ എന്റെ കഥാശേഖരം ഒന്നോടിച്ചു നോക്കി, ഒരു പുനര്‍വായനയ്ക്ക് ശ്രമിക്കുകയാണ് ഇവിടെ. എല്ലാം നേരത്തേ വായിച്ചത്.പക്ഷേ ഇപ്പോള്‍ വായിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥതലങ്ങൾ ‍!

കഴഞ്ഞ മാസം ഡീസി ബുക്ക് ഫെസ്റ്റിനു പോയപ്പോള്‍ കണ്ടു, പഴയ ബുക്ക്സിൽ പലതും റീപ്രിന്റ് ആയിരിക്കുന്നു! അതിനു നല്ല ചെലവും! ഉറൂബിനെ ഞാനും വാങ്ങി. പഴമയ്ക്ക് ഡിമാന്റ് കുറവൊന്നും വന്നിട്ടില്ല!

രാജലഷ്മിയുടെ ചെറുകഥകൾ ‍-1993(ഗയ ബുക്‌സ്)

34-ാം വയസ്സില്‍ 18.1.1965 ല്‍ സ്വയം ജീവിതത്തില്‍ നിന്നു പിന്തിരിഞ്ഞോടിയ രാജലക്ഷ്മി എന്നും മനസ്സിന്റെ നൊമ്പരമാണ്. പല വട്ടം വായിച്ചിട്ടുണ്ട് അവരുടെ കഥകൾ‍. ജി.കുമാരപിള്ള, എം.ടി, ഡോ.എം.ലീലീവതി എന്നിവരുടെ പ്രൗഢ ആമുഖമുണ്ട് 12 കഥകളുള്ള ഈ പുസ്തകത്തിന്.

1.ആത്മഹത്യ
ഉദ്യോഗസ്ഥയായ നായികയാണ് കഥ പറയുന്നതെങ്കലും അവരുടെ അയല്‍വാസി ആയെത്തുന്ന നീരജ(എത്ര നല്ല പേര്!) ആണ് യഥാര്‍ഥ കഥാനായിക.

'അവരോ, അവർ‍(സ്ത്രീകൾ‍) കൊള്ളാവുന്നവരാണ് എന്ന് പുരുഷന്മാര്‍ പറയണമെങ്കില്‍ കാര്യമായ അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ രണ്ടുകൂട്ടരും (ചര്‍ച്ച ചെയ്യുന്ന ഇരു കൂട്ടർ‍) പറയുന്നതു കേട്ട് ചിരിച്ച് (നിങ്ങളുടെ ചിരി കാണാന്‍ നല്ലതാണെങ്കില്‍ ഏറെ നന്ന്), അങ്ങനെ മയത്തില്‍ നില്‍ക്കുകയാണ് വേണ്ടത്. ' കാലം ഏറെ കഴിഞ്ഞെങ്കിലും ഇപ്പോഴും നായികയുടെ ഈ ആത്മഗതം പ്രസക്തമാണ് ! മൂന്നാം ബ്രാക്കറ്റും അതിനുള്ള കാര്യങ്ങളും കഥാകാരി തന്നെ ഇട്ടിരിക്കുന്നതാണ്, ഞാനല്ല !

നീരജയും അവളുടെ വേദനകളും ഭംഗിയായി അവതരിപ്പിച്ച ഈ കൊച്ചു കഥ ഇപ്പോഴും ആസ്വാദ്യകരം തന്നെ. അവതരണവും ഭാഷയും എല്ലാം രുചിച്ചു. നീരജ ആത്മഹത്യ ചെയ്തു കാണുമോ ഇല്ലയോ എന്ന് ഊഹിക്കാന്‍ വിടുകയാണ് കഥാകാരി.

2. മാപ്പ്

ക്ലാസില്‍ വച്ചു സംഭവിച്ച നിസ്സാര കാര്യം എല്ലാവരും കൂടി ഏറ്റെടുത്ത് നായികയായ കോളേജ് അദ്ധ്യാപികയുടെ പിടിയില്‍ നിന്നു കൈവിട്ടുപോയി ഉണ്ടായ ദുരന്തങ്ങള്‍ പറയുന്ന ഈ കഥയുടെ തീം, കഥ പറച്ചില്‍ രീതി, ഭാഷ, എല്ലാം ഹൃദ്യം. അതിലെ നായിക രമ ടീച്ചറിനേക്കാള്‍ കൂടുതല്‍ സഹതാപം തോന്നിയത് പോള്‍ വര്‍ഗ്ഗീസ് എന്ന കുട്ടിയോടാണ്. ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്. പിടി വിട്ടു പോകുകയാണെന്ന് അറിയുമ്പോഴും നിസ്സഹായരായി പോവും. എങ്കിലും ആ രമ ടീച്ചര്‍ ഇത്തിരി കൂടി ബോള്‍ഡ് ആയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. എക്കാലത്തും സംഭവിക്കാവുന്ന ഒരു ജീവിത തുണ്ട്.

3.പരാജിത

ഭര്‍ത്താവും കുട്ടിയുമുള്ള നിര്‍മ്മലാ പണിക്കരുടെ മനസ്സ് മറ്റൊരാളിലേക്ക് പിടിവിട്ടു പോകുന്നതാണ് ഇതിവൃത്തം. അതില്‍ നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്. എന്തു കൊണ്ടോ നായിക ഒരു വിഡ്ഢിയാണ് എന്ന് എന്റെ റീഡിംഗ്. വലിയ സഹതാപമൊന്നും തോന്നിയതുമില്ല. നായികയുടെ ചിന്തകളിലൂടെയും വര്‍ത്തമാനകാലത്തിലൂടെയും ആണ് കഥ വികസിക്കുന്നത്. ആഖ്യാനരീതി തകച്ചും ആസ്വാദ്യകരം.

ചേടത്തിയമ്മയോടു പക തീര്‍ക്കാന്‍ വേണ്ടി മാത്രം അവര്‍ വേണ്ട എന്നു പറഞ്ഞയാളെ കല്യാണം കഴിച്ചു. അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ ചെറിയ ചില ക്ലൂസ് തരുന്നുണ്ട്-

'ആളില്ലാത്ത കടപ്പുറത്ത് നട്ടുച്ചയ്ക്ക് അടുത്തടുത്ത് രണ്ടു മണക്കൂറോളം കുത്തിയിരുന്ന് പ്ലാനും പദ്ധതിയുമൊക്കെ ഇട്ടിട്ടും തലനാരു പോലും ഒന്നു തൊട്ടില്ല രവി. എന്നിട്ട് ആ രവിയോടാണ് ഇപ്പോള്‍-ഈശ്വരാ, ഇതെങ്ങോട്ടുള്ള പോക്കാണ്!'- രവിയോട് എനിക്കും ബഹുമാനം തോന്നി.

'ആഴ്ച്ചയില്‍ ഒരു ദിവസം, ഞാറാഴ്ച്ച ,വൈകുന്നേരം സമയം വച്ച് ഭാര്യയ്ക്കു എഴുത്തെഴുതുന്ന ആളാണ് രവി'


'ഭര്‍ത്താവ് രണ്ടായിരം നാഴിക ദൂരെ തനിച്ചു കടക്കുമ്പോൾ '

ഒടുവില്‍ രക്ഷാതുരുത്തായി ബോര്‍ഡിംഗിലുള്ള 7 വയസ്സുകാരന്‍ മകനെ കണ്ടപ്പോള്‍ അവര്‍ മനസ്സിലാക്കുന്നു 'തന്റെ മകന് തന്നെ ആവശ്യമല്ല, അവന് ആവശ്യമുണ്ടായിരുന്ന നേരത്ത് താന്‍ അവന്റെ കൂടെ നിന്നില്ല. ഇപ്പോള്‍ തനിക്കാവശ്യം വന്നപ്പോൾ '

അങ്ങനെ മകന്റെ അടുത്തുനിന്നു തിരിച്ചു പോരുമ്പോള്‍ നായിക വീണ്ടും തെറ്റിലേക്ക് വഴുതിപ്പോയിട്ടുണ്ടാവാം എന്നു സൂചന നല്‍കി കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ' -റെയില്‍വേ സ്‌റ്റേഷൻ‍-നാശത്തിലേക്കുള്ള കിളിവാതിൽ‍'

4.ഒരദ്ധ്യാപിക ജനിക്കുന്നു.

കഥയിലെ ചില പരാമര്‍ശങ്ങള്‍ ഒഴികെ ഒന്നും ഇഷ്ടപ്പെട്ടില്ല. വീട്ടുകാര്‍ക്കു വേണ്ടി ത്യാഗം സഹിച്ചു സ്വയം ഹോമിക്കുന്ന നായികമാരുള്ള പഴയ കാലത്തിനു ചേര്‍ന്ന കഥ എന്നു വേണമെങ്കില്‍ പറയാം. ഇടയ്ക്കിടെയുള്ള രവീ, രവീ,...എന്നുള്ള ആത്മഗത വിളി ആവര്‍ത്തനം ഒരു പൈങ്കിളി ലൈനായി തോന്നി.കഥാകാരിക്കു ചേരാത്ത ശൈലി പോലെ.


'രണ്ടു കൈ കൊണ്ടും സുഖം വലിച്ചെറിയുന്ന വിഡ്ഢിയാണ് ഇന്ദിര. Born with a sick conscience ' ഓഫര്‍ ചെയ്ത ജീവിതം നിരസിച്ച നായികയോട് നായകന്‍ പറയുന്നത്.
'വലിയ ബുദ്ധിശാലിനി എന്നഭിമാനിച്ചു കൊണ്ട് നടന്ന് മൂന്നാം ക്ലാസ്സ് മേടിച്ചു. സ്‌കൂള്‍ മിസ്റ്റ്രസ് ആവരുതെന്നു നിര്‍ബന്ധം ഉണ്ടായിരുന്നതാണ്.അതു തന്നെ ആയി, അല്ലാതെ പിന്നെന്തു കിട്ടാന്‍ മൂന്നാം ക്ലാസ്സ് ഹിസ്റ്ററി ഓണേഴ്‌സിന് ' അതെ, ഇത്തരം വിധിവിലാസങ്ങള്‍ നമ്മള്‍ എത്ര കാണുന്നു!

5.മകൾ

വളരെ നീണ്ട കഥ. പക്ഷേ തന്തുവും ആഖ്യാനവും എല്ലാം നന്ന്. നായികയുടെ ദുഃഖം അനുവാചകരുടെ ദുഃഖം ആവുന്നുണ്ടിവിടെ. ഇക്കാലത്ത് നടക്കാനിടയില്ലാത്ത കഥ, എങ്കിലും ഒറ്റയിരുപ്പിനു വായിക്കാനായി.
'മാറാല പോലെ നനുത്ത നാരു കൊണ്ട് കൈകാലുകള്‍ കെട്ടിക്കിടക്കുകയാണ്. പൊട്ടിച്ചിറങ്ങാന്‍ വഴിയൊന്നുമില്ല. ' ബന്ധങ്ങളുടെ, തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ തനിക്കു സൃഷ്ടിക്കുന്ന ബന്ധനത്തെ കുറിച്ചാണിതു പറയുന്നത്.
'അനിയത്തീ, വിശ്വാസം നശിക്കുന്നതു വരെ രക്ഷയുണ്ട്. ആരാധനാമൂര്‍ത്തി കളിമണ്ണാണെന്നറിഞ്ഞാല്‍ തീര്‍ന്നു. അതോടെ വിഗ്രഹം തകരുന്നതിനു മുമ്പ് ക്ഷേത്രത്തിനു പുറത്തു കടക്കണം. പൂജിച്ചിരുന്ന ഇടത്ത് അനുകമ്പയുമായി നില്‍ക്കാന്‍ ഇട വരരുത്. 'എത്ര നല്ല ഒബ്‌സെര്‍വേഷന്‍!
'കുടുംബഭാരം മുഴുവന്‍ ശാരദയുടെ ചുമലിലേക്കു നീങ്ങിയിട്ടു നാള്‍ കുറച്ചായി. അച്ഛനും മകളും അതറിഞ്ഞില്ലെന്നു നടിച്ചു. അച്ഛനെ സംബന്ധിച്ചിടത്തോളം അബോധപൂര്‍വ്വമായ അഭിനയമായിരുന്നു അത്. തന്നോടു തന്നെയും അയാള്‍ ഇതനുവര്‍ത്തിച്ചു. പുരുഷന്റെ അഹന്തയ്ക്കു അതാവശ്യമായിരുന്നു. കുടുംബം പുലര്‍ത്തേണ്ടതു പുരുഷനല്ലേ? '
മനസ്സ് പ്രണയാതുരമാകുമ്പോള്‍ നായിക പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് തന്റേതുമാത്രമായ ഒരു സ്വപ്നലോകത്തിലേക്കു മാറുന്നത് കവിത തുളുമ്പുന്ന വാക്കുകളില്‍ അവതരിപ്പിച്ചിരിക്കുന്നു കഥാകാരി.
'...അവളുടേതു മാത്രമായ ഒരു ലോകത്തിലേയ്ക്കവള്‍ പതുക്കെ ഉയര്‍ന്നിരക്കയാണ്, തന്നത്താനറിയാതെ. അവിടെ മാരിവില്ലിന് നിറപ്പകിട്ട് അധികമുണ്ട്.വിഭാത സന്ധ്യയ്ക്ക് തുടുപ്പേറും, പൂനിലാവിന് വെണ്മ കൂടുതലുണ്ട്. നക്ഷത്രപ്പൊട്ടുകള്‍ ചിന്നിച്ചതിറയ ശാരദാകാശത്തിനു നീലിമ ഇരട്ടിയുണ്ട്. അനിര്‍വചനീയമായ വൈകാരികാനുഭവം....' ഇനിയും ഉണ്ട് ഇതു പോല മോഹിപ്പിക്കുന്ന നല്ല വാക്യങ്ങള്‍, വിസ്തരഭയത്താല്‍ നിര്‍ത്തുന്നു.
'ഒരു തലമുറ ചെയ്ത തെറ്റുകള്‍ക്കും കഴിവുകേടുകള്‍ക്കും അടുത്ത തലമുറ അനുഭവക്കണമെന്നോ? '
'രണ്ടടി നടന്നു കഴിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെല്ലാം കണ്‍മുന്നില്‍ നിന്ന് മാറി നിന്നു.പ്രജ്ഞയുടെ മണ്ഡലത്തില്‍ ഒരേ ഒരു ബോധം മാത്രം അവശേഷിച്ചു.തന്നെ സ്‌നേഹിക്കാന്‍ ആളുണ്ട്, തനിക്കു സ്‌നേഹിക്കാനും.നെഞ്ചിന്റെ ഓരോ മിടിപ്പിലും അത് മുഴങ്ങുകയാണ്. ദേഹം മുഴുവന്‍ ഈ അറിവില്‍ തുടിയ്ക്കുന്നു. ' നായികയുടെ ദുരന്താന്ത്യം മനോവിഷമം ഉണ്ടാക്കുക തന്നെ ചെയ്തു.1956 ല്‍ ,അതായത് 54 കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച ഈ നീണ്ട കഥ ഇന്നും നല്ലൊരു വായനാനുഭവമാണ്.

6.സുന്ദരിയും കൂട്ടുകാരും

നല്ല ഒരു സറ്റയര്‍.സെക്രട്ടറിയേറ്റിലെ ഒരു ഏഴംഗ ആഫീസുമുറിയാണ് പശ്ചാത്തലം.
'ഏഴു സ്വഭാവമുള്ളവരും ഏഴുമാതിരിക്കാരും ആയ ആ ഏഴാളുകള്‍ അങ്ങനെ പത്തിനു വന്നു കയറിയാല്‍ നാലിനിറങ്ങുന്നതു വരെ ആ മുറിയ്ക്കകത്ത് ഇണങ്ങിയും പിണങ്ങിയും ഒന്നു പോല കഴിഞ്ഞു. '
പക്ഷേ പെട്ടന്നു തീര്‍ന്നുപോയപോലെ, ധൃതി പിടിച്ചു നിര്‍ത്തിയ പോല തോന്നി.

7.ശാപം

മഹാരാജാവിനു പുരോഹിതപുത്രിയെ വേള്‍ക്കണെമെന്ന മോഹം വിതച്ച ദുരന്തത്തിന്റെ കഥയാണിത്. നിര്‍ത്താതെ വായിച്ചുപോകാനായി.

8.മൂടുവാന്‍ നാടൻ

മത്തായിയുടെ കഥ പറയുന്ന ഇതിലൂടെ അന്നത്തെ സാമൂഹ്യസ്ഥിതിയും ഇതള്‍ വിരിയുന്നുണ്ട്. യുദ്ധകാലമായി, ചെറുപ്പക്കാര്‍ മിയ്ക്കവരും പട്ടാളത്തിലോ ആസാമില്‍ പണിക്കോ പോയതും നാട്ടില്‍ പണിക്കാരില്ലാതെ വന്നപ്പോള്‍ മത്തായി 9 മണിക്കു വന്ന് 4 മണിക്കു പണി നിര്‍ത്താന്‍ തുടങ്ങിയതും . പണിക്ക് ആളെ കിട്ടാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടല്ലോ ഇത്തരം കാര്യങ്ങൾ‍. പോയവര്‍ എല്ലാവരും തിരിച്ചു വന്നു, സ്ഥിതി മാറി....അങ്ങനെ അങ്ങനെ .അവസാനം മത്തായിയുടെ ശവത്തില്‍ മൂടാന്‍ ഒരു നാടന്‍ ചോദിച്ച് ഭാര്യ നില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു. നല്ല ഒഴുക്കുണ്ട്, തട്ടാതെ തടയാതെ ഇഷ്ടത്തോടെ വായിക്കാം.

9.ദേവാലയത്തില്‍

വായിച്ചപ്പോള്‍ നെഞ്ചുരുകിപ്പോയി. വ്യക്തമായി പറഞ്ഞില്ലെങ്കിലും അത് അസുഖബാധിത എന്നറിഞ്ഞപ്പോഴുണ്ടായ അങ്കലാപ്പും വേപഥുവും ആണ് എന്നെനിക്കു തോന്നി. അതുവരെ അമ്പലവും ദൈവവും നിഷേധിച്ചവള്‍ ആശ്രയത്തിനായി അമ്പലത്തിലെ ദേവനെ ശരണം പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്പലം ഒരു കമേഴ്യസ്യല്‍ സെന്ററായെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ടായി.


'തന്നെ ഇങ്ങോട്ടെത്തിച്ച ശക്തി ഏതാണ്? യുഗയുഹങ്ങളായി പല ഉടലുമെടുത്ത് അന്നത്തെ സാധനകളും അനുഭൂതുകളും ഭാവസ്ഥിരങ്ങളായി അബോധമനസ്സില്‍ അടിഞ്ഞുകിടക്കുകയായാിരുന്നുവെന്നോ.?ജനനനന്തര വാസനകൾ'
'മുത്തച്ഛന്‍മാരും മുതുമുത്തച്ഛന്മാരും മുതല്‍ക്കിങ്ങോട്ട് അവരുടെ ജീവിതത്തിലെ യുക്തിക്കതീതമായ ഭാഗമായ് കണക്കായിരുന്ന ഈ വികാരം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഭൗതിക വിജ്ഞാനത്തിന്റെ പാറയ്ക്കടിയില്‍ ഒളിച്ചു കിടക്കുകയായിരുന്നെന്നോ? '
'ഉപനിഷത്തുകളുടെ രാജ്യത്തിലെ നിര്‍മ്മയനായ ദൈവം! '
'മനുഷ്യനില്‍ നിന്നു രക്ഷപ്പെടാന്‍ മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിന്റെ .... '
'അവില്‍ പൊതിയും കൊണ്ട് പണ്ട് അങ്ങയെ കാണാന്‍ വ്ന്ന്, നിത്യസൗന്ദര്യമേ അങ്ങയില്‍ ലയിച്ച് ചോദിക്കാന്‍ വന്നത് ചോദിക്കാന്‍ മറന്ന് തിരിച്ചു പോയ ആ സാധുമനുഷ്യന് അങ്ങ് എല്ലാം കൊടുക്കുകയുണ്ടായല്ലോ. അതുപോലെ എത്തേണ്ടിടത്ത് എത്തുമ്പോഴേയ്ക്കും ഞാനും ചോദിക്കാതെ പോകുന്നത് നേടി കഴിഞ്ഞിരിക്കുമോ?എനിനലെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ഈ വേദന ഞാന്‍ അറിയാതെ മാറിയിരിക്കുമോ?എന്റെ ആത്മാവിന്റെ ഈ പാഴ്മണ്ണ് ഒലിച്ചു പോയി അവിടത്തെ ജീവന്‍രെ പച്ച നാമ്പുകള്‍ ഉടലെടുത്തു കാണുമോ ഭഗവാനേ? ' ആ ചോദ്യം മനസ്സില്‍ നൊമ്പരമായി...ഹോ, ആര്‍ക്കും സഹായിക്കാനവാത്ത നിസ്സഹായാവസ്ഥ...അതെത്ര ഭീകരം.. ആ ഒരു വരിയല്ലാതെ രോഗവര്‍ണ്ണന ഇല്ലേയില്ല, പക്ഷേ എല്ലാം മനസ്സിലാകും നമുക്ക്.

10.ചരിത്രം ആവര്‍ത്തിച്ചില്ല.

പഠിക്കാന്‍ വേണ്ടി, അനുജത്തിമാര്‍ക്കു വേണ്ടി സ്വന്തം പ്രണയം മാറ്റി വച്ച് സ്വയം പണയപണ്ടമായി മാറിയ എഞ്ചിനീയര്‍, മകളുടെ ഭര്‍തൃപദവിയിലേക്ക് അതുപോലെ പറഞ്ഞു വച്ച ഡോക്ടറെ സ്വതന്തനാക്കുന്നതാണ് ഇതിവൃത്തം. പുതുതലമുറയിലെ ഡോക്ടര്‍ അനുജത്തിയെ പഠിപ്പിച്ച് ജോലി വാങ്ങി കൊടുക്കും, എന്നിട്ട് ഞാന്‍ ഇഷ്ടപ്പെടുന്നവളെ കല്യാണം കഴിക്കും, എന്നു വ്യക്തമായി പറയുന്നുണ്ട്. അതെ, അതാണ് വേണ്ടതും, ത്യാഗം എന്ന പേരിലുള്ള സ്വയം എരിഞ്ഞടങ്ങല്‍ ഒന്നിനും പരിഹാരമല്ല.കൂടപ്പിറപ്പുകളെപ്പോലെ തന്നെ സ്ഥാനമുണ്ട് അവനവന്റെ ജീവിതത്തിനും സ്‌നേഹിച്ച പെണ്‍കുട്ടിക്കും എന്നു കാണിക്കുന്ന പുതുതലമുറയെ ഇഷ്ടപ്പെട്ടു. മോഹന്‍ലാലിന്റെ സിനിമകളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ' പക്ഷേ' ഓര്‍മ്മിപ്പിച്ചു ഈ കഥ.

11.തെറ്റുകൾ

സാഹചര്യം അനുസരിച്ച് തെറ്റു ശരിയും ശരി തെറ്റുമാവാം എന്ന് തോന്നിപ്പിക്കുന്ന കഥ. ഒരു ലേഡീ ഡോക്ടറും മെഡിക്കല്‍ റെപ്പുമാണ് നായകര്‍.തരക്കേടില്ല, വിഷയത്തിനു വൈവിദ്ധ്യമുണ്ട്, ലേഡീഡോക്ടറുടെ മനോവ്യാപാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു നന്നായി.

12.ഹാന്‍ഡ് കര്‍ച്ചീഫ്

പിറന്നാള്‍ സമ്മാനമായി കിട്ടിയ കര്‍ച്ചീഫുകള്‍ പഴയ ഒരോര്‍മ്മയിലേക്കു നയിക്കുന്നതാണ് ഇതിവൃത്തം.
'സിഗററ്റും സൈക്കിളും വീരസാഹസികതയും ശക്തിയുടെ ലോകം. സ്ത്രീക്ക് ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ആ ലോകം. '(പുരുഷന്മാരുടെ ലോകത്തെ കുറിച്ചാണ്.)

രാജലഷ്മിയുടെ കഥകളില്‍ ധാരാളം ഇംഗ്ലീഷ് വാചകങ്ങളും വാക്കുകളുമുണ്ട്. അതു മലയാളീകരിച്ചു കഷ്ടപ്പെടാന്‍ ശ്രമിച്ചിട്ടില്ല അവര്‍. വീട്ടുഭാരം ചുമന്ന് സ്വന്തം ജീവതം ഹോമിക്കുന്ന നായികമാര്‍ പല കഥകളിലുമുണ്ടെങ്കിലും ആഖ്യാനശൈലി ഒട്ടും മടുപ്പിക്കുന്നില്ല. വിഷയവൈവിദ്ധ്യവുമുണ്ട്. ഓ, പഴയ രീതി എന്ന ബോറടി തോന്നിപ്പിക്കുന്നുമില്ല. ചുരുക്കത്തില്‍ രാജലഷ്മിയുടെ കഥകളില്‍ പച്ച ജീവിതമുണ്ട്.....അതു തന്നെയാണ് അവരുടെ കഥകള്‍ ആസ്വാദ്യമാക്കുന്നതും, 50 വര്‍ഷങ്ങളോളം ആയിട്ടും മുഷിവു തോന്നാതെ വായിക്കാനകുന്നതും.

'ഒരു വഴിയും കുറേ നിഴലുകളും ' ഇപ്പോള്‍ വീണ്ടും വായിച്ചു. അത് നോവലായതുകൊണ്ട് ഇവിടെ എഴുതുന്നില്ല.

വാല്‍ കഷണം-രാജലഷ്മിക്കൊപ്പം ബനാറസില്‍ അവരുടെ ജൂനിയറായി പഠിച്ച ഒരു കൂട്ടുകാരിയുടെ ഓര്‍മ്മത്തുണ്ടുകള്‍ കേട്ടു ഈയിടെ. രാജലഷ്മി ഫിസിക്‌സ് എം. എസ്സി ചെയ്തത് BHUല്‍ ആണ്. കൂട്ടുകാരി, തല്‍ക്കാലം ഗൗരി എന്നു വിളിക്കാം, അവിടെ എം. എ. ഹിസ്റ്ററി ഒരു വര്‍ഷം ജൂനിയർ

സാരി എന്നും വലത്തോട്ടായിരുന്നു അവര്‍ ഉടുക്കുക. ഓപ്പറേഷന്‍ കൊണ്ടു വരുത്തിയ പരിഷ്‌കാരമല്ല. അധികം ആരോടും അടുക്കുകയില്ല, സംസാരിക്കില്ല. ഹോസ്റ്റല്‍ മുറിയിലെ മേശ നിറയെ പക്ഷേ മരുന്നുകള്‍ ഉണ്ടായിരുന്നു. ഗൗരിയേയും ഭര്‍ത്താവിനേയും വലിയ ഇഷ്ടമായിരുന്നു. അവര്‍ ഒപ്പിട്ടു കൊടുത്ത നോവല്‍ ഉണ്ടായിരുന്നു, പക്ഷേ ആരോ അതു റാഞ്ചിക്കൊണ്ടു പോയി, ഇപ്പോഴില്ല. 3-4 എഴുത്തുകളും ഉണ്ടായിരുന്നു, അതും നഷ്ടപ്പെട്ടു പോയി.

ഭയങ്കര കമ്യൂണിസ്റ്റു വിരോധിയായിരുന്നു. എന്നും മിണ്ടാതിരിക്കുന്ന അവര്‍ വനിതാ ഹോസ്റ്റലിലെ ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ സ്റ്റാലിന്റേത് അടിച്ചമര്‍ത്തലാണ്, കമ്യൂണിസമല്ല എന്നു ഉദാഹരണസഹിതം വര്‍ണ്ണിച്ചത്രേ. ഇന്‍ഡ്യയില്‍ നിന്നു പോയ ഒരു പ്രസിദ്ധ എഴുത്തുകാരനാണെന്നു തോന്നുന്നു(പ്രേമാനന്ദ് ഛാ എന്നു പറഞ്ഞ പോലെ ഓര്‍മ്മ)പല സ്ഥലങ്ങളും കാണാന്‍ സ്റ്റാലിന്‍ സമ്മതിക്കാതിരുന്നു, അതു മനപൂര്‍വ്വമാണ്, എന്നു തുടങ്ങി ആവേശത്തോടെ പറഞ്ഞത്രേ....അവര്‍ അതിബുദ്ധിമതി ആയിരുന്നിരിക്കണം. അതെല്ലാം പുറം ലോകം പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ.

ചങ്ങമ്പുഴുയുടെ മോഹിനി എന്ന കവിത ഇഷ്ടമല്ലായിരുന്നു. തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത് എന്നും മറ്റും ചോദിക്കുമായിരുന്നുവത്രേ(പ്രേമഭാജനത്തെ കുത്തിക്കൊല്ലുന്നത്).പക്ഷേ ഒരു വഴിയും...ല്‍ ചങ്ങമ്പുഴ കവിത ചൊല്ലുന്നുണ്ട് നായിക.

രണ്ടാമത്തെ ഓപ്പറേഷന്‍ പറഞ്ഞപ്പോഴാണെന്നു തോന്നുന്നു ആത്മഹത്യ ചെയതത്. ക്യാന്‍സര്‍ ആണ് രോഗം എന്നറിഞ്ഞപ്പോഴാവാം ദേവാലായത്തില്‍ എന്ന കഥ എഴുതിയത് എന്ന് ഞാന്‍ ഊഹിക്കുന്നു. കൂട്ടുകാരിയുടെ ഓര്‍മ്മത്തുണ്ടുകള്‍ ആര്‍ക്കെങ്കിലും അലോ സരമുണ്ടാക്കുന്നുവെങ്കില്‍ അതു മാറ്റാം.

തത്തക്കുട്ടി

പുസ്തകം : തത്തക്കുട്ടി
രചയിതാവ് : രാധിക ആർ.എസ്.

പ്രസാധനം : പാപ്പിറസ് ബുക്ക്സ്
അവലോകനം : മനോരാജ്
















വിടെ ഒരു പുസ്തകത്തെ റിവ്യു ചെയ്യുകയോ, അല്ലെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുകയോ അല്ല ചെയ്യുന്നത്‌. ഒരു 12 ക്ലാസ്സുകാരി ഒരിക്കലും വിമർശനങ്ങൾക്ക്‌ വിധേയയാകാറായില്ല എന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ!! നമ്മുടെ ഈ കൊച്ചു ബൂലോകത്തിന്റെ അതിരുകൾ താണ്ടി, തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മലയാളി വായനക്കാരുടെ മുൻപിലേക്ക്‌ ഒരു കാണിക്ക പോലെ സമർപ്പിക്കുന്ന രാധികക്ക്‌ ആദ്യമേ ഒരു ഹാറ്റ്സ്‌ ഒ‍ാഫ്‌ പറഞ്ഞുകൊണ്ട്‌, പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കട്ടെ.. ഇത്‌ എഴുതിതുടങ്ങുന്ന, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ, വളർന്ന് വരുന്ന ഒരു കുട്ടിയുടെ ആദ്യ സമാഹാരമാണെന്നും അതിനെ ആ ഒരു അർത്ഥത്തിൽ മാത്രം സ്വീകരിക്കണമെന്നും , പ്രോത്സാഹനങ്ങൾ നൽക്കണമെന്നും ആദ്യമേ പറയട്ടെ.

സ്കൂൾ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്ക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണു എന്റെയീ തത്തക്കുട്ടി എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ രാധിക തന്നെ പറയുന്നുണ്ട്‌. ഇത്‌ കഥയാണൊ..? അല്ല എന്ന് തന്നെ രാധികയുടെ ഭാഷ്യം.. അതു കഴിഞ്ഞ്‌ രാധിക അവിടെ കുറിച്ച വാക്കുകൾക്ക്‌ ഒരിക്കലും ഞാൻ മാപ്പ്‌ കൊടുക്കില്ല .. വരികളിതാണ് .. "മലയാളം ഔപചാരികമായി പഠിക്കാത്ത ഞാൻ കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌ - മലയാളം കൺ വേർട്ടർ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്താണു ഈ കുറിപ്പുകൾ ഒരുക്കിയത്‌.. "- അതു തുറന്ന് പറഞ്ഞത്‌ നല്ലത്‌ തന്നെ.. പക്ഷെ, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ ഈ കുട്ടി ഇനിയും മലയാളം എഴുതാൻ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നാണു അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ തിരുത്തേണ്ടിയിരിക്കുന്നു.

പുസ്തകത്തെ ഒന്ന് ചെറുതായി പരിചയപ്പെടുത്താം..ഏതാണ്ട്‌ 21 ഓളം കുറിപ്പുകൾ കൊണ്ട്‌ സമ്പന്നമാണു തത്തകുട്ടി. ആദ്യത്തെ ഒന്നിനെ മാത്രം ഞാൻ കഥ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... "സങ്കടപ്പൂവ്‌" എന്ന ആ ചെറുതും മനൊഹരവുമായ കഥയിൽ ഒരു കൊച്ചുകുട്ടിയുടെ തലത്തിൽ നിന്നും വലിയവരുടെ തലത്തിലേക്ക്‌ കയറിചെല്ലുകയാണു എഴുത്തുകാരി.. എഴുത്തുകാരി എന്നൊന്നും വിളിച്ച്‌ ഞാൻ ആ കുട്ടിയുടെ മനസ്സിൽ അഹം വരുത്താൻ ശ്രമിക്കുന്നില്ല.. പക്ഷെ, ഈ ഒരു രചനക്കെങ്കിലും എനിക്ക്‌ അങ്ങിനെ വിളിക്കാതിരിക്കാൻ കഴിയില്ല... കാരണം അത്രക്ക്‌ മനോഹരമായി, അതിനേക്കാളുപരി.. ചുരിങ്ങിയ വാക്കുകളിൽ ഒരു അദ്ധ്യാപകനും , കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വലിയവരിലേക്ക്‌... ഒരു പക്ഷെ, ഇന്നത്തെ അദ്ധ്യാപകരിലേക്ക്‌ എത്തിക്കുവാൻ രാധിക ശ്രമിക്കുന്നുണ്ട്‌.. പിന്നീടു വന്ന പല കുറിപ്പുകളും ഒരു കുട്ടിയുടേതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത്‌ കൊണ്ട്‌ അതിന്റെ ഉള്ളുകളിലേക്ക്‌ പോകുന്നില്ല... പരാമർശവിധേയമായ മറ്റൊരു കുറിപ്പായി തോന്നിയത്‌ "ഈ പുസ്തകം നമുക്ക്‌ വേണൊ?" എന്നുള്ളതാണു. ഇതിനർത്ഥം മറ്റുള്ളവ മോശം എന്നല്ല... പക്ഷെ, ഇവിടെ രാധികയിലെ കുട്ടിയുടെ മനസ്സിന്റെ വളർച്ചയാണു ഈ കുറിപ്പിൽ കാണാൻ കഴിയുന്നത്‌..ഇന്നത്തെ കുട്ടികൾ എന്ത്‌ പഠിക്കുന്നു.. എന്ത്‌ ചെയ്യുന്നു എന്നത്‌ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നും... കേരളത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പലതിനെയും തിരിച്ചറിയണം എന്നും ഒരു 15 കാരി പറയുമ്പോൾ തീർച്ചയായും നമ്മൾ അവളെ അഭിനന്ദിക്കണം... "പേടി" എന്ന കുറിപ്പിൽ പരീക്ഷയെന്ന കടമ്പയെ കുട്ടികളിൽ പേടിപ്പെടുത്തുന്ന ഓർമകളാക്കുന്ന മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കുമുള്ള ഒരു സന്ദേശം ഉളിഞ്ഞിരിപ്പില്ലേ എന്നൊരു തോന്നൽ.. അങ്ങിനെ ഞാനും എഫ്‌.എം ആയി, ഡത്തും ബർത്തും , കോഴിയോ മുട്ടായോ, അരത്തമെറ്റിക്‌ മീൻ.. ഇതെല്ലാം ഹൃദ്യം തന്നെ എങ്കിലും ഒരു സാധാരണ നിലവാരം പുലർത്തി എന്നേ പറയാൻ പറ്റൂ.. എന്നിരുന്നാലും ഒരു നവാഗതയായ , അതിലുമുപരി ഒരു കുട്ടി എന്ന നിലയിൽ രാധിക കൈയടി അർഹിക്കുന്നു..

കുട്ടികൾക്ക്‌ സഹജമായ കൗതുകവും അവരുടെ മാത്രം കൈവശമുള്ള ചില അളവുകോലുകളും കൊണ്ട്‌ അവരൊരു ലോകം മെനയുമ്പോൾ അവരുപോലും അറിയാതെ അതിൽ കടന്നുകൂടുന്ന ചില രസനിമിഷങ്ങൾ... അതാണു രാധികയുടെ കൈയൊപ്പ്‌... എന്ന് മലയാളത്തിന്റെ പ്രിയ.എ.എസ്‌. തത്തക്കുട്ടി എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്‌..

രണ്ട്‌ കാര്യം കൂടി പറയാതെ ഇത്‌ പൂർണ്ണമാവില്ല... ഒന്ന് ഇത്‌ പുസ്തകം ആക്കുവാൻ ധനസഹായം നൽകിയ 'സെന്റർ ഓഫ്‌ ഒഫീഷ്യൽ ലാംഗേജിനുള്ള നന്ദിയാണു.. വളർന്ന് വരുന്ന ഇത്തരം പുതുനാമ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും നിങ്ങൾക്ക്‌ മനസ്സുണ്ടാകട്ടെ... പിന്നെ , രണ്ടാമതായി ഈ പുസ്തകത്തിനായി ഒരു കവർ, അതും അതിമനോഹരമായി തയ്യാറാക്കിയ ബ്ലോഗർ നന്ദകുമാർ പ്രത്യേക പ്രശം സ അർഹിക്കുന്നു.. അത്രക്ക്‌ മനോഹരമാണു അതിന്റെ കവർ ഡിസൈൻ. ഒപ്പം ചെറിയൊരു വിയോജനകുറിപ്പ്‌ കുടി അറിയിക്കട്ടെ.. ഒരു പക്ഷെ, അത്‌ എഴുത്ത്‌ കാരിയുടെ അവകാശമാകം.. വായനക്കാരന്റെ കൈകടത്തലുകൾക്കും, അഭിപ്രായങ്ങൾക്കും അവിടെ വലിയ സ്ഥാനം ഉണ്ടാകില്ലായിരിക്കാം.. എങ്കിലും ഇത്രയും പറഞ്ഞക്കൂട്ടത്തിൽ മനസ്സിൽ തോന്നിയ ആ ഒരു കാര്യം കൂടി പറഞ്ഞില്ലേങ്കിൽ ഒരു പക്ഷെ, എനിക്ക്‌ തന്നെ ഒരു അപകർഷത തോന്നിയാലോ? ഏതൊരു പുസ്തകത്തിലും നമ്മൾ രചയിതാവിനെ കുറിച്ച്‌ ചെറിയൊരു വിവരണം നൽക്കാറുണ്ട്‌. .പക്ഷെ, ഇവിടെ രാധികയെ കുറിച്ച്‌ പറഞ്ഞതിനേക്കാളേറെ അച്ഛനെകുറിച്ചും അമ്മയെ കുറിച്ചും പറഞ്ഞോ എന്നൊരു സംശയം. രാധികയുടെ അച്ഛനോടുള്ള എല്ലാ സ്നേഹവും, ബഹുമാനവും, സൗഹൃദവും വെച്ച്‌ പുലർത്തിക്കൊണ്ട്‌ തന്നെ പറയട്ടെ.. രാധിക സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കാൻ ശ്രമിക്കണം.. അച്ഛന്റെ മകൾ എന്നതിനേക്കാളും മകളുടെ അച്ഛൻ എന്നറിയപ്പെടാൻ ആയിരിക്കും അദ്ദേഹവും ആഗ്രഹിക്കുന്നത്‌
രാധിക ആർ.എസ്.
എന്തായാലും രാധിക എന്ന ഈ ബ്ലോഗറെ നമ്മൾ ഭൂലോകത്തിനു കൈമാറികഴിഞ്ഞു.. ഇനിയുള്ള നാളുകൾ ഈ അനുഗ്രഹീതയായ കുട്ടിയുടേതാകട്ടെ എന്നും അതിനു ഈ കുട്ടിക്ക്‌ കഴിയട്ടെ എന്നും പ്രാർത്ഥിച്ച്‌ കൊണ്ട്‌ ഈ പുസ്തകം വായനക്കാരുടെ മുൻപിൽ സമർപ്പിക്കട്ടെ.

ഫോർട്ട് കൊച്ചിൻ

പുസ്തകം : FORT COCHIN
രചയിതാവ് : ടാന്യ എബ്രഹാം

പ്രസാധനം : Ink on Paper
അവലോകനം : നിരക്ഷരൻ

കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നമായിരുന്നു അത്. വെറുതെയിരുന്ന് മടുത്തു. അടുത്തെവിടെയെങ്കിലുമൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാമെന്ന് കരുതിയാണ് മുഴങ്ങോടിക്കാരിയുമായി വെളിയിലിറങ്ങിയത്. ചുറ്റിത്തിരിഞ്ഞ് ചെന്നെത്തിയത് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്താണ്. ജ്യൂതത്തെരുവിലും ഡച്ച് പാലസിലുമൊക്കെ നിരങ്ങിയ ശേഷം സെയ്‌ന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ കയറിയപ്പോളാണ് ഞങ്ങളാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

ഒരു വിദേശി കുടുംബത്തിന്, പള്ളിക്കകത്തെ കാര്യങ്ങളൊക്കെ വളരെ വിശദമായും ആധികാരികമായും, മികച്ച ആംഗലേയത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട് അയാൾ. ഒരു ഗൈഡാണ് അയാളെന്ന് എനിക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളെ ഇന്ത്യയിലെങ്ങും ഞാനിതുവരെ കണ്ടിട്ടില്ല.

പള്ളിയില്‍ നിന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കടപ്പുറത്തൊക്കെ ഒന്ന് കറങ്ങി ഒരു കാപ്പി കുടിക്കാനായി ‘കാശി’യിലേക്ക് കയറി. വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു കൊച്ചു ആര്‍ട്ട് ഗാലറി അടക്കമുള്ള റസ്റ്റോറന്റ് ആണ് കാശി. ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടനാഴികളും, കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത മുറികളുമൊക്കെ ലാഭത്തില്‍ ഓടുന്ന പ്രശസ്തിയുള്ള ഒരു സ്ഥാപനമായി മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നതിന്റെ മകുടോദാഹരണം. വിദേശികളാണ് കാശിയിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത ടേബിളിൽ, പള്ളിയില്‍ വെച്ച് കണ്ട ചെറുപ്പക്കാരനും വിദേശി കുടുംബവും വന്നിരുന്നു. വിദേശികള്‍ കൈകഴുകാനോ മറ്റോ നീങ്ങിയ തക്കത്തില്‍ ഞാനയാളെ കേറി മുട്ടി. രാജേഷ്, അതാണയാളുടെ പേര്. ബിസിനസ്സ് കാര്‍ഡ് എടുത്ത് തന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

A guide is the cultural ambassador of the country എന്നെഴുതിയ കാര്‍ഡിൽ, രാജേഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ബിരുദാനന്തര ബിരുദങ്ങളും കടന്ന് ഗവേഷണം വരെ നീളുന്നു. വിദ്യാഭ്യാസമുള്ള ഗൈഡുകള്‍ക്ക് അനന്ത സാദ്ധ്യത രാജ്യത്തുണ്ടെന്ന് രാജേഷിനെ പരിചയപ്പെട്ടപ്പോള്‍ എനിക്ക് തോന്നി. ചെയ്യുന്ന ജോലിയുടെ മാന്യത മനസ്സിലാക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതി ചെറുപ്പക്കാര്‍ക്ക്.

സംസാരം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കടന്ന് ശങ്കരാചാര്യര്‍ വരെ ചെന്നു നിന്നു. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തില്‍ എനിക്കുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ Fort Cochin - History and untold stories എന്ന പുസ്തകം രാജേഷ് പരിചയപ്പെടുത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ടാന്യ എബ്രഹാം എന്ന ജേര്‍ണലിസ്റ്റാണ് എഴുത്തുകാരി. ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് ‘ഫോര്‍ട്ട് കൊച്ചിന്‍‘ ഒരു കോപ്പി സ്വന്തമാക്കാനായത്. 108 പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകം. ലേ ഔട്ട് മാറ്റിമറിച്ച് പേജുകള്‍ ലാഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 60 പേജില്‍ ഒതുക്കാനാകുമായിരുന്ന ആ ഗ്രന്ഥം പകര്‍ന്നുതന്നതാകട്ടെ 250 പേജുള്ള ഒരു പുസ്തകത്തില്‍ നിന്ന് കിട്ടിയേക്കാവുന്നതിനേക്കാള്‍ അധികം ചരിത്ര സത്യങ്ങൾ.

നല്ല ഭാഷ. ഒരുപാട് പഠനങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും നടത്തി ശേഖരിച്ച ആധികാരികമായ വിവരങ്ങള്‍. എല്ലാ റെഫറന്‍സ് പുസ്തകങ്ങളുടേയും പേരുകള്‍ അതാത് വാക്കുകള്‍ക്കിടയില്‍ നമ്പറിട്ട് ഇന്‍ഡക്സ് ചെയ്തിരിക്കുന്നു. പഴയ കൊച്ചിയുടെ ബ്ലാക്ക് & വൈറ്റില്‍ ഉള്ള ഒരുപാട് ചിത്രങ്ങള്‍. ഇതിനൊക്കെ പുറമേ untold stories എന്ന തലക്കെട്ടിനോട് നീതിപുലര്‍ത്തിക്കൊണ്ട് കൊതുകകരമായ ഒട്ടനവധി വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നു.

അതില്‍ ചിലത് മാത്രം എടുത്തുപറഞ്ഞ് ബാക്കിയുള്ളത് നേരിട്ടുള്ള വായനയ്ക്കായി വിടുന്നു.

1. പേര് കേട്ടാല്‍ തോന്നും മട്ടാഞ്ചേരി ഡച്ച് പാലസ് ഉണ്ടാക്കിയത് ഡച്ചുകാരാണെന്ന്. പക്ഷെ പാലസുണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണ്. 1555ല്‍ പറങ്കികള്‍ പാലസുണ്ടാക്കി കൊച്ചി രാജകുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.

2. പേന എന്ന മലയാള പദം വന്നത് അതേ അര്‍ത്ഥമുള്ള പെന്ന (penna) എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്ന്. ഇതുപോലെ മലയാളത്തിലുള്ള മറ്റ് പല പദങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ.

3. 1950 കളില്‍ Pierce Leslie & Co Ltd എന്ന കമ്പനിയിലെ ജോലിയുമായി ഫോര്‍ട്ടുകൊച്ചിയില്‍ ജീവിച്ചിരുന്ന Diarmuid McCormick എന്ന വിദേശിയെ, 2007ല്‍ ലേഖിക ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. പഴയ കാലത്ത് തെരുവുകള്‍ ഇതിലും വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൃത്യന്‍ ഒഴിഞ്ഞ ഒരു മരുന്നുകുപ്പി ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞതിന് 52 രൂപയാണ് അദ്ദേഹത്തിന് പിഴയൊടുക്കേണ്ടി വന്നത്. 1950കളില്‍ 52 രൂപയുടെ മൂല്യം വെച്ച് നോക്കിയാൽ, ഇന്ന് നമ്മള്‍ നാട്ടുകാര്‍ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് കോടികള്‍ പിഴയൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

4. സ്വാതന്ത്ര്യത്തിന് മുന്നുള്ള ഒരു കാലത്ത്, കൊച്ചിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഉള്ളതുപോലുള്ള പെര്‍മിറ്റുകളായിരുന്നു അത്. നിശ്ചിത തോതിലുള്ള മദ്യമേ ആ പെര്‍മിറ്റുകള്‍ ഉപയോഗിച്ച് വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്നെന്താണ് ഇവിടുത്തെ അവസ്ഥ ? ചിന്തിക്കേണ്ട വിഷയമാണ്.

മട്ടാഞ്ചേരിക്ക് ആ പേര് വന്നത് എങ്ങനെ ? എന്താണ് കൂനന്‍ കുരിശ് ? മാപ്പിള എന്ന പദം ആവിര്‍ഭവിച്ചതിന്റെ, ഞാനിതുവരെ കേള്‍ക്കാത്തതും മനസ്സിലാക്കാത്തതുമായ ഒരു പുതിയ അറിവ് ! കൊച്ചിയില്‍ വന്നിരുന്ന വിദേശിപ്പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ എന്തായിരുന്നു സ്റ്റാറ്റസ് ? പോര്‍ച്ചുഗീസുകാര്‍ മലയാളികളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ നിയമപരിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു?

കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍ ഇപ്പോളെന്ന ബോറടിപ്പിക്കാറില്ല. മനസ്സിലാക്കാനും കാണാനുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി എന്ന കൊച്ചുപ്രദേശം തൊട്ടടുത്ത് തന്നെയുള്ളപ്പോള്‍ എന്തിന് വിരസമായ സായാഹ്നങ്ങള്‍ പിറക്കാന്‍ ഇടനല്‍കണം ?

ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍

പുസ്തകം : ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ
രചയിതാവ് : സി. അഷ്‌റഫ്

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ

രോ ദേശങ്ങളിലും അതിന്റെ സ്വന്തം കഥകളുടെ ഒരു നിധികുംഭം ഒളിഞ്ഞുകിടപ്പുണ്ട്‌. ആ നാട്ടുപുരാണങ്ങളെ കൃത്യതയോടെ കണ്ടെത്തി വായനക്കാരന്റെ മുന്നിലെത്തിക്കുന്നത്‌ ഒരു എഴുത്തുകാരന്റെ മിടുക്ക്‌. കേരളത്തില്‍ പൊന്നാനിയുടെ തീരത്തുനിന്നും കുഴിച്ചെടുത്ത എത്രയെത്ര കഥകള്‍ നാം കേട്ടുകഴിഞ്ഞതാണ്‌. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച നാലോ അഞ്ചോ എഴുത്തുകാര്‍ പൊന്നാനിയുടെ നിധികുംഭത്തില്‍ നിന്നും കഥമോഷ്‌ടിച്ചെടുത്ത്‌ നമ്മെ വശീകരിച്ചിട്ടുള്ളവരാണ്‌. എം.ടി, മാധവിക്കുട്ടി, സി. രാധാകൃഷ്ണന്‍, യു. എ. ഖാദര്‍, കെ.പി. രാമനുണ്ണി അങ്ങനെ നീളുന്നു ആ നിര... അപ്പോഴൊക്കെ പൊന്നാനിയുടെ കഥാകുഭം ശൂന്യമായി എന്നാണ്‌ നാം ധരിച്ചുവശരായത്‌. എന്നാല്‍ ഇനിയും അവിടെ കണ്ടെടുക്കപ്പെടേണ്ട അനേകം കഥകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് സി അഷ്‌റഫിന്റെ കന്നിനോവൽ നമ്മോടു വിളിച്ചു പറയുന്നു. ഒരു പൊന്നാനി എഴുത്തുകാരന്റെ സര്‍വ്വ ബലവും ഈ നോവലില്‍ നമുക്ക്‌ കാണാന്‍ കഴിയും.

ഒരു എഴുത്തുകാരന്റെ കന്നി നോവല്‍ എന്ന ബാലപീഡ ഈ നോവലിന്‌ തെല്ലും ഇല്ല. കരുത്തുറ്റ പ്രമേയം, അതിലും കരുത്തുറ്റ ഭാഷശൈലി, കഥയേത്‌ സംഭവമേത്‌ ചരിത്രമേത്‌ സ്വപ്‌നമേത്‌ കാഴ്ചയേത്‌ എന്നറിയാത്ത കഥാപരമ്പര ഇതൊക്കെ ഈ നോവലിനെ മലയാളനോവല്‍ ചരിത്രത്തില്‍ ഉന്നതമായ ഒരു സ്ഥാനത്തേക്ക്‌ നിസംശയം എടുത്തുയര്‍ത്തുന്നു എന്ന് പറയാം.

ഒരു കഥ. അത്‌ നീട്ടിപ്പരത്തി ഒരു നോവൽ‍. അതാണ്‌ ഇന്നത്തെ കഥ പറച്ചിലിന്റെ ഒരു സാമ്പ്രദായിക രീതി. എന്നാല്‍ ഇവിടെ കഥകള്‍ അട്ടിയടുക്കി വച്ചിരിക്കുകയാണ്‌. കഥകള്‍ക്ക്‌ ഒരു ക്ഷാമവുമില്ല. ഇതിഹാസ സമാനമായി കഥകളും ഉപകഥകളും വന്നുനിറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിശയോക്‌തിയല്ല. ഇത്രയും പഴങ്കഥകളുടെ കൂമ്പാരം ഇയാള്‍ക്കെവിടുന്ന് കിട്ടി എന്ന് നമ്മെ അതിശയപ്പെടുത്തുന്ന വിധത്തില്‍ ഒരോ ഖണ്ഡികയിലും ഒരോ കഥയുണ്ട്‌. എന്തിന്‌ ഒരോ വരിയിലും ഒരു കഥയുണ്ട്‌ എന്ന് പറയാം. വീണ്ടും പറയട്ടെ അതിശയോക്തിയല്ല. കഥകളുടെ സാന്ദ്രതകൊണ്ട്‌ കനം വിങ്ങിയ നോവലുകളില്‍ ഒന്നാണിത്‌. അതൊകൊണ്ടുതന്നെ ശോഷണം വന്ന ഒരു വരിപോലും നമുക്കിതില്‍ കാണാനില്ല. കിഴക്കന്‍ മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ വന്‍ വനശേഖരവുമായി കുത്തിയൊലിച്ച്‌ കനം തിങ്ങിവരുന്ന ഒരു പുഴയോടാണ്‌ ഞാനീ നോവലിനെ ഉപമിക്കുന്നത്‌.

മലയാള എഴുത്തുകാരുടെ ബാലികേറ മലയാണ്‌ ഖസാക്കിന്റെ ഇതിഹാസം. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടയ്ക്ക്‌ അതിനെ കവച്ചുവയ്ക്കുന്നതോ അതിനൊപ്പമെത്തുന്നതോ ആയ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഉണ്ടെങ്കില്‍ തന്നെ അത്തരമൊരു നോവല്‍ നമ്മുടെ മുന്നിലെത്തിക്കാന്‍ നിരൂപകര്‍ അമ്പേ പരാജയപ്പെട്ടുപോയി എന്ന് ആരോപിക്കേണ്ടിവരും. ഖസാക്ക്‌ എന്ന മായികവലയത്തില്‍ പെട്ട്‌ കാഴ്‌ച്ച നഷ്ടപ്പെട്ടുപോയവരാണ്‌ നമ്മുടെ നിരൂപകരും അനേകം വായനക്കാരും. അവര്‍ക്കത്‌ മലയാള സാഹിത്യത്തിലെ മേലെഴുത്തു പാടില്ലാത്ത വേദഗ്രന്ഥമാണ്‌. അതിന്റെ ശീര്‍ഷകത്വത്തെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ അവര്‍ക്ക്‌ ഹാലിളകും. വിജയന്റെ മേലെ ഒരെഴുത്തുകാരന്‍ ഉണ്ടാവാന്‍ പോകുന്നില്ല എന്ന മുന്‍ വിധിക്കരാണവർ‍. എന്നാല്‍ 'ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ ‍' എന്ന നോവല്‍ വായിച്ചശേഷം ഞാന്‍ ധൈര്യസമേതം പറയുന്നു ഖസാക്കിന്റെ ഉന്നതിയെ ചെന്നുതൊടാന്‍ ഈ നോവലിനായിട്ടുണ്ട്‌. ഉണ്ട്‌. ഉണ്ട്‌. തീര്‍ച്ചയായും ആയിട്ടുണ്ട്‌. സന്ദേഹികള്‍ വരൂ ഈ നോവല്‍ വായിക്കൂ. ഏറെക്കാലമായി വായിക്കാന്‍ കൊതിച്ചിരുന്ന നോവല്‍ എന്നു നിങ്ങള്‍ പറയും തീര്‍ച്ച.

ഒരു മോഹന്‍ലാല്‍ പരസ്യം അനുകരിച്ചാല്‍ ഇതെന്റെയുറപ്പ് ‌!!

ജനം












രുപതുകളിലേക്ക് കാലൂന്നിയ ഒരു എഴുത്തുകാരന്റെ ആദ്യ കഥാപുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോള്‍ എന്തൊക്കെയാണ് വായനക്കാരന്‍ പ്രതീക്ഷിക്കുക?. പ്രണയത്തിന്റെ നട്ടുച്ചയും മഴകാലവും അതിശൈത്യവും. ഞാന്‍ എന്ന ഭാവത്തില്‍ കേന്ദ്രീകരിച്ചുള്ള ആഖ്യാനം. യൌവനത്തിന്റെ രതി പതഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍.ഒറ്റപ്പെട്ടവന്റെ തേങ്ങലുകള്‍. ഏറ്റവും പുതിയ ജീവിതത്തിന്റെ ഭാഷയും സംസ്കാരവും. നഗരത്തിന്റെ രാത്രിയും പകലുകളും. ഒരു മൂല്യവും കാത്തുസൂക്ഷിക്കേണ്ടതില്ല എന്ന പുതിയ ലോകക്രമത്തിന്റെ ഫിലോസഫിയെ ന്യായീകരിക്കുന്ന പ്രമേയങ്ങള്‍.ഇലക്ട്രോണിൿ മീഡിയാ തന്ത്രങ്ങള്‍ പയറ്റുന്ന കഥപറച്ചില്‍. ഇതും ഇതിനപ്പുറവുമുള്ള, കാലം കഥയോട് നിരന്തരം ആവശ്യപ്പെടുന്നു എന്നു നാം വാദിക്കുന്നതെല്ലാം നാം തേടും.

സാഹിതി അക്കാദമിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം നേടിയ ‘ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മ്മിതി)“ എന്ന കഥാസമാഹാരത്തില്‍ പി.വി.ഷാജികുമാര്‍ നമുക്കായി ഇതൊന്നുമല്ല കരുതി വച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ “എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് “ എന്ന് തന്റെ കഥകളിലൂടെ നിശബ്ദമായി, നിരന്തരം ചോദിക്കുന്നു.

തീര്‍ത്തും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലം. വികേന്ദ്രീകരിക്കപ്പെടുന്ന മനുഷ്യജീവിതം. നഗരജീവിതം അതിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് നമ്മില്‍ ഭൂതാവേശം നടത്തുന്ന കാലം.ഗ്രാമീണവും നിഷ്കളങ്കവുമായ ജൈവവ്യവസ്ഥയും സംസാരവും ഭാഷയും ജീവിതവീക്ഷണവും കുഴികുത്തിമൂടി ആകാശക്കോട്ടകള്‍ പടുത്തുയര്‍ത്തുന്ന കാലം. മനുഷ്യന്‍ സാറ്റലൈറ്റ് ജീവിതം ജ്വലിപ്പിക്കുന്ന കാലം. മണ്ണും മരങ്ങളും ജീവജാലങ്ങളും ആകാശമേല്‍ക്കൂരയും അധിനിവേശങ്ങളില്‍ പിളര്‍ന്നൊടുങ്ങുന്ന കാലം. പണവും ആയുധവും കൈക്കരുത്തും ഡിസൈനര്‍സ്വപ്നങ്ങളുമായി കയ്യൂക്കുള്ള കാര്യക്കാര്‍ വേട്ടയാടാന്‍ ഇരകളെ തേടിപ്പിടിക്കുന്ന കാലം. അതിജീവിക്കാന്‍ ശേഷിയില്ലാതെ നേര്‍ത്ത ജീവിതങ്ങളെല്ലാം കീഴടങ്ങുന്ന കാലം. പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ പീഡകനും ചൂഷകനും കീഴില്‍ എല്ലാ ദേശ്യജീവിതങ്ങളും കിടന്നു കൊടുത്തു സുഖിക്കുന്ന കാലം.

“ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും ആരെങ്കിലും അതാകേണ്ടിയിരിക്ക“ എന്ന മനസ്സോടെ കഥയിൽ‍, ജീവിതത്തിൽ‍, ഭാഷയിൽ‍, സംസ്കാരത്തിൽ‍,പ്രതിരോധത്തില്‍, മനുഷ്യമനസ്സുകളിൽ‍, ജീവജാലങ്ങളിൽ‍, സ്നേഹത്തിൽ‍, കാരുണ്യത്തിൽ‍, കരച്ചിലിൽ‍, മരണവൃത്തങ്ങളിൽ‍, വ്യാപരിക്കുകയാണ് ഷാജിയുടെ എഴുത്തകം. നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടുപോകുന്നതുമായ ചെറുജീവിതങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു ശരണാലയമാണ് ഈ പുസ്തകത്തിലെ കഥകൾ‍. അതുകൊണ്ടുതന്നെ അത് അസാധാരണമായ ജീവിതചിത്രങ്ങളാണ് നമുക്കു തരുന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ തുടങ്ങുന്നു ഈ അസാധാരണത്വം.

ഉത്തരാധുനിക നിരൂപകരുടെയോ ഏതെങ്കിലും ഗോഡ്ഫാദറായ എഴുത്തുകാരന്റെയോ വാക്കുകളുടെ വ്യാഖ്യാനദാനങ്ങള്‍ തേടിപ്പോയില്ല ഈ ചെറുപ്പക്കാരൻ‍. പകരം അക്ഷരമറിയാത്ത, അക്കാദമിക്ക് ജാഡകളില്ലാത്ത എന്നാല്‍ താന്‍ പറയാന്‍ പോകുന്ന ദേശത്തിന്റെ ജീവിതത്തെ രക്തത്തിലും ഭാഷയിലും ചേര്‍ത്തുവച്ച കുട്ട്യന്‍ എന്ന തെങ്ങുകയറ്റക്കാരന്റെ വാക്കുകള്‍ തന്റെ കഥകളുടെ ഹൃദയവാതിലായി ചേര്‍ത്തു വച്ചു.

പതിനൊന്നു കഥകളാണ് ജനത്തിലുള്ളത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍ഗോഡന്‍ ഗ്രാമജീവിതങ്ങള്‍ പകര്‍ത്തുന്നത്. എല്ലാ കഥകളിലും ഇരകള്‍ ഉണ്ട്, അതിനാല്‍ അധിനിവേശകനായ വേട്ടക്കാരനുമുണ്ട്. സഹനവും വിഷാദവും ദുരന്തവും മരണവും കണ്ണീരും നിസ്സഹായമായ ദൈന്യവും ഉണ്ട്. അതേസമയം മാറുന്ന കേരളീയജീവിതങ്ങളുടെ അതിസൂക്ഷ്മമായ പോര്‍ട്രെയ്റ്റുകളുമുണ്ട്. കമ്പോളവല്‍ക്കരണത്തിന്റെ വൈറസ് ബാധ,ഉപഭോഗികളുടെ സ്വാര്‍ത്ഥവഴികൾ‍, നാലുകാലില്‍ വീഴുന്ന പൂച്ചയായി എവിടെയും നിലനില്‍ക്കുന്നത്, നോക്കിയിരിക്കെ രൂപമാറ്റം വരുത്തി എന്തിലും കയറിക്കൂടി കാര്യലാഭമുണ്ടാക്കുന്നത്, എല്ലാമെല്ലാം. അത് കഥകളില്‍ ദ്വന്ദ്വങ്ങളെ സൃഷ്ടിക്കുന്നു.

ഒരു പഞ്ചതന്ത്രം കഥ, ചൂട്ട്, രാജാവിന്റെ മക്കള്‍, കുട ചൂടുന്നവർ‍, ബൂര്‍ഷ്വാസിയുടെ സ്പെല്ലിംങ്, ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട, ഒറ്റ, കണ്ണു കീറല്‍, ജനം, അണങ്ങ്, ഈശ്വരന്റെ തുപ്പല്‍ എന്നിവയാണ് കഥകൾ‍. പതിനൊന്ന് കഥകളിലും ഏറിയോ കുറഞ്ഞോ കടന്നുവരുന്ന ആശയങ്ങളോ അവസ്ഥകളോ ഉണ്ട്. അതിലൂടെ കടന്നുപോകുന്നത് ഒരു അനുഭവമാണ്. “ പലിശ, പറ്റുപടി, വൈദ്യനും വാടകയും പങ്കിട്ടെടുത്ത പല കള്ളികൾ‍, ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടം”(ചുള്ളിക്കാട്-ഗസൽ‍) എന്നു കണ്ടെത്താവുന്ന ഗ്രാമീണ ദൈന്യജീവിതം എല്ലാ കഥകളിലുമുണ്ട്.ആഗോളവല്‍ക്കരിക്കപ്പെടുന്ന ഈ ലോകക്രമത്തില്‍ ജീവിക്കാന്‍ ഒട്ടും അറിയാത്ത മനുഷ്യർ‍. അങ്ങനെ ജീവിതം വഴിവക്കിലുപേക്ഷിക്കുകയോ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത ഒട്ടേറെ മനുഷ്യർ‍.

പട്ടിയാണെന്നു കരുതി കുറുക്കന്‍ കുഞ്ഞിനെ വളര്‍ത്തുന്ന പരാജയപ്പെട്ട മായാജാലക്കാരന്‍ എളേപ്പന്റെ കഥയാണ് ഒരു പഞ്ചതന്ത്രം കഥ. സ്വന്തം ജീവിതം എന്താണെന്നു തിരിഞ്ഞുകിട്ടാത്ത മനുഷ്യന്‍ തന്നെയാണതിലെ നായകൻ‍. ഭാര്യയുടെ രാത്രിസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കേണ്ടി വരുന്നു അയാള്‍ക്ക്. പക്ഷെ ഒരു തവണ മൂവളാംകുഴി ചാമുണ്ഡിയെ സ്റ്റേജില്‍ അപ്രത്യക്ഷമാക്കുന്ന വിദ്യ പ്രയോഗിച്ച് വിജയിക്കുന്ന അന്ന് അയാള്‍ കശുമാവിന്‍‌തോപ്പില്‍ തൂങ്ങിയാടുന്നു. “വിജയത്തെക്കാൾ‍, തോല്‍‌വിയിലെ ലഹരി തോറ്റവനേ അറിയൂ“ എന്ന് അയാള്‍ മുന്‍പ് കഥ ആഖ്യാനം ചെയ്യുന്ന കുട്ടിയോടു പറയുന്നുണ്ട്. അയാള്‍ തൂങ്ങിയാടുന്നതിന്റെ തൊട്ടടുത്ത് കുറുക്കനും മരിച്ചുകിടക്കുന്നു.

ചൂട്ട് എന്ന കഥയില്‍ രാജന്‍ എന്ന ചെറുപ്പക്കാരന്‍ പോലീസില്‍ ചേരുന്നതോടെ വരുന്ന മാറ്റമാണ്. കമ്മ്യൂണിസ്റ്റുകാരനായ ബോള്‍ഷെവിൿ ഗോവിന്ദന്റെ മകന്‍ ഏറ്റവും ക്രൂരനായ പീഡകനും മര്‍ദ്ദകനുമായി മാറുന്നുണ്ട്. അടിയന്തരാവസ്ഥയിലെ രാജനെ ഓര്‍ത്താണ് ഗോവിന്ദന്‍ മകന്‍ ആ പേരു നല്‍കിയത്. പക്ഷെ അവന്റേത് നെരെ വിപരീത ജീവിതമായി. ഒടുവില്‍ ഗതികെട്ട് ഗോവിന്ദനു തന്നെ അയാളെ തീര്‍ക്കേണ്ടി വരുന്നു. അധികാരം കിട്ടിയാല്‍ ചവുട്ടിയരയ്ക്കപ്പെടുന്നവനും പീഡകനാവുമല്ലോ.

രാജാവിന്റെ മക്കള്‍ എന്ന കഥ മലയാളിയുടെ നടപ്പുശീലത്തെപറ്റി ഉണ്ടായ നല്ല കഥകളില്‍ ഒന്നാണ്. ഒന്നുമല്ലാതിരിക്കെത്തന്നെ എല്ലാമാവുന്ന, ഓരോ ഇടങ്ങളിലും കാര്യം കാണാന്‍ ഓന്തിനെപോലെ ഓരോ രൂപമാകുന്ന മലയാളിയുടെ ഹിപ്പോക്രസി കഥയില്‍ വരുന്നു. മകന് ദിനേശ് ബീഡി സ്കോളര്‍ഷിപ്പിന് വല്യമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് തേടിയിറങ്ങുന്ന ഒരാള്‍ പലയിടങ്ങളില്‍ പലരൂപത്തില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ‍അവസ്ഥ.അയാൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇക്കണോമിക് ടൈംസ് വായിക്കുന്ന,ആഗോളവൽക്കരണത്തെ പുകഴ്ത്തുന്നവൻ. ബസ്സിൽനിന്നിറങ്ങവെ സ്ത്രീകളുടെ മാറിലും പിൻ‌ഭാഗത്തും തലോടുന്ന അയാൾ പുറത്തിറങ്ങി ആദ്യം കാണുന്ന ഫെമിനിസ്റ്റിനോട് സ്ത്രീപ്രശ്നങ്ങളെപ്പറ്റി പറയുകയും അവരുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നേരെ അയാൾ ജീവനകലയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ എടുക്കുന്നു. നേരേ നടക്കുന്ന അയാൾ ഇടതുപക്ഷസംഘടനയുടെ ജാഥയിൽ കയറി നേതാവിനോട് വിപ്ലവത്തെപ്പറ്റി സംസാരിക്കുന്നു. നേരെ സെക്രട്ടേറിയറ്റിൽ കയറി ഒപ്പിട്ട് അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ പോകുന്നു. തെരുവിലൂടെ നടക്കെ ജീവനുവേണ്ടി പായുന്നവനെ അടിച്ചിട്ട് കലാപകാരികൾക്കൊപ്പം ചേരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പോൾ ജീവിക്കാൻ വകയില്ലാത്ത പട്ടിണിപ്പാവം. നിലപാടില്ലാതെ കുഴങ്ങുന്ന അല്ലെങ്കിൽ വിജയിക്കുന്ന മലയാളിയുടെ നേർചിത്രമാണീ കഥ.

മരിച്ച സ്വന്തം കുഞ്ഞിനെയും തോളിലിട്ട് കുടചൂടി മഴയത്ത് പുഴ കടന്ന് വീട്ടിലേക്ക് പോകുന്ന ഗംഗൻ. കുട്ടി മരിച്ചതറിയാതെ അവൻ ഉണരുമ്പോൾ നൽകാൻ ഉള്ളിവട സമ്മാനിക്കുന്ന വൃദ്ധൻ. മരിച്ച കുട്ടിക്ക് മഴ കൊള്ളിക്കാതെ നടക്കുന്ന ഗംഗന്റെ ചിത്രം ഒരു വേദനയാണ്. ബൂർഷ്വാസിയുടെ സ്പെല്ലിംങ് കാണാതെപോയി പത്രത്തിലെ ചിത്രമാവുന്ന ശിവരാമൻ വാഴക്കോട് എന്ന ബാർബർ തന്റെ കാലത്തെയും ജീവിതാവസ്ഥയെയും നോക്കിക്കാണുന്ന രംഗമാണ്. അവിടെ തന്നോടൊപ്പം ചിത്രത്തിലായവരുമായും സംവാദം നടക്കുന്നു. വ്യക്തിബോധവും സമൂഹബോധവും തമ്മിൽ ആശയവും ആവിഷ്കാരവും തമ്മിൽ നിലനിൽക്കുന്ന ‍അന്തരം പ്രത്യേകിച്ചും വിപ്ലവാ‍ശയങ്ങൾ ഈ കഥയിൽ സൂക്ഷ്മദർശിൻനയിലൂടെ കടന്നുപോകുന്നു.

ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട ഗതിപിടിക്കാത്ത ഗ്രാമീണന്റെ ജീവിതവും അവനിൽ നിന്നും എത്രയോ ദൂരേയ്ക്ക് കുതറിപ്പോയ ഒരു ലോകത്തിന്റെയും കഥയാണ്. രാമന്റെ മക്കൾ കണ്ടത്തിൽ നിന്നും കഷ്ടപ്പെട്ട് പെറുക്കിയെടുക്കുന്ന കക്ക വിദേശത്തുനിന്നെത്തുന്ന രാമന്റെ പഴയ സഹപാഠി ബാലന്റെ വീട്ടിലെ മീനുകൾക്ക് ഭക്ഷണമാകുന്ന കാഴ്ച. പകരം ബാലൻ കൊടുക്കുന്നത് ഒരു മസ്സാജർ. ഇത്തരം ദ്വന്ദ്വങ്ങളും സറ്റയറും കഥകളിൽ തുടരെ വരുന്നു.

ഒറ്റ ഒരു റഷ്യൻ നാടോടിക്കഥയുടെ കേരളീയ പരിസരത്തുള്ള ആഖ്യാനം ആണ്. അതിനപ്പുറം നമ്മുടെ ഭരണകൂടങ്ങളും കപടരാഷ്ട്രീയക്കാരും ചേർന്ന് എങ്ങനെ ഒരു ജനതയെ മോഹവലയത്തിലാക്കി മയക്കിക്കിടത്തി ഇല്ലായ്മ ചെയ്യുന്നു എന്നാണ് പറയുന്നത്. മനസ്സിൽ നന്മ സൂ‍ക്ഷിക്കുന്നവൻ കൂട്ടത്തിൽ ഒറ്റയായിരിക്കുമെന്നും അവനെ ആരും കണക്കിലെടുക്കില്ലെന്നും അവന്റെ വാക്കുകൾ ആരും വിശ്വസിക്കുകയില്ലെന്നും ഇവാന്റെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. സ്ത്രീയുടെ നേരേ ഒരു പൊതുസമൂഹം ഒന്നാകെ മാരകമായ കുറ്റകൃത്യം നടത്തുന്നതിന്റ തെളിവും കഥയിലുണ്ട്.

ഈശ്വരന്റെ തുപ്പൽ നന്മനിറഞ്ഞവൻ പരാജയപ്പെട്ടുപോകുന്നതിന്റെ വേറൊരു ദൃശ്യമാണ്. കതിർ എന്ന ഫോട്ടോഗ്രാഫർ കുത്തകകമ്പനികൾക്ക് പരസ്യം ചെയ്തുകൊടുക്കുന്നു.ബോൺ‌വിറ്റയ്ക്ക് വേണ്ടി എല്ലും തോലുമായ സ്വന്തം മക്കളെ ആണയാൾ ക്യാമറയ്ക്ക് മുൻ‌പിൽ നിരത്തുന്നത്. തന്റെ പട്ടിണിയിലും കൂട്ടുകാരനെ തുണയ്ക്കുന്നു. ഒടുവിൽ നന്മയുടെ ഭാരം കയറി അയാൾ ക്ഷയിക്കുന്നു. എല്ലാ നന്മകളെയും പിന്നിലുപേക്ഷിച്ചു, വ്യവസ്ഥയോട് സമരസപ്പെട്ട സുഹൃത്ത് ജീവിതത്തിൽ മുന്നേറുന്നു. അതും കതിർ തന്നെ.

ജനം ഒരു ദുരന്തത്തിന്റെ ഡോക്യുമെന്ററി ആണ്. മാ‍ലിങ്കൻ തന്റെ ചായക്കട പറിച്ചെടുത്ത് പുതുതായി സ്ഥാപിച്ച ടൂറിസം കോട്ടയുടെ മുന്നിൽ സ്ഥാപിക്കുന്നു. അത് ചിലരുടെ തന്ത്രമായിരുന്നു. ആദിവാസിയെ ഫ്ലാറ്റിൽ ത്‍ാമസിപ്പിക്കുന്ന പോലെ. അധിൻനവേശകന്മാർക്കുള്ള കാഴ്ചദ്രവ്യമായിരുന്നു മാലിങ്കൻ. ഒടുവിൽ ഭാര്യയുടെ ആത്മഹത്യ. മാലിങ്കൻ പുതിയ വ്യവസ്ഥയെ വിവരിക്കുന്ന ഗൈഡ് ആകുന്ന ദാരുണ ദൃശ്യം. ആരൊക്കെയൊ മനുഷ്യന്റെ തനിമയാർന്ന ജീവിതത്തിനു മുകളിൽ ഗൂഡാലോചന നടത്തുന്നതിന്റെ വിഷ്വലൈസേഷൻ ആണ് ഈ കഥ.
അണങ്ങും അത്തരത്തിലൊരു കടന്നുകയറ്റത്തിന്റെ കഥയാണ്. ഭൂമിക്കുമുകളിലും മനുഷ്യന്റെ പൈതൃകങ്ങൾക്ക് മുകളിലും മാഫിയകൾ പണവും യന്ത്രവും കയ്യൂക്കുമായി ഇരച്ചുകയറുമ്പോൾ സുഗതന് പിതൃക്കളുടെ കിടപ്പാടം പോലും നഷ്ടമാവുന്നു. അയാളെപ്പോലെയുള്ള ഒരു ഗ്രാമീണനും ഈ പിശാചുബാധയെ പ്രതിരോധിക്കാനാവുമോ?

ജീവിതത്തിൽ നിന്നും എല്ലാ വൈകാരികതകളെയും മാറ്റിനിർത്തി ഒരു പ്രതിമയുടെ ജീവിതം ജീവിക്കേണ്ടി വരുന്ന സ്നേഹയുടെ കഥയാണ് കണ്ണുകീറൽ. തന്റെ മുൻപിൽ നെഞ്ചുപിളർക്കുന്ന ജീവിതം പറഞ്ഞു കരയാനെത്തുന്നവർക്ക് മുന്നിൽ ചാനലിനുവേണ്ടി നിർവികാരിതയോടെ ഇരുന്നു ചരിത്രം സൃഷ്ടിക്കുന്നു സ്നേഹ. ഓർവെല്ലിന്റെ 1984ലെ മനുഷ്യരെപ്പോലെ. തെരുവിൽ ഒരു പെൺകുരുന്ന് ചീന്തിയെറിയപ്പെടുമ്പോഴും അവൾക്ക് അതേ പ്രതിമാഭാവത്തൊടെ നിൽക്കാനാ‍കുന്നു. നമ്മുടെ കാലത്തെ മനുഷ്യർ ഇതല്ലാതെ മറ്റെന്ത്?

പ്രണയത്തിന്റെ അസാന്നിധ്യമാണ് ഈ കഥകളിലെ ഒരു വ്യതിരിക്തത . പക്ഷെ രതി ഉണ്ടുതാനും. രതി എന്നത് സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന കടന്നുകയറ്റത്തിന്റെ രൂപത്തിലാണ് അധികവും പ്രത്യക്ഷമാവുന്നത്. രാജാവിന്റെ മക്കളില്‍ ബസ്സില്‍ സ്ത്രീയുടെ നെഞ്ചിനു നേരേ പോകുന്ന ആണ്‍കൈയുണ്. ഒറ്റയില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അമൃതേത്ത് നടത്തി മരണപ്പെടുന്ന കൌമാരപ്പെണ്‍കുട്ടിയുണ്ട്. ജനത്തില്‍ സ്കൂള്‍കുട്ടിയുമായി രതിയിലേര്‍പ്പെറ്റുന്ന സതീശനുണ്ട്.തൊട്ടപ്പൂറത്തപ്പോള്‍ ഗതികെട്ട ഒരു സ്ത്രീ കഴുത്തില്‍ കയറു കുരുക്കുന്നുണ്ട്. കണ്ണുകീറലില്‍ പെണ്‍കുരുന്നിനെ ആല്‍ത്തറയില്‍ പരസ്യമായി ചീന്തിയെറിയുന്ന പുരുഷത്വം ഉണ്ട്.ബൂര്‍ഷ്വാസിയുടെ സ്പെല്ലിംഗില്‍ ശിവരാമന്‍ ബലാ‍ത്സംഗത്തില്‍ ആകൃഷ്ടനാകുന്നുണ്ട്. ദുരിതമനുഭവിക്കുകയൊ കീഴടങ്ങുകയോ കുടുംബത്തിനു വേണ്ടി ബലിയാടാവുകയോ അതിജീവിക്കുകയോ പൊട്ടിത്തെറിക്കുകയോ നിര്‍വികാരയാവുകയോ ചെയ്യുന്ന സ്ത്രീകള്‍ കഥയില്‍ എമ്പാടുമുണ്ട്.

കഥയിലെല്ലാം ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള ചായ്‌വും അതിന്റെ പരിണാമത്തിലുള്ള ആശങ്കയുമുണ്ട്. ബൂര്‍സ്വാസിയുടെ സ്പെല്ലിങില്‍ പത്രത്തിലെ കാണ്മാനില്ല എന്ന പരസ്യത്തില്‍ പെട്ടുപോയ ശിവരാമന്‍ അടുത്ത പേജിലുള്ള സെറീന വില്യംസ് എന്ന ടെന്നീസ് കളിക്കാരിയോട് സാങ്കല്പിക സംഭാഷണത്തിലേര്‍പ്പെടുന്നു. സെറീന പറയുന്നു.“ ഐ ലവ് മീ, ഐ ലവ് എവരിതിംഗ് എബൌട്ട് മീ, ഐ ലവ് മൈ ലെഗ്സ്, മൈ ഇയേഴ്സ്, മൈ ലിപ്സ്, ആന്റ് മൈ എയ്സ്, ഐ തിങ്ക് ഇറ്റ് ഈസ് ഇമ്പോര്‍ട്ടന്റ് ഫോര്‍ എവരിവണ്‍ റ്റു ലവ് ദെംസെല്വ്സ്” ശിവരാമന്‍ എന്ന ഫോട്ടോ റിയാക്റ്റ് ചെയ്യുന്നു. എടീ കുരുപ്പേ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത അമേരിക്ക എന്ന വൃത്തികെട്ട രാഷ്ട്രത്തിന്റെ ഉടപ്പിറന്നവളെ, നീ ഇപ്പം പറഞ്ഞ വ്യക്തിയുടെ രാഷ്ട്രീയമുണ്ടല്ലോ, അത് നീയും നിന്റെ ചേച്ചിയും നിന്റെ വല്യച്ഛനും പിന്നെ നിന്റെ അമേരിക്കയും കൊണ്ടുനടന്നാല്‍ മതി. ഞങ്ങള്‍ക്കതിനാവില്ലടീ, എനിക്ക് ഞാന്‍ മാത്രമായി ഒന്നുമില്ലാന്നും ഞാന്‍ ഞങ്ങളാവുമ്പം മാത്രേ ജീവിതത്തിന്റെ നേരായ ചക്കക്കുരു പുഴുങ്ങി വയ്ക്കപ്പെടുന്നുള്ളൂ എന്ന് വിശ്വസിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്യുന്നവരാണ്ട്രീ ഞങ്ങൾ‍. എന്റെ ചുണ്ടത്ത് ലിപ്സ്റ്റിക് നേരാംവണ്ണം ഇട്ടിട്ടുണ്ടോന്നല്ല, വേറൊരുത്തന്റെ ലിപ്സ് വെള്ളം കിട്ടാതെ, ചോറ് കിട്ടാതെ വരണ്ടിട്ടുണ്ടോ എന്നാണ്ടീ ഞങ്ങള്‍ നോക്കുന്നത്. ഈ ജീവിതംന്ന് പറേന്നത് അതു തന്നെയാണ് ”

എവിടെയാണ് നിൽക്കുന്നതെന്ന് എഴുത്തുകാരൻ വെളിപ്പെടുത്തുകയാണ്. താൻ ചേർന്നുനിൽക്കുന്ന പ്രത്യശാസ്ത്രം മനുഷ്യസ്നേഹം മാത്രമല്ല ജൈവപ്രകൃതിയോടുള്ള കൂറായിട്ടാണ് കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ പല കഥകളിലും തത്വചിന്താപരമായ മറിച്ച് മാര്‍ഗിച്ച് പങ്കുവയ്ക്കുന്നുണ്ട്.”ബൂർഷ്വാസിയുടെ സ്പെല്ലിങ് എഴുതിനോക്കുന്ന കഥാനായകൻ അമ്പരക്കുന്ന ഒരു അവസ്ഥ ഉണ്ട്. ഓരോ എഴുത്തിലും അത് ഇങ്ക്വിലാബിന്റെ അടുത്ത് വന്നു നിൽക്കുന്നു എന്നതാണ്. ജനം അടക്കം മിക്ക കഥകളും ഈ സന്ദേഹം പേറുന്നുണ്ട്. ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. അതിന്റേതായ ഒരു അസ്തിത്വപ്രതിസന്ധി ഏവരും അനുഭവിക്കുന്നുണ്ട്. വളരെ ചെറിയ മനുഷ്യർ വരെ കഥകളിൽ പലപ്പോഴും ഫിലോസഫിക്കലായി മാറുന്നുമുണ്ട്.

എല്ലാ കഥകളിലും മഴയുണ്ട്. അത് ഒരു സൌന്ദര്യചിത്രീകരണമല്ല. അകത്ത് കണ്ണീരിന്റെ തീമഴ പെയ്യുന്ന മനുഷ്യരുടെ കൂടെ എപ്പൊഴും മഴ നടക്കുന്നു. കഥകളിലെല്ലാം സ്ത്രീകളും കുട്ടികളും സവിശേഷമായ പരിഗണനയോടെ പരിചരിക്കപ്പെടുന്നു. കരുണയുടെ കണ്ണുകൾ സദാ അവരെ പിൻ‌തുടരുന്നു. എല്ലാ കഥകളിലും മനുഷ്യന്റെ ചുറ്റിലും ജീവിതപൂർത്തീകരണത്തിനായി ജീവജാലങ്ങൾ കടന്നു വരുന്നു. മഴപ്പാറ്റയും മഞ്ഞളാട്ടയും തെയ്യം തവളയും എല്ലാമെല്ലാം. പുഴയും തോടും ഗ്രാമവും മണ്ണും മരവും കൃഷിജീവിതവുമെല്ലാം ചേർന്ന ഒരു ജൈവപ്രപഞ്ചമാണ് കഥകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം തകർച്ചകൾ സൃഷ്ടിക്കുന്ന ഭീഷണതകളും കഥയുടെ ആന്തരികതയിലുണ്ട്.

ഉപഭോഗതാല്പര്യങ്ങളും അധിനിവേശശക്തികളുടെ കടന്നുകയറ്റങ്ങളും തനിമയാർന്ന ജീവിതപരിസ്ഥിതികളിൽ വരുത്തുന്ന കേടുപാടുകൾ കഥകളുടെ ഉള്ളിൽ വല്ലാതെ നീറിപ്പിടിച്ചു കിടക്കുന്നുണ്ട്. ജനം, ഈശ്വരന്റെ തുപ്പൽ, രാജാവിന്റെ മക്കൾ,അങ്ങനെ മിക്ക കഥകളിലും ആഗോളീകരണമടക്കമുള്ള പുതിയ ക്രമങ്ങൾ കടന്നുകയറുന്നതിന്റെ മുന്നറിയിപ്പുകളുണ്ട്. മലയാളത്തിൽ ഏറ്റവുമധികം അടിക്കുറിപ്പുകൾ ചേർക്കുന്ന കഥാകാരൻ ഷാജി ആയിരിക്കും. അത്രയേറെ നാട്ടുപദങ്ങളും പ്രയോഗങ്ങളും കഥയിൽ കലരുന്നു. കഥകളുടെ പേരുകൾ തന്നെ ഉദാഹരണം.തികച്ചും അസംസ്കൃതം എന്നു നാം വിവക്ഷിക്കാൻ സാധ്യതയുള്ള ഒരു ലോകത്തോട് ചേർന്നു നിൽക്കാൻ എഴുത്തുകാരൻ കാരുണ്യം സൂക്ഷിക്കുന്നു.

കഥ പറയാനല്ല ജീവിതത്തെ സംബന്ധിച്ച ചില തീർപ്പുകൾ ആശയങ്ങൾ കഥയിൽ കലർത്താനാണ് ഷാജിക്ക് താല്പര്യം. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളെ വല്ലാതെ സംഗ്രഹിക്കുന്ന രീതികൾ കഥയിലെല്ലാമുണ്ട്. കഥകളിലെല്ലാം ഫാന്റസിയുടെ ഒരു ലോകം തെളിയുന്നു. അതാകട്ടെ യാഥാർത്ഥ്യത്തെ വെല്ലുന്ന ജീവിതചിത്രങ്ങൾ സമ്മാനിക്കുന്നതും. ബിംബങ്ങളിലൂടെ, രൂപകങ്ങളിലൂടെ ചിന്തിക്കാനുള്ള ഒരു പ്രവണത സമകാലികരായ മറ്റു കഥാകാരന്മാരിൽ നിന്നും ഷാജിയെ മാറ്റിനിർത്തുന്നു. ഈ രീതി കഥയിലെ ഭാഷയെ അല്പം ഭാരമുള്ളതും ആഴമുള്ളതും കവിതയോടു ചേർന്നു നിൽക്കുന്നതുമാക്കുന്നു.
കഥാകൃത്ത് :പി.വി.ഷാജികുമാര്‍

നാം വിചാരിക്കുന്നത്ര സന്തോഷിക്കാനുള്ളതല്ല ഈ ലോകജീവിതം എന്ന ഒരു താക്കീത് മുന്നോട്ടു വയ്ക്കാൻ ഈ കഥകൾ ശ്രമിക്കുന്നുണ്ട്.ജീവിതമെന്നാൽ ഒരാൾ ജീവിക്കുന്നതല്ലെന്നും മറിച്ച് ഒരാൾ ഓർത്തെടുക്കുന്നതാണെന്ന് മാർക്കേസിന്റെ ഒരു വാക്യം പുസ്തകത്തിന്റെ മുഖവാക്യമായി ഷാജി ഉപയോഗിക്കുന്നുണ്ട്. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന മിലാൻ കുന്ദേരയുടെ വാക്യം കൂടി ചേർത്തുവച്ചാൽ കഥകളുടെ ഉള്ളകമാകും.

കുട്ട്യൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. .........“ഇതിനൊക്കെ ഇടയിൽ നിന്നെപ്പോഴോ മലവെള്ളം പോലെ സമയമില്ലാസമയത്ത് കേറിവരുന്ന ഒരു വലിയ നെലവിളിയുണ്ട്. നെഞ്ചില് ഐസ്കട്ടപോലെ കട്ടപിടിച്ച് പുറത്ത് കാട്ടാനാവാതെ ചൂണ്ടേല് കെണിഞ്ഞ മീനിനെപ്പോലെ നമ്മളെ ഇങ്ങനെ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ കരച്ചിൽ. അതെഴുതി വെക്കാൻ ഏത് കഥയ്ക്കാകും? ഏത് കഥയ്ക്കാകും?“ ഈ ചോദ്യത്തിനുള്ള മറുകുറി പോലെ ചെറിയ മനുഷ്യരുടെ വലിയ നിലവിളികൾ പകർത്തിയെഴുതാനുള്ള ധീരമായ ശ്രമങ്ങളാണ് ജനത്തിൽ സമാഹരിച്ചിരിക്കുന്നത്.

മുറികൂടാത്ത മുറിവുകള്‍

പുസ്തകം : മുറിവുകൾ
രചയിതാവ് : സൂര്യ കൃഷ്ണമൂർത്തി

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ഡോണ മയൂര
















1. ക്കൊല്ലത്തെ വിഷുവിന്റെ കുറച്ച് ദിവസം മുൻപായിരുന്നു സുഹൃത്തിന്റെ അച്ഛന്റെ മരണം. ‘ഇക്കൊല്ലം കണിക്കൊന്ന പൂത്തേയില്ല‘ എന്ന് വിഷുനാളിൽ അദ്ദേഹമെഴുതി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സുഹൃത്തെഴുതുന്നു. “സുഗതകുമാരി ടീച്ചര്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന് കൊടുത്ത രണ്ടുപദേശങ്ങൾ‍. ഒന്ന് - ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ കരയരുത്. ദഹിപ്പിക്കുന്നിടത്ത് തീയും ജലവും ഒരുമിച്ച് വരരുത്. രണ്ട് - ചിതാഭസ്മം ഒഴുക്കുമ്പോളും കരയരുത്. ദേഹി പരലോകത്തേക്ക് യാത്രയാകുന്നത് ഓളങ്ങളില്ലാത്ത പരപ്പിലൂടെയാണ്. ഒരു തുള്ളി കണ്ണുനീര്‍ മതിയാകും ഓളങ്ങളുണ്ടാക്കാൻ‍. ഓളങ്ങള്‍ ദേഹിയുടെ ദിശ തെറ്റിക്കും. ‘മുറിവുകള്‍ ‘ വായിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അത് വായിച്ചുകിടന്ന് ഉറങ്ങിപ്പോകരുത്. ഉറക്കം തൂങ്ങുമ്പോള്‍ പുസ്തകം നെഞ്ചിലേക്ക് വീണാല്‍ അതിലെ പൊള്ളുന്ന അനുഭവങ്ങളുടെ/ മുറിവുകളുടെ ഭാരം ചിലപ്പോള്‍ നെഞ്ചകം താങ്ങിയെന്ന് വരില്ല.“

വായിച്ച് കഴിഞ്ഞപ്പോഴേക്കും ഉഷ്ണിക്കുന്നതു പോലെ തോന്നി, ഇവിടെ ഏപ്രിലിലെ മഞ്ഞുകാലത്തും. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥകളെ “എന്തോ പോലൊരു തോന്നൽ” എന്നാണ് ഞാൻ പറയുക. ഇതും അതുപോലൊന്നായിരുന്നു. സുഗതകുമാരി ടീച്ചറിന്റെ വാക്കുകൾ മനസ്സിൽ തിണർത്ത് തിണർത്ത് വരുന്നു. മായ്ക്കാൻ ശ്രമിക്കും തോറും തിണർപ്പുകളടർന്നുള്ള നീറ്റൽ. മുറിവുകൾ വായിക്കണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചുറച്ചു.

2. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് സൂര്യ കൃഷ്ണമൂർത്തിയുടെ മുറിവുകൾ കൈയിൽ കിട്ടിയത്. ഒറ്റ ഇരുപ്പിലിരുന്ന് ഒന്നും വായിക്കുന്ന ശീലം പണ്ടേ ഇല്ല. പഠിക്കുവാനുള്ളതായാലും, കഥയായാലും, കവിതയായാലും നോവലായാലും എന്തും മെല്ലെ മെല്ലെ ഓരോ താളുകളായി വായിക്കലാണ് ശീലം. കണ്ണുണ്ടായാൽ പോര കാണണം, കണ്ടാൽ പോര കണ്ടതെന്തെന്ന് മനസ്സിലാക്കുവാൻ ഒരു വിഫലശ്രമമെങ്കിലും നടത്തണം എന്നൊരു കുഞ്ഞ് വാശി ഉള്ളിൽ ഉള്ളതിനാലാകണം. എന്നാലും മുറിവുകൾ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കണമെന്നോർത്തു. പക്ഷേ കഴിഞ്ഞില്ല, ഒറ്റയിരുപ്പിലുള്ള വായനാശീലം ഇല്ലാത്തതിനാലായിരുന്നില്ല അത്...

ഓർമ്മകൾ ചികഞ്ഞു നോക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയെ കുറിച്ച് ആദ്യമായി വായിക്കുന്നത് സൂര്യ ഫെസ്റ്റിവലിനെ കുറിച്ചുള്ള പത്രവാർത്തകളിലായിരുന്നു. ആദ്യമായി കേൾക്കുന്നത് ദൂരദർശനിലെ മലയാളം വാർത്തയിൽ സൂര്യ ഫെസ്റ്റിവെൽ കവർ ചെയ്യുന്നത് കേട്ടപ്പോഴും. അന്ന് എട്ടോ ഒൻപതോ വയസ്സുണ്ടായിരുന്നിരിക്കണം. ഇന്നുവരെ ഒരിക്കല്‍പ്പോലും സൂര്യ ഫെസ്റ്റിവൽ നേരിട്ട് കണ്ടിട്ടില്ല, സൂര്യ കൃഷ്ണമൂർത്തി എഴുതി സംവിധാനം ചെയ്ത ദൃശ്യകാവ്യങ്ങളും.

ബുക്കിന്റെ സമർപ്പണം ആദ്യം ശ്രദ്ധയാകർഷിച്ചു. “ജീവിതത്തിന്റെ മുറിവുകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ള ‘അഭയ’യിലെ അന്തേവാസികൾക്ക് ഈ ‘മുറിവുകളിൽ’ നിന്നുള്ള വരുമാനം ഞാൻ സമർപ്പിക്കുന്നു - സൂര്യ കൃഷ്ണമൂർത്തി."

മുപ്പത്തിയഞ്ച് വർഷം മുൻപ് തുടക്കമിട്ട കലാസാംസ്കാരിക സംഘടനയാണ് ‘സൂര്യ‘ (ഇതിനു ശേഷമാണ് നടരാ‍ജ കൃഷ്ണമൂർത്തിയെന്ന ഐ.എസ്സ്.ആർ.ഒ ശാസ്ത്രജ്ഞന്‍ നമ്മുക്ക് സൂര്യ കൃഷ്ണമൂർത്തി ആകുന്നത്), ഇരുപത്തിരണ്ട് രാജ്യങ്ങളിലായി ചാപ്റ്ററുകളുള്ള ‘സൂര്യ‘. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ ഒന്നിൽ പോലും സ്വന്തമായി ഒരോഫീസോ സ്ഥിരം ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലാത്ത ‘സൂര്യ’. ഒരു കാശുപോലും പ്രതിഫലമിച്ഛിക്കാതെ സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്ന, ഒരു പറ്റം കലാസ്നേഹികളാണ് ‘സൂര്യ’യെന്ന സംഘടനയെ സാധ്യമാക്കുന്നത്. അതിന്റെ അമരക്കാരനിൽ നിന്നും ഇങ്ങനെ ഒരു വരി വായിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് മനസ്സ് പറഞ്ഞു.

3. നമ്മളൊരോരുത്തരും ജീവിതത്തിൽ ചെറുതും വലുതുമായ പലതരം മുറിവുകൾ ഏറ്റുവാങ്ങിയവരാവാം. അതിൽ മിക്കവയും നമുക്ക് താങ്ങനാവുന്നതിലും അപ്പുറമാണെന്ന് നാമാദ്യം നിനയ്ക്കും. പക്ഷേ തകർന്നു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ പലതും കാലക്രമേണ നമ്മൾ തരണം ചെയ്യുന്നു. ഓരോ മുറിവുകളും പല കാലയളവുകളിലാവും ഉണ്ടാവുന്നത്, പലയാഴങ്ങളിൽ. ഒന്നുണങ്ങുമ്പോളാവും മറ്റൊന്ന്. എല്ലാ മുറിവുകളും കൂടി ഒന്നിച്ച് ഒരാൾക്ക് ഏൽക്കേണ്ടി വന്നാൽ തന്നെ എത്ര മുറിവുകളാവും ഒന്നിച്ച് ഉണ്ടാകുക. അതിന്റെ പ്രോബബിലിറ്റി എത്രയാവും?

സൂര്യ കൃഷ്ണമൂർത്തിയുടെ ‘മുറിവുകൾ’ എന്ന പുസ്തകം ഒന്നിച്ചൊരു 26 മുറിവുകളുടെ കുലം കുത്തി ഒഴുക്കിൽ നമ്മളെ നിലവെള്ളം ചവിട്ടാനനുവദിക്കാതെ മുക്കിക്കളയും. 26 അല്ല, 25 എന്ന് തിരുത്തി വായിക്കണം.

വീട്ടിൽ എനിക്ക് കിട്ടിയിരിക്കുന്ന വിശേഷണം ‘മുതലക്കണ്ണീർ പോലുമില്ലാത്ത ഭീകരി’യെന്നാണ്. കാരണം എന്ത് വന്നാലും കരയാറില്ല എന്നതു തന്നെ. പത്തുകൊല്ലം മുൻപ്, കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ കരഞ്ഞില്ല. “അവൾ ഭയങ്കരിയാണ്, ഇത്രയും നാൾ വളർത്തി വലുതാക്കിയവരെ വിട്ടു പോന്നിട്ടുമൊന്ന് കരഞ്ഞില്ലല്ലോ എന്ന് ഞാൻ കേട്ടിട്ടുണ്ട് ബന്ധുമിത്രാദികളയെല്ലാം വിട്ട് പ്രവാസത്തിലേക്ക് വന്നപ്പോഴും കരഞ്ഞില്ല. പിന്നെയും പലസന്ദർഭങ്ങൾ, രണ്ട് പ്രസവമുൾപ്പെടെ...ഒന്നിന്നും കരഞ്ഞില്ല. ശാരീരികവും മാനസികവുമായ വേദനകൾ ഉള്ളിൽ തന്നെ ഒതുക്കാൻ എന്തുകൊണ്ടോ കഴിഞ്ഞിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തല പൊട്ടുന്ന വേദനയായിരിക്കും ചിലപ്പോൾ തോന്നുക, നെഞ്ചിൻ കൂട് ആരോ വെട്ടി പൊളിക്കുന്നവേദനയായിരിക്കും മറ്റു ചിലപ്പോൾ...കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്ന പോലെ പിടഞ്ഞു പോകും മറ്റു ചിലയവസരങ്ങളിൽ എന്നിട്ടുമൊന്നും കരഞ്ഞിട്ടില്ല. എല്ലാം ഉള്ളിൽ ഒതുക്കി ആരോടും മിണ്ടാതെ ഇരിക്കുകയാണു അപ്പോഴെല്ലാം ചെയ്യുക. അടുത്തിടെ ഭർത്താവ് പറയുകയും ചെയ്തു. നീ കരയണം, ഒരിക്കലെങ്കിലും...ഞാൻ മരിക്കുമ്പോഴെങ്കിലും. നിന്റെയുള്ളിൽ അമർത്തി വച്ചിരിക്കുന്ന വേദനയെന്തെന്ന് മറ്റുള്ളവർക്ക് അറിയണമെങ്കിൽ നീ കരയണം... ഇല്ലെങ്കിൽ ഭർത്താവ് മരിച്ചിട്ട് പോലും കരഞ്ഞില്ലെന്ന പേരു ദോഷമുണ്ടാകുമെന്ന്.

“നമ്മൾ കരയുന്നതെന്തിനാണ്? മറ്റുള്ളവരെ കാണിക്കുവാനോ“ എന്ന് ഞാൻ ചോദിച്ചു. നമ്മൂടെ സമൂഹത്തെ ചിലതെല്ലാം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം! മുറിവുകൾ വായിച്ചപ്പോൾ എനിക്ക് മനസിലായി, നമ്മുടെ സമൂഹമെന്നത് എന്താണെന്ന്, എങ്ങിനെയുള്ളവരാണെന്ന്.

‘ശത്രു’വെന്ന മുറിവിൽ കൃഷ്ണമൂർത്തിയുടെ അച്ഛന്റെ മരണമേല്‍പ്പിച്ച ആഘാതത്തിൽ മരവിച്ചിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ വിളിപ്പിച്ച സ്ത്രീ, അമ്മയെ ആശ്വസിപ്പിക്കുന്നതിനു പകരം അമ്മയുടെ നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചുകളയുകയാണു ചെയ്യുന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതിനു പകരം, വിധവയെന്ന മുദ്ര കുത്താനായിരുന്നു അവർക്ക് ധൃതി. ഇതാണ് നമ്മുടെ സമൂഹം!

‘തിരിച്ചറിവ്’ എന്നതിൽ പ്രശസ്തനായ ഒരു സാഹിത്യകാരൻ അന്തരിച്ചതറിഞ്ഞ് അവിടേക്കുള്ള യാത്രയിലായിരിക്കുമ്പോൾ മറ്റൊരു സാഹിത്യകാരൻ ഫോൺ ചെയ്ത് തനിക്ക് വേണ്ടി ഒരു റീത്ത് വാങ്ങി വണ്ടിയിൽ വയ്ക്കുവാൻ ആവശ്യപ്പെടുന്നു. കൊല്ലത്തുനിന്നും അദ്ദേഹം യാത്ര പുറപ്പെട്ടിട്ടുണ്ട്, എത്താൻ വൈകുമെന്ന കാരണത്താൽ. ആർക്കും റീത്ത് വച്ച് ശീലമില്ലാത്ത കൃഷ്ണമൂർത്തി, പാളയത്തുള്ള ഒരു കടയിലാണു ചെല്ലുന്നത്. റീത്ത് ചോദിച്ചപ്പോൾ കടക്കാരന്റെ മറുപടി “റീത്ത് വേണമെങ്കിൽ ഒരു ദിവസം മുൻപെങ്കിലും ഓർഡർ ചെയ്യണം“ എന്നതായിരുന്നു! ആരൊക്കെ മരിക്കുമെന്ന് മുൻ കൂട്ടി കണക്ക് കൂട്ടി റീത്ത് ഓർഡർചെയ്യുന്നവരാണ് നമ്മുടെ സമൂഹം?!

"culture is the concern for others" എന്ന് ‘തുടക്ക’ത്തിൽ കൃഷ്ണമൂർത്തി എഴുതിയിട്ടുണ്ട്. അതില്ലാത്ത സമൂഹത്തെ ബോധിപ്പിക്കാൻ കരയണോ? ഞാൻ കരയുകയില്ല. എന്നാൽ ആ സമൂഹം വേദനിപ്പിച്ചവരുടെ മുറുവുകളെ പറ്റി വായിച്ചപ്പോൾ കണ്ണുനിറഞ്ഞു.

4. ‘ഒരു കലാകാരൻ’ വാർദ്ധക്യവും ദാരിദ്ര്യവും കാരണം 2001 ജനുവരിയിൽ മരിച്ച അർജുനനൃത്ത കലാകാരൻ കുറിച്ചി പി.സ്. കുമാരന്റെ മരണത്തെ പറ്റിയാണ്. മരണാന്തര കർമ്മങ്ങൾക്ക് പണമുണ്ടാവില്ലെന്നും, അതിനൊന്നും ഒരു കുറവും വരുതെന്നും ആഗ്രഹിച്ച് ടൈഫോയ്ഡ് പിടിപെട്ട് ആശുപ്രതിയിലായിരുന്നെങ്കിലും കൃഷ്ണമൂർത്തി പോകുന്നു. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം കാറിന്റെ പിൻസീറ്റിൽ കിടന്നാണ് യാത്ര.

‘സൂര്യ’യുടെ ഗുരുപൂജ വഴി, ഗുരുദക്ഷിണയായി ഒരു ലക്ഷം രൂപയോളം സമാഹരിച്ച് ഒരിക്കൽ ഈ കലാകാരനു നൽകിയത് കൃഷ്ണമൂർത്തി ഓർമ്മിക്കുന്നു. ഇനിയുള്ള ജീവിതത്തിൽ ഭക്ഷണത്തിനും മരുന്നിനുമായി അദ്ദേഹത്തിനു വേണ്ടി അത്രയും തുക സ്വരൂപിച്ചതിൽ സന്തോഷവും ചാരിതാർത്ഥ്യവുമായിരുന്നെന്നും. കുറച്ചുമാസങ്ങൾക്കു ശേഷം ആ കലാകാരന്റെ ഗ്രാമത്തിൽ കൂടെയുള്ള യാത്രാമധ്യേ അദ്ദേഹത്തെ കണ്ട് വണങ്ങാൻ കൃഷ്ണമൂർത്തി ചെല്ലുന്നു. അവിടെ ചെന്നപ്പോഴാണറിയുന്നത്, തനിക്ക് കിട്ടിയ തുക ബാങ്കിൽ നിഷേപിക്കാതെ, ആ തുക കൊണ്ട് വീടിനോട് ചേർന്ന് ഗുരുകുലമുണ്ടാക്കി, അർജുനനൃത്തമെന്ന കല തന്റെ കാലശേഷം നിന്നു പോകാതെയിരിക്കാൻ പത്തു പേരെ പരിശീലിപ്പിക്കുകയായിരുന്നു അദ്ദേഹമെന്ന്!

മരണാന്തര ക്രിയകൾക്കുള്ള പണം ആ കലാകാരന്റെ മകനെ ഏല്‍പ്പിച്ച് മടങ്ങും വഴി കൃഷ്ണമൂർത്തി എല്ലാ പത്രമോഫീസുകളിലും കയറി കലാകാരന്റെ ഫോട്ടോയും, ചരിത്രവും, വിലപ്പെട്ട സംഭാവനകളുമൊക്കെ എഴുതി കൊടുത്തു. പിറ്റേന്ന് ഒറ്റ പത്രത്തിൽ പോലും വാർത്തയില്ല! ഒന്ന് രണ്ട് പത്രങ്ങൾ ചരമങ്ങളുടെ കൂട്ടത്തിൽ പേരു വച്ചു. അതേ സമയം ഈയിടെ മലയാളത്തിന്റെ പ്രമുഖപത്രത്തിൽ ക്രിക്കറ്റർ ധോണി തന്റെ മുടി ഒരിഞ്ച് നീളം കുറച്ചതിന്റെ പടവും വാർത്തയും ബോക്സിൽ! ആര് ആരോടാണ് മാപ്പു പറയുകയെന്ന് കൃഷ്ണമൂർത്തി ചോദിക്കുന്നു.

ഇതാണ് നമ്മുടെ സമൂഹം! കുറച്ച് കാലം കൂടെ കഴിയുമ്പോൾ അന്യം നിന്നു പോയ കലാരൂപങ്ങളെ കുറച്ച് കലാസംസ്കാരിക രംഗത്തുള്ളവർ മുറവിളികൂട്ടും. മരിച്ചു പോയ കലാകാരന്മാരുടെ ചിത്രങ്ങൾ തേടിപ്പിടിച്ച് മാലയിടും, മരണാനന്തര ബഹുമതികൾ കൊടുക്കും, സ്മാരകങ്ങൾ പണിയും, മാധ്യമങ്ങളന്നേരം അതിനെല്ലാം നല്ല കവറേജ് കൊടുക്കും. എന്തിന്?

4.1 ‘ഒരു മഹാസ്വപ്ന’ത്തിൽ മലയാള സിനിമയുടെ ജൂബിലി വർഷം ആദ്യകാല ചലച്ചിത്രപ്രവർത്തകരെ വായനക്കാർക്ക് പരിചയപ്പെടുത്താൻ ഒരു പ്രമുഖപത്രം തിരുമാനിക്കുന്നു. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലനിലെ നായികമാരിൽ ഒരാളുടെ വീട്ടിലേക്കാണ് കൃഷ്ണമൂർത്തിയുടെ ആദ്യയാത്ര. താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ഏകദേശ രൂപമുണ്ടെങ്കിലും വിലാസമൊന്നും അറിയാതുള്ള തിരച്ചിൽ. ആർക്കും അറിയില്ല ‘ആദ്യത്തെ മലയാള സിനിമയിലെ നായികയെ’. അങ്ങിനെയൊരാൾ ഈ നാട്ടിലുണ്ടെങ്കിൽ നമ്മൾ അറിയേണ്ടതല്ലേ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. പോസ്റ്റുമാനു പോലും അങ്ങിനെ ഒരാളെ, അവരുടെ അഡ്രസ്സ് അറിയില്ല. ഒടുവിൽ ഒരു കൊച്ചുകുട്ടിയാണ് വീ‍ട് കാണിച്ച് കൊടുക്കുന്നത്.

പറമ്പിൽ ചുള്ളിക്കമ്പുകൾ പറുക്കികൊണ്ടിരിക്കുന്ന, എഴുപതിലേറെ പ്രായമുള്ള മലയാള സിനിമയിലെ ആദ്യനായിക. ഒരു നേരത്തെ ഭക്ഷണത്തിനു വഹയില്ലാതെ ദാരിദ്ര്യം കാർന്നു തിന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നായിക. വർഷങ്ങളായി ഓലമേയാത്ത, ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ അവരുടെ കുടിലിൽ കൂടെ വന്ന കുട്ടി എവിടെന്നോ കൊണ്ട് വന്നൊരു സ്റ്റൂളിൽ അവർ കൃഷ്ണമൂർത്തിയെ ഇരുത്തി. അടുത്ത വീട്ടിൽ നിന്നും ഓലമതിലിന്റെ മുകളിലൂടെ കടം വാങ്ങിയ ഒരു സ്പൂൺ പഞ്ചസാരകൊണ്ട് എവിടെന്നോ കിട്ടിയ നാരങ്ങയാൽ നാരങ്ങാവെള്ളം ഉണ്ടാക്കി കൊടുത്തു. അവരുടെ വിസ്മൃതിയിലാണ്ടു പോയ കാര്യങ്ങൾ ചികഞ്ഞെടുത്തവർ കൃഷ്ണമൂർത്തിയോട് പങ്കു വച്ചു.

ദാരിദ്ര്യവും മഹാരോഗവും വേട്ടയാടുന്ന അവരോട് “നിങ്ങൾക്ക് സ്വപ്നം എന്നൊന്നുണ്ടോ... മഹാസ്വപ്നം എന്നൊന്നുണ്ടോ?” എന്ന് കൃഷണമൂർത്തി ചോദിക്കുന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട്ട് കൃഷ്ണമൂർത്തി വിലപിക്കുന്നുണ്ടെങ്കിലും. ഉടനെ ഉത്തരം വന്നു “ മലയാളത്തിലെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് നൂറുരൂപയായിരുന്നു ശമ്പളം. പിന്നെ മൂന്നുനേരം ഭക്ഷണം. ഇന്ന് എന്റെ മഹാസ്വപ്നം എന്നത്, മരണം വരെ മൂന്നുനേരം ഭക്ഷണം കഴിക്കുക എന്നതാണു”!!

ഇന്ന് മുക്കിന് മൂലയ്ക്ക് സംഘടനകളാണ്, എന്തിന്? തമ്മിൽ തൊഴിക്കാനും പാരവയ്ക്കാനും!

4.2 ‘മറവിക്കപ്പുറം, ചില അപരാധങ്ങ’ളിൽ ശബ്ദ ലേഖനത്തിനുള്ള ഓസ്കാർ തേടിയെത്തിയ മലയാളിയായ റസ്സുൽ പൂക്കുട്ടിയെ നമ്മൾ ആഘോഷിക്കുന്നതിനോടൊപ്പം മലയാളത്തിലുണ്ടായ ആദ്യകാല സിനിമകൾക്ക് ശബ്ദലേഖനം ചെയ്ത ആളെ നമ്മളെല്ലാം മറന്നു പോയതിനെ കുറിച്ച് കൃഷ്ണമൂർത്തി എഴുതുന്നു. മലയാള സിനിമ ഡിജിറ്റലിലും ഹൈ ഡെഫനിഷനിലും വന്നു നിൽക്കുമ്പോൾ, ഏറ്റവും ആധുനികമായ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് മലയാള സിനിമയുടെ ശബ്ദലേഖനം മുന്നേറുമ്പോൾ, ഓസ്കാർ അവാർഡ് ഒരു മലയാളിക്ക് ലഭിക്കുമ്പോൾ, ഒരു മുളയുടെ അറ്റത്ത് മൈക്ക് കെട്ടിത്തൂക്കി അതിലൂടെ നമുക്ക് നന്മയുടെ ശബ്ദ്ധം കേൾപ്പിച്ചു തന്ന 'കൃഷ്ണ ഇളമൺ'എന്ന വലിയ കലാകാരനെ നാം മറന്നു എന്ന് കൃഷ്ണമൂർത്തി എഴുതുന്നു.

ഓസ്കാർ കിട്ടുന്നതിനു മുന്നേ റസൂൽ പൂക്കുട്ടിയെ നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു? നമ്മൂടെ കലാകാരന്മാരെ വിദേശികളുടെ സർട്ടിഫിക്കറ്റുണ്ടെങ്കിലെ നമ്മൾ തിരിച്ചറിയുകയും, ആദരിക്കുകയും, ആഘോഷിക്കുകയുമുള്ളൂ എന്നോ?! കുറഞ്ഞത് ഒരു ലോക്കൽ സംഘടനയുടെ അവാർഡെങ്കിലും വേണമെന്ന് വന്നിരിക്കുന്നു.!

4.3 “തുടക്ക‘ത്തിൽ ഗുരുവായൂരമ്പലത്തിൽ രാവുപുലരുവോളം ആട്ടവിളക്കിനു മുന്നിൽ കൃഷ്ണനാട്ടം നടക്കുന്നു. കാണികളായി ആരും ഇല്ല. അരങ്ങിലാടുന്ന എട്ടുപത്തു കലാകാരന്മാരെ അത് ബാധിക്കുന്നതേയില്ല. അവർ ആടിയും പാടിയും തിമിർക്കുന്നു. നിർമ്മാല്യത്തിനായി മേൽശാന്തിയെത്തിയതോടെ കൃഷ്ണനാട്ടം കളി തീരുന്നു. മടിച്ചാണെങ്കിലും കളികഴിഞ്ഞ് അണിയറയിലേക്ക് പോകുന്നൊരു കലാകാരനോട് കൃഷ്ണമൂർത്തി ചോദിക്കുന്നു “നിങ്ങളാടുമ്പോൾ, നിങ്ങളുടെ മുന്നിൽ ഒരാൾ പോലും ഇല്ല എന്നത് കാണുമ്പോൾ വിഷമം തോന്നാറില്ലേ?” “ഞങ്ങൾ കല അഭ്യസിക്കുന്നത് മുന്നിലിരിക്കുന്ന കുറെ പേർക്ക് വേണ്ടിയല്ല. മറിച്ച് ഈ തെളിച്ചിരിക്കുന്ന ദീപത്തിനു വേണ്ടിയാണ്. ഈ ദീപം ബ്രഹ്മമാണ്, ഈ ദീപം ഈശ്വരനാണ്, ഈശ്വരനു വേണ്ടിയാണ് ഞങ്ങൾ കല അഭ്യസിക്കുന്നത്. ഒരു യഥാർത്ഥ കലാകാരൻ ഈശ്വരനു വേണ്ടിയാണ് കല അഭ്യസിക്കുന്നത്” എന്ന് ആ കലാകാരൻ ഒരു ചെറുപുഞ്ചിരിയോടെ മറുപടി നൽക്കി. “കല എന്നത് ഈശ്വരൻ തരുന്ന വരദാനമാണ്, അത് വിൽക്കാനുള്ളതല്ല.” എന്ന് ആ കലാകാരൻ കൂട്ടിച്ചേർത്തു.

ഈ വാക്കുകളിൽ നിന്നുള്ള കിട്ടുന്ന തിരിച്ചറിവ്, എത്ര അനുഭവങ്ങളിൽ കൂടെ കടന്നു പോയാലും ചിലപ്പോൾ കിട്ടിയെന്ന് വരില്ല.

5. മുറികൂടാത്ത മുറിവുകൾ.

പ്രശസ്തമായൊരു പുരസ്കാരത്തിന് അർഹനായെന്ന് ഡൽഹിയിൽ നിന്നുള്ള അറിയിപ്പിൽ സന്തോഷിക്കുകയും, പിറ്റേന്ന് പത്രങ്ങളിൽ മറ്റൊരാളുടെ പേർ കണ്ട് സങ്കടപ്പെടുകയും ചെയ്ത കൃഷ്ണമൂർത്തിക്ക് കൂട്ടുകാരി നൽകിയ തിരിച്ചറിവായിരുന്നു മദർ തെരേസ കോൺവെന്റിലെ സ്റ്റെഫിയെന്ന കൈക്കാലുകളില്ലാത്ത കുട്ടി. ഒരു പുരസ്ക്കാരം കിട്ടാതെ വന്നപ്പോൾ ജീവിതം വ്യർത്ഥമെന്ന് കരുതിയ താൻ ആ മുറിയിലിരുന്നോരുപ്പാട് കരഞ്ഞെന്ന് കൃഷ്ണമൂർത്തി എഴുതുന്നു.

5.1 തന്നെ പഠിപ്പിച്ച കുറെ അദ്ധ്യാപകർ പെൻഷൻ പറ്റിയതിനു ശേഷം, പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി നഗരത്തിലെ കുട്ടികൾക്കുള്ള സൗകര്യത്തോടെ ഗ്രാമത്തിൽ തുടങ്ങിയ സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ ക്ഷണിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവം ‘ഒരു തേങ്ങലിൽ’ കൃഷ്ണമൂർത്തി പങ്കു വയ്ക്കുന്നു. എല്ലാകുട്ടികളും സമ്മാനം വാങ്ങി ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കും. രക്ഷിതാക്കൾ മുങ്കൂർ പണമടച്ചിട്ടുണ്ട് അവർക്കെല്ലാം. അവരുടെയെല്ലാം നേർക്ക് ക്യാമറയുടെ ഫ്ലാഷടിക്കുന്നു. സമ്മാനം വാങ്ങിയ ഒരു ആൺകുട്ടി ഫോട്ടോഗ്രാഫറെ നോക്കി സമ്മാനം വാങ്ങുന്നതു പോലെ ഒരേ നില്‍പ്പാണ്, ക്യാമറയുടെ ഫ്ലാഷിനായി. ഫ്ലാഷ് വന്നില്ല. അവന്റെ രക്ഷിതാക്കൾക്ക് പതിനഞ്ചുരൂപ അടയ്ക്കുവാനുള്ള കഴിവില്ലായിരുന്നു. കൃഷ്ണമൂർത്തി കാശ്കൊടുക്കാമെന്ന് ഫോട്ടോഗ്രാഫറോട് പറയുമ്പോൾ, തന്റെ കൈയിൽ ഇനി ഫിലിമില്ലെന്ന നിസ്സഹായത ഫോട്ടോഗ്രാഫർ അറിയിക്കുന്നു. ആ കുട്ടി കൃഷ്ണമൂർത്തിയെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കൈകൾ വലിച്ച് തലതാഴ്ത്തി നടന്നു പോയി.

അവന്റെ ഉള്ളിലെ മുറിവിന്റെ ആഴം ആർക്കാവും അളക്കുവാൻ കഴിയുക. ആ മുറികൂടുന്നതെന്നാവും?

5.2 ‘സാക്ഷി‘ യിൽ വീട്ടിലെ പുറംജോലിക്കാരി തങ്കമ്മയെന്ന പണിക്കാരിയുടെ ദുഖത്തെ പറ്റി കൃഷ്ണമൂർത്തി എഴുതുന്നു. അതിന്റെ സാക്ഷിയാവേണ്ടിവന്നതിന്റെ മുറിവാണ് നമ്മോട് അദ്ദേഹം പങ്കു വയ്ക്കുന്നത്. നാലഞ്ച് വീടുകളിൽ ജോലിചെയ്യുന്ന തങ്കമ്മ. മുട്ടിലിഴയുന്ന കണ്ണനെന്ന തന്റെ കുട്ടി കുന്നിക്കുരു വിഴുങ്ങി മരിച്ചു പോകുന്നതും, വീണ്ടും ഗർഭിണിയാവുകവും, ഭർത്താവ് മരിക്കുകയും, ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്യേണ്ടി വന്ന തങ്കമ്മ.

കുഞ്ഞിനെ വളർത്താൻ നാലഞ്ച് വീടുകളിലെന്നതിൽ നിന്നും, ആറേഴു വീടുകളിലായ് പണിയെടുക്കുന്ന തങ്കമ്മ. കുഞ്ഞു വളർന്നു കല്യാണപ്രായമായി. കല്യാണം ആലോചിച്ച് വരുന്നവർക്ക് ‘എത്ര തരും?‘ എന്നതായിരുന്നു ചോദ്യം. മകളുടെ വയസ്സ് കൂടും തോടും ചോദിക്കുന്ന തുകയുടെ വലിപ്പവും കൂടുന്നു. നിവൃത്തികേടിന്റെ കട്ടിപിടിച്ച നിശ്ശബ്ദതയിൽ മകളുടെ മുഖത്ത് നോക്കാത്ത അമ്മ ചോദിച്ചു. “ ആ കുന്നിക്കുരു നീ വായിലിട്ടാൻ മതിയായിരുന്നല്ലോ മോളേ...” മകൻ മരിച്ചതിലുള്ള ദുഖം, ഇപ്പോൾ മകൾ മരിക്കാത്തതിലുള്ള ദുഖം, രണ്ട് ദുര്യോഗങ്ങൾക്കും സാക്ഷിയായി കൃഷ്ണമൂർത്തി.

6. എം.ടിയുടെ ഓട്ടം.

വായനയിലുടനീളം മുറിവുകളിൽ നിന്നും മുറിവുകളിലേക്ക് ഇടറി വീണപ്പോൾ ഒരിക്കൽ മാത്രം ചിരിച്ചു. നഗ്നസന്യാസിയെ കാണുവാനായിട്ട് എം.ടിയും കൃഷ്ണമൂർത്തിയും പോയ സന്ദർഭം. എം.ടിക്ക് നഗ്നസന്യാസിയുടെ ഫോട്ടോ എടുക്കണം. പക്ഷേ ചോദിക്കാൻ പേടി. കൃഷ്ണമൂർത്തി സന്യാസിയോട് സമ്മതം ചോദിച്ചു. സന്യാസി ചിരിച്ചു. മൗനാനുവാദം തന്നതു പോലെയായിരുന്നു ആ ചിരിയെന്ന് കൃഷണമൂർത്തി എഴുതുന്നു. എം.ടി ഇതു കണ്ടപ്പാടെ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നു. ഒടുവിൽ ഗുരുദക്ഷിണ കൊടുക്കണ്ടേ എന്ന് എം.ടിക്ക് സംശയം. പോക്കറ്റിൽ കൈയിട്ട് ഇരുപത്തിയഞ്ച് രൂപയെടുത്തു. നഗ്നസന്യാസിമാർ എല്ലാം ഉപേക്ഷിച്ചവരാണ്. അങ്ങിനെ ഒരാൾക്ക് ദക്ഷിണകൊടുത്താൽ ദേഷ്യപ്പെടുമോ എന്ന് എം.ടി സംശയിക്കുന്നു. മടിച്ച് മടിച്ച് ഇരുപത്തിയഞ്ചു രൂപ കാൽക്കൽ വച്ച് നമസ്കരിച്ചു. പെട്ടന്നയാൾ എം.ടിയുടെ കൈയിൽ ദേഷ്യത്തോടെ കടന്നു പിടിച്ചു. നഗ്നസന്യാസി ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. എന്നിട്ട് കോപത്തോടെ അലറി. ‘പച്ചാസ് റുപയ ദോ’ എന്ന്. എം.ടി ഓടുന്നത് അന്നാദ്യമായി കണ്ടെന്നും കൃഷ്ണമൂർത്തി പുറകെ ഓടിയെന്നും വായിച്ചപ്പോൾ ചിരിച്ചു പോയി. ആ ഓട്ടം സങ്കല്‍പ്പിച്ചിട്ട്. അതാണ് ആദ്യം 26 മുറിവുകൾ എന്നത് 25 എന്ന് തിരുത്തി വായിക്കണമെന്ന് എഴുതിയത്.

തിരിച്ചറിവ്

തന്റെ ജീവിതത്തിലെ ഓരോ മുറിവുകളും കൃഷ്ണമൂർത്തി എഴുതിയത് വായിച്ച് കഴിഞ്ഞപ്പോഴാണ് തിരിച്ചറിവുണ്ടായത്. ഇത്രയൊന്നും വേദനിപ്പിക്കുന്ന മുറിവുകൾ എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വേദനിക്കുന്നുവെന്ന് തോന്നുമ്പോൾ ഓടി പോയി കള്ളിമുൾച്ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വെറും പോറലുകൾ മാത്രമായിരുന്നു അവയൊക്കെ എന്ന്.

‘മുറിവുകൾ’ ഓരോന്നും വായിച്ച് കണ്ണുകൾ പുകഞ്ഞു ഇടയ്ക്ക് നനഞ്ഞു. കഴുത്തിനു മുകളിൽ തലയ്ക്കു പകരം ഭാരമേറിയൊരു കരിങ്കല്ലാണെന്ന് തോന്നിപ്പിച്ചു വായനക്കിടയിൽ ഇടയ്ക്ക്. ഇടയ്ക്കെപ്പോഴോ അത് തൊണ്ടയിലേക്കിറങ്ങി ശ്വാസം മുട്ടിച്ചു. പിന്നെയും കുറെ കൂടെ താഴേയ്ക്കിറങ്ങി ചങ്കു ചതയ്ക്കാൻ തുടങ്ങിയപ്പോൾ എന്തെങ്കിലുമൊന്ന് എഴുതണമെന്ന് തോന്നി. അതുകൊണ്ട് മാത്രം ഇതെഴുതുന്നു.

സൂര്യ കൃഷണമൂർത്തീ സാർ, നന്ദി. വായനയിലൂടെ ഹൃദയം മുറിപ്പെടുത്തുക വഴി, താങ്കൾ അടഞ്ഞിരുൾ പടർന്നു പന്തലിച്ചൊരു ഹൃദയത്തിലെക്ക്, ആ മുറിവുകളിലൂടെ പുതിയ പ്രകാശം കടത്തിവിടുകയായിരുനെന്ന പരമാർത്ഥം മനസിലാക്കുന്നുണ്ട്, ആ തിരിച്ചറിവിന്റെ വെളിച്ചം പകർന്നു തന്നതിനു നന്ദി.