Saturday, June 30, 2012

ബുദ്ധന്‍ പിറന്ന മണ്ണില്‍

പുസ്തകം : ബുദ്ധന്‍ പിറന്ന മണ്ണില്‍
രചയിതാവ് : കെ.എല്‍.മോഹനവര്‍മ്മ
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
അവലോകനം : കരിപ്പാറ സുനില്‍


ബുദ്ധന്‍ പിറന്ന മണ്ണില്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു വേറിട്ട ഒരു ഭാവവും ആകാംക്ഷയും നമ്മില്‍ നിറയുന്നു. പ്രത്യേകിച്ച് ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധ സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ്മകൂടി ആകുമ്പോള്‍ . മോഹനവര്‍മ്മയുടെ പ്രസിദ്ധനോവലായ ഓഹരി മലയാളിയുടെ മനസ്സില്‍ ഒരു പ്രത്യേക വഴിത്തിരിവു തന്നെയാണ് ഉണ്ടാക്കിയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ മോഹന വര്‍മ്മയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് കൌതുകമല്ലേ.
1936 ല്‍ ചേര്‍ത്തലയിലാണ് മോഹനവര്‍മ്മ ജനിച്ചത് . പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ അഡേക്കറ്റ് എം. ആര്‍ . കേരളവര്‍മ്മയായിരുന്നു. അക്കൌണ്ട്‌സിലും മാനേജ്‌മെന്റിലും
ബിരുദങ്ങള്‍ നേടി. ഇന്ത്യന്‍ ഗവണ്മെന്റ് സര്‍വ്വീസിലായിരുന്നു ജോലി .അവിടെ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങി. കുറച്ചുകാലം പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും രണ്ടു വര്‍ഷം കുവൈറ്റില്‍ അക്കൌണ്ട്സ് മാനേജരായും ജോലിനോക്കി. ഒന്നര വര്‍ഷം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഭാര്യ : രാധികാ വര്‍മ്മ, മകന്‍ : സുഭാഷ്, മകള്‍ : കവിത, വിലാസം എം. ഐ.ജി , 429 , പനമ്പിള്ളി നഗര്‍ , കൊച്ചി

പുസ്തകത്തെക്കുറിച്ച് :

ഇതൊരു യാത്രാവിവരണമാണ്. ചരിത്രവും സമകാലീനവും ഒന്നിച്ചുചേരുന്ന വിവരണം. ഏതൊരു സ്ഥലവും പ്രസിദ്ധമാകുന്നതില്‍ മുഖ്യപങ്ക് അതിന്റെ ചരിത്രത്തിനുണ്ടല്ലോ . ഇവിടെ ശ്രീ മോഹനവര്‍മ്മ യാത്രാവിവരണം തുടങ്ങുന്നതിനുമുമ്പേ തന്നെ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കിത്തരുന്നു. കുശി നഗരത്തില്‍ വെച്ചുള്ള ശ്രീ ബുദ്ധന്റെ നിര്‍വ്വാണത്തെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നതുതന്നെ .അതും ബി സി 544 ലെ കഥ പറഞ്ഞുകൊണ്ട്........... കുശിനഗരം ഭാരതത്തിലാണെങ്കിലും ബുദ്ധന്‍ ജനിച്ച സ്ഥലമായ ലുംബിനി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത് . ഭാരതീയര്‍ക്കും മാത്രം നേപ്പാളില്‍ പ്രവേശിക്കുവാന്‍ പാസ്പോര്‍ട്ടും വിസയുമൊന്നും വേണ്ടത്ര! ബുദ്ധഗയ എന്നുപ്രസിദ്ധിനേടിയ ഉരുവേല നഗരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തില്‍ ചുരുങ്ങിയ വരികള്‍ക്കൂടിയാണെകിലും വ്യക്തമാക്കുന്നുണ്ട്.
ബുദ്ധന്‍ ആ സ്ഥലത്താണ് ആറുവര്‍ഷം കഠിനമായി തപസ്സുചെയ്തത് . സ്വപ്രയത്നംകൊണ്ട് ലക്ഷ്യത്തിലെത്തുവാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത് .

അശോകനും ശ്രീബുദ്ധനും :

അശോക മഹാരാജാവിന്റെ ശക്തി ഇന്നത്തെ നമ്മുടെ ജനാധിപത്യസര്‍ക്കാരിലും അനുഭവപ്പെടുന്നു എന്നത് ഇവിടെ പ്രസ്താവ്യാര്‍ഹമായഒന്നാണ് . അശോകന്‍ ബിന്ദുസാരമഹാരാജാവിന്റെ പുത്രനും മൌര്യവംശസ്ഥാപകനായിരുന്ന ചന്ദ്രഗുപ്തന്റെ പുത്രനുമായിരുന്നു.ബുദ്ധന്റെ മരണത്തിനുശേഷം 200 വര്‍ഷങ്ങള്‍ക്കുശേഷമാണ് അശോകന്റെ ജനനം . അതായത് ഇന്നേക്ക് 2300 വര്‍ഷങ്ങള്‍ക്കുമുന്‍പ്
കലിംഗയുദ്ധം അശോകചക്രവര്‍ത്തിയെ മാറ്റിമറിച്ച കഥ നമുക്ക് അറിവുള്ളതാണല്ലോ . യുദ്ധത്തിനുശേഷം, ഒരു വര്‍ഷം ബുദ്ധസംഘത്തിലെ അന്തേവാസിയായി കഴിച്ചുകൂട്ടിയെ അശോകന്‍ ബുദ്ധന്‍ പിറന്ന മണ്ണായ ലുംബിനിയിലേക്ക് ഒരു തീര്‍ഥയാത്ര നടത്തി. അദ്ദേഹം അവിടെ സ്മാരകങ്ങള്‍ പണിതു. അങ്ങനെ അതിന്റെകൂടെ അശോക സ്തംഭങ്ങളും ഉയര്‍ന്നു വന്നു. ഈ സ്തംഭങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട് .ഒന്ന് അവ അശോകന്റെ അതിര്‍ത്തികളെ പ്രഖ്യാപിക്കുന്നു. മറ്റൊന്ന് , അശോകന്റെ ധര്‍മ്മശാസനകളെ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു. ഈ സന്ദര്‍ശനത്തില്‍ അശോകന്‍ ജനങ്ങള്‍ക്ക് വേണ്ടി മഹത്തായ ഒരു കാര്യം ചെയ്തു ! തന്റെ സന്ദര്‍ശനം പ്രമാണിച്ച് നികുതിഭാരം ഒഴിവാക്കിക്കൊടുത്തു. അങ്ങനെ അശോകചക്രവര്‍ത്തിയുടെ ലുംബിനി തീര്‍ഥാടനം ലോകം എന്നും ഓര്‍ക്കുന്ന ചരിത്രസംഭവമായി മാറി.

ഹുയാ‍ങ് സാങിന്റെ സന്ദര്‍ശനം :

അത് ഏഴാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹം പത്തുവര്‍ഷക്കാലം ഭാരതത്തിന്റെ ബുദ്ധക്ഷേത്രങ്ങളില്‍ യാത്രനടത്തി. നളന്ദാ വിദ്യാലയത്തില്‍ കുറേക്കാലം താമസിച്ച് പഠിച്ചു.മഹായാന ബുദ്ധമതത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്

പുനര്‍ജന്മം ??

ബുദ്ധമതം പുനര്‍ജ്ന്മത്തില്‍ വിശ്വസിക്കുന്നു. ഭൌതിക വാദത്തിലൂടെ നീങ്ങുകയായിരുന്ന ബുദ്ധന് എങ്ങനെ ഈ പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വാസം ജനിച്ചു എന്ന് സംശയംനമുക്ക് തോന്നം. പുനര്‍ജന്മ സിദ്ധാന്തം മനുഷ്യബന്ധങ്ങള്‍ - മരണം - എന്നിവക്ക് ആശ്വാസം നല്‍കുന്നൊരു വിശ്വാസമാണോ ? മറ്റുജീവികളെ സഹാനുഭൂതിയോടെ ദര്‍ശിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്നതില്‍ വിജയിക്കുമോ ? അഹിംസാ സിദ്ധാന്തത്തിന്റെ വളര്‍ച്ചക്ക് ഇത് സാധിച്ചില്ലേ ?
എന്നീട്ടും ബുദ്ധന്റെ മരണകാരണമായ ഭക്ഷണം........?

ബുദ്ധന്റെ ഉപദേശങ്ങള്‍ പാലീഭാഷയില്‍ ഗ്രന്ഥരൂപത്തിലാക്കപ്പെട്ടവയാണ് തിപിടകങ്ങള്‍
ഇവയുടെ മൂലരൂപങ്ങള്‍ പലതും നഷ്ടമായി ക്കഴിഞ്ഞിരുക്കുന്നു. സാധാരണക്കാര്‍ക്കുവേണ്ടി ഈ തത്വങ്ങള്‍ ലളിതമാക്കിയതാണ് ജാതകകഥകള്‍

ലുംബിനി വീണ്ടും കണ്ടുപിടിക്കപ്പെടുന്നു?

അത് സംഭവിച്ചത് 1865 ല്‍ ആണ് . അന്ന് ഇവിടം കാടുപിടിച്ചു കിടക്കുകയായിരുന്നു. എ എ ഫുറര്‍ എന്ന പുരാവസ്തു ഗവേഷകന്‍ ശ്രീ ബുദ്ധനെക്കുറിച്ചുള്ള ഗവേഷണം നടത്തി ചില പുരാതന ശില്പങ്ങള്‍ കണ്ടെടുത്തു. പിന്നീട് കണ്ടെടുത്ത സ്ഥലം വിശദമായി പരിശോദിച്ച് അത് ബുദ്ധന്റെ ജനനസ്ഥലമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷെ , ഇതിന് പ്രാപ്തമാ‍ക്കിയ സംഭവങ്ങള്‍ -- നാടകീയ രംഗങ്ങള്‍ - ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് . ഇതൊക്കെ ചരിത്രസംഭവങ്ങള്‍ ........
ഈവകകാര്യങ്ങളൊക്കെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുമുണ്ട് . പക്ഷെ , ഇവയിലൂടെ ഇപ്പൊള്‍ മോഹനവര്‍മ്മ കടന്നുപോകുമ്പോള്‍ ... അനുഭവപ്പെടുന്ന കാര്യങ്ങള്‍ ..... സാക്ഷിയാകേണ്ടിവന്ന സംഭവങ്ങള്‍... സഹയാത്രികരാകേണ്ടിവന്ന കഥാ പാത്രങ്ങള്‍..ഇവരെയൊക്കെ ഈ പുസ്തകവായനയിലൂടെ നമുക്കും പരിചയപ്പെടാം. അതും ഒരു ഭാഗ്യമല്ലേ . ഏതൊരു സ്ഥലവും സന്ദര്‍ശിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രവും പ്രാധാന്യവും നാം മുന്‍പേ മനസ്സിലാക്കിയിരിക്കണമെന്ന തത്ത്വം മോഹനവര്‍മ്മ പാലിച്ചിട്ടുണ്ടെന്ന്‍ ഈ യാത്രാവിവരണപുസ്തകത്തില്‍ നിന്ന് നമുക്ക് ബോദ്ധ്യമാകും (വില : 40 രൂപ)

Tuesday, June 26, 2012

മരുഭൂമിയുടെ ആത്മകഥ

പുസ്തകം : മരുഭൂമിയുടെ ആത്മകഥ
രചയിതാവ് : വി.മുസഫര്‍ അഹമ്മദ്
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : വല്ല്യമ്മായി



"ജീവിതം മരുഭൂമിയില്‍ ഒരു സമ്മാനമാണ്‌; ഒരു നിധിയാണ്; ഒരത്ഭുതമാണ്‌. ജീവിതം അതിന്റെ മഹിമയില്‍:അപൂര്‍‍വ്വതയുടെ മഹിമ, എല്ലായ്പ്പോഴും അത്ഭുതകരം. ഇവിടെയാണ്‌ അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതു പോലൊരു മണല്‍പ്പരപ്പില്‍, ഇതു പോലെ മാറി വരുന്ന മറ്റു ഭൂഭാഗങ്ങളിലും." (മക്കയിലേക്കൊരു പാത)


മനുഷ്യനെന്നും മറുനാടുകളുടെ കഥകളും കാഴ്ചകളും മറ്റു വിശേഷങ്ങളുമറിയാന്‍ കൊതിച്ചു. പലയിടങ്ങളെ കുറിച്ചും സഞ്ചാര സാഹിത്യ കൃതികളിലൂടെയും മറ്റു ഭാഷാ കൃതികളുടെ വിവര്‍ത്തനങ്ങളിലൂടെയും വായിച്ചറിഞ്ഞപ്പോഴും അറേബ്യയെ കുറിച്ചുള്ള അറിവ് മരുഭൂമി പോലെ വരണ്ടുണങ്ങി തന്നെയിരുന്നു. കാരണം ജീവിതമൊരു കര പറ്റിക്കാനായി കടലു കടന്നവരിലധികവും അത്തറു മണത്തോടൊപ്പം എഴുതി അയച്ചതൊക്കെയും വിരഹത്തിന്റെയും നൊമ്പരത്തിന്റേയും കഥകളായിരുന്നു. ബാബു ഭരദ്വാജിന്റെ "പ്രവാസിയുടെ കുറിപ്പുകളും" ബന്യാമിന്റെ "ആടുജീവിതവും" പ്രവാസത്തിന്റെ വേറിട്ട മുഖങ്ങള്‍ നമുക്കു കാണിച്ചു തന്നെങ്കിലും മരുഭൂമിയുടെ ആഴവും പരപ്പും നമുക്കന്യമായി തന്നെ തുടര്‍ന്നു.

ചെറുപ്പം മുതലേ തന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം യാത്രകളിഷ്ടപ്പെടുന്ന ശ്രീ മുസഫര്‍, തന്റെ മരുഭൂ കാഴ്ചകളിലൂടെ അറിഞ്ഞതും അനുഭവിച്ചതും വായനക്കാരുടെ കൂടെ അനുഭവമാക്കി തീര്‍ക്കുന്ന കൃതിയാണ് 2010 ലെ സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "മരുഭൂമിയുടെ ആത്മകഥ".

അറ്റമില്ലാതെ കിടക്കുന്ന മണല്‍ പരപ്പും അതിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുമാണ് മരുഭൂമിയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം. എന്നാല്‍ ഇതിനപ്പുറമുള്ള മരുഭൂ വിശേഷങ്ങളെ നമ്മുടെ മുന്നിലെത്തിക്കാന്‍ മുസഫറിന് ‍ കൂട്ടിനെത്തുന്നത് പലപ്പോഴും മരുഭൂമി തന്നെയാണ്. റജാലിലെ മൌനമുറഞ്ഞ ശിലകളും നിലാവ് കുടിച്ച കള്ളിമുള്‍ചെടികളും നീല പുടവ പുതച്ച് കിടക്കുന്ന അഖ്ബ കടലിടുക്കുമെല്ലാം അതില്‍ ചിലത് മാത്രം.‍ ഒരൊറ്റ മരത്തിന്റെ തണല്‍ കൊടുംകാട്ടിനെക്കാള്‍ കുളിരുണ്ടാക്കുന്നതും കിളികളും തടാകത്തിലെ ജലപരപ്പും ചേര്‍ന്നുള്ള സംഗീതവും തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആണ് ഓരോ രാത്രിയും പകലും മരുഭൂമി അതിഥിക്കായി പകര്‍ന്നു നല്‍കുന്നത്. ലൈല-മജ്നു പ്രണയ കഥ നടന്നെന്നു വിശ്വസിക്കുന്ന ലൈല അഫ്‌ലാജ് എന്ന സ്ഥലം പോലെ കാല പഴക്കത്തില്‍ രൂപാന്തരം പ്രാപിച്ച സ്ഥലങ്ങളെയും മരുഭൂ യാത്രകളില്‍ അങ്ങിങ്ങായി കണ്ട ചില അപൂര്‍വ്വ ജീവിതങ്ങളെയും മുസഫര്‍ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.

ജലയുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ നിന്നേ ചുറ്റുമുള്ള ജലപരപ്പിനെ അതിലെ വേലിയേറ്റ വേലിയിറക്കങ്ങളെ തൊട്ടറിഞ്ഞ ജെസീക്കയും (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ / എന്‍.എസ്.മാധവന്‍) ജലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി മാറിയ ആതിയിലെ ദിനകരനുമായിരുന്നു (ആതി / സാറാ ജോസഫ്) എന്റെ മനസ്സില്‍. വായിച്ചടയ്ക്കുന്ന പുസ്തകങ്ങളില്‍ നിന്നും പിന്നീടുള്ള ജീവിതത്തിലേക്ക് എന്നോടൊപ്പം ഇറങ്ങി വരുന്ന ഇത്തരം കഥാപാത്രങ്ങളാണ്‌ വായനയില്‍ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യവും.

ഒരു മണല്‍ക്കാറ്റിനു ശേഷമെന്നോണം മനസ്സിലെ വരണ്ടയൊരു മരുഭൂ ചിത്രത്തെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു മരുപ്പച്ചയായി മാറ്റുന്നുണ്ട് ഈ വായന. ഓരോ കാഴ്ചയും ഉണര്‍ത്തിയ അനുഭൂതിയും കവിത തുളുമ്പും ഭാഷയിലൂടെ ഗ്രന്ഥ കര്‍ത്താവ് നമുക്ക് പകര്‍ന്ന് തരുന്നു. മറ്റ് യാത്രാ വിവരണങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും അത് തന്നെയാണ്

Friday, June 22, 2012

കാടും ഫോട്ടോഗ്രാഫറും

പുസ്തകം : കാടും ഫോട്ടോഗ്രാഫറും
രചയിതാവ് : എന്‍.എ നസീര്‍

പ്രസാധകര്‍ : കേരള സാഹിത്യ അക്കാദമി

അവലോകനം : സുസ്മേഷ് ചന്ദ്രോത്ത്





വായനയെ ഞാന്‍ ഏറെക്കുറെ തിരിച്ചുപിടിച്ച വര്‍ഷമാണ് 2011. പണ്ട് വായിച്ച് മറന്നതും പുതിയതുമായ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ എന്നെ ഈ വര്‍ഷമുടനീളം കൈ പിടിച്ച് നടത്തി. അതിന്റെ പ്രകാശത്തില്‍ ലോകത്തിന്റെ മുഖം ഞാന്‍ കാണുകയും ചെയ്തു. ഇരുട്ടില്‍ നടക്കുന്നവന്റെ കാല്‍ച്ചുവട്ടിലെ വെളിച്ചമാണല്ലോ പുസ്തകങ്ങള്‍. ഞാന്‍ ജനിക്കുന്നതിനും മുന്പ് രാജന്‍ കാക്കനാടന്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രാവിവരണമാണ് ഈ വര്‍ഷമാദ്യം ഞാന്‍ വീണ്ടും വായിച്ച ഒരു പുസ്തകം.ഇതിനു മുന്പ് രണ്ടോ മൂന്നോ വട്ടം ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യം വായിക്കുന്നത് ഹൈസ്കൂള്‍ കാലത്താണ്. ആയിടയ്ക്കുതന്നെയാണ് അദ്ദേഹത്തിന്റെ നേരമല്ലാത്ത നേരത്തും (നോവല്‍) വായിച്ചത്. പക്ഷേ അതിന്റെ പ്രമേയവും മറ്റും ഇപ്പോള്‍ ഓര്‍മ്മയില്ല. 1975-ല്‍ രാജസ്ഥാന്റെ തെക്കുഭാഗത്തുള്ള ആംബു പര്‍വ്വതത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് രാജന്‍ കാക്കനാടന്‍ കാല്‍നടയായി നടത്തിയ അസാധാരണയാത്രയുടെ അനുഭവങ്ങളാണ് ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകം. ഇപ്പോള്‍ വായിക്കുമ്പോഴും ത്രില്ലടിപ്പിക്കുന്ന അനുഭവം. ജീവിതത്തില്‍ വല്ല പല്ലിയോ തേരട്ടയോ നേരെ വന്നാല്‍പ്പോലും വിരണ്ടുപോകുന്ന നമുക്ക് ദുനിയാവിലെ ഏത് ചെകുത്താന്‍ എതിരെ വന്നാല്‍പ്പോലും 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്നു സധൈര്യം വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന ജീവിതബോധവും സ്ഥൈര്യ ആ പുസ്തകം നമുക്ക് തരും.

പരിണാമവും ഒന്നുകൂടി വായിച്ചു. എം.പി.നാരായണപിള്ള മാജിക്. വായിച്ചു പകുതിയാക്കിയത് വി.ടിയുടെ സമ്പൂര്‍ണ്ണകൃതികള്‍. ആവര്‍ത്തിച്ചും ആസ്വദിച്ചും പഠിച്ചും വായിച്ച മറ്റൊരു പുസ്തകം അഷിതയുടെ കഥകളാണ്. ദൈവമേ,സ്ത്രീയുടെ കണ്ണുകളുടെയും മനസ്സിന്റെയും കരുത്തും മൂര്‍ച്ചയും ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ നമ്മള്‍ അഷിതയുടെ കഥകള്‍ വായിക്കണം. ഉദാഹരണത്തിന്,ഒരു സ്ത്രീയും പറയാത്തത്,കല്ലുവച്ച നുണകള്‍, ഗമകം,അമ്മ എന്നോട് പറഞ്ഞ നുണകള്‍, പത്മനാഭന് ഒരു കഥ, ചതുരംഗം... പെസഹാ തിരുനാള്‍ എന്ന കഥയില്‍ അഷിത എഴുതുന്നു. ''എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനായി ഞാന്‍ കഥ തുടരുകയായി. ഒരു കഥ പറയുക എത്രയോ എളുപ്പം.!''വെറുതെ വായിച്ചാല്‍ സാധാരണ വരികള്‍. ആലോചിച്ചുവായിച്ചാല്‍ ഹൃദയത്തില്‍ ചൂണ്ട മുറുക്കി വലിക്കുന്ന അനുഭവം.

കെ.എ ബീനയുടെ ബ്രഹ്മപുത്രയിലെ വീട് ഈ കൊല്ലമാണ് ഞാന്‍ വായിച്ചത്.നല്ല പുസ്തകം.ഒഴുക്കുള്ള രചന.കഴിഞ്ഞ വര്‍ഷത്തെ എന്‍റെ നാമമാത്രമായ ഭാരതപര്യടനത്തിന്റെ ആവേശത്തിലാണ് കേട്ടോ ഹിമവാന്‍റെ മുകള്‍ത്തട്ടിലും ബ്രഹ്മപുത്രയുമൊക്കെ ഞാന്‍ ഈ കൊല്ലമാദ്യം തന്നെ വായിച്ചത്. ഇനിയും കുറേ പുസ്തകങ്ങള്‍ കൂടി പറയാനുണ്ട്. പക്ഷേ അതൊന്നുമല്ലല്ലോ ഞാന്‍ പറയാന്‍ വരുന്നത്
2011ലെ എന്‍റെ പുസ്തകമേതാണ്..?എന്നെ ചിന്തിപ്പിച്ച, രസിപ്പിച്ച, കണ്ണുനനയിപ്പിച്ച, ആവേശം കൊള്ളിച്ച, ഓര്‍മ്മകളെ തിരിച്ചുവരുത്തിയ, ലക്ഷ്യങ്ങളെ ഓര്‍മ്മിപ്പിച്ച, ഭാഷയെ വിരുന്നൂട്ടിയ, വായനാലഹരിയില്‍ മയക്കം കൊള്ളിച്ച ആ പുസ്തകമേതാണ്?

അത് വളരെ ചെറിയൊരു പുസ്തകമാണ്. എന്‍.എ നസീറിന്റെ കാടും ഫോട്ടോഗ്രാഫറും. കേരള സാഹിത്യ അക്കാദമി 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 136 പേജുകളേയുള്ളൂ. അതില്‍ത്തന്നെ അനവധി പേജുകളിലും വര്‍ണ്ണചിത്രങ്ങളാണ്. ആകെ 20 അധ്യായങ്ങള്‍. അനുബന്ധമായി ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയ ഒരു വനചാരിയുടെ ആത്മകഥ എന്ന നസീറിന്റെ ലഘുജീവചരിത്രവുമുണ്ട്.

ഹോ...അസാധ്യം. അതല്ലാതെ ഒരു വാക്ക്-സാധ്യമാണ് അത്തരം ജീവിതം എന്ന് നസീര്‍ വാക്കുകളാലും ചിത്രങ്ങളാലും തെളിയിച്ചിട്ടും-പറയാനാവുന്നില്ല ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍. ഓരോ അധ്യായവും വായിച്ചശേഷം ഞാന്‍ കുറേ നേരം അന്തം വിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും.
''ഒരുകൂട്ടം കാട്ടാനാകള്‍ നമ്മുടെ അരികിലൂടെ കടന്നുപോയാല്‍ നമ്മള്‍ തിരിച്ചറിയില്ല.പക്ഷേ,ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ എല്ലാ ജീവികളും അതറിയുന്നു.''ഈ വരികള്‍ വായിക്കുമ്പോള്‍ നാം കയറിച്ചെല്ലുന്ന അവസ്ഥയെപ്പറ്റി വിവരിക്കുവാന്‍ എളുപ്പമല്ല. ഒന്നറിയാം.. നമ്മളെത്രയോ നിസ്സാരനാണ് സുഹൃത്തേ..!

നസീറിനൊപ്പം കാട് കയറിയവര്‍ പറഞ്ഞുപോരുന്ന ഒരു ഫലിതത്തെപ്പറ്റി ഗിരീഷ് ഇതിലെഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്. ''കാട് അയാള്‍ക്ക് ഒരു സ്റ്റുഡിയോ ഫ്ലോര്‍ പോലെയാണത്രേ. അവിടെ മൃഗങ്ങള്‍ മനുഷ്യരെപ്പോലെ അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.!'' എന്തുരസമുള്ള പ്രയോഗം.ആലോചിച്ചാലോ നമ്മളെപ്പോലെയുള്ള സാധാരണക്കാരനില്‍ നടുക്കം മാത്രം അവശേഷിപ്പിക്കുന്നതും.

ഈ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കാട്ടില്‍പ്പോണോ,ഫോട്ടോയെടുപ്പ് തുടരണോ, പെയിന്‍റിംഗ് തുടരണോ,യോഗ പഠിക്കണോ,കരാട്ടേ പഠിക്കണോ,വാങ്ങിയ സ്ഥലത്ത് കാട് പിടിപ്പിക്കണോ, സഞ്ചാരിയാവണോ എന്നൊന്നുമല്ല മനസ്സില്‍ വന്നത്. സത്യമായും മനസ്സിലപ്പോള്‍ വന്നത് ഒരിക്കലെങ്കിലും ഒരു മയില്‍ പീലി വിരിക്കുന്നത് കാണാനായെങ്കില്‍, അല്ലെങ്കില്‍ കാട്ടാനക്കൂട്ടം നിറനിലാവില്‍ ആറാടിമദിക്കുന്നത് പരിസരത്തുനിന്ന് കാണാനായെങ്കില്‍, അതുമല്ലെങ്കില്‍ ആകാശസ്പര്‍ശിയായ ഒരു മലമുടിയുടെ മേലെ മഞ്ഞ് അതിന്‍റെ മുഖപടം വലിച്ചിടുന്നത് കാണാനായെങ്കില്‍ എന്നൊക്കെയാണ്.!

അതുകൊണ്ടൊക്കെത്തന്നെ വിസ്മയമാണ് എന്‍.എ നസീര്‍ എഴുതിയ/ ജീവിക്കുന്ന ഈ പുസ്തകം.
രാജവെമ്പാല, കരടി, കടുവ, കലമാന്‍, കാട്ടുപോത്ത്, പുള്ളിപ്പുലി, ആന, മൂങ്ങ, കാട്ടുനായ്ക്കള്‍, സിംഹവാലന്‍ കുരങ്ങ്, തീക്കാക്ക... ഒരു തിരശ്ശീലയിലെന്നപോലെ കഥാപാത്രങ്ങള്‍ അണിനിരക്കുകയാണ്. ലോകത്തിലെ എല്ലാ ഭാഷയിലെയും മികച്ച വാണിജ്യസിനിമാ തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നിരുന്ന് എഴുതിയ പോലത്തെ ത്രില്ലര്‍ സീനുകളാണ് ഓരോ അധ്യായത്തിലും. ചിലപ്പോള്‍ വായനക്കിടയില്‍ രോമം കുത്തനെ നില്‍ക്കും, നമ്മള്‍ ശ്വാസമെടുക്കാന്‍ മറക്കും, ഒരു പുസ്തകവും വായിക്കുമ്പോള്‍ കിട്ടാത്തത്ര തികഞ്ഞ ഏകാന്തതയിലുമാവും. അതാണ് വായനാനുഭവമെങ്കില്‍ അത്തരം യാത്രാനുഭവങ്ങള്‍ എത്രമേല്‍ തീവ്രമായിരിക്കും എന്നാലോചിക്കൂ.
പശുത്തൊഴുത്തില്‍ ചെന്നുനില്‍ക്കുമ്പോള്‍ പശുക്കള്‍ ഉറക്കെ ഉച്ഛ്വസിക്കുന്നത് ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.(അതുപോലും അറിയണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വല്ല ദിക്കിലുമെത്തണം. പിന്നേയ്..,പശുവിന്‍റെ കഴുത്തേല്‍ പിടിക്കാന്‍ ഇപ്പോ നാട്ടിലേക്ക് പോകുവല്ലേ, എന്നാണ് നമ്മളുടെ ചിന്ത.!) പശുക്കളുടെ മൂക്കിലെ നനവിലും നാവിന്‍റെ അരത്തിലും കാതുകളുടെ തരളഭംഗിയിലും താടഞൊറിവുകളുടെ വിലോലതയിലും കണ്ണുകളുടെ ആര്‍ദ്രതയിലും ഞാനങ്ങിനെ
മയങ്ങി നിന്നിട്ടുണ്ട്. പശുവോ പൂച്ചയോ നായയോ എരുമയോ താറാവോ നാട്ടാനയോ-വളര്‍ത്തുമൃഗങ്ങള്‍- ഏതുമാകട്ടെ..എനിക്ക് ഇങ്ങനെയാണ് അനുഭവം. എങ്കില്‍ ഒരു കാട്ടില്‍ പുള്ളിമാനുകളുടെ കൂട്ടത്തെയോ ശലഭങ്ങളെയോ ആനത്താരയിലെ യാത്രക്കാരെയോ നിലാവില്‍ മേയുന്ന കാട്ടുപോത്തുകളുടെ സംഘത്തെയോ അടുത്തറിയുന്ന അനുഭവം എത്ര ആനന്ദകരമായിരിക്കും. അത് എഴുതാന്‍ ഏതു ഭാഷയെ ഉപാസിക്കണം..? ചാര അണ്ണാനെയും കുറിക്കണ്ണന്‍ പുള്ളിനെയും നീലഗിരി മാര്‍ട്ടനെയും കണ്ടെത്താന്‍ കഴിഞ്ഞ അനുഭവങ്ങള് ഈ പുസ്തകത്തില്‍ ‍വിവരിക്കുന്നത് അസാധാരണമായിട്ടാണ്. അതുകൊണ്ടൊക്കെ ഞാനുറപ്പിച്ചു പറയും,ഇതൊരു സര്‍വ്വകാലാശാലയാണ്. കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമാണ്. പരിസ്ഥിതി എന്നാലെന്തെന്ന് നമ്മളെ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ്.

ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി,എന്‍.എ.നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന പുസ്തകം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠപുസ്തകമാക്കണം. അല്ലെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പുസ്തകം സൌജന്യമായോ ന്യായവിലയ്ക്കോ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കാന്‍ ഉത്തരവിടണം. കാരണം കുട്ടികളാണ് ഈ പുസ്തകം ഗ്രഹിക്കേണ്ടത്. അവരാണ് ഇനി പരിസ്ഥിതി സംരക്ഷകരായി വരും നാളെകള്‍ക്ക് തിരിച്ചറിവുകള്‍ പകരേണ്ടത്. ഈ പുസ്തകം വായിക്കുന്ന പത്തില്‍ ഒരു കുട്ടിയെങ്കിലും പ്രകൃതിയിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും ജന്തുജാലപ്രേമത്തിലേക്കും തിരിയുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല. അതാണ് ഈ പുസ്തകത്തിന്‍റെ ശക്തി. ആത്മാവും. നമ്മുടെ മന്ത്രിമാരോട് പറയാമെന്നേയുള്ളു.. നടപ്പാക്കാന്‍ നമുക്ക് അധികാരമില്ലല്ലോ. അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന. കേരള സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 400 രൂപയാണ്. മക്കളിലൊരാള്‍ക്ക് ഒരു ജോഡി ഉടുപ്പ് വാങ്ങുന്ന പണമേ ആവൂ. ഒരു ബുക്ക് വാങ്ങിയാല്‍ വീട്ടിലെ എല്ലാ മക്കള്‍ക്കും ഉപകാരപ്രദമാവുകയും ചെയ്യും. ഭാവിയില്‍ അവര്‍ നിങ്ങളെ ഓര്‍ക്കുന്നത് നിങ്ങള്‍ വാങ്ങിക്കൊടുത്ത പട്ടുടുപ്പിന്‍റെയും ഭക്ഷണത്തിന്‍റെയും സ്മരണയിലായിരിക്കില്ല, അവര്‍ക്ക് വഴികാട്ടിവിട്ട ഒരു പുസ്തകത്തിന്റെ പേരിലായിരിക്കും. അതിനാല്‍ ഈ പുസ്തകമെങ്കിലും വാങ്ങി മക്കള്‍ക്ക് കൊടുക്കുക.

ഞാന്‍ പറയുന്നത് അവിശ്വസനീയമായി തോന്നുവര്‍ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതുവര്‍ഷപ്പതിപ്പ് (2012) വാങ്ങിക്കാം. വായിക്കാം. നസീറിന്‍റെയും ശശി ഗായത്രിയുടെയും ഡോ.അബ്ദുള്ള പാലേരിയുടെയും ചിത്രങ്ങളും എഴുത്തും വായിക്കാം. ചിത്രകാരന്‍ ഷെരീഫിന്‍റെ കാട് കാണാം.
(ഒന്നുകൂടി പറയട്ടെ ഈ മൂവരെയും ഞാന്‍ ഇതുവരെ പരിചയപ്പെടുകയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല. സദാ സംശയാലുക്കളായ മലയാളികള്‍ക്ക് ഞാന്‍ എന്തെങ്കിലും കാര്യലാഭത്തിനായി ഈ പ്രകൃതീസ്നേഹികളുടെയും ആഴ്ചപ്പതിപ്പിന്‍റെയും വക്കാലത്തെടുക്കുകയാണെന്ന് തോന്നിയേക്കാം. അതാണിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത്.) 2011ലെ എന്‍റെ പുസ്തകം ഇതാണ്. ഇതുമാത്രമാണ്.

Monday, June 18, 2012

ബംബം ഹരഹര ബംബം ബോൽ

പുസ്തകം : ബംബം ഹരഹര ബംബം ബോൽ
രചയിതാവ് : സക്കറിയ

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : നിരക്ഷരന്‍



ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ജനകീയമേള. ശിവഭക്തിയിൽ മതിമറന്ന് വിശുദ്ധമുഹൂർത്തത്തിൽ ഗംഗയിലെ ബ്രഹ്മകുണ്ഢിൽ സ്നാനം ചെയ്യാൻ വേണ്ടി, ജീവൻ പോലും നഷ്ടമായേക്കാം എന്നതൊക്കെ വിസ്മരിച്ച് ഹരിദ്വാറിലും അലഹബാദിലും ഉജ്ജയിനിലും നാസിക്കിലുമൊക്കെ 12 കൊല്ലത്തിൽ ഒരിക്കൽ ഒത്തുചേരുന്ന മനുഷ്യസാഗരം. അതാണ് കുംഭമേള.

ശശികുമാറിനും, മാദ്ധ്യമപ്രവർത്തകയായ പ്രേമ ശ്രീദേവിക്കും, സ്വാമിനി വിഷ്ണുപ്രിയയ്ക്കും, ഒപ്പം സഞ്ചാരിയായ ലേഖകൻ (സക്കറിയ) നടത്തിയ കുംഭമേള യാത്രയുടെ വിവരണമാണ് ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ബംബം ഹരഹര ബംബം ബോൽ. (പേജ് 72, വില 65 രൂപ.)

കോടിക്കണക്കിന് ജനങ്ങൾ വന്ന് മറിയുന്ന കുംഭമേളക്കാലം ഹരിദ്വാറിലെ ജനങ്ങളും ഭരണകൂടവും എങ്ങനെ കൈകാര്യം ചെയ്യുന്നു, അതുകൊണ്ട് അവർക്കുണ്ടാകുന്ന മെച്ചങ്ങൾ, വിവിധതരം സന്യാസ ജീവിതങ്ങൾ, ഗംഗാ സ്നാനത്തിനായി സന്യാസിമാരും ഭക്തരും സഹിക്കുന്ന ക്ലേശങ്ങൾ, എന്നതിനെയൊക്കെ ഒരേസമയം ഭക്തിയിലൂടെയും ഒരു സഞ്ചാരിയുടെ കൌതുകത്തോടെയും നോക്കിക്കാണുകയും താരതമ്യേന ചെറുതായ 16 അദ്ധ്യായങ്ങളിലൂടെ പറഞ്ഞുപോകുകയാണ് സക്കറിയ. മേമ്പൊടിക്ക് അദ്ദേഹം തന്നെ എടുത്ത ചിത്രങ്ങളും സുലഭമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാവിവരണ പുസ്തകങ്ങളിൽ അതാത് പേജുകൾക്കും പാരഗ്രാഫിനും ഇടയിൽ എങ്ങനെ വർണ്ണ ചിത്രങ്ങൾ ഉൾപ്പെടുത്താം എന്നതിന്റെ ഉദാഹരണം കൂടെയാണ് ബംബം ഹരഹര ബംബം ബോൽ.

ഹരിദ്വാറിലെത്ര ആശ്രമങ്ങളുണ്ട് ? അതിലെല്ലാം കൂടെ എത്ര സ്വാമിമാരുണ്ട് ? മേലാകെ ചാരം വാരിപ്പൂശി നഗ്നരായി നടക്കുന്ന നാഗയോഗികൾക്ക് വിദേശരാജ്യങ്ങളിലെ നഗ്ന ബീച്ചുകളിൽ കാണുന്ന ശരീരങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണുള്ളത് ? ആത്മീയതയും നഗ്നതയും അതിനുമേൽ പൂശുന്ന ചാരത്തിനുമപ്പുറം മറ്റെന്തൊക്കെയാണ് അവരുടെ ജീവിതരീതികൾ. അവർക്കിടയിലെ വ്യാജന്മാർ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത് ? കഠിനവേദനയുള്ളതും ചിലപ്പോൾ അതിലേറെ അപകടകരവും ആയേക്കാവുന്ന ഒരു ‘ഉടയ്ക്കൽ‘ പ്രക്രിയയുടെ വേദന കടിച്ചമർത്താനും വേണ്ടി എന്താണ് നാഗസന്യാസിമാരുടെ ആത്മീയതയിൽ ഉള്ളത് ? ‘മോക്ഷം‘ കിട്ടി ഗംഗയിലെ ചില പാലങ്ങൾക്ക് കീഴെ അടിഞ്ഞുകിടക്കുന്ന രൂപങ്ങൾ ജീർണ്ണിക്കാത്തതിന്റെ രഹസ്യമെന്താണ് ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു യാത്രയാണ് ഗംഗാതീരത്തുകൂടെ സക്കറിയ നടത്തുന്നത്.

കുംഭമേളയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട് ഗംഗാ സ്നാനത്തിനായി ലേഖകനും കൂട്ടരും സഹിക്കുന്ന ത്യാഗങ്ങൾ ആത്മഹത്യാപരമല്ലേ എന്നുപോലും വായനക്കാരന് തോന്നിയാൽ തെറ്റ് പറയാനാവില്ല. നരച്ച താടിയും മീശയും, കാവി വസ്ത്രങ്ങളും, തലയിൽ കാവിത്തുണി കൊണ്ടുള്ള ഒരു കെട്ടുമായി കുംഭമേളയ്ക്കിറങ്ങിയിരിക്കുന്ന സഹയാത്രികനായ ശശികുമാറിന് ഒരു സർവ്വസംഗപരിത്യാഗിയായ സ്വാമിയുടെ പരിവേഷം കൈവരുന്നതും ഭക്തർ അദ്ദേഹത്തിന് ദക്ഷിണ നൽകുന്നതുമൊക്കെ ഭക്തിയ്ക്കൊപ്പം അൽ‌പ്പം നർമ്മം കൂടെ കലർന്ന ഭാഗങ്ങളാണ്.

ഭക്തി, ഭക്തിമയമാണ് കുംഭമേളക്കാലത്ത് ഗംഗയുടെ പരിസരമെല്ലാം. കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനവും കഴിഞ്ഞ് വന്നപ്പോൾ അദ്ധ്യായങ്ങൾ പലതും ഹര ഹര സ്തുതിയോടെ അവസാനിപ്പിക്കാനേ ലേഖകനും സാധിക്കുന്നുള്ളൂ. പാപങ്ങളെല്ലാം ഏറ്റുവാങ്ങി മലീമസമായിട്ടാണ് ഗംഗ ഒഴുകുന്നതെന്ന്, എല്ലാവരേയും പോലെ ലേഖകനും ബോദ്ധ്യമുള്ളതാണ്. എന്നിരുന്നാലും മടക്കയാത്രയിൽ ഡൽഹിയിലേക്ക് പ്രവേശിക്കുമ്പോൾ, തികഞ്ഞ ഒരു ഭക്തനെപ്പോലെ, ‘പാപനഗരം‘ എന്നാണ് അദ്ദേഹം തലസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. വിശ്വാസം അതാണല്ലോ എല്ലാം ! അന്തമില്ലാത്ത ജീവിത യാത്രയ്ക്കിടയിൽ ആരുടേയും വിശ്വാസങ്ങളെ ധ്വംസിക്കാൻ ലേഖകന് താൽ‌പ്പര്യമില്ലെന്ന് സ്പഷ്ടം.

Thursday, June 14, 2012

ബ്രഹ്മപുത്രയിലെ വീട്

പുസ്തകം : ബ്രഹ്മപുത്രയിലെ വീട്
രചയിതാവ് : കെ.എ.ബീന
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : ഹേമ ഗോപന്‍






ബ്രഹ്മപുത്രയിലെ വീട്. നദികളേറെയും അമ്മമാ രായി കരുതപ്പെട്ടു പോരുന്ന ഭാരതത്തില്‍ പൌരുഷമാ യൊരു വന്യശക്തിയോടെ ഒഴുകുന്ന ബ്രഹ്മപുത്ര. ബാബ യെന്ന് ആദരവോടെ വിളിക്കപ്പെട്ടു പോരുന്ന ഈ നദിയില്ലാതെ അസം അസമാകുന്നില്ല. അതുകൊണ്ടു തന്നെ അ സമിലെ യാത്രാനുഭവത്തിന് (ജീവിതാനുഭവമോ) ഈ പേര് ഏറ്റവും യോജ്യമാകുന്നു. കേവലം യാത്രയില്‍ കണ്ട സ്ഥലങ്ങളുടെ വര്‍ണന യ്ക്കപ്പുറം കഥ പറച്ചിലിന്റെയും ഡയറിയെഴുത്തിന്റെയും ഭംഗിയോടെയാണു ബീനയുടെ രചനാരീതി. ഭാരതത്തിന്റെ കിഴക്കനതിര്‍ത്തിയില്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത അസമിന്റെ മണ്ണും മനുഷ്യരും ജീവിതരീതികളും വസ്ത്രധാരണവും ഉത്സവങ്ങളും ഭക്ഷണവും വി ചിത്രമായ പെരുമാറ്റങ്ങളുള്ള ചിലരും സ്ത്രീജീവിതങ്ങളും പ്രകൃതി യുടെ ഇടപെടലുകളും ഒക്കെ ബീനയിലൂടെ നാം കാണുന്നുണ്ട്. ബ്രഹ്മപുത്ര നഗരത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നേരം.അസമിനെ വെള്ളപ്പൊക്കത്തില്‍ മുക്കുന്ന കാലം. വെള്ളപ്പൊക്കത്തില്‍ എന്ന അ ധ്യായത്തില്‍ പകലിന്റെ ചൂടിനെ ഒാടിച്ച് പാതിരാവിലെത്തുന്ന മഴയുടെ വര്‍ണന. നാട്ടിലെ മഴക്കാലങ്ങളില്‍ നിന്നു വിഭിന്നമായ ആ മഴ നാം നേരിട്ടു കാണുന്നു.

ഈ മഴ ഇതുവരെ കാണാത്ത മഴയാണ്. ഈ മഴപ്പാട്ട് ഇതുവരെ കേള്‍ ക്കാത്ത ആക്രോശമാണ്. രൌദ്രമായമഴ, വന്യമായ മഴ, ക്രൂരതയാര്‍ന്ന മഴ,-ഇത് ഭീകരമായ മഴയാണ്...ഇത് അസമിലെ മഴയാണ്...ഇടക്കിടെ ഗൌരവമുള്ള വിവരങ്ങളും പകരുന്നു .അസമിന്റെ 80 ശതമാനത്തോളം പ്രദേശങ്ങളും വെള്ളപ്പൊക്കമേഖലകളാണ്.ഒാരോ വെള്ളപ്പൊക്കവും ഈ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്നു എന്നതാണു സത്യം. ല്യൂതാക് ബേതിബോ കോനോ?ല്യൂയിതിനെ(ബ്രഹ്മപുത്രയെ) ആരാണു മെരുക്കുക. ബ്രഹ്മപുത്രയെ തളച്ച് വൈദ്യുതോത്പാദനം നടത്താനുള്ള വിവിധ കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ തുടങ്ങി ബ്രഹ് പുത്രയെപ്പറ്റി നല്ല ഗവേഷണം നടത്തിത്തന്നെ വിവരങ്ങള്‍ പകര്‍ന്നിട്ടു ണ്ട് .വെള്ളപ്പൊക്കത്തെപ്പറ്റി പറയുമ്പോള്‍ പോലും അയല്‍വാസികളായ വൃദ്ധദമ്പതികളെക്കുറിച്ചൊരു കഥ ചേര്‍ത്ത് വായന രസകരമാക്കിയിട്ടുണ്ട്. ഡ്രയിനേജ് കുഴികളില്‍ പതിയിരിക്കുന്ന അപകടവും മഴക്കാലങ്ങളില്‍ അസംകാരുടെ പേടിസ്വപ്നമാണ്. ഉപമണിയെന്ന വീട്ടമ്മയുടെ ദാരു ണാന്ത്യവും തുറന്നുകിടക്കുന്ന മാന്‍ഹോളുകള്‍ക്കും ഡ്രയിനേജ് കുഴി കള്‍ക്കുമെതിരെ അലടയിച്ച ജനരോഷവും വിഷയമാകുന്നു ഒലിച്ചു പോകുന്നവര്‍ എന്ന അധ്യായത്തില്‍.വായന തുടരുമ്പോള്‍ അറിയു ക.നമ്മുടെ നാട്ടിലേതുപോലെതന്നെ അവിടെയും. ദുരന്തമുണ്ടാകുമ്പോള്‍ കുറച്ചുകാലത്തേക്കു കാട്ടുന്ന ഒച്ചപ്പാടിനപ്പുറം പ്രശ്നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ല . അവിടെ അസമിലും.ടണ്‍കണക്കിനു പാക്കും വെറ്റിലയും ചവച്ചുതുപ്പി പൊതു സ്ഥലമെല്ലാം വൃത്തികേടാക്കിയിടുന്ന, വാനിറ്റിബാഗില്‍ താമോല്‍ചെല്ലവുമായി(നമ്മുടെ മുറുക്കാന്‍ചെല്ലം പോലെ) നടക്കുന്ന ആഷ്പുഷ് വനിതകളുള്ള അസം.മുറുക്കിത്തുപ്പ് തടയാന്‍ പൊതുകെട്ടിടങ്ങളുടെ ഭിത്തിയി ല്‍ ദൈവചിത്രങ്ങളുള്ള ടൈലുകള്‍ പതിപ്പിക്കുന്ന സൂത്രവിദ്യ. നമ്മുടെ നാട്ടില്‍ തെങ്ങെന്ന പോലെ വീട്ടിലൊരു കമുകില്ലെങ്കില്‍ കുറച്ചി ലായി കരുതുന്ന അസംകാരന്‍. താമോല്‍ചെല്ലത്തിന്റെ സൂക്ഷ്മവര്‍ണന പോലും നല്‍കുന്നുണ്ട് ബീന. തളിര്‍വെറ്റില തിന്നുന്ന മലയാളിക്കു പകരം മുറ്റിയ വെറ്റില തിന്നുന്ന അസംകാരന്‍.ഉത്സവം,ആഘോഷമെന്നൊക്കെ ചോദിച്ചാല്‍ അസമിന്റെ നിഘണ്ടു പകരം വയ്ക്കുന്ന വാക്കാണ് ബിഹു. അസമിന്റെ ജീവിതതാളമാണ് ബിഹു. കാലവും മനുഷ്യനും ചലിക്കുന്നത് ബിഹുവിന്റെ ചക്രത്തിലാ ണ്. ജനുവരിയില്‍ മാഘബിഹു, ഏപ്രിലില്‍ റൊംഗാലി ബിഹു, ഒക്ടോ ബറില്‍ കാത്തി ബിഹു. ഏറ്റവും പ്രധാനം നമ്മുടെ വിഷുദിവസം ആ ഘോഷിക്കുന്ന റൊംഗാലിബിഹു. നൃത്തവും സംഗീതവും എല്ലാം ബി ഹുവിനു വേണ്ടിയുള്ളത്. മടുക്കുവോളം തിന്നാനും കുടിക്കാനുമുള്ള ബിഹു. ആഴ്ചകള്‍ക്കു മുമ്പേ പലഹാരങ്ങള്‍ തയാറാക്കിവയ്ക്കുന്ന സ്ത്രീകള്‍. അങ്ങനെയങ്ങനെ ബിഹു വര്‍ണനയും അതില്‍ പങ്കെടു ത്തതിന്റെ മറക്കാനാകാത്ത ഒാര്‍മകളും.മാഘബിഹു തിന്നുതിന്ന് വയറിന് അസുഖം പിടിക്കാനുള്ള ദിവസമാ ണ്. അസുഖം വന്നില്ലെങ്കില്‍ നാണക്കേടാണ്. നിങ്ങള്‍ നിറയെ ഭക്ഷണം കഴിച്ചില്ലെന്നാണ് അതിനര്‍ഥം-തിന്നൂ, വീണ്ടും വീണ്ടും തിന്നൂ. പിറ്റേന്ന് വയറുവയ്യാതായി കഷ്ടപ്പെടുമ്പോള്‍ അടുത്ത ബിഹുവിന് ഇവിടെ നില്‍ക്കില്ല .നാട്ടില്‍ പോകുമെന്നു പ്രഖ്യാപിച്ച അപ്പു. ഇങ്ങനെ ബീനയും കുടുംബവും മറ്റു പരിചയക്കാരും കടന്നുവന്ന് വായനയ്ക്കു രസം പകരുന്നുണ്ട്.പൂജകളുടെ ദിനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ശര ത്ക്കാലം .സെപ്റ്റംബര്‍ 17നു വിശ്വകര്‍മാവിനെ പൂജിച്ചുകൊണ്ടാരംഭിക്കുന്ന പൂജാ സീസണ്‍.ആയുധപൂജയും ലക്ഷ്മീ പൂജയും സരസ്വതീപൂജയുമൊക്കെ വേറിട്ടാഘോഷിക്കുന്ന അസം. ഒാണമെന്ന വികാരവും അയ്യപ്പനും ഒരുമിപ്പിച്ചു നിറുത്തുന്ന മലയാളി സമൂഹം. നാട്ടില്‍ നിന്നു പാചകക്കാരെ വരുത്തി ഒാണസദ്യ ഒരുക്കുന്ന,കലാകാരന്മാരെകൊണ്ടുവന്ന് പരിപാടികള്‍ ഒരുക്കുന്ന മലയാളികള്‍. നാലുദിവസത്തിന്റെ അകലത്തു താമസിക്കുമ്പോഴും നാടിന്റെ ഓര്‍മകള്‍ ചേര്‍ത്തുപിടിക്കുന്ന മറുനാടന്‍ മലയാളി. മറുനാട്ടിലേക്കോ പ്രവാ സഭൂമികയിലേക്കോ പോകുമ്പോള്‍ ഗൃഹാതുരത്വം പൊതിഞ്ഞു കെട്ടി കൂടെക്കരുതുന്ന മലയാളിക്കു മാറാനാവില്ല അസമിലും.അതാണു ബീനയും പറയുന്നത്. ഗുവാഹത്തിയിലെത്തിയാല്‍ കാണാതെ മടങ്ങാന്‍ അനുവദിക്കാത്ത ശക്തിസ്വരൂപിണിയായ കാമാഖ്യ ദേവി.കാണാതെ മടങ്ങിയാല്‍ കാരണമുണ്ടാക്കി മടക്കി വിളിക്കുന്ന ദേവി.ഇവിടെ ദര്‍ശനം നടത്തിയാല്‍ പൂര്‍വജന്മപാപങ്ങള്‍ പോലും ഇല്ലാതാകുമത്രേ.വലിയ വലിയ നോട്ടു കള്‍ നല്‍കി കിട്ടുന്ന അനുഗ്രഹത്തിന്റ അളവുകൂട്ടാന്‍ പറഞ്ഞ പൂജാ രിയും വിഗ്രഹത്തിനു സമീപം കണ്ട ബലിയര്‍പ്പിച്ച ആട്ടിന്‍തലയും ഒ ഴുകുന്ന രക്തവും ഞെട്ടലായതും എല്ലാം പറയുന്നുണ്ട് ബീന. ബംഗാളി കുലവധുക്കളുടെ യഥാര്‍ഥ ജീവിതം പറഞ്ഞ് ബീനയെ വേദനിപ്പിച്ച മൈത്രേയിക്കും പുസ്തകത്തില്‍ ഇടം നല്‍കിയിരിക്കുന്നു. ബംഗാളി നോവലുകളിലും സിനിമകളിലും നാം കണ്ടു പരിചയിച്ച കുലീനയായ, സുന്ദരിയായ, ആഡ്യത്വം തുളുമ്പുന്ന ബംഗാളികുലവധു നേര്‍ജീവിതത്തില്‍ മൈത്രേയിയായി വന്നു സത്യം വിളിച്ചു പറയുകയാണ് ബീനയുടെ വാക്കുകളിലൂടെ. വീട്ടുജോലിക്കാരിക്കു തുല്യമായ അവളുടെ ജീവിതം വരച്ചിടുന്നു. മീനില്ലാതെ ജീവിക്കാന്‍ വയ്യാത്ത ശരാശരി ബംഗാളികള്‍ക്കിടയില്‍ മീന്‍മുള്ളു പോലും കിട്ടാന്‍ ഭാഗ്യമില്ലാ ത്ത കുലവധുക്കള്‍! രാവിലെ വീട്ടുജോലിക്കായി എത്തി എട്ടുവീടുകളിലെ പണി തീര്‍ത്ത് കുളിച്ചൊരുങ്ങി ഫാഷന്‍കാരി ലേഡിയായി വൈകിട്ട് സന്ദര്‍ശനത്തി നെത്തുന്ന മമത.മമതാബാനര്‍ജി യെന്നു വിളിക്കുമ്പോള്‍ ഗമയോടെ നടക്കുന്ന മമത. ഒരു നുള്ളു നര്‍മം മെമ്പോടിയായി ചേര്‍ത്ത് ബീന ഒരു അധ്യായം തന്നെ മമതയ്ക്കായി നീക്കി വച്ചിരിക്കുന്നു. വിരുന്നെത്തിയ അടൂര്‍ ഗോപാലകൃഷ്ണനെപ്പറ്റി പറയുമ്പോള്‍ മമതയുടെ മറുപടി കേള്‍ക്കൂ. കാണാന്‍ സുന്ദരനാണ്. എന്നാലും റായിയെപ്പോലെ ഇല്ല. അത്ര വലിയ ആളൊന്നുമാവില്ല. കോഴിയെ അറപ്പുള്ള മീനം മട്ടണും മൃഷ്ടാന്നം തിന്നുന്ന മമത. സാമ്പാറില്‍പ്പാലും കോഴി സാന്നിധ്യം ഇല്ലല്ലോ എന്നു ചോദിച്ചുറപ്പാക്കുന്ന മമത. ബംഗാളിവിധവയ്ക്കു നിഷിദ്ധമായ മീന്‍തല തിന്നുന്ന മമത. താന്‍ മനസ്സുകൊണ്ട് ഭര്‍ത്താവിനെ വിവാഹം കഴിച്ചിരുന്നില്ലെന്നും അതുകൊണ്ട് അയാളുടെ മരണം മൂലം താന്‍ വിധവയായിട്ടില്ലെന്നും മീന്‍തല തനിക്കു തിന്നാമെന്നും ന്യായം പറയുന്ന മമത. കുടിയനായ ഭര്‍ത്താവിന്റെ തല്ലു സഹിച്ചുസഹിച്ചൊരുനാള്‍ തിരികെ അയാളെ തല്ലി മകനെയും കൂട്ടി വീടുവിട്ട മമത. ഇളയമകനെ ഉപേക്ഷി ച്ചുപോരേണ്ടിവന്ന മമത. ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്കു കാരണക്കാ രിയായി മുദ്ര കുത്തപ്പെട്ട ,പിന്നീടൊരിക്കലും നാട്ടിലേക്കു മടങ്ങാ നോ ഇളയ കുഞ്ഞിനെ കാണാനോ കഴിയാത്ത മമത. ഈ പുസ്തക വായ നക്കിടെ മമത നമ്മില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ പലതാണ്. അഭിമാ നവും നൊമ്പരവും ഫെമിനിസത്തെപ്പറ്റി പുതിയൊരു കാഴ്ചപ്പാടു പോലും. പൂവാലന്മാരില്ലാത്ത, പെണ്ണുങ്ങള്‍ക്കു ധൈര്യമായി യാത്ര ചെയ്യാവുന്ന അസം. സ്ത്രീപീഡനവും സ്ത്രീധനവും അപൂര്‍വമായ അസം.ഉപ്പും എരിവും പുളിയുമില്ലാത്ത കടുകെണ്ണയില്‍ തയാറാക്കുന്ന അസ മീസ് രുചികള്‍. പച്ചലാര്‍ഖര്‍ എന്നൊരു വിഭവത്തിന്റെ അതിലളിതമായ പാചകവിധിയും പരീക്ഷിച്ചുനോക്കാനായി ബീന തന്നിട്ടുണ്ട്.ബീഫ് തിന്നുന്നവര്‍ക്ക് വാടകയ്ക്കു വീടു കൊടുക്കാത്ത അസം ജനത. കുട്ട ക്കണക്കിന് ഇലക്കറികള്‍ തിന്നുന്നവര്‍.ഏതിലും ഉരുളക്കിഴങ്ങു ചേര്‍ ത്തുരുചികരമാക്കുന്നവര്‍. തുമ്പയും കുടങ്ങലും ബ്രഹമിയും മത്തനിലയുമൊക്കെ പ്രിയത്തോടെ തിന്നുന്നവര്‍. ബീനയുടെ തുമ്പത്തോരന്‍ തിന്നു വായ കയ്ച്ച വിരു ന്നുകാരി അനിതാതമ്പി. ഗ്രനേഡ് ആക്രമണങ്ങളുടെ ഭീതിയില്‍ ഒരു ക്രിസ്മസ് രാവ്. മറ്റു സംസ്ഥാനക്കാരെ ഇന്ത്യക്കാരായി കണക്കാക്കുന്ന പ്രവണത. അസമീസ് അല്ലാത്തവരെ ജോലിക്കെടുക്കുന്നതിനെതിരായ പ്രക്ഷോഭം. വാജ്പേയിയുടെ സന്ദര്‍ശനവേളയില്‍ പ്രൈം മിനിസ്റ്റര്‍ ഫ്രം അവര്‍ നൈബറിങ് കണ്‍ട്രി വിസിറ്റ്സ് നാഗാലാന്‍ഡ് എന്നു തലക്കെട്ടു കൊടുത്ത നാഗാലാന്‍ഡ് പത്രങ്ങള്‍. അസമിന്റെ സംഗീതമായ ഭൂപന്‍ ഹസാരികയ്ക്കായി ഒരു അധ്യായം. കേരളത്തെ സ്നേഹിക്കുന്ന ഭൂപന്‍ ഹസാരിക. അനേക കഴിവുകളുടെ വിളനിലമായ കലാകാരന്‍. മേഖലയിലെ പ്രശ്നങ്ങളില്‍ സമാധാ നദൂതനായി വര്‍ത്തിക്കുന്ന മഹനീയ സാന്നിധ്യം. ബിഹുവിനു പൂര്‍ ണത നല്‍കുന്ന ഭൂപന്‍ദായുടെ ബിഹുഗാനം. താനൊരു നാടോടിയെ ന്നു പാടിനടക്കുന്ന അസമിന്റെ മാനസപുത്രന്‍. വിപ്ളവത്തിന്റെ ചൂടും ചൂരുമൊക്കെ നഷ്ടപ്പെട്ട് അഴിമതിയിലും അപവാദങ്ങളിലും പരസ്ത്രീ ബന്ധകഥകളിലുമൊക്കെപ്പെട്ട് മുഖം നഷ്ടപ്പെട്ട പ്രഫുല്ലകുമാര്‍ മൊ ഹന്ത. താനുണ്ടാക്കിയ അസം ഗണപരിഷത്തില്‍ നിന്നുതന്നെ ഒഴിവാ ക്കപ്പെട്ട മൊഹന്തയെ കാണാനുള്ള പാഴായ ശ്രമം. കാസിരംഗ,ചിറാപുഞ്ചി,നാഥുലാപാസ്,അരുണാചല്‍പ്രദേശ് യാത്രകള്‍. കാഞ്ചന്‍ജംഗയിലെ സൂര്യോദയം,അസമിലെ ഏറ്റവും വലിയ അ നുഗ്രഹമായി ലഭിച്ച സുഹൃത് സംഘം.വിടവാങ്ങല്‍ വേളയില്‍ എന്നും കണ്ണീരുള്ള ഒരു ഒാര്‍മയായി അസമില്‍ വിട്ടുപോരേണ്ടിവന്ന സുമാരി യെന്ന പെണ്‍കിടാവ്. ബീനയുടെ കണ്ണുകള്‍ കണ്ടതൊന്നും ,കാതുകള്‍ കേട്ടതൊന്നും മറക്കാതെ അവര്‍ നമുക്കായി പകര്‍ത്തി വച്ചുവെന്ന് ഈ പുസ്തകം നമ്മോടു പറയുന്നുണ്ട്.

Sunday, June 10, 2012

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍

പുസ്തകം : യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍
രചയിതാവ് : അബ്ദു ചെറുവാടി

പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്

അവലോകനം :
സുജ (വയല്‍‌പ്പൂവുകള്‍)


യാത്രകള്‍ എന്നും എനിക്ക് ആഹ്ലാദമാണ്‌,ആവേശമാണ് .ഓരോ മധ്യവേനല്‍ അവധികളും സമ്മാനിക്കുന്നത് ഓരോ യാത്രാനുഭവങ്ങള്‍.കാഴ്ചകളുടെ അനുഭവ സമ്പത്ത് മനസ്സില്‍ നിറഞ്ഞ് കിടന്നതല്ലാതെ ഒന്നും ഒരിക്കല്‍പ്പോലും അക്ഷരങ്ങളായി പുസ്തകത്താളില്‍ തെളിഞ്ഞില്ല. 2011 ഏപ്രില്‍ അവധിക്കാലം ഞാനുമായി പങ്കിട്ട കശ്മീര്‍ യാത്രയുടെ അനുഭവങ്ങള്‍ മനസ്സ് കവിഞ്ഞൊഴുകിയ വേളയിലാണ് "മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ "എന്ന പേരില്‍ ആ അനുഭവങ്ങള്‍ "വയല്‍പൂവുകള്‍ "എന്ന എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങിയത് .ഒരു പക്ഷെ ശ്രീ എസ്സ്.കെ പൊറ്റക്കാടിന്‍റെ "കാശ്മീര്‍ ഒരു രാജവാഴ്ചയില്‍ "എന്ന വിവരണത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനം ആകാം അങ്ങനെ ഒരു സാഹസം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.കാശ്മീര്‍ യാത്രകള്‍ ആ നാളുകളില്‍ നന്നേ ബ്ലോഗുകളില്‍ കുറവായിരുന്നതുകൊണ്ടും, വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടും ഒരു പരമ്പര എന്നോണം ആ യാത്ര ബ്ലോഗില്‍ തുടര്‍ന്നു.


ഈ വിവരണത്തിന്‍റെ രണ്ടാം ഭാഗം പോസ്റ്റ്‌ ചെയ്ത നാളുകളില്‍ അവിചാരിതം എന്നോണം "നൂറാനുന്‍"എന്ന കാശ്മീര്‍ ബന്ധമുള്ള ഒരു ആര്‍ട്ടിക്കിള്‍ വായിക്കുവാനിടയായി."യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന യാത്രാ വിവരണത്തിലെ ഒരു ഭാഗമായിരുന്നു അത്. എഴുതിയത് ചരിത്ര സ്മ്രിതികള്‍ ഉറങ്ങുന്ന ചെറുവാടി എന്ന ദേശത്തിലെ ശ്രീ അബ്ദു ചെറുവാടി എന്ന സാഹിത്യകാരന്‍. കാശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരനുഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ആ ലേഖനം മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.ബ്ലോഗില്‍ സജീവ സാനിധ്യമുള്ള ശ്രീ മന്‍സൂര്‍ ചെറുവാടി ( ശ്രീ അബ്ദു ചെറുവാടിയുടെ മകന്‍) യുടെ "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗില്‍ വന്ന ഒരു വിവരണത്തില്‍ നിന്നുമാണ് "നൂറാനുന്‍"എന്ന ലേഖനം എഴുതിയ ആ പ്രിയ എഴുത്തുകാരന്‍ ഇന്ന് നമ്മോടൊപ്പം ഇല്ല എന്ന ദുഃഖ സത്യം ഞാന്‍ അറിയുന്നത് .




ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ "പൂര്‍ണ പബ്ളിക്കേഷന്‍ "പുറത്തിറക്കിയ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന ഗ്രന്ഥം എനിക്ക് സ്വന്തമായി.കേവലം എട്ട് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ പുസ്തകമാണ് അതെങ്കിലും പതിറ്റാണ്ടുകള്‍ നെഞ്ചേറ്റുന്ന പല നൊമ്പരങ്ങളും അതില്‍ നിറഞ്ഞ് നിന്നിരുന്നു.

"പ്രിയപ്പെട്ട ഉപ്പക്കും,വാത്സല്യം ചൊരിഞ്ഞ ഉമ്മക്കും"സമര്‍പ്പണമായി തുടങ്ങുന്ന പുസ്തകത്തിലെ ഓരോ വരികളും അത്യധികം ആകാംഷയോടെ ഞാന്‍ വായിച്ചു തീര്‍ത്തു. ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സക്കറിയ തന്നെ പറയുന്നു "അബ്ദു ചെറുവാടി നമുക്ക് ഇവിടെ നല്‍കുന്നത് ഒരു യാത്രയുടെ വിവരണമല്ല,പല യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളുടെ കഥകളാണ്" എന്ന്. വായനയിലെ ഓരോ സന്ദര്‍ഭങ്ങളിലും മിക്ക ലേഖനങ്ങളും അനുഭവങ്ങളില്‍ ചാലിച്ച ഓരോ കഥ തന്നെയോ എന്ന് എനിക്കും തോന്നി.അത്ര മനോഹരമായി മനുഷ്യബന്ധങ്ങളുടെ ഓരോ കണ്ണികളും കൂട്ടി ചേര്‍ത്തിരിക്കുന്നു ഓരോന്നിലും .


ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിശ ,ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍ ,തല്‍ത്തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി,അഗൂഷിയും സുറാത്തിനയും,രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയതൊന്തിരവ് ,ദില്ലിയിലെ കാളരാത്രി,അജ്മീറിലെ ഒരു വെളിപാട്,നൂറാനൂന്‍ ഇവയാണ് എട്ട് ലേഖനങ്ങള്‍ .ഏകദേശം 39 പേജുകളില്‍ അക്ഷരങ്ങള്‍ കൊണ്ടു ഹൃദയങ്ങള്‍ വരച്ചിട്ട ആ മഹാമനസ്സിനെ നമിക്കുന്നു. ചരിത്രവും,ബന്ധങ്ങളും,വേദനയും ,നൊമ്പരങ്ങളും ,കൊച്ചു സന്തോഷങ്ങളും വാക്കുകളില്‍ കലര്‍ത്തി ഒരു മായിക ലോകം തന്നെ വായനക്കാരില്‍ സൃഷ്ട്ടിക്കുവാന്‍ ഓരോ ലേഖനത്തിനും കഴിഞ്ഞിട്ടുണ്ട്.ഇതില്‍ മിക്കവയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുന്‍പ് ലേഖനമായി വന്നിട്ടുളളവയായിരുന്നു.


1982 സെപ്റ്റംബറിലെ ഒരു കാശ്മീര്‍ യാത്രയില്‍പരിചയപ്പെടുന്ന പോര്ച്ചുഗീസ്സുകാരിയായ ഗവേഷണ വിദ്യാര്‍ഥി അപ്രതീക്ഷിതമായി "നിങ്ങള്‍ക്ക് ഐഷയെ പരിചയമുണ്ടോ "എന്ന് ചോദിച്ച ചോദ്യത്തിന്‌ വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയാതെ അതിന്‍റെ പൊരുള്‍ തേടിയുള്ള മനസ്സിന്‍റെ വിഹ്വലതകളാ ണ് "ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിശ " എന്ന ലേഖനം പറയുന്നത് . പോച്ചുഗീസ്സുകാര്‍ മലബാര്‍ തീരത്ത് അധിനിവേശം നടത്തുന്ന കാലത്ത് വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നതായി പറയുന്ന "ആയിഷ"എന്ന യുവതി സത്യാമോ മിഥ്യയൊ എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉത്തരം കിട്ടുവാന്‍ ലേഖകന്‍ ചരിത്ര ഗവേഷകര്‍ക്ക്‌ മുന്‍പില്‍ അപേക്ഷിക്കുമ്പോള്‍ പോര്‍ച്ചുഗീസ്സു നാവികരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ കടലിലേക്ക്‌ എറിയപ്പെട്ട "ഐഷയും " ആ മൃഗീയ വിനോദത്തെ എതിര്‍ത്തതിന്‍റെ പേരില്‍ പോര്ച്ചുഗീസ്സു സൈന്യം രാജ്യദ്രോഹക്കുറ്റം ചുമത്തി ലിസ്ബണ്‍ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ച ആ അജ്ഞാത നാവികനും അദ്ദേഹത്തിന്റെ "ആയിശ"എന്ന വിലാപകാവ്യവും മനസ്സില്‍ നൊമ്പരമാകുന്നു.


ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടു പോയ അമ്മാവനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഭാഗമാണ് "ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍" . റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ്‌ കൌണ്ടറില്‍ വെച്ച് കണ്ടിട്ടും തന്നോട് യാതൊരു പരിചയവും കാണിക്കാതെ പോയ,അമ്മാവന്റെ രൂപ സാദ്രിശ്യം തോന്നിയ ആ ഖദര്‍ സൂട്ടുകാരനോട് ഒരു വാക്കുപോലും മിണ്ടുവാന്‍ കഴിയാതെ പോയതിലുള്ള നഷ്ട്ടബോധം പിന്നീടുള്ള യാത്രയില്‍ അദ്ദേഹം വേദനയോടെ വീണ്ടും ഓര്‍ക്കുന്നു.

രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചൂളം വിളിച്ച് കടന്നു പോകുന്ന ജോധ്പൂര്‍ എക്സസ് പ്രസ്സില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോള്‍ ലേഖകന്‍റെ തപ്തമായ മനസ്സിനോടൊപ്പം വായനക്കാരന്‍റെ മനസ്സും "ആഗ്ര കന്റോന്‍ മെന്‍ന്റ്റ് സ്റ്റേഷനിലെ അലഹബാദ് കൌണ്ടറില്‍ ചുറ്റിത്തിരിയുന്നു" . പിന്നീട് വളരെ നാളുകള്‍ക്ക്‌ ശേഷം വീണ്ടുമൊരു യാത്രാ വേളയിലെ അവരുടെ പുനസമാഗമം കഥാപാത്രങ്ങളില്‍ എന്നപോലെ വായനക്കാരിലും അവാച്യമായ ഒരു തരം അനുഭൂതി ഉളവാകുന്നു.

മുഗള്‍ രാജ ഭരണത്തിന്‍റെ അവസാനത്തെ കണ്ണി തേടിയുള്ള ഒരു യാത്രയാണ് "തല്‍തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി". വായനയില്‍ എന്‍റെ മനസ്സിനെ ഏറ്റവും ഉലച്ചതും ഈ ലേഖനം ആയിരുന്നു. നാനൂറ്റി എണ്‍പത് കൊല്ലം ഇന്ത്യ ഭരിച്ച ഒരു രാജവംശത്തിന്റെ അവസാന കണ്ണികള്‍ പശ്ചിമ ബംഗാളിലെഹൗറ ചേരിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നു എന്നത് എനിക്ക് ആ വായനയില്‍ കിട്ടിയ പുതിയ അറിവ് . മുഗള്‍ സുന്ദരി നൂര്‍ജഹാന്‍ വിശ്രമിച്ചിരുന്ന നിശാത് , ഷാലിമാര്‍ ഉദ്യാനങ്ങള്‍ കാശ്മീര്‍ യാത്രയിലെ ഓര്‍മ്മയില്‍ പൂക്കള്‍ നിറച്ചുനില്‍ക്കുമ്പോള്‍ അതിന്റെ പിന്‍മുറക്കാരിയായ ഒരു ബീഗം വൃത്തിഹീനമായ ഒരു ചേരിയില്‍ വസിക്കുന്നു എന്നത് എന്റെ മനസ്സിന്‌ വിശ്വസിക്കാന്‍ കഴിയാത്ത മറ്റൊരു സമസ്യയായി മാറി .ലേഖകന്‍ തന്‍റെ ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ "ചേരിയിലെ മുഗള്‍ കൊട്ടാരത്തില്‍" നിന്നും തിരികെ വരുന്ന വേളയില്‍ മാര്‍ക്കെറ്റിലെ അഴുക്കുചാലുകള്‍ക്കിടയില്‍ മത്സ്യവില്‍പ്പനക്കാരന്‍റെ അരികില്‍ നില്‍ക്കുന്ന പതിനഞ്ചുകാരനെ ചേര്‍ത്ത് പിടിച്ച്‌ "ഇതാണ് ഹിസ്‌ ഹൈനെസ്സ് മുസാഫിര്‍ കമാല്‍ ഹുസൈന്‍ ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "എന്ന് നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ ഒരു കാലഘട്ടത്തിന്‍റെ പ്രതാപങ്ങള്‍ എല്ലാം മനസ്സില്‍ ഒരുനിമിഷം കൊണ്ടു നിറഞ്ഞ് വിങ്ങി കണ്ണുകള്‍ നിറയ്ക്കുന്നു.


ഹജ്ജു നാളുകളില്‍ കണ്ടു മുട്ടുന്ന ഇന്ത്യനേഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ്‌ "അഗൂഷിയും, സുറാത്തിനയും". ഹജ്ജുതീര്‍ഥാടനനാളുകളില്‍ കണ്ടുമുട്ടുന്ന ഈ വിദ്യാര്‍ത്ഥിദമ്പതികളുമായി ഗ്രന്ഥ കര്‍ത്താവിന് തോന്നുന്ന ആത്മബന്ധമാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.ദിസങ്ങളുടെ ഇടവേളയില്‍ ആ വിദ്യാര്‍ത്ഥിദമ്പതികളെ കാണുവാന്‍ കഴിയാതെ വരുമ്പോള്‍ , മിനാദുരന്തത്തില്‍പ്പെട്ടവരുടെ പട്ടികയില്‍ അവരെ തിരയുവാന്‍ പോകുന്ന ലേഖകനെ പ്രിയ പത്നി സ്വാന്തന പൂര്‍വ്വം വിലക്കുന്ന രംഗം വായനക്കാരനെ പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തി ന്‍റെയും പുതിയൊരു തുരുത്തില്‍ എത്തിക്കുന്നു .

'നാളെ രാവിലെ ഇന്ത്യനേഷ്യന്‍ ഹജ്ജ്ജു മിഷനില്‍ ഒന്ന് പോയി നോക്കാം .മിന ദുരന്തത്തില്‍ പെട്ടവരുടെ പട്ടിക അവിടെ കാണുമല്ലോ .പെട്ടെന്നവള്‍ എന്‍റെ കൈ പിടിച്ചു "പോകരുത് ,ഒരിക്കലും അവിടെ പോകണ്ടാ ,മരണചീട്ടു പരതുകയും വേണ്ട.അഗൂഷിയും സുറാ ത്തിനയും ജീവിച്ചിരിക്കട്ടെ ,നമുക്കവരെ കാണാന്‍ പറ്റിയില്ലെങ്കിലും !പത്താം തിയതി തന്നെ പസഫിക്കിന് മീതെ പറന്ന്ജക്കാര്‍ത്തയില്‍ ഇറങ്ങട്ടെ.നമ്മുടെ ഖുബൈസ്സിനെപ്പോലെ ഒരു ഖുബൈസ്സു അവര്‍ക്കും പിറക്കട്ടെ !"
അവളുടെ തൊണ്ട ഇടറിയോ ?.'ബാബുന്നവ ' യുടെ മാര്‍ബിള്‍ പടികളില്‍ രണ്ടിറ്റു കണ്ണുനീര്‍ വീണു എന്നുറപ്പ് '


ജബല്‍ ഖുബൈസ്സിനു മുകളില്‍ "രണ്ട് നക്ഷത്രങ്ങള്‍ തിളങ്ങി" നില്‍ക്കുമ്പോള്‍ മക്കയുടെ പുണ്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വായനാനുഭവം കൂടി നമുക്ക് കിട്ടുന്നു.


ചില വെളിപാടുകള്‍ ദൈവ നിശ്ചയമെന്നു സൂചിപ്പിക്കുന്ന ഒരനുഭവക്കുറിപ്പാ ണ് "അജ്മീറിലെ ഒരു വെളിപാട്".ഖ്വാജാ മൊയ്നുദീന്‍ ചിശ്തിയുടെ ദല്ലാളന്മാരുടെ കടന്നാക്രമണം ,ലേഖകന്‍ പറയുന്നത് പോലെ ഇന്നും ഈ അടുത്തനാളിലും ഉണ്ടെന്നുള്ളത് അനുഭവസ്ഥയായ ഞാനും സമ്മതിക്കുന്ന മറ്റൊരു സത്യം.

"രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയ തോന്തിരവ് ,ദില്ലിയിലെ കാളരാത്രി," ദില്ലി യാത്രയുടെ സ്മരണകള്‍ ഉള്‍ക്കൊണ്ടു എഴുതിയവയാണ്.

കശ്മീരിലെ യാത്രയില്‍ ആദിത്യമരുളിയ റസൂല്‍ ഭായിയുടെയും മകള്‍ നൂറാനൂനിന്‍റെയും ഓര്‍മകളാണ് "നൂറാനൂന്‍ " എന്ന എട്ടാമത്തെ ലേഖനം .

1982 കളിലെ യാത്രയില്‍ കാശ്മീരില്‍ ലേഖകന്‍ കണ്ട അതേ പ്രകൃതി ഭംഗികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് അതേ അളവില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത്‌ മറ്റൊരത്ഭുതം. ഗ്രന്ഥകാരന്‍റെ കാശ്മീര്‍ സന്ദര്‍ശന വേളയില്‍ തികച്ചും ആകസ്മികമായി കാശ്മീര്‍ സിംഹം ഷേക്ക്‌ അബ്ദു ളള മരണപ്പെടുന്നതും അതിനെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ,യാത്രകള്‍ ബുദ്ധി മുട്ടില്‍ ആക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീര്‍സന്ദര്‍ശിച്ച എനിക്കും സമാനമായ ചില അനുഭവങ്ങള്‍ ഉണ്ടായതും തികച്ചും യാദ്രിശ്ചികം .റസൂല്‍ ഫായിയും ,നൂറാനൂനും വെച്ചു വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചില വരികള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ കാശ്മീരില്‍ എന്നെ അകമഴിഞ്ഞ് സ്വീകരിച്ച ഫയാസ്സ് ഭായിയും,നഗീനും,മക്കളും.
"നൂറാനുന്‍" മനസ്സില്‍ മറ്റൊരു നോവായി പടരുന്നത്‌ ലേഖനത്തിന്‍റെ അവസാന ഭാഗത്ത്‌ വളരെ ഹൃദയ സ്പര്‍ശിയായി പറയുന്നുണ്ട്


ഒരുകാലത്ത് സാഹിത്യത്തില്‍ സജീവ സാനിധ്യമായിരുന്ന ശ്രീ അബ്ദു ചെറുവാടി ഇന്ന് നമ്മോടൊപ്പം ഇല്ല.
35 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം പ്രധാനാദ്ധ്യാപകനായി വിരമിക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന അനേകം ശിഷ്യ സമ്പത്തിന്‌ ഉടമയായിരുന്നു അദ്ദേഹം."അറിയപ്പെടുന്ന ചരിത്രകാരന്‍ ,ഫ്രീ ലാന്‍സ്സ് ജേര്‍ണലിസ്റ്റ് ,എന്നും യാത്രകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന അന്വേഷി ,സ്നേഹസമ്പന്നനായ ഒരു അദ്ധ്യാപകന്‍,അതിനെല്ലാം ഉപരി വാത്സല്യ നിധിയായ ഒരു പിതാവ് ,സ്നേഹമയനായ ഒരു ഭര്‍ത്താവ് അങ്ങനെ അനേകം വ്യക്തിത്വത്തിന്‍റെ ഉടമആയിരുന്നു ശ്രീ അബ്ദു ചെറുവാടി. പലവട്ടം ആത്മമിത്രങ്ങള്‍ ആവശ്യപ്പെട്ടത്തും ,നൂറില്‍പരം സഞ്ചാര ലേഖനങ്ങള്‍ എഴുതിയ അദ്ദേഹത്തിന് എല്ലാം ചേര്‍ത്ത് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട് .പിന്നീടൊരിക്കല്‍ പ്രിയ സുഹൃത്ത് ശ്രീ സക്കറിയ കൊടുത്ത പ്രോത്സാഹനം കൂടിയാണ് ആണ്‌ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്നത് ഒരു പുസ്തകമാകുവാന്‍ കാരണം.

ഒരു നല്ല യാത്രികന്‍റെ നിരീക്ഷണ പാടവം ഈ യാത്രാ വിവരണത്തിന്‍റെ ഓരോ ഭാഗങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും.കശ്മീര്‍,അജ്മീര്‍ ,ഡല്‍ഹി,കൊല്‍ക്കൊത്ത .... തുടങ്ങി മക്ക,മദീന വരെ ലേഖനത്തില്‍ സൂചിപ്പിക്കുന്ന ഓരോ സ്ഥലങ്ങളിലും നമ്മെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ഒരു മാസ്മര ശക്തി ഇതിലെ വരികള്‍ക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ചെറുവാടി ദേശത്ത് നിന്ന് എഴുത്തിന്‍റെ ലോകത്ത് അദ്ദേഹത്തിന്‍റെ പാത പിന്‍ തുടരുവാന്‍ അദ്ദേഹത്തിന്‍റെ മകനായ മന്‍സൂര്‍ ചെറുവാടിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് എന്നത് ചെറുവാടിയുടെ "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗ്‌ വെളിപ്പെടുത്തുന്നു.

വായനയുടെയും ,എഴുത്തിന്‍റെയും ,യാത്രയുടെയും ലോകത്ത് ജീവിക്കുവാന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന എന്‍റെ പ്രിയ സുഹൃത്തുകള്‍ക്ക് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ശ്രീ അബ്ദു ചെറുവാടി എന്ന ആരാധ്യനായ സാഹിത്യകാരന്‍റെ രചനകള്‍ വളരെ ഏറെ പ്രയോജനപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.


ഓര്‍മ്മകളുടെ മഞ്ചലില്‍ യാത്രയായ ആ പ്രതിഭാധനന്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്‍റെ അപ്രകാശിതമായ "സുറുമി ടീച്ചറും കുട്ടികളും "എന്ന ബാലസാഹിത്യത്തിന്‍റെ മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതി

".......ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. എന്ത് ചെയ്യാന്‍. സുറുമി ടീച്ചറും കുട്ടികളും കോഴിക്കോട് നഗരം ചുറ്റിയപ്പോഴെക്കും ഞാന്‍ കാലിടറി തളര്‍ന്നു വീണുപോയല്ലോ ദൈവക്രിപയില്‍ മാത്രം പ്രതീക്ഷയുള്ള അഗാധ പതനം .എന്‍റെ പ്രിയ വായനക്കാരെ സ്നേഹധാരയില്‍ വീര്‍പ്പുമുട്ടിച്ച സുഹൃത്തുക്കളെ എല്ലാവര്‍ക്കും ഹൃദയം തുളുമ്പി തൂവുന്ന നന്ദി......"




ഗ്രന്ഥകര്‍ത്താവിന്റെ കൃതികള്‍ :

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍
വാഗണ്‍ ട്രാജഡി
പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍
ഹുമയൂണ്‍ ഒളിച്ചോടുന്നു.
ബാബറിന്‍റെ സാഹസങ്ങള്‍
ഷാജഹാന്‍റെ യും മുംതസിന്‍റെ യും കഥ
ഔറംഗസീബിന്‍റെ രണ്ട് മുഖം
അക്ഷരം അറിയാത്ത അക്ബര്‍
ജഹാംഗീറും കൂടെ നൂര്‍ജഹാനും
അക്കാദമിക് ഗ്രന്ഥങ്ങള്‍ ,ബാലസാഹിത്യങ്ങള്‍.
കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം

Wednesday, June 6, 2012

ഹൈമവതഭൂവില്‍

പുസ്തകം : ഹൈമവതഭൂവില്‍
രചയിതാവ് : എം.പി.വീരേന്ദ്രകുമാര്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : വിനീത് നായര്‍


Since we cannot change reality, let us change the eyes which see reality'-Nikos Kazantzakis

ഞ്ചാരസാഹിത്യത്തിന് വിവിധമുഖങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിക്കലും മലയാളത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹിത്യശാഖ എക്കാലത്തും ഒരേ പാതയിലൂടെ തന്നെയായിരുന്നു കേരളത്തില്‍ സഞ്ചരിച്ചിരുന്നത്. പൊറ്റെക്കാട് എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചുവോ അതില്‍ നിന്ന് ഏറെയൊന്നും മുന്നേറി വരാന്‍ അതിന് സാധിച്ചിട്ടില്ല. ഈ രംഗത്ത് നൂതനത്വത്തിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളോ, പരീക്ഷണങ്ങളോ നടക്കാതിരുന്നതും ഈ ശാഖയെ ഒരു നിര്‍ജ്ജീവമേഖലയാക്കി മാറ്റി. ഈ ഒരു സന്ദര്‍ഭത്തിലാണ് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥം ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും, ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയമാവുന്നത്. അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു ഹിമാലയന്‍ സഞ്ചാരാനുഭവവിവരണം നല്‍കുന്ന ഈ ഗ്രന്ഥം ഭാവിയില്‍ ഒരു കാലസൂചകമായി മാറിയേക്കാം. കാഴ്ചപ്പാടുകളില്‍ ഉടലെടുക്കുന്ന വിദൂരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നുവരുമെങ്കില്‍ കൂടി ഇത്തരത്തിലുള്ള ഒരു സാധ്യത പോലും ഈ പുസ്തകത്തിന് തള്ളിക്കളയാനാവില്ല. കാലിഡോസ്‌കോപ്പിലെ കാഴ്ചകള്‍ നല്‍കുന്ന ദൃശ്യാനുഭവത്തെപ്പോലെ പല തലങ്ങളിലുള്ള പലവര്‍ണ്ണങ്ങളുടെ കാഴ്ചകളാണ് ഗ്രന്ഥകാരന്‍ നമുക്ക് ഇതിലൂടെ സാധ്യമാക്കിത്തരുന്നത്.

ഹിമാലയസാനുക്കളിലെ യാത്രകളും, അനുഭവങ്ങളും കാവ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുക വഴി ഗ്രന്ഥകാരന് ഈ മേഖലയില്‍ ഒരു പുതുചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയമായൊരു വികാരവേഗത്തില്‍ അനുഭൂതിപ്രകാശനം നടത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ രചയിതാവ് നടത്തിയിരിക്കുന്നത്. യാത്രയില്‍ താന്‍ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടും കൂടി പ്രതിഫലിപ്പിക്കുകയാണിവിടെ. അത് വായനക്കാരനിലേക്ക് പകരുമ്പോള്‍ മാര്‍ഗ്ഗദര്‍ശമായ ഒരു പുതിയ മുഖമുള്ള സഞ്ചാരസാഹിത്യശാഖയാണ് സൃഷ്ടിക്കപ്പെടുന്നത്. ഓരോ പുസ്തകത്തിനും അതിലൂടെ ഓരോ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് വായനക്കാരനെ രസിപ്പിക്കുന്നതിനേക്കാളപ്പുറം ചിന്തോദ്ദീപനമായീറ്റുണ്ടെങ്കില്‍ അതായിരിക്കും ആ എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഇവിടെ ഹിമാലയത്തിലെ സഞ്ചാരാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു ആത്മീയതലത്തിലേക്ക് കൊണ്ടുപോകാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. ആ ആത്മീയതലം ഒരാവേശമായി വായനക്കാരന്റെ ഉള്ളില്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞതുപോലെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും കൂടി എഴുതപ്പെട്ടതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ടെല്ലാം തന്നെ പ്രകടമായ ഒരു കാഴ്ചയിയിലൂടെ മറഞ്ഞുകിടക്കുന്ന പല കാഴ്ചകളും നമുക്ക് കാട്ടിത്തരാന്‍ എഴുത്തുകാരന് സാധിക്കുന്നു.

ഹൈമവതഭൂവിലിനെ ജര്‍മ്മന്‍ തത്വചിന്തകനായ കൈസര്‍ ലാന്റെ 'ദി ട്രാവല്‍ ഡയറി ഓഫ് എ ഫിലോസഫര്‍' എന്ന പുസ്തകത്തോട് ചേര്‍ത്ത് വച്ച് സുകുമാര്‍ അഴീക്കോട് മുന്‍പ് എഴുതിയിരുന്നു. എന്നാല്‍ അതിനേക്കാളേറെ ഈ പുസ്തകം അടുത്ത് നില്‍ക്കുന്നത് ബ്രിട്ടീഷ് തത്വചിന്തകനായ പോള്‍ ബ്രണ്ടന്റെ 'എ ഹെര്‍മിറ്റ് ഇന്‍ ദി ഹിമാലയ' എന്ന പുസ്തകത്തോടാണ്. 1930കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ആന്തരികമായ മൗനം ആത്മാവിന് നല്‍കുന്ന പുത്തനുണര്‍വ്വിനെ കുറിച്ചും മറ്റും പറയുന്നു. അതില്‍ പ്രകൃതിരമണീയതയ്ക്കും കാലാവസ്ഥയ്ക്കും യാതൊരു പങ്കുമില്ലെന്നും അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അതിനെ മാറ്റിമറയ്ക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യന്‍ യോഗിമാരെ നിരന്തരം വീക്ഷിക്കുകയും അവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത് പൗരാണിക ഇന്ത്യയുടെ വഴികള്‍ താണ്ടാന്‍ ശ്രമിച്ച ഒരു യോഗി കൂടിയാണ് പോള്‍ ബ്രണ്ടന്‍ എന്നത് അദ്ദേഹത്തെ ഈ പുസ്തകവുമായി കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.

ഒരു രാജ്യത്തിന്റെ ചരിത്രപരമായ സത്യങ്ങളുമായി ഒരു കൃതി അഭേദ്യമാംവണ്ണം ബന്ധിതമായിരിക്കുന്നു. ആ ബന്ധത്തിലൂടെയാണ് ഈ ഗ്രന്ഥത്തിന്റെ സഞ്ചാരം. അതിലൂടെയാണ് ഇതിന്റെ അന്വേഷണം. ജിവിക്കുന്നവനേ ജിവിതം എന്തെന്നറിയൂ എന്ന് പറഞ്ഞ പോലെ, അറിയാനുള്ള ത്വരയുള്ളവനേ അന്വേഷണത്തിന് മുതിരൂ. ജിവിക്കാന്‍ വേണ്ടി നിരന്തരം പൊരുതിയവന്റെ, ചതിക്കപ്പെട്ടവന്റെ, അതിജീവിച്ചവന്റെ, സഹിച്ചവന്റെ കഥകളാണ് ഭാരതത്തിന്റെ ചരിത്രം. ഒന്ന് മറ്റൊന്നിന് മേല്‍ അന്തിമമായ വിജയം കൈവരിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ അതെവിടെയും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന പലതും നാളെയുടെ ചരിത്രസത്യങ്ങളായി അവശേഷിക്കും. അതെന്നും അങ്ങനെയാണ്, ഒരു പ്രതിഭാസം. ഭാരതത്തിന്റെ കഥ ഇങ്ങിനെയെല്ലാമാണ്. നമ്മെ അത്ഭുതത്തിലും, ആനന്ദത്തിലും അതിലുപരി ആകാംക്ഷയിലുമെത്തിക്കുന്ന ചരിത്രകഥ. അത്തരത്തിലുള്ള കഥകളിലൂടെ വളര്‍ന്നുവന്ന/അന്വേഷിച്ചുവന്ന ഈ പുസ്തകത്തിന് ഈ നാടിന്റെ ചരിത്രത്തിന്റെ പ്രതീകമല്ലാതെ മറ്റെന്താണ് ആവാന്‍ കഴിയുക.

താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണ്ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല. ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു.

തപോവനസ്വാമികളുടെ കൈലാസയാത്ര, ഹിമഗിരി വിഹാരം എന്നീ ഗ്രന്ഥങ്ങളാണ് മുന്‍പ് മലയാളി പരിചയിച്ചിട്ടുള്ള ഹിമാലയയാത്രാവിവരണങ്ങള്‍. ഇവയെല്ലാം യാത്രാവിവരണം എന്നതിനുമപ്പുറം അദ്ധ്യാത്മികമായ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഏതൊരു സാധനകളുടെ അഭ്യാസം വഴിയാണോ അദ്ധ്യാത്മമാര്‍ഗ്ഗം സരളമായി, സുഗമസഞ്ചാരയോഗ്യമായിത്തീരുന്നത്, ആ സാധനകളാണ് കൈലാസയാത്രയെ വിവരിക്കുക എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വരൂപചിന്തനത്തിലും, ഭക്തിക്രിയകളിലും ഊന്നിക്കൊണ്ട് സ്വാമികള്‍ ഈ പുസ്തകം രചിച്ചതിനെയോ അതിന്റെ ഉദ്ദേശശുദ്ധിയെയോ ചോദ്യം ചെയ്യുവാന്‍ കഴിയില്ല. 1928 ലാണ് അദ്ദേഹത്തിന്റെ കൈലാസയാത്ര എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞാണ് ഹിമഗിരി വിഹാരം ഇറങ്ങുന്നത്. ഇവയ്ക്ക് രണ്ടിനുമിടയില്‍ വരുന്ന കാലയളവിന്റെ മാറ്റങ്ങള്‍ ഭൂപ്രകൃതി, ജനജീവിതം, കാലാവസ്ഥ ഇവയിലെല്ലാമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഈ രണ്ട് കൃതികളിലൂടെയും നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഇതിനും അറുപത് വര്‍ഷത്തിന് ശേഷമാണ് ഹൈമവതഭൂവില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയിലും ഭൗമപ്രകൃതിയിലും ഇന്ത്യയ്ക്ക് ഈ കാലയളവിനിടയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് ഇതിലൂടെ കണ്ടെത്താനാവും.

ഓര്‍മ്മയുടെ എല്ലാ സംസ്‌കാരങ്ങളും എഴുത്താണെന്ന ഫ്രോയ്ഡിന്റെ വാക്കുകളെ ഞാനിവിടെ ഓര്‍ക്കുന്നു. ഈ ഗ്രന്ഥത്തില്‍ വാക്കുകള്‍ക്ക് കൈവരുന്നത് നിരന്തരോപയോഗത്തിലൂടെ അവയാര്‍ജ്ജിക്കുന്ന സംസ്‌കാരമാണ്. ഇവിടെ വാക്കുകള്‍ വെറും വസ്തുക്കളല്ല, അക്ഷരങ്ങളടങ്ങുന്ന അനന്തസാധ്യതകളാണ്. അതില്‍ അന്തര്‍ലീനമായിരിക്കുന്നതെല്ലാം ഒരു ജനതയുടെ ശേഷിപ്പുകളാണ്. 'ചര്‍വ്വണത്തിന്റെ പ്രത്യേകത അത് ചവയ്ക്കലാണ്, തിന്നലല്ല. എങ്ങിനെ തിന്നാതെ ചവയ്ച്ചുകൊണ്ടിരിക്കാം എന്നത് പ്രാചീനമായൊരു അന്വേഷണമാണ്. അനശ്വരതയ്ക്കുള്ള അന്വേഷണം' എന്ന എം.എന്‍.വിജയന്‍ പറഞ്ഞതിനെ ഈ പുസ്തകത്തോട് ചേര്‍ത്തുവയ്ക്കാം. ഒരൊറ്റ വായനയോടെ അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം ഒരു മുനയില്‍ നിന്ന് പല മുനകളുടെ അനുഭവത്തിന്റെ അപൂര്‍വ്വമേഖലകളിലേക്കാണ് ഗ്രന്ഥകാരന്‍ നമ്മെ യാത്രയാക്കുന്നത്.

ഹിമാലയം എന്ന പ്രദേശം എന്തുകൊണ്ട് ഒരുപാട് യാത്രാവിവരണങ്ങള്‍ക്ക് കാരണമായി എന്ന് ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ തരമില്ല. അതിന്റെ വിശാലത ഒരുപക്ഷേ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല, പുരാണങ്ങളിലെ പ്രാമുഖ്യമാണ് ഹിമാലയത്തിന് ഈ പ്രത്യേകത നല്‍കിയത് എന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയായാലും തദ്ദേശീയരും വിദേശീയരുമായ ഒരുപാട് ആളുകള്‍ ഹിമാലയന്‍ യാത്രാവിവരണങ്ങളിലൂടെ ശ്രദ്ദേയരായിട്ടുണ്ട്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും ആത്മീയയാത്രയായാണ് ഹിമാലയസഞ്ചാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ തത്വബോധാധിഷ്ഠിതമായി ഈ യാത്രയെ സമീപിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഒരുപാട് സാധ്യതകള്‍ ആ യാത്രയില്‍ മറഞ്ഞുകിടന്നിരുന്നു എന്ന് തെളിയിച്ചത് ഈ ഗ്രന്ഥമാണ്. മനുഷ്യമഹത്വം, ശാസ്ത്രഗതി, സംസ്‌കാരം, പാരിസ്ഥിതികം, സാഹിത്യാദികലകള്‍, അര്‍ത്ഥശാസ്ത്രം, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട സമസ്തമേഖലകളും ഇവിടെ ഗ്രന്ഥകാരന്റെ അന്വേഷണപരിധിയില്‍ പെടുന്നു. ഇതില്‍ ഏതു വിഷയമായാലും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് അത് സംക്ഷിപ്തമായി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. വിഷയം എത്ര ഗഹനമായാലും സാധാരണക്കാര്‍ക്കും മനസ്സിലാവണം എന്ന ഉദ്ദേശത്തോടെ അതിലളിതമായാണ് എല്ലാ വസ്തുതകളും ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ വിവരിച്ച് പോവുന്നത്.

എന്നെപ്പോലെ പുതുയ തലമുറയില്‍ പെട്ട ഒരാള്‍ക്ക് അത്മീയതയും യാത്രാവിവരണങ്ങളും ഒന്നും തന്നെ ആകര്‍ഷണീയമായ ഒരു കാര്യമല്ല. എന്നാല്‍ ആത്മീയതയുടെ സിരകളില്‍ കൂടി ഒഴുകുന്ന ഭാരതീയചരിത്രത്തെ നിലനിര്‍ത്താന്‍ എഴുത്തുകാരന്‍ കാണിച്ച ഒരു രാസപ്രക്രിയ കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം. പ്രതിപാദനത്തിലെ പ്രതിഭ കൊണ്ട് ന്യൂജനറേഷനില്‍ ഇന്ത്യന്‍ ചരിത്രത്തെ സ്ഥായിയായി നിലനിര്‍ത്താനും ഈ പുസ്തകത്തിലൂടെ കഴിഞ്ഞു എന്നതില്‍ ഗ്രന്ഥകാരന് അഭിമാനിക്കാം.

കഥകളും കവിതകളും വായിക്കുന്നതില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഒരു വലിയ തലമുറ ഇന്ന് വായനയ്ക്ക് പരിഗണിക്കുന്നത് സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കാനുതകുന്ന/മത്സരപരീക്ഷകള്‍ക്ക് സഹായകമാവുന്ന പുസ്തകങ്ങള്‍ മാത്രമാണ് എന്നുള്ളതാണ് വസ്തുത. അതില്‍പോലും വളരെയധികം സോര്‍ട്ടിങ്ങ് അവര്‍ നടത്തുന്നുണ്ടെന്നത് അക്കാര്യത്തില്‍ അവര്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതിന്റെ തെളിവാണ്. ഇത്തരത്തിലുള്ളവര്‍ക്ക് ഒരു റഫറന്‍ ഗ്രന്ഥമായി പോലും ഉപയോഗിക്കാന്‍ തക്ക ഉള്ളടക്കം ഹൈമവതഭൂവിലിന് ഉണ്ട് എന്നുള്ളത് അതിനെ ചരിത്രപരമായ രീതിയില്‍ സമീപിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു യാത്രാവിവരണം എന്ന ചട്ടക്കൂടിനെ ഭേദിക്കാന്‍, വേറിട്ട ഒരസ്തിത്വത്തെ പ്രതിനിധാനം ചെയ്യാന്‍ അതുവഴി ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. മറഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്തിന്റെ അടയാളമാകാനുള്ള ഒരു ആന്തരികശക്തി കൈവരിച്ചിട്ടുള്ള ഇതിന്റെ ഉള്ളടക്കത്തിന് ഒരു എപിക് ഫിക്ഷന്റെ പശ്ചാത്തലമുള്ളതുകൊണ്ട് തന്നെ അതിന്റെ വായന അത്യന്തം രസകരമായി പോകുകയും ചെയ്യുന്നു.

കാമുകന്റെ ഭാവാവേശത്തിനെന്നപോലെ യാത്രികന്റെ കാവ്യാഭിനിവേശത്തിനും ഒരു ഉന്മാദത്തിന്റെ സ്വഭാവമുണ്ട്. സ്വപ്നം, സിരാരോഗം, ഉന്മാദം എന്നിവയിലെല്ലാം അടിച്ചമര്‍ത്തിയ കാമത്തിന്റെ വൈകൃതങ്ങള്‍ ദര്‍ശിക്കുന്ന ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനശാസ്ത്രം നമുക്ക് ഇവിടെ പ്രയോഗിക്കാം. യാത്രികന്റെ സ്വപ്നങ്ങള്‍, ഉന്മാദം, അവന്റെ ആന്തരികമായ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം അവനില്‍ അടിച്ചമര്‍ത്തപ്പെട്ട ചില വികാരങ്ങളെ എഴുത്തിലൂടെ പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തന്റെ ബോധമണ്ഡലത്തിന് കീഴില്‍ നിന്നുകൊണ്ട് മാത്രമെ അദ്ദേഹം അതിന് ശ്രമിക്കുന്നുള്ളൂ എന്നതുകൊണ്ട് അസമ്പൂര്‍ണ്ണങ്ങളോ അധഃകൃതങ്ങളോ ആയ വികാരങ്ങള്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നില്ല. അവയെല്ലാം എഴുത്തിലേക്ക് വരാതെ തന്റെ ഉപബോധമനസ്സില്‍ തന്നെ എഴുത്തുകാരന്‍ സൂക്ഷിച്ചുവയ്ക്കുന്നു.

ഈ കൃതി ഒരിക്കലും ഏകമുഖമായ ഒരു യാത്രാനുഭവമായി മാറുന്നില്ല. അത് ഭാരതീയസംസ്‌കൃതിയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ വംശാവലിയുടെ ചരിത്രപാഠം കൂടിയായി മാറുകയാണ്. എഴുത്തുകാരന്റെ യാത്രാനുഭവങ്ങളിലൂടെ വായനക്കാരനെത്തിച്ചേരുന്നത് ഐതിഹാസികഭൂമിയില്‍ നിന്നും സമകാലികജീവിതപരിസരങ്ങളിലേക്കാണ്. ചരിത്രാതീതകാലത്തെ മണ്‍പുറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മണിമാളികയാണ് ഈ കൃതി. പുതിയ എഴുത്തുവഴികളിലൂടെയും സത്രങ്ങളിലൂടെയുമുള്ള സഞ്ചാരം ഈ പുസ്തകത്തിന് നല്‍കുന്ന പരിവേഷം ഒരു വിമതന്റേതാണ്. ആ വിമതത്വമാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമായി മാറുന്നത്.

ഭരണപരിഷ്‌കാരങ്ങളുടെയും, പടയോട്ടങ്ങളുടെയും വിരസമായ പഠനങ്ങള്‍ക്ക് പകരം രണോത്സുകരായ രജപുത്രരുടെയും, മൗര്യരുടെയും, മുഗളരുടെയും വംശാവലിയുടെ വിവരണം യാത്രാനുഭവം പോലെത്തന്നെ ഹൃദ്യമായ ഒരനുഭവമായി മാറുന്നു. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഐതിഹാസികമാനത്തില്‍ നിന്നും തലസ്ഥാനനഗരിയായ ദില്ലിയുടെ വര്‍ത്തമാനകാലഘട്ടത്തിലെത്തുമ്പോഴേക്കും വിവിധ രാജവംശങ്ങളുടെയും, പടയോട്ടങ്ങളുടെയും, ഭരണമാറ്റങ്ങളുടെയും, അധികാരക്കൊതിയുടെയും, പ്രണയതീവ്രതയുടെയും, കഥകള്‍ നമുക്ക് വായിച്ചെടുക്കാം. അതുപോലെത്തന്നെ വ്യാസകാലത്തു നിന്നും ആധുനിക ഇന്ത്യയിലെത്തുമ്പോഴേക്കും ഒരു ജനതയുടെ/രാജ്യത്തിന്റെ നീണ്ട ചരിത്രപാഠം വായനക്കാരന് സ്വാംശീകരിച്ചെടുക്കാം.

മക്കളാല്‍ തടവിലാക്കപ്പെട്ട പിതാക്കന്മാര്‍, യമുനാതീരത്തെ ദു:ഖപുത്രികളായ രാജകുമാരിമാര്‍ തുടങ്ങി ശിഥിലവും അസ്ഥിരവുമായ മറ്റുചിലപ്പോള്‍ ദൃഢവും സുസ്ഥിരവുമായ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. അത്തരം കഥാപാത്രങ്ങളെയെല്ലാം ഒരടഞ്ഞ ക്രമത്തിനുള്ളിലെ ഉള്ളടക്കമായി മാറ്റാതെ ജൈവികതയുടെയും, പാരമ്പര്യത്തിന്റെയും, നീതിനിഷേധത്തിന്റെ പ്രതിരോധത്തിന്റെയും പ്രതീകങ്ങളായി ഇണചേര്‍ത്ത് ഒരു വലിയ പ്രതലത്തില്‍ അവതരിപ്പിക്കാന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അങ്ങനെ സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും വ്യവസ്ഥാപിതമായ ഒരു നിര്‍മ്മാണരീതിയുടെ വേരരിഞ്ഞിട്ടാണ് എഴുത്തുകാരന്‍ മുന്നേറുന്നത്.

ജോര്‍ജ്ജ് അഞ്ചാമന്‍ കിരീടധാരണം നടത്തിയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി, സ്വതന്ത്രാനന്തര ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി, ഇന്ത്യയിലെ െ്രെകം സിറ്റിയായ ഗാസിയാബാദ്,... ഇങ്ങനെ വൈവിധ്യതയുടെ മുഖമുദ്രയണിഞ്ഞ ഇന്ത്യന്‍ തലസ്ഥാനനഗരിയുടെ വിവരണങ്ങളാണ് എഴുപതോളം പേജുകളിലൂടെ അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്.


ഹരിദ്വാറിന്റെ സ്‌നാനഘട്ടത്തില്‍ നിന്ന് നിളാതടത്തിലേക്കും സാമൂതിരി രാജവംശത്തിലേക്കും എഴുത്തുകാരന്‍ നടത്തുന്ന പ്രയാണം കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന വി.ടി യുടെ കര്‍മ്മഭൂമിയില്‍ എത്തി നില്‍ക്കുന്നുണ്ട്. നാല്പത്തഞ്ചോളം പേജുകള്‍ വരുന്ന തൃത്താല എന്ന ഗ്രാമത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍ തദ്ദേശവാസികൂടിയായ എനിക്ക് ഒരുപാട് പുത്തനറിവുകളാണ് സമ്മാനിച്ചത്. സ്വന്തം നാടിനെക്കുറിച്ച് പറയുന്ന പല കാര്യങ്ങളിലും ഞാന്‍ ഒരു അജ്ഞനാണെന്ന് അറിയുന്നത് ഈ പുസ്തകത്തിന്റെ വായനയിലൂടെയാണ്. നിഗൂഢവും യോഗാത്മവുമായ പൗരാണികവിശ്വാസത്തിന്റെ ഘടനയിലാണ് ഈ നാടിന്റെ ചരിത്രമെന്നുള്ളത് അതിവ്യാഖ്യാനങ്ങളില്ലാതെ ഒരു ഭൂപടം പോലെ വരച്ചുകാണിക്കുകയാണിവിടെ.

കാവടികളിലേന്തിയ ഗംഗാജലത്തിന്റെ വിശുദ്ധകണങ്ങളില്‍ നിന്ന് വിഷമുക്തമായ നദികളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്ലാച്ചിമട സമരഭൂമിയിലേക്ക് എഴുത്തുകാരന്‍ എത്തുമ്പോഴേക്കൂം ജീവജല സംരക്ഷണ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സമഗ്രവിവരം ലഭ്യമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥകാരന് കലുഷിതമായ ഏത് പ്രതിരോധഭൂമിയിലെത്തുമ്പോഴും ഇരകളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് ഇതിലെ അവതരണശൈലി വെളിവാക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാമിടയില്‍ സംസ്‌കൃതസാഹിത്യത്തില്‍ ശ്രദ്ധേയനായ ഭര്‍തൃഹരിയുടെ ജീവിതചിത്രത്തിലൂടെയും സാഹിത്യചരിത്രത്തിലൂടെയും എഴുത്തുകാരന്‍ നമ്മെ സാമൂതിരി രാജാവിലേക്കെത്തിക്കുന്നു. തുടര്‍ന്ന് ഭര്‍തൃഹരിയുടെ സഹോദരന്‍ വരരുചിയിലേക്കും അതുവഴി കേരളഭൂമിയിലേക്കും സഞ്ചരിക്കുന്നു. പറയി പെറ്റ പന്തിരുകുലത്തിലൂടെ ജാതിചിന്തകളുടെ ഉയര്‍ച്ച താഴ്ചകളുടെ വ്യര്‍ത്ഥതയെ സൂചിപ്പിക്കുന്ന നിളാതീരഭൂമിയിലേക്കെത്തിച്ചേരുന്നു. ഈ പ്രയാണത്തിലൂടെ ഭാരതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മിലുള്ള ബന്ധം ഇവിടെ വെളിവാകുന്നുണ്ട്. അതുപോലെത്തന്നെ ഒരൊറ്റ കൃതിയിലൂടെത്തന്നെ സമാന്തരവായനകളും സൗകര്യപ്രദമായി എവിടെ നിന്നും വായിക്കാനുള്ള സാധ്യതകളും തുറന്നിട്ടുകൊണ്ട് പുസ്തകം എന്ന ആശയത്തെ എഴുത്തുകാരന്‍ ഇവിടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

യമുനാനദിയുടെ അഭൗമസൗന്ദര്യത്തില്‍ നിന്ന് കൃഷ്ണകഥയിലേക്കും പുരാണേതിഹാസങ്ങളിലേക്കും ഗീതാതത്വത്തിലേക്കും കയറിയിറങ്ങി നമ്മുടെ വായന ജയദേവന്‍, മേല്പത്തൂര്‍, ചങ്ങമ്പുഴ തുടങ്ങിയ സാഹിത്യനായകരിലേക്കും ചെന്നെത്തുന്നു. ഐതിഹ്യങ്ങളും നാടോടിക്കഥകളും നിറഞ്ഞുനില്‍ക്കുന്ന ഗഡ്‌വാളിന്റെ തലസ്ഥാനമായ തെഹ്‌രി അധികാരികളുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭ നഗരിയായതിനെപ്പറ്റിയും അതുവഴി ലോകരാജ്യങ്ങളിലെ വന്‍കിട അണക്കെട്ടുകളെപ്പറ്റിയും അവയ്‌ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന പാരിസ്ഥിതിക ജാഗ്രത ഈ പുസ്തകത്തിലെ മറ്റ് പല ഭാഗങ്ങളിലും പ്രകടമായി തന്നെ കാണാന്‍ കഴിയും.

ഹിമാനികളുടെ മനോഹാരിതയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആഗോളതാപനത്തെക്കുറിച്ചും വരാനിരിക്കുന്ന ഹിമാനികളുടെ തകര്‍ച്ചയെക്കുറിച്ചും വളരെ അപഗ്രഥനാത്മകമായി വിവരിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന സാമൂഹ്യജീവിയുടെ പ്രതിരോധത്തിന്റെ സ്വരമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഭാരതീയസംസ്‌കൃതിയില്‍ ലയിച്ച് ചേര്‍ന്ന നിരവധി മിത്തുകള്‍ ഓരോ സന്ദര്‍ഭത്തിലും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചിത്രകഥകളിലൂടെയും സീരിയലുകളിലൂടെയും ആംശികമായി മാത്രം പുതുതലമുറ പരിചയപ്പെടുന്ന പല കഥകളുടെയും വിശദവും വ്യക്തവുമായ വിവരണമാണ് ഈ കൃതിയില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരുകാലത്ത് അലയടിച്ചിരുന്ന ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെട്ട സാഹിത്യകൃതികളും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ബുദ്ധ ജൈന മതങ്ങളുടെ സ്ഥാപകരെപ്പറ്റി മാത്രമറിയുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് വിപുലമായ ഒരു സാഹിത്യ സാമ്രാജ്യത്തിന്റെ കൂടി ഉല്പത്തിസ്ഥാനങ്ങളാണവ എന്ന തിരിച്ചറിവുണ്ടാക്കാനും ഈ കൃതി സഹായകമാണ്. ജൈനസാഹിത്യത്തെക്കുറിച്ച് വിവരണാത്മകമായ ഒരു പഠനം തന്നെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും.

യാത്രാവിവരണാഖ്യാനത്തിന്റെ രേഖീയക്രമം തെറ്റിച്ചുകൊണ്ട് യാത്രാവിവരണത്തെ പുതിയ വഴിയിലേക്ക് നയിക്കാനുള്ള ഒരു ശ്രമമാണിത്. ഗ്രന്ഥകാരന്റെ ഇച്ഛയ്ക്കനുസരിച്ച് നടക്കുന്ന എഴുത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു പുസ്തകം കൂടിയാണിത്. മൗലികമായ വീക്ഷണത്തിന്റെയും, ആവിഷ്‌കാരത്തിന്റെയും കരുത്തുകാട്ടുന്ന ഈ കൃതിയെ ഹോപ്‌സ്‌കോച്ചിന്റെ വാക്കുകളില്‍ ഞാന്‍ സംഗ്രഹിക്കുന്നു. 'വായനക്കാരന്റെ സുഹൃത്താവുക, ഒരു സഹയാത്രികന്‍. വായന വായനക്കാരന്റെ സമയം ഇല്ലാതാക്കി എഴുത്തുകാരന്റേതിന് പകരം വയ്ക്കുന്നു. അങ്ങനെ വായനക്കാരന്‍ കൃതി കൈമാറുന്ന അനുഭവത്തിന്റെ പങ്കാളിയും സഹപീഢിതനുമാകുന്നു, അതേ നിമിഷത്തില്‍ അതേ രൂപത്തില്‍. ഇതു നേടിയെടുക്കാന്‍ ഒരു കലാതന്ത്രം കൊണ്ടും കഴിയില്ല. പ്രയോജനകരമായ കാര്യം ഒന്ന് മാത്രമാണ്, പരീക്ഷണത്തിന്റെ ആസന്നത'.

Saturday, June 2, 2012

കാടുകളുടെ താളം തേടി

പുസ്തകം : കാടുകളുടെ താളം തേടി
രചയിതാവ് : സുജാതാദേവി
പ്രസാധകര്‍ : കറന്റ് ബുക്സ് , തൃശ്ശൂര്‍
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍



പര്‍വതങ്ങള്‍ സ്ഥാവരമായതും പുരുഷപ്രകൃതിയുമാണ്. നദികള്‍ സ്ഥാവരമല്ലാത്തതും സ്ത്രീപ്രകൃതിയുമാണ്. അതുകൊണ്ടുതന്നെ പര്‍വതങ്ങളില്‍ നടത്തിയ സ്ത്രീയാത്ര ആര്‍ദ്രവും വിഭിന്നവുമാകുന്നു. സ്ത്രീ എന്നാല്‍ സ്ഥാവരമായത് - വീട്, അമ്മ, സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദല്ലാത്തവള്‍ എന്നെല്ലാമാണ് സമൂഹ മന:സ്ഥിതി. മലയാളഭാ‍ഷയില്‍ സ്ത്രീകള്‍ എഴുതിയ യാത്രാവിവരണങ്ങള്‍ കുറവായത് സ്തീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണല്ലോ. എന്നാല്‍ സഞ്ചരിക്കുന്ന പലതും, നദി, കപ്പല്‍, മുതലായവ സാങ്കല്പികമായി സ്ത്രീകളായത് കൌതുകകരം. ലോകത്തില്‍ ഹിമാലയത്തെക്കാളേറെ വൈവിധ്യമാര്‍ന്ന പ്രകൃതി അപൂര്‍വം. അതുപോലെ അപൂര്‍വംകാടുകളുടെ താളം തേടിഎന്ന യാത്രാവിവരണവും. ഒരു നദി തടസ്സങ്ങളെ തരണം ചെയ്ത്, സ്വാഭാവികമായി കുതിച്ചുചാടി, കളിച്ചുചിരിച്ച്, ഒഴുകുമ്പോലെ വനയാത്രയെ നമുക്കു കാണാം. തരളമായ ശരീരവും പേറി ഒരു സ്ത്രീ ഒറ്റക്ക് എങ്ങനെ യാത്രചെയ്യും എന്നതിന്‍, കാട് എങ്ങനെ അവരെ സ്വീകരിക്കുമെന്നതിന് , യാത്രാവിവരണമാണ് തെളിവ്. തന്റെലിംഗപദവി (ജെന്‍ഡര്‍) ” എന്ന സത്യം ഇവിടെ അപ്രസക്തമാക്കിയാണ്, സുജാതാദേവി സഞ്ചരിക്കുന്നത്. അവരെ പല കാട്ടിലും കൂട്ടി ക്കൊണ്ടുപോവുന്ന വനപാലകരുടെ സഹായം, പിന്നെ പത്രപ്രവര്‍ത്തക എന്ന പരിവേഷം ഇവമാത്രമാണ് പലയിടത്തും തുണ. “ ഒറ്റക്ക് യാത്രചെയ്യുന്ന എതോ ധനികയായ ടൂറിസ്റ്റെന്നു കരുതിയാവാം, ജനം ബഹുമാനപൂര്‍വം പെരുമാറിയത്! മക്കളുടെ പഴയ പാന്റും ഷര്‍ട്ടും വിന്‍ഡ്ചീറ്ററുമൊക്കെ ചാര്‍ത്തിയിറങ്ങുമ്പോള്‍ അമേരിക്കയില്‍ നിന്നുവന്ന നീഗ്രോ അല്ലെങ്കില്‍ മുളാറ്റോയെങ്കിലുമായിരിക്കുമെന്ന് ആള്‍ക്കാര്‍ വിചാരിച്ചു കാണും!” അവര്‍ സ്വയം ആശ്ചര്യപ്പെടുന്നു. പക്ഷേ കേരളം വിട്ടാല്‍ ഒറ്റക്കുള്ള സ്ത്രീയാത്രക്ക് അത്രക്ക് ഭയപ്പെടാനില്ലെന്ന് കേരളത്തിനു പുറത്ത് യാത്ര ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അറിയാം. കേരളത്തിലേക്കാള്‍ മറ്റേതൊരു സ്ഥലവും ഭേദമാണത്രേ!
സഞ്ചാരസാഹിത്യം സര്‍ഗാത്മകസാഹിത്യമല്ല എന്ന് സാഹിത്യലോകത്ത് ഒരു ധാരണയുണ്ട്. ശ്രീ എം.പീ വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിലിന്സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ മാധ്യമങ്ങളില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായി. സര്‍ഗാത്മകതയുടെ സ്പര്‍ശനമില്ലെങ്കില്‍ കാണുവാനും കേള്‍ക്കുവാനുമുള്ള കഴിവില്ലെങ്കില്‍, നിരീക്ഷണ പാടവമില്ലെങ്കില്‍, യാത്രാവിവരണം ഒരു റിപ്പോര്‍ട്ട് മാത്രമായിരിക്കും. സര്‍ഗാതമക സൃഷ്ടിയെക്കാളും യാത്രാവിവരണമെഴുതാന്‍ പണവും സമയവും അദ്ധ്വാനവും കൂടുതല്‍ വേണമെന്ന് ശ്രീ. എസ്.കെ. പൊറ്റെക്കാട്. യാത്രാവിവരണത്തില്‍ ഭാവന പറ്റില്ലല്ലോ. വിവരങ്ങള്‍ വാസ്തവമായിരിക്കണം. ഏതൊരു സാഹിത്യസൃഷ്ടിയേയും പാരായണ ക്ഷമമാക്കുന്നത് അതിലെ ഭാഷയുടെ മനോഹാരിതയാണ്. അറിവുകള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, വെളിപ്പെടുത്തലുകള്‍, കാഴ്ച്ചകള്‍, ആശയങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ രചനയാവുമ്പോഴേ യാത്രാവിവരണവും നല്ലതാവൂ. ആദ്യവസാനം ഒരു കാവ്യാനുഭവവും സാഹസികകഥയുമായ യാത്രാവിവരണം അതിന്റെ പരിസ്ഥിതിബന്ധം കൊണ്ട്, വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഹിമാലയ മേഖലയിലെ സംരക്ഷിതവനങ്ങളിലൂടെ, 1992ല്‍ നടത്തിയ പഠനയാത്രയുടെ വിവരണമാണ്കാടുകളുടെ താളം തേടിയെന്ന പുസ്തകം (കറന്റ് ബുക്സ് , തൃശ്ശൂര്‍). 1998 ലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിമാലയന്‍ കാടുകളില്‍ പൂവിടുന്നകച്നാര്‍എന്ന മന്ദാരമരങ്ങളും ദേവതാരുക്കളും പൂത്ത റോഡോഡെന്‍ഡ്രോണ്‍ മരങ്ങളുമെല്ലാം അതിമനോഹരിയായ ഭൂപ്രകൃതിയുടെ സൌന്ദര്യം പദാനുപദം വിവരിക്കുന്നു.

ഹൃദയസഖിയായ ചേച്ചിക്കെഴുതിയ കത്തുകള്‍ വികസിപ്പിച്ചെടുത്തതാണ് പുസ്തകരൂപത്തിലാക്കിയത്. വായനക്കാരുമായി അടുപ്പം സ്ഥാപിക്കാന്‍ രീതിക്കു സാധിച്ചു. പക്ഷെ, കത്തുകളായതു കൊണ്ടുതന്നെ വായനക്കാര്‍ക്ക് അനുസ്യൂതത്വമെന്ന രസച്ചരട് അവിടവിടെ മുറിഞ്ഞും പോയി. ചേച്ചിക്ക് അനുജത്തിയുടെ യാത്രാപരിപാടിയും പശ്ചാത്തലവും അറിയാം, നമുക്കറിയില്ലല്ലോ. സ്ഥലവും തീയതിയും കത്തുകള്‍ക്കില്ല എന്നൊരു പോരായ്മ പറയാതെ വയ്യ. വഴിയരികിലെ കാട്ടുപൊന്തയില്‍ ഇരുന്ന് കളകൂജനം പൊഴിക്കുന്ന പക്ഷിയെന്നപോലെ വായനക്കാര്‍ക്ക് അദൃശ്യയാവുകയാണ് അവരും. കൊച്ചിയില്‍ നിന്നുവന്ന അദ്ധ്യാപിക എന്നതിലപ്പുറം എഴുത്തുകാരി നമുക്കും വെളിപ്പെടുന്നില്ല. എഴുത്തുകാരിയെ തിരിച്ചറിയാന്‍ സാലിം ആലിയുടേതുപോലുള്ള ഒരുപക്ഷിഗൈഡ്വായനക്കാര്‍ക്കും വേണ്ടിവരും. പല യാത്രാവിവരണങ്ങളിലും സഹയാത്രികരെപറ്റിയും സഞ്ചാരപഥത്തെപറ്റിയും പരാമര്‍ശിച്ചു കാണാം. പക്ഷേ, ഒറ്റക്കുള്ള യാത്രയില്‍ അതൊന്നും പ്രസക്തമല്ല. പഠനയാത്രയായതിനാലാവാം, തന്നെക്കുറിച്ചും സഞ്ചാരത്തെക്കുറിച്ചും പറയുന്നതിലും കൂടുതല്‍ ഹിമാലയന്‍ കാടുകളില്‍ വസിക്കുന്ന ഗ്രാമീണരുടെ പ്രശ്നങ്ങളാണ് പറഞ്ഞിരിക്കുന്നത്.

1992 ല്‍ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് റ്റെക്നോളജി (സി.എസ്..) എന്ന സംഘടന ഹിമാലയ പരിസ്ഥിതി പഠനത്തിനു നല്‍കിയ ഫെല്ലൊഷിപ്പുമായാണ് ലേഖികയുടെ യാത്ര. “ഹിമാലയത്തിലെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ നിലനില്‍പ്പും ചുറ്റുമുള്ള ജനസ്ഥാനങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധംഎന്നതായിരുന്നു പഠനവിഷയം. സംരക്ഷിതവനങ്ങള്‍ ഉത്തര്‍പ്രദേശിലും ഹിമാചല്‍ പ്രദേശിലും ഉള്ളവയാണ്. ഡെറാഡൂണില്‍ നിന്ന് ആരംഭിക്കുന്ന യാത്ര, സിം‌ലാ വരെയെത്തിയിട്ട് അവസാനിക്കുന്നതും ഡെറാഡൂണില്‍ത്തന്നെയാണ്. യാത്രയുടെ ആദ്യം, പഠനയാത്രക്ക് വേണ്ട സഹായാഭ്യര്‍ഥനയുമായി ലേഖിക വനം വകുപ്പിന്റെ പല വാതിലുകളും മുട്ടുന്നുണ്ട്. ഉത്തര്‍പ്രദേശ് വനം വകുപ്പിന്റെ മുന്‍‌കൂര്‍ അനുവാദം വാങ്ങാതെ പോയതിന്റെ ബുദ്ധിമുട്ട്! ഹിമാലയത്തിലെ ഉയരങ്ങളിലെ തണുപ്പിനെപ്പറ്റി മുന്‍‌ധാരണയില്ലതെ ചെന്നതിന്റെ പ്രയാസങ്ങള്‍, അവസാനം ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിക്കേണ്ടി വന്നതിന്റെ മന:പ്രയാസം ഇങ്ങനെ പോകുന്നു, വൈതരണികള്‍! ഒറ്റക്കായതുകൊണ്ട് യാത്രയിലുടനീളം ഉള്ള ഏകന്തത, അവിടവിടെ വീണുകിട്ടുന്ന പരിചയക്കാരുടെ ചെറു സഹായങ്ങള്‍ .. ഇവയും വിവരിച്ചിട്ടുണ്ട്.
ഹിമാലയം മലയാളത്തില്‍ പലേ യാത്രാവിവരണങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്. ശ്രീ. എം പീ വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന പുസ്തകം, ആഷാ മേനോന്‍ , രവീന്ദ്രന്‍ തുടങ്ങിയവരുടെ ഹിമാലയ യാത്രകള്‍. ഇവയൊന്നും പക്ഷേ, പഠനയാത്രകളല്ല. ഒരു വര്‍ഷത്തിനിടെ പതിനൊന്നു പതിപ്പിറങ്ങിയഹൈമവതഭൂവില്‍ഹിമാലയ നിരകളിലൂടെയുള്ള ഒരു സംഘതീര്‍ഥാടനമാണ് വിവരിക്കുന്നത്. എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള യാത്രാവിവരണം ഒരുപാട് കഥകളും ഉപകഥകളും നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ യാത്രാവിവരണത്തിലും അഭേദ്യമായ പ്രകൃതിബന്ധമുണ്ട്. വരളുന്ന താഴ്വരകളെക്കുറിച്ചും തളരുന്ന നദികളെക്കുറിച്ചും അദ്ദേഹം എഴുതി. എസ് കെ പൊറ്റെക്കാട് ഹിമാലയ യാത്രകളെ വിവരിച്ചിട്ടുണ്ടെങ്കിലും , പാരായണ സുഖമുണ്ടെങ്കിലും, അവ പ്രകൃതി, മനുഷ്യന്‍ എന്ന ബന്ധത്തെ പരാമര്‍ശിക്കുന്നില്ല. കെ. വീ. സുരേന്രനാഥ് എന്നആശാന്റെകൈലാസയാത്രയാണ് വിവരണത്തോട് (ലോകത്തിന്റെ മുകള്‍ത്തട്ടിലൂടെ, പ്രഭാത് ബുക്ക് ഹൌസ്) സാമ്യമുള്ളതായി മലയാളത്തില്‍ ഉള്ളത്. അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെതന്നെ സരളവും ഋജുവും ആയത്. കണ്ടും കേട്ടും വഴിനടന്ന ഇവര്‍ രണ്ടുപേരും - സുജാതാദേവിയും കെ വീ സുരേന്ദ്രനാഥും- മനസ്സിന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത് നല്‍കുന്ന കാട്ടാറിന്റെ കളകളാരവവും കിളിമൊഴികളും, പൂവനങ്ങളും വയലും സംഗീതവുമെല്ലാം നല്ലൊരു ചലച്ചിത്രം പോലെ ഹൃദ്യം.
ചരിത്രാതീത കാലത്ത് വന്‍‌കരകളിലൊന്ന് തെന്നിമാറി ലോറേഷ്യായില്‍ ഗോണ്ട്വാനാ ചെന്ന് ഇടിച്ചുണ്ടായതാണല്ലോ ഹിമാലയം എന്ന ഏറ്റവും ഉയര കൂടിയതും പ്രായം കുറഞ്ഞതും ഇപ്പോഴും വളര്‍ന്നുകൊണ്ടീരിക്കുന്നതുമായ പര്‍വതം. പ്രകൃതിയിലെ പുണ്യാവതാരങ്ങളിലൊന്നാണ് ഇതെന്ന് ആദ്യമായെത്തുന്ന സഞ്ചാരിയും വര്‍ഷങ്ങളായി അവിടെ പാര്‍പ്പുറപ്പിച്ച സന്യാസിയും ഒരുപോലെ സമ്മതിക്കും. അതുല്യമാണ് അനുഭവ വിശേഷം. ലേഖിക പഠനം നടത്തിയ സംരക്ഷിത വനങ്ങള്‍ ഉത്തര്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമായി, ശിവാലിക്ക്, മഹാഭാരത്, ഗ്രേറ്റര്‍ എന്നീ മൂന്ന് ഹിമാലയനിരകളിലുമായി, വ്യാപിച്ചുകിടക്കുന്നു. കേദാര്‍നാഥ്, ഗോവിന്ദ് പശുവിഹാര്‍, ദര്‍ലാഘട്, മജാത്തല്‍, ചൈല്‍, കനാവര്‍, സിംലാകാച്മെന്റ്, രാജാജി നാഷണല്‍ പാര്‍ക്ക് എന്നിവയാണ് അവര്‍ സന്ദര്‍ശിച്ച് സാങ്ച്വറികള്‍. കാട്ടുമൃഗങ്ങളെ അധികം കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും, വനത്തിലെ, പക്ഷികളും വൃക്ഷങ്ങളും ചേര്‍ന്നൊരുക്കിയ വിരുന്നുകളുടെ വര്‍ണന, വസന്തം പൊട്ടിവിരിഞ്ഞുവരുന്ന പ്രകൃതിയുടെ വിവരണം,. 5000 വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെടാത്ത വനസമ്പത്ത്, കഷ്ടിച്ച് കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടതിന്റെ പ്രത്യക്ഷങ്ങള്‍, ഫലിതവും യുക്തിയും ഒരേസമയം കൈകോര്‍ത്തുനില്‍ക്കുന്ന ആഖ്യാനം, “ സിംഹവാലന്‍ കുരങ്ങ് ആഹാരരീതിയില്‍ അല്പസ്വല്‍പ്പം വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകതപോലുള്ള തമാശകള്‍, എന്നിവ എഴുത്തുകാരിയുടെ ധിഷണയുടെ നേര്‍ക്കാഴ്ച്ചകളെ സൂചിപ്പിക്കുന്നു.

പരിസ്ഥിതി പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരിയുടെയുടെ അനുജത്തിയായ സുജാതാദേവി, ഹിമാലയന്‍ കാടുകളില്‍ നടത്തിയ പഠനയാത്രയുടെ വിവരണം, ശ്രീമതി ബജേന്ദ്രി പാലിന്റെ (എവറസ്റ്റാ‍രോഹകയായ ആദ്യത്തെ ഇന്ത്യക്കാരി) എവറസ്റ്റാരോഹണ വിവരണത്തിനോടാണ് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക. സാധാരണ യാത്രാവിവരണങ്ങളേയും സ്ത്രീ സങ്കല്‍പ്പത്തേയും വിമോചിപ്പിച്ചുകൊണ്ടേ ഇതു വായിക്കാന്‍ പറ്റൂ. സാഹസികത മലയാളിസ്ത്രീക്ക് അപരിചിതം. സാഹസികതയല്ലാതെ മറ്റൊന്നും ലേഖിക കാര്യമാ‍ക്കുന്നില്ല. “ഇക്കോളജിയെക്കാളും, സോഷ്യോളജിയെക്കാളും പരുക്കന്‍ ജീവിത പാഠങ്ങളാണ് ഞാന്‍ നന്നായി പഠിച്ചതെന്നു തോന്നുന്നു. വഴിവക്കിലെ പെട്ടിക്കടയില്‍നിന്നും ഭക്ഷണം കഴിക്കാന്‍ ‍‍, പീ‍ടികത്തിണ്ണയിലും ചായക്കടയിലും അന്തിയുറങ്ങാന്‍ , അപരിചിതരുടെ സൈക്കിളിന്റെ പിന്നിലും ലോറിയിലുമൊക്കെ യാത്ര ചെയ്യാന്‍ , റിസര്‍വേഷനില്ലാതെ ട്രെയിനിലെ ഇടനാഴിയിലെ പെട്ടിയില്‍ കുത്തിയിരുന്നുറങ്ങാന്‍ , രോഗങ്ങളെ ചെറുക്കാന്‍ , സ്വന്തം ഭാരം സ്വയം ചുമക്കാന്‍ , മര്യാദക്കാരോടും മര്യാദയില്ലാത്തവരോടും പെരുമാറാന്‍ , സ്വയം സൂക്ഷിക്കാന്‍ , തനിച്ചിരിക്കാന്‍ ... “ . നാല്‍പ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന , നാഗരികയായ ഒരാള്‍, പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൌകര്യമില്ലാത്ത കാടിനുള്ളിന്‍ രണ്ടുമാസം യാത്രചെയ്ത് കഴിഞ്ഞതിന്റെ വിവരണം സാഹസികയല്ലാതെ മറ്റെന്താണ്? “ പതിനായിരം അടി ഉയരത്തില്‍ ചായക്കടയിലെ തീ കാഞ്ഞിരുന്നാണ് ഇതെഴുതുന്നത്. ‘ഹരീ കീ ധുന്‍എന്ന പ്രസിദ്ധമായ താഴ്വരയിലേക്ക് കടക്കാന്‍ മല കയറി വന്നതാണ്. പക്ഷേ മുകളിലത്തെ മേഖലയിലേക്ക് കടക്കാന്‍ വയ്യ. മഴ, ആലിപ്പഴം പൊഴിയല്‍, മഞ്ഞുപെയ്യല്‍.. ഇതൊന്നും പോരാഞ്ഞ് വാരിക്കൂട്ടി തറയിലടിക്കാന്‍ ശ്രമിക്കുന്ന കംസന്‍ കാറ്റും.“ സീമയെന്ന പേരുള്ള സ്ഥലത്തെ ജനവാസത്തിന്റെ സീമയില്‍, പൂജ്യം ഡിഗ്രിക്കു താഴെയുള്ള തണുപ്പില്‍, ചായക്കടയിലെ മുകള്‍നിലയിലെ രാപാര്‍ക്കല്‍ വായനക്കരുടെ രക്തവും മരവിപ്പിക്കും. “ ഗതികിട്ടാത്ത ഒരാത്മാവിന്റെ കുറവുതീര്‍ക്കാനെന്നപോലെ കാറ്റിലൂടെ, മഴയിലൂടെ ഞാനൊരു രണ്ടു ഫര്‍ലോങ്ങ് പോയി. ഇത്തിരി മറവുള്ള ഒരിടം തേടി. കക്കൂസും കുളിമുറിയുമൊന്നും അത്യാവശ്യങ്ങളില്‍പ്പെടുന്ന ഭൂവിഭാഗങ്ങളല്ലല്ലോ ഇതൊന്നും.” ചായക്കടക്കാരുടെ കാരുണ്യം ചായമാത്രമല്ല, ചൂടു ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും പച്ചരിച്ചോറുമായി അവതരിക്കുന്നു. അവിടെയും ലേഖികയുടെ നര്‍മ്മബോധം: “ അപ്പോഴേ പറഞ്ഞില്ലേ, പോരണ്ടാ, പോരണ്ടാന്ന്. ... .പോരണ്ടാ, പോരണ്ടാന്ന്

ഹിമാലയം ഒരിക്കല്‍ കണ്ടവര്‍ക്ക് വീണ്ടു വീണ്ടും അത് കാണാന്‍ തോന്നും. അത്രക്ക് അത് മോഹിപ്പിക്കും. . പഠനയാത്രക്ക് ആദ്യം അനുമതി നിഷേധിച്ച ഉത്തര്‍പ്രദേശ് ചീഫ്കണ്‍സര്‍വേറ്ററും വൈല്‍ഡ് ലൈഫ് വാര്‍ഡണുമായ ശ്രീ ബദൂരിയായോടുള്ള വാശിപ്പുറത്താണ് കാടു കണ്ടേ അടങ്ങൂ എന്ന് ലേഖിക തീരുമാനിക്കുന്നത്. ‘നേരിട്ടുള്ള പഠനത്തിന് അനുവാദം കിട്ടിയില്ലെങ്കില്‍ പഠനം പുസ്തങ്ങളുടെ സഹായത്തോടെ നടത്തും. വിനോദസഞ്ചാരിയെന്ന പേരില്‍ സംരക്ഷിത വനങ്ങള്‍ സന്ദര്‍ശിക്കും. ഉത്തരവാദപ്പെട്ട ഒരു സംഘടന ഫെല്ലോഷിപ്പുതന്ന് ഏല്‍പ്പിച്ച പഠനം ഏറ്റെടുത്ത സ്ഥിതിക്ക് അത് വേണ്ടപോലെ നടത്തേണ്ട ചുമതല എനിക്കുമുണ്ടല്ലോ. ‘ കണ്ണുകൊണ്ട് കാണാവുന്നതൊക്കെ കണ്ട്, കേള്‍ക്കാവുന്നതൊക്കെ കേട്ട്, തിരിച്ചു പോവുന്നു. പക്ഷേ കടുത്ത മണങ്ങള്‍ കാറ്റില്‍ നിറച്ചുള്ളപ്പോള്‍ കുറെയൊക്കെ മണത്തറിയാതെ വയ്യല്ലോ!” എന്ന് കരുതി സുഹൃത്തായ ശ്രീ വിനോദ്കുമാര്‍ ഉണിയാലിന്റെ സഹായത്തോടെ ഡെറാഡൂണിന് പടിഞ്ഞാറ് ഉള്ള സാങ്‌ച്വറികള്‍ ലേഖികക്ക് കാണുവാന്‍ സാധിക്കുന്നു. പക്ഷേ അനുവാദമില്ലാതെ ഉത്തര്‍പ്രദേശിലെ സംരക്ഷിതവനങ്ങളില്‍ കടന്നതിന് കേസ്സെടുക്കുമെന്ന വാ‍ര്‍ത്തയാണ് യാത്രാവസാനത്തില്‍ കുളുവില്‍നിന്ന് തിരിച്ചെത്തിയ സുജാതാദേവിയെ എതിരേറ്റത്. സംഘര്‍ഷമൊഴിവാക്കാന്‍ ലേഖികക്ക് പരിസ്ഥിതി മന്ത്രിയെത്തന്നെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. പൌരബോധവും ധൈര്യവും ആണ് അവിടെയും സഹായം. അനാരോഗ്യവും ക്ഷീണവും ബുദ്ധിമുട്ടിച്ചപ്പോഴും നിശ്ചയദാര്‍ഢ്യം കൊണ്ട് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. നിരന്തരസമരം നടത്തി, വനസന്ദര്‍ശനത്തിന് ആദ്യം അനുമതി നിഷേധിച്ച ശ്രീ.ബദൂരിയായില്‍ നിന്നുതന്നെ അവര്‍ രാജാജി നാഷണല്‍പാര്‍ക്കു സന്ദര്‍ശിക്കാന്‍ അനുവാദം നേടുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള കടപ്പാട് ശ്രീ. ബദൂരിയാ‍യോടാണ്. അദ്ദേഹം ഉയര്‍ത്തിയ കടമ്പകളാണ് അതു ചാടിക്കടക്കുന്നതിനുള്ള പ്രചോദനം നല്‍കിയത്. പെണ്ണെരുമ്പെട്ടാല്‍ എന്ന് ചൊല്ലുണ്ടല്ലോ! അത് പെണ്ണിനുള്ള പ്രശംസയോ പരിഹാസമോ?

മേധാ പാട്ക്കറും, വന്ദന ശിവയും, സുഗത കുമാരിയും ദയാഭായിയുമെല്ലാം പൊതുവായി സൂക്ഷിക്കുന്ന ഒരു ജൈവബന്ധമുണ്ട്. സ്ത്രീയും പ്രകൃതിയുമായുള്ള ജൈവബന്ധം. അതേ ജൈവബന്ധമാണ് യാത്രയിലും സുജാതാദേവിക്ക് തുണയാവുന്നത്. ജീവിതക്ലേശങ്ങളെക്കാളും പാരമ്പര്യത്തിന്റെ കനത്ത ചങ്ങലയാണ് ഉത്തരേന്ത്യക്കാരെ ബന്ധിച്ചിരിക്കുന്നത്. പണി ചെയ്യാന്‍ മാത്രമായി പിറന്നവളാണ് ഇവിടത്തെ ഗ്രാമീണ സ്ത്രീ. പുലരും മുന്‍പ് ഒരു വലിയ കുട്ടയുമായി കാട്ടിലേക്ക് പുറപ്പെടുന്നവള്‍ നടു നിവര്‍ത്തുന്നത് രാവേറെ ചെന്നതിനു ശേഷമാണ്. വിറകുവെട്ടണം, വെള്ളം കൊണ്ടുവരണം, കൃഷിപ്പണി ചെയ്യണം, പുല്ലരിയണം, കുഞ്ഞുങ്ങളെ നോക്കണം. എന്നാലും പരുക്കന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി മല്ലിട്ട് ജീവിച്ചിട്ടും ഹിമാലയത്തിലെ സ്ത്രീകളുടെ പാട്ടിന്റെ ഉറവ വറ്റുന്നില്ല. പുല്ലരിയുമ്പോഴും പണിചെയ്യുമ്പോഴും അവര്‍ പാടുന്നു. യാത്രക്കിടയിലും സന്തോഷവും സങ്കടവുമൊക്കെ പാട്ടിലൂടെ തുറന്നൊഴുക്കി വിടുന്നു. കിന്നരിമാര്‍ക്ക് ദുമേദസ്സില്ലാത്തത് ഭക്ഷണക്കുറവുകൊണ്ടു മാത്രമല്ല, തലമുറകളായുള്ള മലകയറ്റവും ഭാരം പേറിയുള്ള നടത്തവും കൊണ്ടാണത്രേ. ഇവരുടെ പുരുഷന്മാരാവട്ടെ, ടൂറിസ്റ്റ് സീസണില്‍ പണിയെടുത്തിട്ട് മറ്റുകാലത്ത് പുകച്ചും കുടിച്ചും ചീട്ടുകളിച്ചും അലസജീവിതം നയിക്കുന്നു.

പരിസ്ഥിതി വാദിയും പക്ഷിശാസ്ത്രജ്ഞനുമായ സാലിം ആലി ഏറെക്കാലം ഡെറാഡൂണില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്ഷിഗൈഡുകള്‍ ആണ് സുജാതാദേവി പക്ഷികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. സുജാതാദേവിയുടെ പക്ഷികളെ കാണാനുള്ള ആഗ്രഹം ഒരു പക്ഷേ സാലിം ആലിയോളം തന്നെ വരും. അദ്ദേഹത്തിന്റെ ആത്മകഥയായഫാള്‍ ഒഫ് സ്പാരോയിലും ഇത്രക്ക് പക്ഷിവിവരണങ്ങളില്ല. “ സിനിമാഭ്രാന്തര്‍ക്ക് താരദര്‍ശനം എന്ന് പറയുമ്പോലെ തന്നെ ഒരു പക്ഷിഭ്രാന്ത് വിവരണങ്ങളിലെ ആര്‍ത്തിയില്‍ വായിച്ചെടുക്കാം. നോക്കുക : “ എന്തൊക്കെ മരങ്ങളാണ്, എത്ര പൂക്കളാണ്, പുഴകളാണ്! കൊച്ചു കൊച്ചു നൂറു വെള്ളച്ചാട്ടമുണ്ട് വഴി നിറയെ. പുഴയിലെ പാറക്കെട്ടില്‍ നമ്മുടെ വണ്ണാത്തിയെക്കാളും ഇത്തിരികൂടിപ്പോന്ന റിവര്‍ചാറ്റ് അഥവാ വെള്ളത്തൊപ്പിക്കാരന്‍ ചുവപ്പന്‍ സ്റ്റാര്‍ട് ഇരതേടി നില്‍പ്പുണ്ട്. കരിം ചുവപ്പു വാലും വയറും കരിനീല ദേഹവുമുള്ള ഒരുണ്ടക്കിളി. തലയില്‍ വെണ്ണ പൊത്തിയതുപോലെ അല്‍പ്പം വെളുപ്പും.” “ കറുത്തു സുന്ദരന്മാരായ ഖലീജ് എന്ന കാട്ടുകോഴികളെ ഞാന്‍ കേദാരത്തില്‍ വച്ചു തന്നെ കണ്ടിരുന്നു. ചെറുതൊപ്പി വച്ച തവിട്ടു കാട്ടുകോഴികളേയും നേരത്തേ പരിചയപ്പെട്ടിരുന്നു. പശുവിഹാറിലെ പുതുമുഖങ്ങളിലൊന്ന് റോസ് ഫിഞ്ച് ആയിരുന്നു. നെഞ്ചിലെ ഇളം ചുവപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. നമ്മുടെ ഒരു പക്ഷിക്കും ഇങ്ങനെയൊരു നിറമില്ല.” (പേജ് 36,37).
പുള്ളിപ്രാവില്ലാത്ത ഇടമില്ല. ഇലപ്പടര്‍പ്പിനിടയില്‍ ഒന്നുരണ്ടിടത്ത് കാട്ടുകോഴികളെ കണ്ടു. അതിനിടയില്‍ ഒരു കുരങ്ങന്‍ - റിസൈസ് മെക്കാക്ക് - തറയിലിറങ്ങി എന്തൊക്കെയോ പെറുക്കിയും കടിച്ചുതുപ്പിയും നടക്കുന്നുണ്ടായിരുന്നു. ഒരുവലിയ മരത്തിലൂടെ വേഗം വേഗം നടന്ന് മുകളിലേക്ക് കയറുന്ന സുന്ദരന്‍ കൊച്ചുകിളിയെ ഞാനാദ്യം കാണുകയായിരുന്നു. വെളുത്ത വയറും കറുത്തതലയും കറുപ്പും ചാരവും കലര്‍ന്ന പുറവുമുള്ള ഇവനാവണം ഹിമാലയന്‍ ട്രീ കീപ്പര്‍. “ (പേജ് 70) ഇത്തരത്തിലുള്ള വിവരണങ്ങള്‍, ചിറകും തൂവലും വാലും വര്‍ണിച്ച്, ഗൈഡ് ബുക്കുനോക്കി ഓരോന്നിനേയും തിരിച്ചറിഞ്ഞ്, കുറുകലും പാട്ടും കേള്‍പ്പിച്ച് നല്‍കാന്‍ ഒരു യഥാര്‍ഥ പ്രകൃതിനിരീക്ഷകക്കു മാത്രമേ സാധിക്കൂ. “പ്രകൃതിനിരീക്ഷകയുടെ യാത്രാവിവരണമെന്ന് ഇതിനെ വിളിക്കാം. “ മലയാളത്തില്‍ ഇത്തരമൊന്ന് അപൂര്‍വമെന്ന് പറയാനിതാണ് കാരണം. വഴിവക്കില്‍ കാണുന്ന, പക്ഷികളെയും മൃഗങ്ങളേയും തിരിച്ചറിയാന്‍ അതെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് സാധിക്കയില്ല. പലരും ഹംസമെന്ന് പറയുന്നത് താറാവിനെയായിരിക്കും. ശ്യാമക്കിളിയെ കുയിലെന്നും വിളിക്കും! പല യാത്രാവിവരണങ്ങളിലും ഇങ്ങനെ തെറ്റായ പക്ഷിപ്പേരുകള്‍ അരോചകമാവാറുണ്ട്. അധികം പേരും പക്ഷികളെ ശ്രദ്ധിക്കാറുപോലും ഇല്ല.

രാജാജി നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് ലേഖിക എറ്റവുമധികം മൃഗങ്ങളെ കാണുന്നത്. പുള്ളിമാനുകള്‍, മ്ലാവുകള്‍, നീലക്കാളകള്‍, ബാര്‍ക്കിങ് ഡിയര്‍ തുടങ്ങിയവയെ. പക്ഷെ, ഒരു ദിവസം വനപാലകര്‍ കൂടെയില്ലാതെ നടക്കാന്‍ പോയ സമയം ആനയെക്കണ്ടത് വിവരിച്ചിരിക്കുന്നത് അവിസ്മരണീയം. ഒരു സംഘം മാനുകള്‍ വരുന്നതുകണ്ട് ഒഴിഞ്ഞൊരു ഇടത്ത് ഒരു കല്ലില്‍ ഇരുന്നതാണ് അവര്‍. വളര്‍ന്നു പന്തലിച്ച ഒരാലിന്റെ അടുത്ത്. അപകടകാരിയല്ലെന്ന് തോന്നിയതിനാലാവണം മാനുകള്‍ ഭയം കൂടാതെ മേഞ്ഞു. ആലിന്മുകളില്‍ കുരങ്ങന്മാരും ഉണ്ടായിരുന്നു. അവര്‍ക്ക് മനുഷ്യരെ കണ്ടാലും ഒരു കൂസലുമില്ല. അപ്പോള്‍ വരുന്നു ഒരു കുറുക്കന്‍ . പനങ്കുല വാലന്‍ , പരമ സുന്ദരന്‍ . ലേഖികയെ കണ്ടതും അവന്റെ ചിരി മാഞ്ഞു. കാടിനുള്ളിലേക്ക് പിന്‍‌വലിഞ്ഞു. അതെത്തുടര്‍ന്ന് പക്ഷികളെക്കണ്ട് കുറച്ചകത്തോട്ടുപോയപ്പോള്‍ കമ്പൊടിയുന്ന ശബ്ദം. ചുള്ളി ഞെരിയുന്ന ശബ്ദം. അതോടൊപ്പം ഒരു തുമ്പിക്കൈ പൊങ്ങുന്നതും കണ്ടു. മസ്തകത്തിന്റെ ഭാഗവും. ഒറ്റയാനായിരുന്നു. പതുക്കെ ആനയെ നോക്കി പിന്നോട്ടു നടന്നു. കുറച്ചു ദൂരമെത്തിയിട്ട് തിരിഞ്ഞോടി. അനുഭവം കഴിയുമ്പോള്‍ പേടി ഒരു സുഖമെന്ന് അവര്‍. പക്ഷെ, പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, ഹിമാലയത്തില്‍ കാടുകളേ ഇല്ലല്ലോ എന്ന തീരാദു:ഖത്തില്‍ നമ്മളെത്തും. ഗ്രാമീണര്‍ കാടും മലയും കയ്യേറി ആടിനെയും പശുവിനെയും വളര്‍ത്തുന്നു. കൃഷിയിറക്കുന്നു. സംരക്ഷിത വനങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും വനം കൈയ്യേറ്റം കേരളത്തില്‍ അത്ര രൂക്ഷമല്ല. കാരണം, മരം വെട്ടി തീകത്തിച്ച് രക്ഷനേടേണ്ട അത്ര കഠിനമായ തണുപ്പ് നമുക്കില്ല. തെങ്ങ് എന്ന കല്‍പ്പവൃക്ഷം വിറകിന്റെ ആവശ്യത്തെ ഒരുവിധം നിറവേറ്റുന്നതുകൊണ്ടും, കാട്ടിലഴിച്ചുവിട്ട് ആടുമാടുകളെ വളര്‍ത്താത്തതും മറ്റൊരു കാരണമാവാം. ഹിമാചല്‍ പ്രദേശില്‍ ഉള്ള ദര്‍ലാഘട് എന്ന സാങ്‌ച്വറിയില്‍ ഒരു സിമന്റ് ഫാക്ടറിക്ക് അനുവാദം നല്‍കിയതോടെ സാങ്‌ച്വറിയുടെ നല്ലൊരു ഭാഗംഡീ നോട്ടീഫൈഡ്ആയി. മരുഭൂമികള്‍ ഉണ്ടാവുന്നതിന് നല്ല ഉദാഹരണം. ഹിമാചല്‍ പ്രദേശിലെ ചൈലെന്ന മറ്റൊരു റിസര്‍വ് വനത്തിനുള്ളില്‍ ഉള്ളത് 120 ഗ്രാമങ്ങളാണ്. അവയിലൊക്കെ ഒരു പതിനായിരം മനുഷ്യരും അവരുടെ കന്നുകാലികളും. തടിമില്ലുള്‍പ്പെടെ പതിനെട്ട് വ്യവസായസ്ഥാപനങ്ങള്‍ കാട്ടിനുള്ളീലുണ്ട്. ഒരു സര്‍ക്കാര്‍ പള്ളീക്കൂടം, മിലിട്ടറി അക്കാദമിയുടേ സ്കൂള്‍, മിലിട്ടറീ എന്‍‌ജിനീയറിംഗ് സര്‍വീസിന്റെ ഓഫീസ്, ഹോട്ടികള്‍ചര്‍ ഡീപ്പാര്‍ട്മെന്റിന്റെ ഓഫീസ്, കൃഷിസ്ഥലം, ടൂറീസം വകുപ്പിന്റെ ഓഫീസ്, ലേഖികയോടൊപ്പം നമുക്കും ചോദിക്കാം, പ്രകൃതിവിരുദ്ധ സഹകരണസമൂഹത്തെ സംരക്ഷിതവനമെന്ന് വിളിക്കുന്നതെന്തിന്? ( വര്‍ഷം തോറും മനുഷ്യലക്ഷങ്ങള്‍ കയറിയിറങ്ങുന്ന ശബരിമല തേക്കടി റിസര്‍വ് വനത്തിനുള്ളിലാണ്. വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാത്തതുകൊണ്ട് സൈലന്റ് വാലി നമുക്ക് ഇപ്പോഴുമുണ്ട്.) ചൈലിലെ ഗ്രാമീണജനതക്ക് വെള്ളമില്ലെന്ന പരാതി യാണ് മുന്നില്‍. വന്യമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നുവെന്ന പരാതി വേറെയും. ഗ്രാമവാസികളുടെ വാദം വിചിത്രമാണ്. “ കാട്ടിലെ പുല്ല് എന്തിനാണ് മാനുകള്‍ക്ക് വിട്ടുകൊടുക്കുന്നത്? അത് ഞങ്ങളുടെ ആടും പശുവും തിന്നാലെന്താണ്? മാനുകളെക്കൊണ്ട് ആര്‍ക്കാണ് പ്രയോജനം?അവര്‍ നിങ്ങള്‍ക്കെന്തു തരുന്നു?”
സുജാതാദേവിയുടെ കാവ്യഭംഗിയുള്ള ഭാഷ, ഓരോ അധ്യായത്തേയും അതിമനോഹരമാക്കുന്നു. സംസ്കൃതഭാഷയിലുള്ള അവരുടെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും പ്രസരിക്കുന്നു. ഹിമാലയ യാത്ര നടത്തുന്ന എല്ലാവരും കാളിദാസനെ അനുസ്മരിക്കാറുണ്ട്. കുമാര സംഭവത്തിലെ പാര്‍വതിയും, മറ്റ് നായികമാരും പ്രദേശങ്ങളില്‍ നിന്നാണല്ലോ. സുജാതാദേവിയും കാളിദാസനേയും കേദാരനാഥനേയും അനുസ്മരിച്ചിട്ടാണ് തുടങ്ങുന്നത്. വനദേവതയാല്‍ അനുപ്രയാതയായി വന്നെത്തുന്നസ്ഥാവര രാജകന്യകയാണ് കുമാരസംഭവത്തിലെ പാര്‍വതി, കേദാരത്തിലെ വനലക്ഷ്മിയും. വനയാത്രക്കിടയിലും സന്ദര്‍ശ്ശിക്കാന്‍ പറ്റിയ, കേദാരവും മണികര്‍ണവും കുളു വാലി എന്നിവയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. കൂടാതെ മുന്‍പൊരിക്കല്‍ നടത്തിയ കേദാരനാഥ് ക്ഷേത്രത്തിലേക്കുള്ള കാല്‍നടയാത്രയുടെ വര്‍ണനയും. യാത്രക്കിടയില്‍ കൂട്ടിനെത്തുന്ന ഒരു നായ വഴികാട്ടിയായതും , അവര്‍ അതിനോട് സംസാരിച്ചുനടന്നതും അത്ഭുതകരമാണ്. അതിലും രസകരമാണ് അവരുടെ കുതിരസവാരിയെക്കുറിച്ചുള്ള വിവരണം. സ്വര്‍ഗവും നരകവും ഒരുമിച്ച് കാണിച്ചുതരുന്ന മലമടക്കുകളിലെ കുതിരസവാരി! ഇടക്ക് കാലില്‍ വല്ല കമ്പോ വള്ളിയോ ഉടക്കിയാല്‍ കുതിര പേടീച്ച് ചിനച്ചും കൊണ്ട് രണ്ടുകാലില്‍ നില്‍ക്കും. അള്ളിപ്പിടിച്ച് അതിന്റെ പുറത്ത് കിടക്കുകയേ രക്ഷയുള്ളൂ. കുതിരസവാരിക്കു ശേഷം കുതിരക്കുപോലും നടക്കാനാവാത്ത വഴിയിലൂടെ കാലുകൊണ്ട് നടന്നു കയറി. പര്‍വതനന്ദനനായ പഹാഡിയുടെ മലകയറ്റം കാണേണ്ട കാഴ്ച്ചയാണത്രെ. കുത്തനെയുള്ള മലകള്‍ അയാള്‍ അതിവേഗത്തില്‍ കയറിയിറങ്ങും.

പ്രൈമറി ക്ലാസ്സില്‍ നമ്മളെല്ലം വനസമ്പത്ത് എന്തെല്ലാമെന്ന് പഠിച്ചത് ഓര്‍മ്മയുണ്ട്. തടി, വിറക്, തേന്‍ , ആനക്കൊമ്പ്, പച്ചമരുന്നുകള്‍ , ചന്ദനം,കസ്തൂരി ഇങ്ങനെ പലതും വനം നമുക്ക് തരുന്നു. വനമാണ് സമ്പത്തെന്നും അത് മണ്ണിനേയും പ്രകൃതിയേയും സംരക്ഷിക്കുന്നുവെന്നും വനത്തിനുള്ളില്‍ മനുഷ്യന്‍ കയറുന്നതാണ് വനനശീകരണമെന്നും ഒരു ക്ലാസ്സിലും പഠിച്ചില്ല. പതിനഞ്ച് അധ്യായങ്ങളിലായി പകുത്തുവെച്ച പുസ്തകം സര്‍ക്കാരിന്റെ പ്രകൃതി-വന സംരക്ഷണത്തിനോടും വികസനനയത്തോടുമുള്ള ഒരു വിമര്‍ശനം കൂടിയാ‍ണ്. “ഭരിക്കുന്നവര്‍ക്ക് സ്ത്രീയോടും പ്രകൃതിയോടും ഒരേ സമീപനമാണ്. ഉടമസ്ഥാവകാശവും ചൂഷണവും. പട്ടണങ്ങളെ ഊട്ടുന്നതിലും താലോലിക്കുന്നതിലുമാണ് എന്നും സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം. കാടിന്നുള്ളില്‍ കഴിയുന്ന ഗ്രാമീണരുടെ പുനരധിവാസത്തിനുള്ള പണവും സ്ഥലവും കണ്ടെത്തുക വിഷമമുള്ള കാര്യമല്ല. നഗരത്തില്‍ ആര്‍ക്കും വേണ്ടാത്ത ഷോപ്പിങ് കോമ്പ്ലെക്സുകള്‍ കെട്ടുന്നതാണ് വികസനം. തല്‍ക്കാലം വോട്ടുനേടാനുള്ള വ്യഗ്രത മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളൂ. ദീര്‍ഘദൃഷ്ടിയോടെ ആസൂത്രണം നടത്തണമെന്ന് പറയാനുള്ള കാലം എന്നേ കഴിഞ്ഞുപോയി. ഉരുള്‍ പൊട്ടലിന്റേയും മണ്ണൊലിപ്പിന്റേയും വൃഷ്ടിപ്രദേശം വരണ്ടുപോകലിന്റേയും ഒത്ത നടുവില്‍ വന്നെത്തിയിട്ടും ഒന്നും കണ്ടും കേട്ടുമില്ലെന്ന് ഭാവിച്ച് വീണ്ടും വിത്തെടൂത്തുണ്ണുന്ന വിഡ്ഢിത്തത്തില്‍ നാം മുഴുകുന്നു. പോക്കിന് കടിഞ്ഞാണിടാന്‍ ആരും തയ്യാറല്ലെങ്കില്‍ നാട് അനുഭവിച്ചു തീര്‍ക്കട്ടെ.” ഇതാണ് യാത്രയുടെ കണ്ടെത്തല്‍.

എന്തുകൊണ്ട് സുജാതാദേവിയെന്ന അനുഗ്രഹീത എഴുത്തുകാരി മലയാളഭാഷക്ക് അധികം സംഭാവനകള്‍ നല്‍കിയിട്ടില്ല? സമയക്കുറവോ കാരണം? അവര്‍ ഇനിയും എഴുതണേ എന്ന് വായനക്കാര്‍ പ്രാര്‍ഥിച്ചുപോവും. വായനക്കാരി/കാരന്‍ പ്രകൃതിസ്നേഹിയും പക്ഷിസ്നേഹിയും ആണെങ്കില്‍ പറയാനുമില്ല. യാത്ര ഇഷ്ടപ്പെടുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാളും അത്ഭുതാദരങ്ങളോടേ മാത്രമേ വനയാത്ര വായിക്കൂ. ആലീസ് കണ്ട അത്ഭുതലോകം പോലെയൊരു അത്ഭുതലോകമാണ് പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത്. ആഗോളതാപനത്തിന്റെ, പരിസ്ഥിതിനാശത്തിനുള്ള കടുത്ത പിഴയടക്കലിന്റെ, നാടുമുടിക്കുന്ന വികസനത്തിന്റെ വേളയില്‍, ‘ഇത്തിരി പച്ചപ്പ് നിലനില്‍ക്കുന്ന മനസ്സുകള്‍ക്ക് പുസ്തകം അമൃതാണ്.