Wednesday, May 29, 2013

മഹായാനം

പുസ്തകം : മഹായാനം
രചയിതാവ് : മുണ്ടൂര്‍ സേതുമാധവന്‍

പ്രസാധകര്‍ :

അവലോകനം : ഡോ: സുജയ.



വാഴ്വിന്റെ മഹാപ്രസ്ഥാനം

രു യാത്രയ്ക്ക് നമ്മോടു പറയാന്‍ പല കാര്യങ്ങളുമുണ്ടാകും – മനസ്സിനെ പിടിച്ചുലച്ച കാഴ്ചകള്‍, കേള്‍വികള്‍, നാമറിയാതെ നമ്മുടെയുള്ളില്‍ കയറിയിരുന്ന വ്യക്തികള്‍, എന്നെ പേടിയ്ക്കണം എന്ന് ഭീഷണിപ്പെടുത്തുന്ന കാലം, ഊടുവഴികള്‍ കാണിച്ചു പ്രലോഭിപ്പിയ്ക്കുന്ന കൌടില്യം , ഇവിടെയൊരല്പം നന്മയുണ്ട് എന്ന് സാന്ത്വനിപ്പിയ്ക്കുന്ന ആര്‍ദ്രത , ചെയ്യരുതാത്തത്‌ ചെയ്തുവല്ലോ എന്ന കുറ്റബോധം , ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് ശാസിയ്ക്കുന്ന വിവേകം ,ഇനിയും പലതും ചെയ്യാനുണ്ട് എന്നോര്‍മ്മിപ്പിയ്ക്കുന്ന കര്‍ത്തവ്യബോധം – വാഴ്വിന്റെ മഹാപ്രസ്ഥാനത്തില്‍ ഊഴം തേടിയെത്തുന്ന സന്ദര്‍ശകരാണിവര്‍ . തികച്ചും സാധാരണവും നൈമിഷികവുമായ ഇത്തരം മുഹൂര്‍ത്തങ്ങളെ ഹൃദയാവര്‍ജ്ജകമായി അവതരിപ്പിയ്ക്കുകയാണ് മുണ്ടൂര്‍ സേതുമാധവന്‍ “ മഹായാനം ” എന്ന കഥാസമാഹാരത്തില്‍.

സ്നേഹസിക്തങ്ങളായ ബന്ധങ്ങള്‍

മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാകുമ്പോള്‍ അവിടെ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും നിറസാന്നിദ്ധ്യമുണ്ടാകും . അതിന്റെ സാക്ഷ്യമാണ് ‘ മഹായാനം ’ എന്ന കഥ. അച്ഛനമ്മമാരില്ലാത്ത പേരക്കുട്ടിയെ തന്റെ ജന്മമായി കണക്കാക്കുന്ന അമ്മമ്മ രോഗശയ്യയിലായിരുന്ന അവനു തന്റെ ജീവന്‍ കൊടുത്തു യാത്രയാകുന്ന ഈ കഥ സ്നേഹം ത്യാഗമാണെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്. ആ മൃതദേഹ ത്തിന്റെ കൈയില്‍ മുറുകെ പിടിച്ചിരിയ്ക്കുന്ന ഉഴിഞ്ഞുവെച്ച നാണയം അന്ധവിശ്വാസമല്ല, സ്നേഹത്തിന്റെ പാരമ്യമായ പ്രാര്‍ത്ഥനയാണ്. ആ സ്നേഹം രക്തബന്ധം കൊണ്ടല്ല പലപ്പോഴും കിട്ടുന്നതെന്നോര്‍മ്മിപ്പിയ്ക്കുന്ന കഥയാണ്‌

മകള്‍ ’ . ഭാര്യ നേരത്തെ മരിച്ച തഹസില്‍ദാര്‍ ദാമോദരന്‍ നായര്‍ മകള്‍ വിവാഹിതയായി അമേരിയ്ക്കയിലേയ്ക്ക് പോയതോടെ ഒറ്റയ്ക്കായി. അയാള്‍ കല്യാണിയെ ശുചിത്വവും , പാചകവും പഠിപ്പിച്ച് കൂടെ നിര്‍ത്തി. ദാമോദരന്‍ നായര്‍ മരിച്ചപ്പോള്‍ സ്വത്തിനവകാശിയായ മകള്‍ക്ക് വരാന്‍ കഴിഞ്ഞില്ല. മരണ സമയത്ത് കൂടെയുണ്ടായിരുന്നത് കല്യാണി , മരിച്ചപ്പോള്‍ കരഞ്ഞതും കല്യാണി. ആരാണ് മകളെന്നൊരു ചോദ്യമാണ് കഥ ചോദിയ്ക്കുന്നത്.

മനുഷ്യത്വം വ്യക്തിബന്ധങ്ങള്‍ക്കുമതീതമാകുന്ന കാഴ്ചയാണ് ‘ ഉറവുകള്‍ വറ്റുന്നില്ല ’ എന്ന കഥയില്‍ കാണുന്നത്. പുതിയ ഷര്‍ട്ടിനു വേണ്ടി വാശി പിടിയ്ക്കുന്ന മകനെ തഴഞ്ഞാണ് അവന്റെ പിറന്നാള്‍ ദിവസം രാവുണ്ണിക്കുട്ടി മരത്തില്‍ നിന്ന് വീണു പരിക്കേറ്റ തന്റെ സുഹൃത്തിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അയാളുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ളതായിരുന്നു. കാലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ അയാള്‍ തന്റെ മകനിലും ആ നന്മയുടെ ഉറവ് വറ്റാതെയുണ്ട് എന്നറിയുന്നു.

തിരിച്ചറിവുകള്‍

കര്‍ത്തവ്യബോധമാണ് മിക്കപ്പോഴും മനുഷ്യനെ തന്നിലെ തെറ്റുകളെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നത്. ചെയ്യേണ്ടത് ചെയ്തില്ലെന്നും, ചെയ്യരുതാത്തത്‌ ചെയ്തുവെന്നും, തിരുത്തേണ്ടതുണ്ടെന്നുമൊക്കെയുള്ള കുറ്റബോധം അങ്ങനെയുണ്ടാകുന്നതാണ്. അദ്ധ്യാപകഅവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ രാഘവന്‍ മാഷുടെ മനസ്സിലെത്തിയത് നല്ല മാര്‍ക്ക് നേടിയ സമര്‍ത്ഥരായ ശിഷ്യരല്ല , നല്ല സാഹചര്യങ്ങളുടെ അഭാവം കൊണ്ട് പിന്‍തള്ളപ്പെട്ടുപോകുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളാണ്. ശ്രമിച്ചാല്‍ അവരെയും നന്നാക്കാന്‍ സാധിയ്ക്കുമെന്ന തീരുമാനത്തിലെത്തുന്ന മാഷുടെ കഥയാണ്‌ ‘ ജേതാവ് ’

വയ്യാത്ത അമ്മയെ വിശ്വസ്തയായ വേലക്കാരിയെ ഏല്പിച്ച് ജനസേവനത്തിനിറങ്ങിയ രാമന്‍കുട്ടിയ്ക്ക് തന്റെ പ്രവൃത്തിയില്‍ എപ്പോഴും കുറ്റബോധം തോന്നുന്നുണ്ട്. ഉറ്റ സുഹൃത്തിന്റെ ഭാര്യ മരണശയ്യയിലായിരുന്നിട്ടും ഒന്നു പോയി കണ്ടില്ലല്ലോ എന്ന വിചാരത്തോടെ ചെന്നപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. വനിതാവേദിയുടെ മീറ്റിങ്ങില്‍ അമ്മമാര്‍ക്ക് വേണ്ടി പ്രസംഗിച്ചപ്പോഴും പ്രസിഡന്റിന്റെ വൃദ്ധയായ അമ്മയെ കാണാന്‍ ചെന്നപ്പോഴുമൊക്കെ ഈ കുറ്റബോധം മനസ്സിലുയര്‍ന്നു നിന്നു. പരിചാരികയോടുള്ള അന്വേഷണത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുകയാണ് തന്റെ മാതൃസ്നേഹമെന്ന തളര്‍ച്ച മനസ്സിലേറ്റു വാങ്ങുന്ന രാമന്‍കുട്ടിയുടെ കഥയാണ്‌ ‘ അമ്മയിലകള്‍ ’

തന്റെ പ്രണയസാഫല്യത്തിനു വേണ്ടി ഏകാശ്രയമായ പാടം വില്‍‍ക്കണമെന്ന് മകന്‍ വാശി പിടിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സമ്മതം നല്‍കി അപ്പുമാഷ് നാട് വിട്ടു പോയി. വീട് പട്ടിണിയാവുക കൂടി ചെയ്തപ്പോള്‍ മകന്റെ വിവേകമുണര്‍ന്നു. വേനല്‍ മഴയില്‍ മണ്ണും മനസ്സും കുളിര്‍ത്തപ്പോള്‍ അവന്‍ പുതിയ തീരുമാനത്തോടെ കൈക്കോട്ടെടുത്തു. കുടുംബത്തെ എന്നും പട്ടിണിയില്‍ നിന്നും രക്ഷിച്ചിരുന്ന ആ ഭൂമിയാണ്‌ യഥാര്‍ത്ഥ പ്രണയിനിയെന്ന തിരിച്ചറിവുണര്‍ത്തുന്ന കഥയാണ് ‘ പ്രണയം ’.

പ്രായോഗികതയുടെ കണക്കുപുസ്തകങ്ങള്‍

ജീവിതവിജയത്തിന്റെ അടിത്തറ പ്രായോഗികതയാണ്. സമാധാനം നിറഞ്ഞ ജീവിതത്തിനു ഈ പ്രായോഗികത കൂടിയേ തീരൂ. അത് തിരിച്ചറിയാനും സമാനമായ ഒരു മനസ്സ് വേണം. ‘നക്ഷത്രങ്ങള്‍ നമ്മോടു പറയുന്നത് ’ എന്ന കഥയിലെ രാമകൃഷ്ണന്‍ മാഷ്‌ തന്റെ മകന് സമ്പന്നനായ ഉണ്ണികൃഷ്ണമേനോന്റെ മകളുമായുള്ള വിവാഹാലോചനയ്ക്ക് എന്ത് മറുപടി കൊടുക്കണമെന്ന ചിന്തയിലിരിയ്ക്കുമ്പോഴാണ് താര മനസിലേയ്ക്ക് കയറിവന്നത്. വനിതാ ടി.ടി.ഐ ഹെഡ് മാസ്റ്റര്‍ രാമകൃഷ്ണന്‍ മാഷ്‌ ക്യാമ്പ് ഉദ്ഘാടനത്തിനു മുഖ്യാതിഥി എത്തിയ സമയത്ത് കറന്റ് പോയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അപ്പോഴാണ്‌ താരയെന്ന വിദ്യാര്‍ത്ഥിനി മുന്നോട്ടുവന്നു ഫ്യൂസ് വയര്‍ കെട്ടി പ്രശ്നം പരിഹരിച്ചത്. അച്ഛനില്ലാത്ത താര. വീട്ടില്‍ ആണ്‍കുട്ടികളില്ലാത്ത അവള്‍ സ്വയം പര്യാപ്തതയോടെ ജീവിയ്ക്കാന്‍ പഠിച്ചു. തന്റെ മരുമകള്‍ ആരായിരിയ്ക്കണമെന്നു മാഷ്‌ തീരുമാനിച്ചു.

ഇതേ പ്രായോഗികത തന്നെ പരിധിയ്ക്കപ്പുറം കടക്കുമ്പോള്‍ ക്രൂരമായിപ്പോകുന്നതും അതിനു സമാനമായ മറുപടി നല്‍കേണ്ടി വരുന്നതുമാണ് ‘ പാഴ്ച്ചെടികള്‍ ’ എന്ന കഥയിലെ പ്രമേയം. വയസ്സായ അച്ഛനെ ഒന്ന് വന്നു കാണാന്‍ പോലും നേരമില്ലാത്ത മകനും മകളും ഗ്രാമത്തില്‍ വീടിനടുത്ത് നിരത്ത് വന്നുവെന്നറിഞ്ഞപ്പോള്‍ ഉടന്‍ നാട്ടിലെത്തി. സ്ഥലത്തിനിപ്പോള്‍ നല്ല വില കിട്ടുമെന്നും അച്ഛന് എല്ലാ സൌകര്യങ്ങളുമുള്ള ഓള്‍ഡ്‌ ഏയ്‌ജ് ഹോം ബാംഗ്ലൂരുണ്ടെന്നും ഭംഗിയായി അവതരിപ്പിച്ചു. കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കും ,കുട്ടികള്‍ക്ക് അമ്മയുടെ ശ്രദ്ധ കിട്ടാത്തതിന്റെ കുറവ് നികത്താനും കൂടുതല്‍ സൌകര്യങ്ങള്‍ കിട്ടാനുമായി റസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിയ്ക്കാനും സ്വത്തിന്റെ ഭൂരിഭാഗവും വിറ്റ അച്ഛന്‍ മക്കള്‍ക്ക് അവരുടെ വീതം കൊടുത്തു, തറവാട്ടില്‍ അവര്‍ക്ക് ഒരവകാശവുമില്ലെന്നു പറഞ്ഞു , അതിനി തനിയ്ക്കും തന്റെ ഭാര്യയ്ക്കും മാത്രമുള്ളതാണ്.

കല്പാന്തമുണര്‍ത്തുന്ന കാലം

മൂല്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ ബന്ധങ്ങളാണ്. ആദരവോടെയും സ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും മനുഷ്യത്വത്തോടെയും നാം പരിപാലിച്ചുപോരുന്ന ബന്ധങ്ങള്‍. ഇന്ന് മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും ഈ ബന്ധങ്ങള്‍ തന്നെ. ശങ്കരന്‍ മാഷ്‌ ശിഷ്യന്‍ തങ്കപ്പനെ വര്‍ഷങ്ങള്‍ക്കുശേഷം വലിയ നിലയില്‍ എത്തിച്ചേര്‍ന്നതായി കാണുന്നു. മാഷ്‌ തന്നോട് കാണിച്ച അലിവിനെപ്പറ്റി പറയുമ്പോഴും മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ ചെയ്യണോ എന്ന് ചോദിയ്ക്കുമ്പോഴുമൊക്കെ അയാളുടെ കണ്ണുകള്‍ തന്റെ മകളുടെ നേര്‍ക്ക്‌ നീളുന്നതായി അദ്ദേഹത്തിനു തോന്നി. ആദര്‍ശശാലിയാണെങ്കിലും മുപ്പതുകാരിയായ മകളുടെ വിവാഹാവശ്യം വന്നപ്പോള്‍ തങ്കപ്പനെ സമീപിയ്ക്കാതിരിയ്ക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ തങ്കപ്പന്‍ ഒരു സഹായമഭ്യര്‍ത്ഥിച്ചു. റെയ്ഡില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ കുറച്ചു പണം മാഷുടെ പേരില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ സമ്മതിയ്ക്കണം. നിഷ്ക്കളങ്കനായ മാഷ്‌ എതിര്‍ത്തില്ല. തിരിച്ചുവരുമ്പോള്‍ അദ്ദേഹം ജാല്യതയോടെ ചിന്തിച്ചത് താനിപ്പോള്‍ കുബേരനോ കുചേലനോ എന്നാണ്. തന്റെ പേരിലുള്ള, തനിയ്ക്കുപയോഗിയ്ക്കാനാകാത്ത ഒരു പക്ഷെ തന്നെ കുഴപ്പത്തിലാക്കാനിടയുള്ള ആ പണം മാഷുടെ സത്യസന്ധതയുടെ നേര്‍ക്ക്‌ മൂല്യരാഹിത്യമുണര്‍ത്തുന്ന ചോദ്യമാണ്, നിന്ദയാണ്. ‘ പ്രളയകാലം ’ എന്ന ഈ കഥയ്ക്ക്‌ പറയാനുള്ളത് കല്പാന്തത്തിന്റെ സവിശേഷത തന്നെ.

മൂല്യങ്ങള്‍ നിരര്‍ത്ഥകമായിപ്പോകുന്ന കാലത്ത് തെറ്റുകളെക്കുറിച്ചോര്‍മ്മിപ്പിയ്ക്കാനും ആത്മനിന്ദ ശിക്ഷയായി വിധിയ്ക്കാനും അധികാരവും അവസരവും ലഭിയ്ക്കുന്നത് സ്വന്തം മനസ്സാക്ഷിയ്ക്കു മാത്രമാണ്. അവിടെ മാത്രം തെറ്റുകള്‍ മറച്ചു വെയ്ക്കാനോ നിഷ്ക്കളങ്കനായി അഭിനയിയ്ക്കാനോ ആര്‍ക്കുമാവില്ല. അവനവനോടു തന്നെയുള്ള ആ യുദ്ധമാണ് ‘ യുദ്ധം ’ എന്ന കഥയിലെ പ്രമേയം. തന്റെ കീഴ്ജീവനക്കാരിയോടു താന്‍ മോശമായി പെരുമാറിയതിനു സാക്ഷിയായ ശിപായിയെ പ്രതികാരമനോഭാവത്തോടെ അനാവശ്യമായി ശിക്ഷിയ്ക്കുന്ന വ്യക്തിയ്ക്ക് തന്റെ മനസ്സ് തന്നോടു ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം പറയാനാകുന്നില്ല.

വിദ്യാലയരാഷ്ട്രീയം പലപ്പോഴും അദ്ധ്യാപകരുടെ നിയന്ത്രണത്തിലൊതുങ്ങുന്ന പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. കര്‍ത്തവ്യബോധവും ആത്മാഭിമാനവും മറന്നു അദ്ധ്യാപകര്‍ക്ക് നിശ്ശബ്ദരാകേണ്ടി വരുന്ന സന്ദര്‍ഭങ്ങളാണവ സൃഷ്ടിയ്ക്കുന്നത്. സ്വന്തം ശൈലിയും സ്വന്തം പാര്‍ട്ടിയുമായി നടക്കുന്ന ഗോവിന്ദനാരായണനെ അദ്ധ്യാപകര്‍ക്കൊക്കെ പേടിയായിരുന്നുവെന്നതാണ് സത്യം. തോല്‍ക്കാനിഷ്ടമില്ലാത്ത ശങ്കരന്‍കുട്ടി മാഷ്‌ സമരമാണെന്ന് പറഞ്ഞു വന്ന ഗോവിന്ദനാരായണനോട് ക്ലാസ് വിടാനിഷ്ടമില്ലെന്നതു മറച്ചു വെച്ച് താന്‍ തുടങ്ങിവെച്ച കാര്യം മുഴുവനാക്കാന്‍ അനുവാദം ചോദിച്ചു. അങ്ങനെ മറ്റു ക്ലാസ്സുകളൊക്കെ വിട്ടപ്പോഴും മാഷ്‌ ക്ലാസ്സെടുത്തു. ആ വിജയം മാഷെ കരയാനും ചിരിയ്ക്കാനും തോന്നിപ്പിച്ചു. മാഷ്‌ ജയിച്ചുവോ തോറ്റുവോ ? ‘ഗോവിന്ദനാരായണന്റെ പാര്‍ട്ടി ’ എന്ന കഥയുയര്‍ത്തുന്ന ചോദ്യം അതാണ്‌.

കഥകള്‍ പുനര്‍ജ്ജനി നേടുമ്പോള്‍

ഒരു സാഹിത്യകാരനും പുതിയ പ്രമേയം ഉണ്ടാക്കുകയല്ല ചെയ്യുന്നത്. ആവിഷ്ക്കാരത്തിന്റെ പുതുമ കൊണ്ട് പ്രമേയങ്ങള്‍ നൂതനഭാവങ്ങളോടെ പുനര്‍ജ്ജനിയ്ക്കുകയാണ്. നമ്മുടെ മനസ്സില്‍ മുമ്പ് തന്നെ ആദരവോടെയും പ്രീതിയോടെയും രൂപമായും ഈണമായും സ്ഥാനം പിടിച്ചവ കൂടിയാകുമ്പോള്‍ അവ നമുക്ക് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെ നല്‍കും. അത്തരമൊരു കഥയാണ്‌

പൂതപ്പാട്ട് ’. ഇടശ്ശേരിയുടെ പൂതപ്പാട്ട് വായിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് അയല്പക്കക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സുന്ദരിയായ നങ്ങേമ മുന്നിലെത്തിയത്. ‘ കടമ്മനിട്ടക്കവിത പോലെ ദ്രുതതാളത്തില്‍ ’ മുന്നിലെത്തിയ ഒളപ്പമണ്ണയുടെ നങ്ങേമ അയാളില്‍ ചെറുപ്പമുണര്‍ത്തി , കാമമുണര്‍ത്തി. കുളി കഴിഞ്ഞെത്തിയ ഭാര്യ കലി തുള്ളി – അഞ്ചരപ്പവന്റെ താലിമാല കാണാനില്ല. മാല തെരച്ചിലില്‍ മുറ്റത്തു നിന്ന് കിട്ടി. അയാള്‍ സംശയിച്ചു. ആരാണ് അമ്മ? ആരാണ് പൂതം? കാവ്യാത്മകമായ മനസ്സിന്റെ സൃഷ്ടികളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കുഴഞ്ഞ ഒരു ഭ്രമാത്മകകല്പന.

പ്രണയത്തിന്റെ പിന്‍വിളി

ഒരു സാഹിത്യകാരനു എപ്പോഴും പിന്‍വിളിയായി മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗൃഹാതുരതയുണ്ടാകും. അത് അവരുടെ സൃഷ്ടികളില്‍ ഹൃദ്യമായി പ്രത്യേകമായ ഒരാകര്‍ഷണശക്തിയോടെ പ്രതിഫലിയ്ക്കും . മുണ്ടൂര്‍ സേതുമാധവന്റെ സൃഷ്ടികളില്‍ ആ സവിശേഷത മുണ്ടൂര്‍ തന്നെയാണ്. അതൊരവകാശബോധത്തോടെ കഥകളില്‍ കഥാകൃത്തുമായി ഒരു ഒരു പ്രത്യേക പ്രണയഭാവമുണ്ടെന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും. ആ സുഖകരമായ അവകാശക്കയ്യേറ്റമാണ് ഇതിലെ ‘ പ്രണയകാലം ’ എന്ന കഥയില്‍ കാണുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ , സുന്ദരിയായ , പാവമായ രാജി ഒരിയ്ക്കല്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ അവളെ ഒരു ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രക്കാരന്‍ ആ നാട്ടുകാരനായ ടൌണിലെ കോളേജില്‍ പഠിയ്ക്കുന്ന ഹരിദാസ്. ഒരു നാടന്പ്രേമത്തിനു പറ്റിയ പശ്ചാത്തലമായി. ഒരു ദിവസം അയാള്‍ താന്‍ പിറ്റേനാള്‍ കോളേജിലേയ്ക്ക് പോവുകയാണെന്നും യാത്രയയയ്ക്കാന്‍ ബസ്‌സ്റ്റോപ്പില്‍ വരണമെന്നും അവളോടു പറഞ്ഞു. പോകാതിരിയ്ക്കാന്‍ അവള്‍ക്കായില്ല. ആരുമറിയാതെ ബസ്‌സ്റ്റോപ്പിലേയ്ക്ക് ശ്രദ്ധിയ്ക്കാന്‍ പാകത്തിന് അവള്‍ അവിടത്തെ ഗ്രന്ഥശാലയില്‍ കയറിയിരുന്നു. വായിയ്ക്കുകയാണെന്ന ഭാവത്തിലിരിയ്ക്കാം എന്ന് കരുതിയ അവള്‍ക്ക് കിട്ടിയ പുസ്തകം രാജലക്ഷ്മിയുടെ ‘ ഒരു വഴിയും കുറെ നിഴലുകളും ’ - രമണിയില്‍ അവള്‍ തന്നെ കണ്ടു. തന്റെ ഗ്രാമവും കല്ലടിക്കോടന്‍ മലയുമൊക്കെ കാല്പനിക ഭാവത്തോടെ അവളുടെ മനസ്സില്‍ നിറഞ്ഞു. മറ്റെല്ലാം അവള്‍ മറന്നു. തന്റെ പ്രണയത്തിന്റെ ശാദ്വലഭൂമി അതാണെന്നവളറിഞ്ഞു.

പതിനെട്ടു കഥകളാണീ സമാഹാരത്തിലുള്ളത്. പ്രമേയം കൊണ്ടും ആഖ്യാനരീതി കൊണ്ടും നൂതന വായനാനുഭൂതി നല്‍കുന്ന കഥകള്‍. കൃതി സമര്‍പ്പിച്ചിരിയ്ക്കുന്നത് തന്റെ ‘ മനസ്സില്‍ പൊരിവെയിലായും പെരുമഴയായും തിമര്‍ത്തു പെയ്തു പൊയ്പോയ പ്രിയപ്പെട്ട വര്‍ഷങ്ങള്‍ക്കു ’ .ഒരു സാഹിതീയാത്രയുടെ ദൈര്‍ഘ്യത്തിനു പറയാന്‍ സാധിയ്ക്കുന്ന , പറയാതിരിയ്ക്കാന്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ .

Tuesday, May 21, 2013

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക


പുസ്തകം : ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : കെ.പി. രാമനുണ്ണി

 

ന്മയുടെ പ്രതിരോധതന്ത്രം എന്ന ടൈറ്റിലില്‍ പുസ്തകത്തിന് എഴുതിയ അവതാരിക

രിണാമപ്രക്രിയയില്‍ മനുഷ്യന്‍ മനുഷ്യനായി മാറിയത് അവനില്‍ ഭാഷയുടെ ഇന്ദ്രിയം പരിപുഷ്ടമായതിന് ശേഷമാണെന്ന് സിരാശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. വെറും ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലക്ക് മാത്രമല്ല ഭാഷ ഇവിടെ അടയാളപ്പെടുന്നത്. സഹജീവികളുടെ വികാരവിചാരങ്ങള്‍ ഓരോ മനുഷ്യനിലും തന്റേതായി അനുഭവിപ്പിക്കലാണ് സാഹിത്യകൃതികള്‍ നിര്‍‌വഹിക്കുന്ന തരത്തില്‍ ഭാഷയുടെ ഏറ്റവും ഉദാത്തമായ കര്‍മ്മം. സഹജീവികളുടെ വേദനകളും വേവലാതികളും ആശങ്കകളും ആഹ്ലാദങ്ങളും ഭാഷയിലൂടെ ഒരുവനിലേക്ക് സന്നിവേശിക്കപ്പെടുമ്പോ: ആ വികാരങ്ങള്‍ മാത്രമല്ല അയാളുടെ ഹൃദയത്തില്‍ നിറയുന്നത്. അതിനെയെല്ലാം അതിവര്‍ത്തിക്കുന്ന കാരുണ്യമെന്ന വികാരവും ഹൃത്തടത്തില്‍ ഉന്മീലനം ചെയ്യപ്പെടുന്നു. മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും പ്രകൃതിയോടും തോന്നുന്ന കാരുണ്യമാണ് മാനുഷികതയുടെ പരമോന്നതഭാവം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുദേവന്‍, മുഹമ്മദ് നബി തുടങ്ങി അവതാരങ്ങളും പ്രവാചകരുമായി വാഴ്ത്തപ്പെടുന്ന മഹത്തുക്കളെല്ലാം അങ്ങേയറ്റം കരുണാമയരായിരുന്നെന്ന് ഇവിടെ ഓര്‍ക്കണം.

മനോരാജിന്റെ ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക എന്ന കഥാസമാഹാരം വായിച്ചപ്പോള്‍ എന്റെ മനസ്സില് ആദ്യം ഉദിച്ചുയര്‍ന്ന സവിശേഷശീര്‍ഷകം കാരുണ്യം ആവിഷ്ക്കരിക്കുന്ന കഥകള്‍ എന്നതാണ്. കാരണം ആനുകാലിക ജീവിതത്തിലെ നൂറായിരം വ്യഥകളും നെറികേടുകളും ക്രൗര്യങ്ങളും ചിത്രീകരിക്കുമ്പോഴും കഥാകാരന്‍ വായനക്കാരനില്‍ ഉല്പ്പാദിപ്പിക്കുന്നത് രോഷമോ ക്ഷോഭമോ പ്രഹരവീര്യമോ അല്ല, മറിച്ച് സഹിക്കുന്നവരോടും സഹിക്കുന്നവരെയോര്‍ത്ത് സഹിക്കുന്നവരോടുമുള്ള കരുണാമയമായ ഹൃദയഭാവമാണ്.

ആദ്യകഥയായ ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം എന്ന രചനയിലേക്ക് തന്നെ കടന്നുവരാം. നഗരത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുര്‍പിലുള്ള സിമന്റ് ബെഞ്ചില്‍ അഴുക്ക് പുരണ്ട തോള്‍സഞ്ചിയും ഏതോ തുണിക്കടയുടെ കവറുമായി ഒരു അമ്മൂമ്മ ഇരിക്കുന്നു. അവരുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന നല്ല മനുഷ്യര്‍ പിന്നീട് മനസ്സിലാക്കുന്നത് ആ വൃദ്ധയെ ഹോസ്പിറ്റല്‍ മനേജ്മെന്റ് സ്വന്തം പബ്ലിസിറ്റിക്കുള്ള ടി.വി. ചാനല്‍ ഷൂട്ടിംഗിനായി കരുവാക്കിയിരിക്കുന്ന കാര്യമാണ്. ആസ്പത്രിയില്‍ തന്നെയുള്ള ദയാലുവായ ഒരു നേഴ്സായിരുന്നു വൈറല്‍ ഫീവര്‍ പിടിച്ച് കിടന്നിരുന്ന സ്ത്രീയെ റോഡരുകില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വാര്‍ഡിലെത്തിച്ച് വേണ്ട ചികിത്സകള്‍ ചെയ്യിച്ചത്. അത്യാവശ്യം സൗജന്യങ്ങള്‍ ആശുപത്രി മാനേജ്മെന്റ് നല്കിയെങ്കിലും അവര്‍ക് ഇരട്ടിക്കിരട്ടി പ്രതിഫലം ആവശ്യമായിരുന്നു. തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി വൃദ്ധയെ ഉപയോഗിച്ചു കൊണ്ടാണ് അവര്‍ അത് ഈടാക്കാന്‍ ശ്രമിച്ചത്. കാരുണ്യവും കച്ചവടപ്രവര്‍ത്തനമാക്കുന്ന വികൃതമായ ചികിത്സാവ്യവസായത്തെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രതിനിധീകരിക്കുന്നതെങ്കിലും ഇത്തരം ആസുരതകളോടുള്ള ദ്വേഷകോപങ്ങളല്ല അനുവാചകരുടെ മനസ്സില്‍ കഥ പ്രധാനമായി ഉല്പാദിപ്പിക്കുന്നത്. (ഇതെന്താ, ദൈവത്തെ ഹോളോബ്രിക്സിലാണോ വാര്ത്തെടുത്തത് എന്ന അവസാനചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും.) മറിച്ച് മൂന്ന് മക്കളുണ്ടായിട്ടും തിരിഞ്ഞ് നോക്കാന്‍ ആരുമില്ലാതെ നരകിക്കുന്ന വൃദ്ധയോടും പബ്ലിസിറ്റി കോമാളികളെ തള്ളിമാറ്റി അവരെ സ്വന്തം അമ്മയെപ്പോലെ ശുശ്രൂഷിക്കുന്ന നേഴ്സിനോടുമുള്ള ഹൃദയൈക്യവും അനുതാപവുമാണ്. ദുഷിച്ച വ്യവസ്ഥിതിയോടുള്ള വെറുപ്പിനേക്കാള്‍ അതിനുള്ളിലും ഹൃദയാലുത്വം സൂക്ഷിക്കുന്നവരോടുള്ള തന്മയീഭാവത്തിനാണ് ഊന്നല്‍ നല്കേണ്ടതെന്ന് മനോരാജ് വിശ്വസിക്കുന്നുണ്ടായിരിക്കാം. കാരണം ആ തന്മയീഭാവത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള പരിശ്രമത്തില്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്. എത്ര നല്ല കാര്യത്തിന് പ്രയോജനപ്പെടുത്തിയാലും വെറുപ്പില്‍ നിന്നുള്ള ഊര്‍ജ്ജം ആത്യന്തികമായി വിനാശത്തിലേക്കേ നയിക്കുകയുള്ളു.

നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍ എന്ന കഥയിലും കഥാകൃത്ത് വായനക്കാരെ സഹജീവികളുടെ അന്തരംഗത്തിലെത്തിച്ച് അവിടെവെച്ച് അവര്‍ക്ക് വേണ്ടി ഉരുകിയൊലിപ്പിക്കുന്ന രാസവിദ്യയാണ് പരീക്ഷിക്കുന്നത്. കഥയിലെ 'ഞാന്‍' കഥാപാത്രം വിഷുത്തലേന്ന് തെരുവിലെ തിരക്കിലൂടെ നടക്കുമ്പോള് കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹങ്ങള് വില്ക്കാനിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. കൃഷ്ണനിറം ശ്രീകൃഷ്ണകച്ചവടക്കാരിയിലും തിളങ്ങുന്നതിന്റെ കൗതുകം കഥാപാത്രം അല്പനേരം ശ്രദ്ധിച്ച് നിന്നതും വിഗ്രഹങ്ങള്‍ വാങ്ങാനായി അവള്‍ അയാളെ നിര്‍ബ്ബന്ധിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ അച്ഛനോട് ഇല്ലായിരുന്ന സ്നേഹം മരിച്ചപ്പോള്‍ ഉറഞ്ഞുതുള്ളിയതിനാല്‍ ആ വര്‍ഷം കഥാപാത്രത്തിന് വിഷുആഘോഷം ഉണ്ടായിരുന്നില്ല. മാത്രമല്ല വിഷുക്കണിക്ക് ഉതകുന്ന കൃഷ്ണവിഗ്രഹം വീട്ടില്‍ ഇരിക്കുന്നുമുണ്ട്. ദൈവത്തെ വിലപേശി വാങ്ങാന്‍ അയാള്‍ക്ക് ഇഷ്ടവുമില്ല. സാഹചര്യം മുഴുവന്‍ ഒരു വിഗ്രഹക്കോളിന് എതിരായിരുന്നെങ്കിലും വില്പ്പനക്കാരിയുടെ അച്ഛന്റെ രോഗവിവരം മനസ്സിലാക്കുന്നതോടെ അയാള് നിലപാട് മാറ്റി സാധനം വാങ്ങുന്നു. എന്നാല്‍ വിഗ്രഹവും വാങ്ങി മറ്റ് ആവശ്യങ്ങള്‍ നിര്‍‌വഹിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ആക്സിഡന്റില്‍ ആ കൊച്ചുവില്പ്പനക്കാരി മരിച്ച് കിടക്കുന്ന കാഴ്ച കഥാപാത്രത്തിന് കാണേണ്ടി വരികയാണ്. ആദ്യമേ പാവപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സംഭരിക്കപ്പെട്ട കാരുണ്യഭാവം അവളുടെ മരണത്തോടെ തിളച്ച് തൂവുന്ന അവസ്ഥയാണ് നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങളില്‍ കഥാകാരന്‍ സൃഷ്ടിച്ചിരിക്കുന്നത്.
 
സാമാന്യമായി ഏത് കാലത്തും ദേശത്തും സമൂഹത്തിന്റെ സ്നേഹമോ പരിഗണനയോ സന്മനസ്സോ ലഭിക്കാതെ പോകുന്ന വര്‍ഗ്ഗമാണ് ലൈംഗികന്യൂനപക്ഷങ്ങള്‍. അടുത്തകാലത്ത് മാത്രമാണ് കുറച്ചെങ്കിലും ആളുകള്‍ ഇങ്ങനെയൊരു കൂട്ടരെ നെറ്റി ചുളിക്കാതെ കാണാന്‍ തയ്യാറായിരിക്കുന്നത്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗത്തെ ഹരിചന്ദനം എന്ന കഥ ആ വാക്കിന്റെ ലാവണ്യത്തിന് ഇണങ്ങും വിധം സ്വാഭാവികതയോടെ ചര്‍ച്ച ചെയ്യുന്നു. ചന്ദനയേയും ശ്രീഹരിയായി മാറിയിരിക്കുന്ന ഹരിതയേയും സോഫ്റ്റ് വെയര്‍ രംഗത്തെ വിലപിടിച്ച ജീനിയസ്സുകളായി മനോരാജ് ആദ്യമേ പരിചയപ്പെടുത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ലെസ്ബിയന്സും ഗേസുമെല്ലാം ഹെറ്റ്റോസെക്ഷ്വല്സിനെപ്പോലെ തന്നെ ബുദ്ധിപരമായി എത്രയും ഉയരാവുന്നവരാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് കഥാകൃത്ത് അവരുടെ ആഹ്ലാദങ്ങളേയും വേദനകളേയും സംഘര്‍ഷങ്ങളേയും വായനക്കാരന്റെ മുന്നില്‍ തുറന്നിടുന്നത്. സുഹൃത്തുക്കളെ, നിങ്ങള്‍ ലൈംഗികന്യൂനപക്ഷങ്ങളെ മനസ്സിലാക്കൂ എന്ന് മാത്രമല്ല അവര്‍ മനസ്സിലാക്കപ്പെടാന്‍ അര്‍ഹരാണ് എന്നുകൂടി ഹിരചന്ദനം എന്ന കഥ പ്രഖ്യാപിക്കുന്നു.

മനുഷ്യബന്ധങ്ങളിലെ വൈകാരികതയുടെ ആഴം സവിശേഷരാസപരിണാമങ്ങളിലൂടെ മറ്റു ജീവജാലങ്ങളിലേക്കും പ്രകൃതിയിലേക്കും എത്തുന്നവിധമാണ് ജീവിതത്തിന്റെ ബാന്ഡ്‌വിഡ്‌തില്‍  ഒരു കാക്ക എന്ന രചനയില്‍ കണ്ടെത്താന്‍ കഴിയുക. റേഡിയോ ഭ്രാന്തനായിരുന്ന ഭര്‍ത്താവ് പ്രഭാകരകൈമളിന്റെ മരണത്തോടെ അദ്ദേഹത്തോടുള്ള ഭാര്യ കമലമ്മയുടെ വികാരവായ്പ് പേരാലില്‍ വന്നിരിക്കുന്ന കാക്കയിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത് മായാജാലം പോലെയാണ് ഈ കഥയില്‍ ആവിഷ്കൃതമാകുന്നത്.

ജീവന് വേണ്ടി റോഡില്‍ പിടയുന്ന സഹജീവിക്ക് ചെറിയ കൈത്താങ്ങ് നല്കുന്നത് പോലും പൊല്ലാപ്പായി കരുതുന്ന സ്വാര്‍ത്ഥതയുടെ കാലത്ത് വെറും കാള്‍ഗേളായ മരിയയുടെ മനസ്സിന്റെ ആര്‍ദ്രത അരൂപിയുടെ തിരുവെഴുത്തുകള്‍ എന്ന രചനയില്‍ തെളിഞ്ഞ് കത്തുന്നു. യേശുദേവന്‍ ഇപ്പോഴും ആരുടെയെല്ലാം ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് ക്രിസ്ത്മസ് അന്തരീക്ഷത്തില്‍ സംവിധാനപ്പെടുത്തിയ കഥ ധ്വനിപ്പിക്കുന്നുണ്ട്.

അരുന്ധതിയുടെ അന്നത്തെ ദിവസം എന്ന രചനയില്‍ അതിക്രൂരമായി ജീവിതത്തില്‍ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ വേവുന്ന പ്രതികരണങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. എല്ലാം മടുത്ത് അവള്‍ ജീവനൊടുക്കുമോ എന്ന് സംശയം തോന്നുമ്പോഴും തന്നെ സ്നേഹിക്കുന്ന രഘുവേട്ടനോടുള്ള അലിവ് അവളെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുന്നു.

ഭീകരമാംവിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് മനുഷ്യന്റെ നന്മയും സ്നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്ക്കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ കഥകളിലെ രചനാതന്ത്രം. എഴുത്ത് സമം എഴുത്തുകാരന്‍ എന്ന തത്വത്തെ അവലംബിക്കുകയാണെങ്കില്‍ ഈ എഴുത്തുകാരനില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഊര്‍ജ്ജം നന്മയുടേതാണെന്ന് നിസ്സംശയം പറയാന് കഴിയും.   (വില : 75 രൂപ)     

പുസ്തകം ഇവിടെ നിന്നും ഇവിടെ നിന്നും ഓണ്‍ലൈന്‍ ആയി ലഭ്യമാണ്

Monday, May 20, 2013

വെര്‍തെറുടെ ദു:ഖങ്ങള്‍

പുസ്തകം : വെര്‍തെറുടെ ദു:ഖങ്ങള്‍
രചയിതാവ് : ഗെഥെ / വിവര്‍ത്തനം : സുള്‍ഫി
പ്രസാധകര്‍ : പാപ്പിയോണ്‍ ബുക്ക്സ്
അവലോകനം : മുല്ല


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണ് വെര്‍തെറുടെ ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

വെര്‍തെര്‍ തന്റെ കൂട്ടുകാരന്‍ വില്ല്യമിനും മറ്റും എഴുതുന്ന കത്തുകളിലൂടെയാണ് നാമയാളെ, അയാളുടെ പ്രണയത്തെ,അതയാളില്‍ ഉണ്ടാക്കിയ അന്ത:സംഘര്‍ഷങ്ങളെ അറിയുന്നത്. ഈ നിമിഷത്തില്‍ നമ്മുടെ മനസ്സിനും ശരീരത്തിനും മായികമായ ആഹ്ലാദങ്ങള്‍ പകര്‍ന്നുതരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, അടുത്ത് നിമിഷങ്ങളില്‍ നമ്മെയാകമാനം സങ്കടക്കടലില്‍ ആഴ്ത്തുക എന്ന് അയാളുടെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കുമില്ലേ സമാന അനുഭവങ്ങള്‍!!

സ്വതേ ഏകാകിയും വിഷാദവാനുമായ വെര്‍തെര്‍ തന്റെ മനസ്സിനു അല്‍പ്പം ആശ്വാസം ലഭിക്കുന്നതിനാണു ആ ഗ്രാമത്തിലെത്തുന്നത്. അവിടെ വെച്ച് ആകസ്മികമായ് അയാള്‍ ഷാര്‍ലെറ്റിനെ കാണുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ അവളില്‍ അനുരക്തനാവുകയാണു. അവള്‍ മറ്റൊരാളുടേതാണെന്നറിഞ്ഞിട്ട് കൂടി അയാള്‍ക്ക് തന്റെ അഭിനിവേശം അടക്കാനാകുന്നില്ല.ഓരോ പ്രഭാതവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവളിലേക്ക് തന്നെ. ആല്‍ബെര്‍ട്ടിനോടയാള്‍ക്ക് അസൂയ പോലും തോന്നിപ്പോകുന്നുണ്ട് ചിലപ്പോള്‍. സ്ത്രീകള്‍ ,പുരുഷന്മാരെ അപേക്ഷിച്ച് കുറച്ചൂടെ പ്രാക്റ്റിക്കലാണ്, പ്രഥമാനുരാഗം അവളില്‍ അപൂര്‍വ്വമായേ ഉടലെടുക്കൂ. എങ്കിലും ഷാര്‍ലെറ്റ് പയ്യെപയ്യെ അറിയുകയാണു തന്റെ ചിന്തകളോടും ഇഷ്ട്ടങ്ങളോടുമൊക്കെ കൂടുതല്‍ ചേര്‍ന്നു പോകുന്നത് വെര്‍തെറാണെന്നും തങ്ങളിരുവരും കാണുന്ന കാഴ്ച്ചകള്‍ക്കു പോലും ഒരേ താളവും ലയവുമാണെന്നും!!! തന്റെ മനസ്സിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ താനിതു വരെ കണ്ട ചിത്രങ്ങള്‍ക്കപ്പുറം വേറൊന്നു കൂടിയുണ്ടെന്ന സത്യം; ഒരേ സമയം നടുക്കുന്നതും മോഹിപ്പിക്കുന്നതുമായ കാര്യം അവളറിയുകയാണു. ആല്‍ബെര്‍ട്ടിനും വെര്‍തെറിനുമിടയില്‍ ഉഴറുന്ന ഷാര്‍ലെറ്റിന്റെ ചിത്രം വേദനിപ്പിക്കുന്നതാണ്.


ദു:ഖത്താല്‍ ആമഗ്നനായ വെര്‍തെര്‍ അവസാനം ആത്മഹത്യയില്‍ അഭയം തേടുകയാണ് കഥാന്ത്യത്തില്‍. അയാള്‍ക്ക് മുന്‍പില്‍ വേറെ വഴികലുണ്ടായിരുന്നില്ല. ഗെഥെയുടെ ഈ നോവല്‍ ആത്മഹത്യയെ പ്രോത്സഹിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഒരുപാട് ഏറ്റ് വാങ്ങിയിട്ടുണ്ട് എക്കാലത്തും.

ഗെഥെയുടെ ആത്മകഥാംശമുള്ള നോവലാണു വെര്‍തെറുടെ ദു:ഖങ്ങള്‍ എന്നൊരു ശ്രുതിയുണ്ട് സാഹിത്യലോകത്ത്. അതു കൊണ്ടാകാം അദ്ദേഹം കാര്യങ്ങള്‍ വെര്‍തെറുടെ കണ്ണിലൂടെ മാത്രമേ കണ്ടുള്ളൂ എന്നു തോന്നുന്നു. ആല്‍ബെര്‍ട്ടിന്റേയും ഷാര്‍ലെറ്റിന്റേയും അവസ്ഥ വെര്‍തെറുടെതില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാകാനാണ്?. താന്‍ ഇല്ലാതായാല്‍ ഷാര്‍ലെറ്റിന്റെ സ്ഥിതി എത്രത്തോളം വേദനാജനകമായിരിക്കും എന്നത് ഒരു നിമിഷം വെര്‍തെര്‍ ചിന്തിച്ചിരുന്നെങ്കില്‍...

സന്തോഷമോ സങ്കടമോ നിര്‍വൃതിയൊ എന്തുമാകട്ടെ,മനുഷ്യനെ സംബന്ധിച്ച് അത് ഉള്‍ക്കൊള്ളുന്നതിനു ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറത്തേക്ക് എന്തുവന്നാലും അതവനു താങ്ങാനാകില്ല.

Thursday, May 16, 2013

ശരീരം ഇങ്ങിനെയും വായിക്കാം

പുസ്തകം : ശരീരം ഇങ്ങിനെയും വായിക്കാം
രചയിതാവ് : കെ.വി.സുമിത്ര
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : സെബാസ്റ്റ്യന്‍


പുതുകവിതയുടെ ശരീരക്രിയകള്‍

സാമ്പ്രദായിക രീതിയില്‍ നിന്ന് അകന്ന് യാഥാര്‍ത്ഥ്യത്തിന്റെ നേര്‍കാഴ്ചകള്‍ കാട്ടിത്തരുന്ന പുതുകവിത ഭാഷയെ ശരീരവത്കരിക്കാനുള്ള പുതിയ ഉപാധികള്‍ അന്വേഷിക്കുന്നുണ്ട്. രൂപഘടനയിലും ഭാവുകത്വത്തിലും ഭാഷയിലും വ്യവ്യസ്ഥാപിത കാവ്യസങ്കല്‍പ്പങ്ങളെ ഉഴുതുമറിച്ചുകൊണ്ടാണ് ആധുനീകകവിത ജനങ്ങളിലേക്കും ജനകീയ പ്രശ്നങ്ങളിലേക്കും ഇറങ്ങിവന്നത്. എന്നാല്‍ കവിതയുടെ ഏറ്റവും നവീനമായ ഈ അടിത്തറയെ പുതുക്കിപ്പണിയുന്നവരാണ് ഏറ്റവും പുതിയ കവികള്‍. പുതുകവിതക്ക് ‘ആകാശത്തും വേരുകള്‍ മുളപ്പിക്കാനാവും എന്നുള്ള ഒരു വലിയ വൈരുദ്ധ്യബോധം കൂടിയുണ്ട്. പുതുകവിതയെ അതായിരിക്കുന്ന അവസ്ഥയില്‍ വായിക്കുന്ന വിധത്തില്‍ പുതിയൊരു ശരീരക്രിയ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. ആകൃതി നഷ്ടപ്പെടുമ്പോള്‍ കവിത നഷ്ടമാകുന്നുവെന്ന പതിവു വിമര്‍ശനങ്ങള്‍ കവിതയില്‍ ഇന്നും പ്രബലമാകുമ്പോള്‍ കവിതയില്‍ ഭാഷകൊണ്ട് പുതിയ കലഹക്കരുത്തുകള്‍ ഉയര്‍ത്തുകയാണ് പ്രധാനം. ഭാഷയെ നീന്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പുതിയ കാവ്യബോധം എല്ലാ നല്ല കവികളിലും ഒളിഞ്ഞുപാര്‍ക്കുന്നുണ്ട്. ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മലയാള ഗദ്യകവിതയുടെ തായ്‌വേരുകള്‍ ആര്‍.രാമചന്ദ്രനും അയ്യപ്പപ്പണിക്കരും മറ്റുമാണ്. അത് നീണ്ട് പടര്‍ന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ എത്തിനില്‍ക്കുന്നു. കേരളീയ സമൂഹത്തിന്റെ ആന്തരീകവും ബാഹ്യവുമായ ജീവിതത്തെ ശക്തമായി അനാവരണം ചെയ്യുവാന്‍ ഇവരുടെ കഴിവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരുടെ അനുകര്‍ത്താക്കളായി വന്ന് ബോധപൂര്‍വ്വം കൊണ്ടാടുവാന്‍ ശ്രമിച്ച പഴയ മനസ്സുകളുടെ പുതുമൊഴി വഴികളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ഇവര്‍ ഒരുക്കിത്തന്ന ഭാഷ സമ്പന്നതയെ ഭാവുകത്വപരമായി പുതുക്കി കേരളീയ ജീവിതത്തിന്റെ സമസ്ഥ മണ്ഢലങ്ങളിലും മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കവിതയെക്കുറിച്ചാണ്. ഈ നേട്ടങ്ങളുടെ ആകെത്തുകയാണ് പുതുകവിത.
ഇങ്ങിനെ പുതുകവിതയുടെ വേരോട്ടങ്ങള്‍ പുതുസംസ്കാരത്തിന്റെ വേരോട്ടങ്ങളായി ദിനം‌പ്രതി സംഭവിക്കുന്നുണ്ട്. ആവശ്യമുള്ള വസ്തുക്കളെ അവശ്യവസ്തുക്കളായി തന്നെ ഭാഷയില്‍ സൂക്ഷിച്ചുവെക്കാന്‍ പുതുകവി ശ്രദ്ധിക്കുന്നുണ്ട്. ഈ ശ്രദ്ധയുടെ ഭാഗമാണ് ഒരു പക്ഷെ , സുമിത്രയുടെ ‘ശരീരം ഇങ്ങിനെയും വായിക്കാം’ എന്ന കവിതാസമാഹാരം. അടുക്കളയും കരിക്കലവും ഉടുപ്പും അമ്മിക്കല്ലും ചൂലും അങ്ങിനെയുള്ള അനവധി പെണ്‍ബിംബങ്ങളുടെ സ്ഥാനത്ത് ഇതിന്റെയെല്ലാം ആധാരശിലയായ ശരീരം തന്നെ ബിംബമാക്കി പ്രതിഷ്ഠിച്ചുകൊണ്ട് സുമിത്ര ഒരു ചെറിയ (വലിയ) കാവ്യവിസ്മയം തീര്‍ക്കുന്നു.
തണുപ്പില്ലാത്ത / ഒരു സ്ഥലമേയുള്ളു / ശരീരത്തില്‍ / കമ്പിളിക്കുള്ളില്‍ / പൊതിയാന്‍, / കഴിയാത്ത / കീറിമുറിക്കാന്‍ / പാകത്തില്‍ / മാംസമുള്ള/ രക്തക്കറയില്ലാത്ത / ഒറ്റശ്വാസത്തില്‍ / തീര്‍ക്കാന്‍ കഴിയുന്നത്. (ശരീരം ഇങ്ങിനെയും വായിക്കാം)
ഉള്ളിലെ തെളിച്ചത്തിനെ ഉള്ളറിവുകള്‍ക്ക് ഒപ്പിയെടുക്കാനാവും. ഉള്ളിലെ പിടച്ചിലുകള്‍ വാക്കുകളാല്‍ പൂരിപ്പിക്കുകയാണിവിടെ. ഇതുപോലുള്ള ഒരുള്ളറിവാണ് ‘അന്തര്യാമി’ എന്ന കവിതയിലും. കെ.വി.സുമിത്ര എന്ന കവിയുടെ ഉള്‍ബോധങ്ങള്‍ വിവരിക്കാനാവാത്ത ചില പണിയെടുപ്പുകള്‍ക്കു വിധേയമാകുന്നുണ്ട്. അതില്‍നിന്നും ചില പൊട്ടിത്തെറികള്‍ സംഭവിക്കുന്നു. ‘ഒരു തുറന്ന കത്ത് ‘ എന്ന കവിത ദര്‍ശനകൂട്ടങ്ങളാണ്.
ഒരുപാട് മൌനം കൊണ്ടാണ് / കാറ്റുപോലും കൊടുങ്കാറ്റായിത്തീരുന്ന-/ തെന്ന് മാത്രം മറക്കരുത് (ഒരു തുറന്ന കത്ത്)
ഈ കവിതയുടെ ആന്തര‌ഉടുപ്പ് ധ്യാനമാണ്. ‘അകം‌പൊരുള്‍‘ എന്ന കവിതയും അകം‌ധ്യാനത്തിന്റെതാണ്.
സത്യം , ശിവം, സുന്ദരം : വിശ്വാസമല്ലേ എല്ലാം’ എന്ന കവിത സുമിത്രയുടെ ഹ്യൂമര്‍സെന്‍സിനെയാണ് അടയാളപ്പെടുത്തുന്നത്. ‘ഗാന്ധര്‍വ്വന്‍‘ എന്ന കവിത ‘എഴുത്ത് എന്ന മഹാപ്രാര്‍ത്ഥനക്കുള്ള നിര്‍വചനങ്ങളാണ്. ‘
അക്ഷരങ്ങള്‍ / ഭ്രാന്തിന്റെ ഉണര്‍ന്നിരിക്കുന്ന / ആത്മാവാണ് ‘ (ഗാന്ധര്‍വ്വന്‍)
കുപ്പിവള’ എന്ന കവിത ജീവിതത്തിന്റെ കിരുകിരുപ്പിനെയാണ് അടയാളപ്പെടുത്തുന്നത്. ഭംഗിയും മിനുക്കവുമുള്ള പല ജീവിതങ്ങളും ഇതുപോലെയാണെന്ന സത്യപ്രസ്ഥാവനകളാണ് കുപ്പിവള.
ഒരിക്കലും/ വീണുടയ്ക്കാന്‍ കഴിയാത്ത / ഒരു കുപ്പിവളപോലെയാണ് ജീവിതം ‘ (കുപ്പിവള)
എല്ലാം ഇവള്‍ക്കുവേണ്ടി’ എന്ന കവിത ഫെമിനിസത്തിന്റെ സങ്കുചിതമാനങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന പുതിയ ചില കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നു.


Sunday, May 12, 2013

ഗ്രൌണ്ട് സീറോ

പുസ്തകം : ഗ്രൌണ്ട് സീറോ
രചയിതാവ് : അഷ്‌‌റഫ് പെങ്ങോട്ടയില്‍
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ബഷീര്‍ മേച്ചേരി


ഗോളഗ്രാമത്തില്‍ നിന്നുയരുന്ന നിലവിളികള്‍
ലയാളിയുടെ അനുഭവമേഖലയുടെ അതിരുകള്‍ വികസ്വരമാകുന്നത് ആഗോളഗ്രാമത്തിലേക്ക് തന്നെയാണ്. പ്രതീതിലോകത്തില്‍ കേരളത്തില്‍ ജീവിക്കുന്ന ഒരു മലയാളിക്കും ഒട്ടൊക്കെ അതറിയാമെങ്കിലും , കേരളം വിട്ട് അന്യരാഷ്ട്രങ്ങളില്‍ ജീവിതം നീക്കുന്നവരാണ് നിത്യേന അതനുഭവിക്കുന്നത്. അവരുടെ ഉപ്പും കണ്ണീരും രക്തവും സമകാല കഥാഭാവനയിലും കലരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അഷ്‌റഫ് പെങ്ങോട്ടയിലിന്റെ ഗ്രൌണ്ട് സീറോ എന്ന സമാഹാരത്തിലെ കഥകള്‍ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.
നിരന്തരമായി കഥകള്‍ എഴുതുന്ന ഒരാളല്ല അഷ്‌റഫ് പെങ്ങോട്ടയില്‍. പക്ഷെ ചെറുകഥ എന്ന സാഹിത്യരൂപത്തെ ഗൌരവമായി തന്നെ വീക്ഷിക്കുന്ന എഴുത്തുകാരനാണെന്ന് ഗ്രൌണ്ട് സീറോയിലെ ഓരോ കഥകളും വ്യക്തമാക്കിത്തരുന്നു. കേരളത്തിന് പുറത്ത് , ഇന്ത്യാ രാജ്യത്തിന് പുറത്ത് മലയാളി തൊട്ടറിയുന്ന സമകാല ജീവിതത്തിന്റെ രേഖകള്‍ ഈ സമാഹാരത്തിലെ പതിമൂന്ന് കഥകളിലും വേരോടി നില്‍ക്കുന്നുണ്ട്.
മനുഷ്യനെയും പ്രകൃതിയെയും ചുട്ടെരിക്കാന്‍ പ്രാപ്തിയുള്ള മാരക സ്ഫോടക ശേഷിയുള്ള അക്രമണായുധങ്ങളുടെ അവശിഷ്ടങ്ങള്‍ ആക്രിക്കച്ചവടത്തിനുപയോഗിച്ചു ഉപജീവനത്തിനായി കറന്‍സിനോട്ടുകള്‍ നേടുന്ന റഷാഗുലിനെ കേരളത്തിലിരുന്ന് ഒരെഴുത്തുകാരന് കണ്ടെത്താനാവില്ല. അശരണമായ അഫ്ഗാന്‍ ജീവിതത്തിന്റെ അപരിചിത പ്രദേശങ്ങളിലേക്ക് വായനക്കാരെ നയിക്കുകയാണ് കഥാകൃത്ത് “ഷോമാലിയയിലെ കാല്‍പ്പാടുകള്‍” എന്ന കഥയില്‍. കമ്മ്യൂണിക്കേഷന്‍ സൌകര്യങ്ങള്‍ ഏറെ പുരോഗമിച്ച്, ആധുനീകരിച്ച് ഒരു “ഗ്ലോബല്‍ വില്ലേജായി“ മാറിയ ലോകത്തിന്റെ അരികുജീവിതങ്ങളിലേക്ക് ഒരെത്തിനോട്ടം. ഒരഫ്ഗാന്‍ കഥയുടെ വിവര്‍ത്തനം എന്ന് തോന്നിപ്പിക്കുംവിധമുള്ള രചനയെന്ന്‍ കഥകള്‍ക്ക് പഠനം നിര്‍വഹിച്ച സര്‍ജ്ജു എഴുതിയത് എത്ര ശരി.
വേള്‍ഡ് ട്രേഡ് സെന്ററിന്റെ” പതനത്തോടൊപ്പം എത്രയോ മനുഷ്യജീവനുകളും പൊലിഞ്ഞു. ഫെഡക്സ് എന്ന കൊറിയര്‍ കമ്പിനിയില്‍ ഡെലിവറിമാനായി ജോലിചെയ്യുന്ന ജാക്സണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനും അവരിലൊരാളായിരുന്നു. ആഖ്യാതാവും ജാക്സണും തമ്മിലുള്ള ബന്ധം എങ്ങിനെയാണ്? ഒരു പഴയ സെല്‍ഫോണാണ് അവരെ ബന്ധിപ്പിക്കുന്ന ഏക ഉപകരണം. രണ്ടാഴ്ച ദൈര്‍ഘ്യമുണ്ടായ ഒരു അമേരിക്കന്‍ യാത്രയില്‍ വാങ്ങിയ ആ സെല്‍ഫോണിന്റെ മെസേജ് ബോക്സിലെ സന്ദേശങ്ങളാണ് ശ്വാസം മുട്ടിപ്പിടഞ്ഞു മരിച്ച , ജാക്സണ് കഥയില്‍ ജീവന്‍ നല്‍കുന്നത്. നാം നേരിട്ടനുഭവിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ആധുനീകലോകത്ത് മനുഷ്യന് ഒട്ടേറെ മാധ്യമങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും മനസ്സിലാക്കപ്പെടാതിരിക്കുന്നിടത്താണ് അവന്റെ ദുരന്തം. തത്വശാസ്ത്രങ്ങളും സനാതനമൂല്യങ്ങളുമൊന്നും ഇവിടെ അവരുടെ സഹായത്തിനെത്തുന്നില്ല. ദുരന്തങ്ങള്‍ വ്യക്തികളെ കാണിച്ചു തരുന്നു. സമൂഹത്തിന്റെ ചലനവേഗങ്ങളെല്ലാം വ്യര്‍ത്ഥമാണെന്ന് മനസ്സിലാക്കപ്പെടാന്‍ മാത്രം! “ഗ്രൌണ്ട് സീറോ“ എന്ന കഥക്ക് ദൈര്‍ഘ്യം കുറവാണെങ്കിലും വലിയ അര്‍ത്ഥവ്യാപ്തികളുള്ള കഥയാണിത്.
നാഗരീകജീവിതത്തിന്റെ തിളക്കമുള്ള പ്രതലങ്ങളിലൂടെ ജീവിതം നീക്കുന്ന ആഖ്യാതാവ് തന്റെ സ്കൂള്‍ കാലത്തെ സുഹൃത്തായ സിദ്ധാര്‍ത്ഥനെ കണ്ടെത്തുന്നത് ആകസ്മീകമായാണ്. സെന്ട്രല്‍ ബാങ്കിലെ മീറ്റിങ് കഴിഞ്ഞ് സ്പാര്‍ട്ടെക്ക് പാതയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പനത്തണലുകളില്‍ നിന്ന് കേട്ട നാടന്‍ കോഴികളുടെ കൊക്കലും കുറുകലുമാണ് വീണ്ടും സിദ്ധാര്‍ത്ഥനെക്കുറിച്ചോര്‍ക്കാന്‍ കാരണമായത്. ഉപേക്ഷിക്കപ്പെട്ട കാറുകള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥന്റെ ജീവിതം ഏകാന്തമായിരുന്നെങ്കിലും ആ രാത്രികള്‍ പഴയ തീവ്രസൌഹൃദത്തെ ജ്വലിപ്പിക്കുകയായിരുന്നു. “കാട്ടുക്കോഴികള്‍” എന്ന കഥയില്‍ ഇങ്ങിനെ വായിക്കാം: “......... റാന്തലുമായി സിദ്ധാര്‍ത്ഥന്‍ മുറ്റത്തേക്ക് വന്നു. പഴയ രണ്ടുമൂന്നു കാറിന്റെ സീറ്റുകള്‍ കിടക്കുന്നിടത്തായി റാന്തല്‍ തൂക്കിയിട്ടു. രണ്ട് ഗ്ലാസ്സും കുപ്പിയും വന്നു. കോഴിപൊരിച്ചതും മുറിച്ച തക്കാളിയും അച്ചാറും പച്ചമുളകും വന്നു. ഖുബ്ബൂസ് വന്നു. ചെറിയ കാറ്റ് വന്നു. നാടന്‍ പാട്ടുകളും വര്‍ത്തമാ‍നങ്ങളും വന്നു. ഏതോ സര്‍ദാര്‍ജിയില്‍ നിന്നും വാങ്ങിവെച്ച കുപ്പി പലതവണ തുറന്നടഞ്ഞു. കടിച്ചുവലിച്ച കോഴിക്കാലുകള്‍ കാറട്ടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു.”
മരുഭൂമികളുടെ ആ കോണില്‍ തൊട്ടപ്പുറത്ത് ബിദൂനകളുടെ കോളനിയാണ്. അവര്‍ ഏതുനാട്ടുകാരെന്നോ, വംശക്കാരെന്നോ ആര്‍ക്കുമറിയില്ല. ഒരു നാടും ഇല്ലാത്ത ജിപ്സികളെപ്പോലുള്ളവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. ചിലപ്പോള്‍ സിദ്ധാര്‍ത്ഥനെക്കാണാന്‍ കുപ്പികളുമായി ബിദൂനുകളും വരും. പെണ്ണുങ്ങളെയും കൊണ്ടുവരും. പാട്ടുംകുടിയും ഡാന്‍സും തീറ്റയുമൊക്കെയായി നേരം വെളുപ്പിക്കും. അപ്രകാരമൊരു അരാജകജീ‍വിതത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് സിദ്ധാര്‍ഥനെ കണ്ടെത്തിയത് മുതല്‍ ആഖ്യാതാവ് എത്തപ്പെടുകയാണ്. ഓഡിറ്റിങിന് പോകുമ്പോഴെല്ലാം സിദ്ധാര്‍ത്ഥന്റെ അടുത്ത് പോകും. “സര്‍ദാര്‍ജിയും കോഴിക്കാലും നാട്ടുവര്‍ത്തമാനങ്ങളുമായി കാര്‍സീറ്റുകളില്‍ മലര്‍ന്നു കിടക്കും. ഏഴ് ബിയിലെ സീനത്തിനെ പറ്റി പറയും. നിലാവുള്ള രാത്രികളില്‍ മരുഭൂമിയിലേക്ക് നടക്കാനിറങ്ങും. പരസ്പരം മണ്ണ് വാരിയെറിയും. കാട്ടുപ്പുല്ലുകള്‍ പിടിച്ചു വലിക്കും. ഒറ്റപ്പെട്ട് കാണുന്ന ഗാഫ് മരങ്ങള്‍ക്ക് ചോട്ടില്‍ തളര്‍ന്നിരിക്കും”
ആഖ്യാതാവിന്റെ ജീവിതം കോര്‍പ്പറേറ്റ് ബന്ധങ്ങളുടെ ഉന്നത സൌഹൃദങ്ങളുടെയും, കുടുംബജീവിതത്തിന്റെയും യാന്ത്രികതയിലൂടെ നീങ്ങുകയാണ്. പിന്നീടൊരിക്കല്‍ സിദ്ധാര്‍ത്ഥനെ ഓര്‍മ്മ വന്ന് പകല്‍ ആ പഴയ സ്ക്രാപ്പ് യാര്‍ഡില്‍ ചെന്നന്വേഷിച്ചെങ്കിലും അയാളെ കണ്ടെത്താനാകുന്നില്ല. പകരം നരച്ച താടിയും അയഞ്ഞ കുപ്പായവുമിട്ട ഒരു പഠാണിയാണ് അയാളെ എതിരേല്‍ക്കുന്നത്. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ആ പഠാണിയാണ് പോലും ഇതിന്റെ കാവല്‍ക്കാരന്‍. അയാളുടെ ഓര്‍മ്മയില്‍ ആ പരിസരത്ത് പോലും ഒരു സിദ്ധാര്‍ത്ഥന്‍ ഉണ്ടായിരുന്നില്ല. കോഴികളെ വളര്‍ത്തിയിരുന്നതായും വൃദ്ധന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഒരുപാട് കാട്ടുകോഴികളുണ്ട്. അവ പകലുകളില്‍ കാറട്ടികള്‍ക്കിടയില്‍ ഒളിച്ചിരിക്കും രാത്രികളില്‍ ചുറ്റിക്കറങ്ങി ഇരതിന്ന് വരും.
നിരാശനായി മടങ്ങുമ്പോള്‍ പിന്‍‌കണ്ണാടിയുടെ സുരക്ഷിതത്വത്തിലൂടെ ഒരു നിമിഷം അയാള്‍ കണ്ണുപായികുന്നു. എവിടെ നിലാവില്‍ മയങ്ങിക്കിടക്കുന്ന ഈന്തപ്പനയോലകളും, തകരപ്പാട്ടയും ചേര്‍ത്തുണ്ടാക്കിയ ബിദൂനുകളുടെ കോളനി? കുത്തേറ്റു പിടയുന്നത് പോലുള്ള മുട്ടനാടിന്റെ ഒറ്റകരച്ചില്‍ കേള്‍ക്കുന്നില്ലല്ലോ..? കുന്നിന്റെ അങ്ങേച്ചെരുവില്‍ അലഞ്ഞു നടക്കുന്ന ചെന്നായ കേള്‍ക്കും മുന്‍പ് മരുഭൂമിയുട മടക്കുകളില്‍ അലിഞ്ഞമരുന്ന ആ ദീനരോദനം.? ഒന്നുമില്ല. മരുമണം മാത്രം ആ കാറ്റിന് പിന്നാലെ പാഞ്ഞുവരുന്നു.
യഥാര്‍ത്ഥ സംഭവങ്ങളുടെ നൈരന്തര്യത്തിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത് എങ്കിലും , യഥാര്‍ത്ഥത്തിന്റെ വസ്തുനിഷ്ഠഭാവത്തെ പിന്നീട് നിരാകരിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. അസാമാന്യമായ കൈയടക്കത്തോടെ അതിന്റെ വേര്‍പിരിവുകള്‍ എവിടെ സംഭവിച്ചുവെന്ന്‍ വായനക്കാരന്‍ അത്ഭുതംകൂറും. യാഥാര്‍ഥ്യം ഇവിടെ മിക്കപ്പോഴും അവ്യക്തതതയുടെ മൂടുപടമണിയുന്നു. ലളിതമായ ആഖ്യാനം. അതിനെല്ലാമുപരി വായനക്കാരന്റെ ഭാവനയെ നൃത്തം വെപ്പിക്കാന്‍ പര്യാപ്തമായ ദൃശ്യസാദ്ധതകള്‍ ഈ കഥയുടെ സവിശേഷതയാകുന്നു.
ആഗോളഗ്രാമത്തില്‍ സുരക്ഷിതത്വസജ്ജീകരണങ്ങള്‍ക്ക് പ്രഥമ പ്രാധാന്യമുണ്ട്. Standard of living പോലെ തന്നെ. അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി സെക്യൂരിറ്റി ക്യാമറകളും റഡാര്‍ യന്ത്രങ്ങളും ഘടിപ്പിക്കപ്പെടും പട്ടാളത്തിലും പോലീസിനുമൊക്കെ പുറമെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഗാര്‍ഡുകളും. അവയെയൊക്കെ സംയോജിപ്പിക്കുന്ന ഓഫീസ് കേന്ദ്രങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത്. ജീവസുരക്ഷയെന്നാല്‍ ഉന്നതശ്രേണിയിലുള്ള ഉപരിവര്‍ഗ്ഗത്തിന്റെ ജീവസുരക്ഷയെന്നാണ് അര്‍ത്ഥമാക്കേണ്ടത് എന്ന് മാത്രം.
കോറല്‍ ബീച്ച് ഗാര്‍ഡന്‍സിലെ അതീവസുന്ദരങ്ങളായ ഇരുപത്തിയൊന്ന് വില്ലകളും സുരക്ഷിതമായ അകലം സൃഷ്ടിച്ചിട്ടുണ്ട്. അതുവഴി എല്ലാവര്‍ക്കും വേണ്ടതിലധികം സ്വകാര്യതയും. മാത്രവുമല്ല, ചുമരുകളും ജാലകങ്ങളും സൌണ്ട് പ്രൂഫ് ചെയ്ത് താമസക്കാര്‍ക്ക് പരമാവധി “പീസ് ഓഫ് മൈന്‍ഡ്” പ്രധാനം ചെയ്യുന്നുമുണ്ട് കോറല്‍ ബീച്ച് മാനേജ്മെന്റ്. ഈ ടെന്‍ഷന്‍ ഫ്രീ ലൈഫ് ആണ് തന്റെ സ്മാര്‍ട്ട്നസ് നിലനിര്‍ത്തുന്നത് എന്ന് , ചില ബിസിനസ്സ് മീറ്റിങുകളുടെ ഇടവേളകളില്‍ നിശ്ചിതപ്പെടുത്തിയ രണ്ട് പെഗ്ഗിനൊപ്പം നുണയാറുമുണ്ട് രവീന്ദ്രനാഥ്. “ (കഥ : കുമിളനൃത്തം)
എന്നാല്‍ എപ്പോഴാണ് ഒരു കുമിള പോലെ ഞൊടിയിടയില്‍ പൊട്ടിയൊടുങ്ങി എല്ലാം ഭയാനകമായ ഒരു ചുവപ്പിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നത് എന്നത് ആര്‍ക്കുമറിയില്ല. രവീന്ദ്രദാസിന്റെ ജീവിതത്തില്‍ അതാണ് സംഭവിച്ചത്. ഗ്യാരേജില്‍ കിടന്നുപിടയുന്ന രക്തക്കട്ട നോക്കി നിശ്ചലനാകാനേ സിസ്സഹായനായ അയാള്‍ക്ക് കഴിയുന്നുള്ളു.
ഒളിഞ്ഞുനോട്ടക്കാര്യത്തില്‍ മലയാളിക്കുള്ള അഭിനിവേശത്തെക്കുറിച്ച് നാം ധാരാളമായി കേട്ടിട്ടുണ്ട്. ആധുനീകോപകരണങ്ങള്‍ പലതും മാര്‍ക്കെറ്റില്‍ വന്ന് നിറഞ്ഞത് അതിന്റെവേഗം കൂടിയിട്ടേയുള്ളൂവെന്ന് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു യൂറോപ്യന്‍ കുടുംബ(?)ത്തിന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുകയും , അവരുടെ സ്വാതന്ത്ര്യാഘോഷങ്ങളില്‍ അസൂയ പുലര്‍ത്തി സാംസ്കാരികത്തനിമയുടെ പുറം ആവരണങ്ങത്തിലേക്ക് ചുരുങ്ങിക്കൂടുകയും ചെയ്യുന്ന മലയാളി ദമ്പതികളുടെ ലോകമാണ് “വീടുവീടാന്തരം” എന്ന കഥയുടെ പ്രമേയം.
ദൈനംദിന ജീവിതവ്യാപാരങ്ങള്‍ക്കിടയില്‍ കണ്ടുംകേട്ടും ചിരപരിചിതമായ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും നാമാരും കല്‍പ്പിക്കാറില്ല. പക്ഷെ പരിചിതമെന്ന് തോന്നുന്ന അത്തരം കാര്യങ്ങളിലേക്ക് ഒരു കഥാകൃത്തിന്റെ ധൈഷണികമായ ഉള്‍ക്കാഴ്ചയോടെ ഇടപെടുമ്പോഴാണ് ആധുനീകമനുഷ്യരെന്ന് അഭിമാനിക്കുന്നവരുടെ ജീവിതത്തിന്റെ അപചയമേഖലകളിലേക്ക് വെളിച്ചം വീഴ്തുന്നത്. സാംസ്കാരികവും സാമൂഹികവുമായി നാം നേടിയെടുത്തതെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഉന്നതിയുടെ പടവുകള്‍ എത്ര നിസ്സാരമാണെന്നും, മാനുഷ്യകത്തിന്റെ ഇന്നത്തെ ഉള്ളറകള്‍ എത്ര ജീര്‍ണ്ണമാണെന്നും ഈ കഥകളെ പിന്തുടരുമ്പോള്‍ നമുക്ക് മനസ്സിലാകും.

Wednesday, May 8, 2013

ഓർമ്മകളുടെ ജാലകം

പുസ്തകം : ഓർമ്മകളുടെ ജാലകം
രചയിതാവ് : അനിൽകുമാർ സി. പി.
പ്രസാധകർ: ഫേബിയൻ ബുക്സ്
അവലോകനം : എച്മുകുട്ടി


നില്‍ ഓര്‍മ്മകളുടെ ജാലകങ്ങള്‍ ഓരോന്നായി  തുറന്നു തരികയാണ്. ഞാന്‍ അതിലൂടെ നോക്കുകയും. നാടു വിട്ടവന്‍റെ മറ്റൊരു നാട്ടില്‍ ജീവിതം തുന്നിയെടുക്കുന്നവന്‍റെ വേദനിപ്പിക്കുന്ന അഭിമുഖ കാഴ്ചകളാണ് ഈ  ജാലകങ്ങള്‍ക്കുള്ളില്‍ നിറയെ ...

സ്വാസ്ഥ്യം കെടുത്തുന്ന പല ദൃശ്യങ്ങളും ഈ പുസ്തകത്തിലുണ്ട്. പലപ്പോഴും തീക്ഷ്ണമായ ചെഞ്ചായം പുരണ്ട വഴിത്താരകള്‍ ശ്വാസം മുട്ടിച്ചുകൊണ്ട്  നമ്മെ എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ മറക്കാന്‍ ആഗ്രഹിച്ച പലതും വേദനയുടെ ഉടലുകളായി നമ്മെ തിന്നു തീര്‍ക്കുന്നു.

പതിനെട്ടു കഥകളുണ്ട് ഈ പുസ്തകത്തിൽ.

വൈഖരി എന്ന ആദ്യകഥയിലെ അതി തീവ്രമായ നഷ്ടസ്മൃതികള്‍ ആരുടെയും മിഴികളെ നനയിക്കും വിധം സ്നിഗ്ദ്ധമായി ആത്മാവിലേക്ക് പെയ്തിറങ്ങുന്നു.  തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയും മകളും.....  കടലാഴങ്ങളിലേക്ക് താഴ്ന്ന്  പോയ അനന്തനെക്കുറിച്ചുള്ള  അമ്മയുടെ ഓര്‍മ്മകളും.....  എത്ര മിഴിവോടെയാണ് തെളിഞ്ഞു വരുന്നത്!  സംഭാഷണങ്ങളില്‍ അല്‍പം നാടകീയത തോന്നുമ്പോഴും  കഥ നമ്മെ ആകര്‍ഷിക്കാതിരിക്കുന്നില്ല.

രണ്ടാമത്തെ കഥ അധികം ആരും വിഷയമാക്കിയിട്ടില്ലാത്ത  മോര്‍ച്ചറിയുടെ പരിസരത്തിലാണ്. പ്രമേയത്തിലെ വ്യത്യസ്തതയും കഥാപരിചരണവും  ശവമുറിയിലെ 358ആം നമ്പര്‍ പെട്ടിയെ ശ്രദ്ധേയമാക്കുന്നു.   ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ സാധിക്കാതെ  പോകുന്നവരുടെ പ്രതിനിധിയാണ് കഥയിലെ റോസയ്യ. ഒറ്റമരക്കൊമ്പില്‍ തൂങ്ങിയാടുന്ന ബസന്തിയും ഇരകള്‍ മാത്രമാവാന്‍ വിധിക്കപ്പെട്ട മേല്‍ വിലാസമില്ലാത്തവരും  സ്വാസ്ഥ്യം കെടുത്തുന്നു.  ബഹുരാഷ്ട്രക്കുത്തകകള്‍   ഗോദാവരി ജില്ലയിലെ പരുത്തികൃഷിക്കാരുടെ  ജീവിതങ്ങളിലേക്കു  ദുരിതങ്ങളുടെ വിത്തുകളെ വിതക്കുന്നതെങ്ങനെയെന്ന് അനില്‍ തന്‍റെ പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും 358 എന്ന നമ്പര്‍ കാണുമ്പോള്‍ റോസയ്യയില്‍ ഗോദാവരീ തടം നിറയുന്നതെന്തെന്ന്  അത്ര വ്യക്തമാവുന്നില്ല.

എരിഞ്ഞടങ്ങാത്ത  ചിത ഒരു പ്രവാസിയുടെ ഹൃദയനൊമ്പരമാണ്. അവസാനമായി സ്വന്തം അമ്മയുടെ മുഖമൊന്ന് കാണാന്‍ സാധിക്കാതെ വേദന കൊണ്ട് പൊട്ടിപ്പിളരുന്ന മകന്‍റെ ദുഖം ഈ കഥയിലെ വലിയൊരു കണ്ണീര്‍പ്പാടാണ്. ഒരു പ്രവാസിക്കു  മാത്രമേ  ഈ വേദനയുടെ ലാവയെ ഇത്രമാത്രം ഉള്‍ച്ചൂടോടെ കോരിയൊഴിക്കുവാന്‍ കഴിയൂ.

പാപസങ്കീര്‍ത്തനം എന്ന കഥ വായിച്ച് എത്രമാത്രം അസ്വസ്ഥയായെന്ന് വിവരിക്കാന്‍ കഴിയില്ല. മനുഷ്യമനസ്സിന് പിശാചിന്‍റെ മുഖച്ഛായ ഇത്ര എളുപ്പത്തില്‍  കൈവരുമെന്ന് അനില്‍ എഴുതുമ്പോള്‍ വായന മരവിച്ചു  നില്‍ക്കുന്നു. കഥ ഇക്കാലത്തിന്‍റെയോ പാശ്ചാത്യ സംസ്ക്കാരസ്വാധീനത്തിന്‍റെയോ ഒന്നുമല്ലെന്ന്  സ്ത്രീകള്‍ തീര്‍ച്ചയായും തിരിച്ചറിയും. കാരണം കഥയിലെ അച്ഛനെപ്പോലെ അരുതിലേക്ക് കടന്നു കയറുന്നവര്‍  എന്നും പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. അമ്മയും മകളും   കഥയിലെ അച്ഛനെ ഉപേക്ഷിച്ചതു പോലെ അത്ര എളു പ്പത്തില്‍ സാധാരണ ബന്ധങ്ങള്‍ പറിച്ചെറിയപ്പെടുകയില്ലെന്നോര്‍ക്കുമ്പോള്‍  നെഞ്ചു പൊടിയുകയും ചെയ്യുന്നു. ഒരു കഥയായി മാത്രം ഒരിക്കലും വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്ത പ്രമേയമാണിത്. ഒരുപക്ഷെ ഈ കഥാ സമാഹാരത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ  കഥ ഇതായിരിക്കുമെന്നു തോന്നുന്നു.  

മേഘമായ മധു മാത്യൂസ് പ്രത്യേകതകളുള്ള  ഒരു കഥയാണ്. സ്ത്രീ പുരുഷ സൌഹൃദം എങ്ങനെയൊക്കയാവാമെന്ന് വളരെ വാചാലമായി അനുവാചകനോട് ചര്‍ച്ച ചെയ്യുന്ന കഥ. നായകന്‍ പലപ്പോഴും അതിവാചാലതയിലേക്ക് ഊര്‍ന്നു വീഴുന്നുണ്ടെങ്കിലും കഥയുടെ പിരിമുറുക്കം നിലനിറുത്താനും ഊഷ്മളമായ  ഒരു സുഹൃത്ബന്ധത്തെ അനാവരണം ചെയ്യാനും അനില്‍ മിടുക്കു കാണിക്കുന്നു. വിദൂരതയില്‍   നിന്നൊഴുകി വരുന്ന ഒരു  വിഷാദ ഗാനം പോലെയാണീ കഥ.

അമ്മ എന്ന കഥ വളരെ ഹൃദയസ്പര്‍ശിയാണ്. അനാഥമാകുന്ന വൃദ്ധ മാതൃത്വങ്ങള്‍  ഇന്നൊരു സാധാരണ സംഭവം മാത്രം. എത്ര അനുഭവങ്ങള്‍ വേണമെങ്കിലും  നമുക്ക് ചുറ്റുമുണ്ടാകും.  ചുമക്കാന്‍ അസൌകര്യം  തോന്നുന്ന എന്തിനേയും വഴിയരികില്‍ വലിച്ചെറിയാന്‍ പാകത്തില്‍ ഏക ദിശയില്‍ ചിന്തിക്കുന്നവരാണ് എന്തുകൊണ്ടോ ഇപ്പോള്‍ പലരും. മഹാഭാരതത്തില്‍,  മക്കള്‍ പോയ  ജന്മത്തിലെ  ശത്രുക്കളാണെന്ന് സഞ്ജയന്‍ ധൃതരാഷ്ട്രരോട്  പറയുന്നത് കാലാതിവര്‍ത്തിയായ ഒരു നിത്യസത്യമാവാനേ വഴിയുള്ളൂ.  കഥയിലെ അമ്മ അല്‍പം കൃത്രിമത്വത്തോടെ സംസാരിക്കുന്നതായി തോന്നുമെന്ന ചില്ലറ കുറവ് ഒഴിവാക്കിയാല്‍ അതി മനോഹരമായി എഴുതപ്പെട്ട ഒരു രചനയാണിത്. പ്രത്യേകിച്ച്  കഥയുടെ അവസാന ഭാഗം.

ഗ്രീഷ്മം പേരു പോലെ തൊഴിലില്ലാതാകുന്ന പ്രവാസിയുടെ വേനല്‍  ലോകമാണ്. അവിടെ തണുപ്പിന്‍റെ പച്ചപ്പില്ല.  ആ ആധി നെഞ്ചുരുക്കത്തോടെ  ഈ കഥയില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതപ്പെട്ട ഈ വേദനയുടെ വരികള്‍ വായനക്കാരുടെ ഉള്ളുലച്ചു കളയുന്നു. ഗ്രീഷ്മമെന്ന  ഈ വാക്കിന്‍റെ അര്‍ഥമെന്താണ്?  അതു ഉള്ളിലുയര്‍ത്തുന്ന ചിത്രമെന്താണ്ആവിയുയരുന്ന ഒരു പകലിനു  മേല്‍  ഉഷ്ണം വിതറുന്ന രാത്രിയുടെ പുകയുന്ന ചിത്രം...  കഥയ്ക്ക് ഗ്രീഷ്മമെന്ന പേര് അന്വര്‍ഥമാവുന്നതങ്ങനെയാണ്. കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്തതുകൊണ്ട്  അവരില്‍  ഞാനും നിങ്ങളും  വളരെ എളുപ്പത്തില്‍  പ്രതിഫലിക്കുന്നു.

കണ്ണുകള്‍ ഒരു കുഞ്ഞു കഥയാണ്.   നേത്ര ദാനം മഹാദാനമെന്ന്  അനുവാചകനോട് ലളിതമായി,  എന്നാല്‍ ഹൃദയസ്പര്‍ശിയായി  ഉപദേശിക്കുന്ന കഥ.  പെട്ടെന്ന് കഥയെ അങ്ങോട്ട് ഇടിച്ചു നിറുത്തിയ പോലെ ഒരു അവസാനമായിപ്പോയി എന്നതൊഴിച്ചാല്‍ നല്ലൊരു സന്ദേശം നല്‍കുന്ന കഥയാണിത്.  ആണ്‍ ജന്മം വേണമെന്നും  തിളങ്ങുന്ന മിഴികളുള്ള അമ്മു എന്നൊരു  പെണ്‍കുട്ടിയെ ഒരിക്കലെങ്കിലും  ഒന്നു  പെണ്ണു  കാണമെന്നും എനിക്ക്  ആശ തോന്നിപ്പോയ ഒരു മനോഹര പെണ്ണുകാണല്‍   വിവരണമുണ്ട് ഈ കഥയില്‍, അതും രണ്ടു മൂന്നു വരികളില്‍ ഒതുക്കിയ ഒരു വിവരണം .

ഊന്നുവടികള്‍  എന്ന്  പേരുള്ള കഥയില്‍   പരസ്പരം ഊന്നുവടികളാവുന്ന വാര്‍ദ്ധക്യത്തിന്‍റെ, സാറമ്മയുടെയും സാറച്ഛന്‍റേയും ജീവിതമാണ് അനില്‍  എഴുതുന്നത്  . കുട്ടികളെ നോക്കി വളര്‍ത്തുകയും അവര്‍ മുതിര്‍ന്ന് അവരുടെ ജീവിതത്തിലേക്ക്  കടന്നു പോവുകയും ചെയ്യുമ്പോള്‍ ഒറ്റപ്പെടുന്ന  വാര്‍ദ്ധക്യം. യൌവനത്തിന്‍റെ സാമീപ്യവും കരുതലുമാണ് ശൈശവത്തിന്‍റേതെന്ന പോലെ വാര്‍ദ്ധക്യത്തിന്‍റേയും സുരക്ഷിതത്വം. തിരക്കുകളില്‍ കേമപ്പെടുന്ന  യൌവനം പലപ്പോഴും  ആ സത്യം  തിരിച്ചറിയാറില്ല. തിരിച്ചറിയും വരെ കാത്തു നില്‍ക്കാന്‍ വാര്‍ദ്ധക്യത്തിനു  അവസരവുമുണ്ടാവില്ല.  

പ്രസിദ്ധ നിരൂപകനായ ശ്രീ എം കെ ഹരികുമാര്‍ ഉചിതമായ  അവതാരികയിലൂടെ  ഈ പുസ്തകത്തെ അലങ്കരിച്ചിട്ടുണ്ട്. പോയ കാല ഓര്‍മ്മകളെ ആയുധമാക്കി വര്‍ത്തമാനകാലത്തെ നേരിടുന്നതിനെപ്പറ്റി അവതാരികയില്‍  എഴുതുന്ന അദ്ദേഹം അനിലിന്‍റെ രചനാപരമായ പ്രത്യേകതയായി ഓര്‍മ്മകളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

പുസ്തകത്തിലെ എല്ലാ കഥകളേയുംഅല്ലെങ്കില്‍ എല്ലാ പേജുകളെയും  അങ്ങനെ വിശദമായി  പരിചയപ്പെടുത്തുന്നതില്‍ അർത്ഥമില്ല. ചിത്രം കണ്ടും  പുസ്തകം വായിച്ചും അറിയണം എന്നാണല്ലോ മഹദ് വചനം.  ചിത്രം വെറുതേ കണ്ടാല്‍  പോരാ  സുക്ഷ്മമായി കാണണമെന്നും  പുസ്തകം വെറുതേ  വായിച്ചാല്‍ പോരാ നല്ലവണ്ണം  മനനം ചെയ്യണമെന്നുമാണ്  ആ വചനത്തിന്‍റെ  പൊരുൾ.  അതുകൊണ്ട്  ഓരോ വായനക്കാര്‍ക്കും പറയാനുള്ളത്  അവരവര്‍ വായിച്ചതിന്‍റേയും  മനനം ചെയ്തതിന്‍റെയും അനുഭവങ്ങളായിരിക്കും. അല്ലെങ്കില്‍  ആയിരിക്കണം......

മനോഹരമായ രൂപകല്‍പനയോടെ തയാറാക്കിയ ഈ പുസ്തകം പ്രസാധനം  ചെയ്തത്  ഫേബിയന്‍ ബുക്സാണ്.

ഒറ്റയിരുപ്പില്‍ വായിച്ച് അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന ലളിതമായ കഥകളല്ല അനിലിന്‍റെ. ഈ പുസ്തകത്തിലെ എല്ലാ കഥകളും അങ്ങനെയാണെന്ന് പറയുന്നില്ലെങ്കിലും വായനയ്ക്കു ശേഷവും ഒരു നീറ്റലായി വേദനയായി ഉള്ളിലൂറുന്ന വരികള്‍ സ്വാഭാവികതയോടെ എഴുതാന്‍ അനിലിനു സാധിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുവാന്‍ തീര്‍ച്ചയായും വായനക്കാര്‍ക്ക് അവകാശമുണ്ടെന്ന തോന്നല്‍ പകരുന്ന ഒരു കഥാകൃത്തു തന്നെയാണ് അനിൽ.

നിരവധി കഥാ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അനിലിന്റെ കഥകൾ “വൈഖരി” എന്ന ബ്ലോഗ്ഗിലും വായിക്കാം.