Sunday, September 29, 2013

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം


പുസ്തകം : ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം 
രചയിതാവ് : നിക്കോസ് കസൻ‌ദ്സാക്കിസ്
പ്രസാധകർ :
അവലോകനം : ജിനു ജയദേവൻ
 
 


ഗ്രീക്ക് എഴുത്തുകാരനും ദാർശനികനും ആയിരുന്ന നിക്കോസ് കസൻ‌ദ്സാക്കിസിന്റെ കൃതി ആണ് "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം. ജ്യേഷ്ടന്‍ ആണ് ഇങ്ങനെ ഒരു പുസ്തകം ഉണ്ട് , നിരോധിച്ച പുസ്തകങ്ങളുടെ ഗണത്തില്‍ വരുന്ന ഒന്നാണ് എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്ക്  മുമ്പ് പറഞ്ഞു തന്നത്. 

ആത്മീയപരമായും അല്ലാതെയും ഉള്ള ജീവിത രീതി പിന്തുടര്‍ന്ന   നിക്കോസ് കസാന്ദ്സാക്കിസിന് യേശുവും ബൈബിളും  ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു .  തന്റെ കൃതികളിലെ വിഷയങ്ങള്‍ വ്യവസ്ഥാപിത ക്രിസ്തുമതത്തിലെ വിശ്വാസങ്ങള്ക്ക്  എതിരായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കിയത്. അതിനെതിരായി അദ്ദേഹം  പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിശുദ്ധപിതാക്കന്മാരേ, നിങ്ങൾ എനിക്ക് ശാപം തരുന്നു; എന്നാൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ മനസ്സാക്ഷി എന്റേതുപോലെ ശുദ്ധമാകട്ടെ; നിങ്ങൾ എന്നെപ്പോലെ ധാർമ്മികരുമാകട്ടെ." എന്നാണു. "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന രചനയെ റോമൻ കത്തോലിക്കാ സഭ അതിന്റെ നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ, കസൻ‌ദ്സക്കിസ് വത്തിക്കാനിലേയ്ക്കയച്ച കമ്പിസന്ദേശത്തിൽ ആദ്യകാലസഭാപിതാവ് തെർത്തുല്യന്റെ ഈ വാക്യമായിരുന്നു: "കർത്താവേ, ഞാൻ എന്റെ അപ്പീൽ അവിടുത്തെ ന്യായാസനത്തിനു മുൻപിൽ സമർപ്പിക്കുന്നു"
(Ad tuum, Domine, tribunal appello.) . 

ഗ്രന്ഥകാരനെ കുറിച്ച് അറിയുവാന്‍  വിക്കിപ്പീടിയ അടക്കം ഉള്ള ഓണ്ലൈസന്‍ മാധ്യമങ്ങളെ ആശ്രയിച്ചിട്ടുണ്ട് .

പുസ്തക വായനയില്‍ നിന്നും എനിക്ക് മനസ്സിലായ കുറച്ചു കാര്യങ്ങള്‍ .......

 സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാൻ പറ്റാത്ത ഒരു സാധാരണ മനുഷ്യന്റെ ആത്മ നൊമ്പരങ്ങൾ ആണ് ഈ കൃതി. ആത്മീയ  വിചാരങ്ങൾക്കും  അപ്പുറം ഒരു സാധാരണ മനുഷ്യന്റെ വിലാപങ്ങൾ ആണ് ഈ പുസ്തകത്തിൽ കൂടുതലായും നിഴലിച്ചു നില്ക്കുന്നത് . ദൈവികമായോ ആത്മീയമായോ   തന്റെ മേൽ  വന്നു പതിക്കുന്ന സമ്മർദ്ദത്തിനെ  അതി ജീവിക്കാൻ ഉള്ള ഒരു ( ഭാര്യ, കുടുംബം , കുട്ടികൾ എന്നീ സ്വപ്‌നങ്ങൾ ഉള്ള ) യുവാവിന്റെ ശ്രമങ്ങളാണ് ഈ പുസ്തകത്തിന്റെ തുടക്കം വിവരിക്കുന്നത്  . 

സ്വയം ഇനി രക്ഷപെടാന്‍ ആവില്ല എന്ന് ബോധം വരുന്ന നിമിഷത്തില്‍ അദ്ദേഹത്തിന്റെ വിലാപമാണ്‌  താഴെ എഴുതിയിരിക്കുന്നത് 

“I can’t! I’m illiterate, an idler, afraid of everything. I love good food, wine, laughter. I want to marry, to have children. ... Leave me alone!”

യേശു , താന്‍ എന്താണെന്ന് അറിയാത്ത , എന്താവണം എന്നറിയാത്ത ഒരു സാധാരണ മനുഷ്യന്‍ മാത്രമായാണ് ആദ്യമായി നമ്മുടെ മുന്നിലേക്ക് വരുന്നത്. ചെയ്തു എന്ന് കരുതുന്ന തെറ്റുകൾക്ക് , ചെയ്തു പോയേക്കാം എന്ന് കരുതുന്ന തെറ്റുകള്ക്ക് സ്വയം ശിക്ഷിക്കുവാൻ മുള്ളുകൾ നിറഞ്ഞ തുകൽ ബെൽറ്റ്‌ ശരീരത്തിൽ ധരിച്ചാണ് കുരിശുകൾ മാത്രം പണിയുന്ന മരപ്പണിക്കാരനായ യേശു ഓരോ ദിവസവും കഴിയുന്നത്‌ . 

മേരി , യേശുവിന്റെ അമ്മ , മകനെ ഓര്ത്തുൻ ഓരോ നിമിഷവും കരയുന്ന,  എന്നും തന്റെ സ്വന്തം ദുര്വിയധിയെ ശപിക്കുന്ന  ഒരു സ്ത്രീയാണ് . മകന്‍ മറ്റുള്ള യുവാക്കളെ പോലെ എന്നെങ്കിലും ആവുമെന്നും വിവാഹിതന്‍ ആവുമെന്നും കുടുംബ ജീവിതം നയിക്കുമെന്നും അവര്‍ സ്വപ്നം കാണുന്നുണ്ട് . ദൈവ വഴിയില്‍ യാത്രയാവുന്ന മകനെ അന്വേഷിച്ചലയുന്ന ദൈന്യത അര്ഹി്ക്കുന്ന ഒരു കഥാപാത്രം .
 
ജീസസിന്റെ പ്രണയ വിചാരം ആണ് മഗ്ദലന മറിയം. അവളെയാണ് യേശു ഏറ്റവും അധികം ആഗ്രഹിക്കുന്നതും  . അവളിലേക്ക്‌ എത്തിപ്പെടാൻ ഓരോ തവണയും അയാള് ശ്രമിക്കുകയും ചെയ്യുന്നുണ്ട്, പക്ഷെ ദൈവം അതിനനുവദിക്കുന്നില്ല എന്നുള്ള സ്വന്ത വിചാരത്തിൽ അയാൾ സ്വയം കണ്ടെത്തുവാൻ എന്ന രീതിയിൽ , എന്റെ ജീവിതം അവസാനിക്കേണ്ടത് ഒരു ദൈവ ദാസനായി മാത്രമാണെന്ന് സ്വയം കരുതി അതിനായി തിരിക്കുകയാണ്. വഴി മദ്ധ്യേ യേശു മഗ്ദലന മറിയത്തിനെ കാണുവാൻ അവളുടെ വീട്ടില് ചെല്ലുകയും അവളോട്‌ മാപ്പ് ചോദിക്കുകയും അവളോടൊപ്പം ഒരു ദിവസം താമസിക്കുകയും ചെയ്യുന്നുണ്ട്.
 
അതെ സമയം ജീസസിനെ വളരെ അധികം പ്രണയിക്കുകയും അവനോടൊപ്പം ജീവിക്കാൻ ആഗ്രിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ ആണ് ഇതിൽ വേശ്യയായ മഗ്ദലനം. അവനെ മാത്രമാണ് അവൾ ആത്മാർഥമായി സ്നേഹിചിട്ടുള്ളത് , അവൾ സ്വീകരിക്കുന്ന ഓരോ പുരുഷനിലും അവൾ തേടുന്നത് ജീസസിനെയാണ് . മറ്റൊരാൾക്കും അവൻ നല്കിയ സന്തോഷം നല്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നും ദൈവത്തെയല്ല ആരാധിക്കുന്നതെന്നും അവൾ സ്വയം വെളിപ്പെടുത്തുന്നുണ്ട് . യാത്ര പറയാതെ ഇറങ്ങി പോവുന്ന യേശുവിനെ ഓർത്തു കരയുന്നവളാണ് മഗ്ദലനം .
 
താൻ ആരെന്നു മനസ്സിലാക്കുവാൻ കഴിയുന്ന രാത്രി യേശു ചെന്നെത്തുന്ന സന്യാസിമഠത്തിൽ യൂദാസ് കാത്തിരിപ്പുണ്ട്‌ യേശുവിനെ കൊല്ലുവാൻ ..... മരണത്തെ പോലും ഭയമില്ലാതെ എല്ലാം ദൈവ നിശ്ചയം എന്ന് വിശ്വസിച്ചു കൊല കത്തിക്ക് മുമ്പിലേക്ക്  കഴുത്ത് നീട്ടി കൊടുക്കുന്ന  യേശുവിനെ  കണ്ടു അവനാരെന്നു മനസ്സിലാക്കുവാൻ കഴിയാതെ യൂദാസ് വിവശനാവുവുകയും അവിടെ നിന്നും ഒളിച്ചോടുകയും ചെയ്യുന്നു .   യേശുവിന്റെ  പിന്നീടുള്ള യാത്രകളിൽ അനുഗമിക്കുന്നവനാ യി മാറുന്നു  എങ്കിൽ കൂടിയും   ഇസ്രയേലിനെ റോമൻ ഭരണത്തിൽ നിന്നും രക്ഷിചെടുക്കുവാൻ ശ്രമിക്കുന്ന ഒരു വിപ്ലവകാരിയാണ് യൂദാസ് . യേശു ദൈവത്തിന്റെ പ്രതി പുരുഷന എന്ന് വിശ്വസിക്കുവാൻ യൂദാസ് തയാറാവുന്നില്ല . ആ സംശയ നിവാരണത്തിനായി ആണ് യേശുവിനോടൊപ്പം  യൂദാസും  ജോർദാൻ നദിക്കരയിലെ ജ്ഞാനസ്‌നാനം ചെയ്യുന്നയാളെ  കാണാൻ ചെല്ലുന്നതും അവിടെ വെച്ച് യേശുവിനെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതും .

ഏകാന്തതയിൽ തനിക്കു ദൈവത്തിനോട് നേരിട്ട്  സംസാരിക്കുവാനാവും എന്ന് വിശ്വസിക്കുന്ന യേശു തന്റെ അനുയായികളെ പിന്നിൽ ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് പോവുകയാണ് പിന്നീട്  ചെയ്യുന്നത് . യൂദാസ് അനുഗമിക്കാൻ ശ്രമിക്കുന്നു എങ്കിൽ കൂടിയും അയാളെ തിരികെ അയച്ചു യേശു യാത്രയാവുന്നു . പിന്നീടുള്ള പകലുകളിലും രാത്രികളിലും അയാളുടെ മനസ്സിലെ  സംഘര്ഷം കാണാൻ കഴിയും . സ്വന്തം ആത്മാവിനെ സ്ത്രീ രൂപം പൂണ്ട ഒരു സർപ്പമായും , പിന്നീട് സ്വയമേ തന്നെ ഒരു സിംഹമായും യേശു  കാണുന്നു  . ആത്മാവ് പറയുന്നത്   "നീ രക്ഷിക്കേണ്ടത് ലോകത്തിനെ അല്ല , നിന്നെ ,സ്നേഹിക്കുന്ന  നീ സ്നേഹിക്കുന്ന മഗ്ദലന മറിയത്തെ ആണ്. അവളെ വിവാഹം കഴിക്കു, അവളിൽ നിനക്കുണ്ടാവുന്ന  മക്കൾക്കൊപ്പം ജീവിക്കൂ ... "  എന്നാണ് . ഈ പ്രലോഭനത്തെ  തരണം  ചെയ്യുന്ന യേശുവിനു  കാണാൻ കഴിയുന്നതു സിംഹമായി മാറിയ സ്വന്തം  ജീവനെയാണ്‌  .  ഒരു രാജ്യം കേട്ടിപ്പെട്ടുക്കെണ്ടാവൻ ആണ് നീ എന്നും ലോകം കീഴടക്കെണ്ടവനായ നിനക്ക് മഗ്ദലനം ഒരു ഭാര്യ ആവില്ല എന്നും സിംഹത്തിന്റെ അഭിപ്രായത്തെ . ആദ്യം എതിർക്കുന്നു എങ്കിൽ കൂടിയും യേശു സിംഹം പറഞ്ഞു വെച്ച  വഴിയിലൂടെയാണ് യാത്ര തുടരുന്നത് .

സ്ത്രീ കുടുംബം മക്കൾ എന്നിങ്ങനെ ഉള്ള പ്രലോഭനങ്ങളിൽ നിന്നും സ്വയം മുക്തനാണ്   എന്ന് വിശ്വസിച്ചു  "ഞാൻ ദൈവത്തിനെ മകൻ" എന്ന് തന്നോട് തന്നെ പറഞ്ഞു കൊണ്ടാണ്  പിന്നീട് യേശു ജറുസലേമിലെക്ക് യാത്ര തുടങ്ങുന്നത് . പിന്നീട് വിവിധ ദേശങ്ങളിലായി ദൈവ വചനങ്ങൾ പറഞ്ഞു നടക്കുന്ന യേശു , നിലവിലുള്ള ദൈവ വിശ്വാസ രീതികളെ എല്ലാം പരസ്യമായി അധിക്ഷേപിക്കുകയും അത് വഴി ഭരണാധികാരികളിൽ നിന്നും ഉന്നതാധികാര സ്ഥാനങ്ങൾ കയ്യാളുന്ന പുരോഹിതന്മാുരിൽ നിന്നും വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുന്നുമുണ്ട് . അനുയായികൾ ജീസസ്സിനു കൊടുക്കുന്ന സ്ഥാനങ്ങൾ പലതാണ് . യഹൂദഗുരു, ആചാര്യൻ , പ്രവാചകൻ അങ്ങനെ പോവുന്നു ആ സ്ഥാനങ്ങൾ 

മാത്യു യേശുവിന്റെ വചനങ്ങളെ എഴുതിയെടുക്കുവാൻ ശ്രമിക്കുന്നുണ്ട്  അല്ലെങ്കിൽ യേശുവിന്റെ എല്ലാ വാക്കുകളെയും ശ്രദ്ധിച്ചു കേൾക്കുന്ന മാത്യൂ അത് രാത്രികളിൽ  സുവിശേഷങ്ങൾ എന്ന പേരിൽ  എഴുതി വെക്കുന്നു. പക്ഷെ മാത്യുവിന്റെ സുവിശേഷം വായിച്ച യേശു അത് വലിച്ചു ദൂരെ എറിയുകയും "ഞാൻ ഇതല്ല പറഞ്ഞത് " എന്ന് വിളിച്ചു പറഞ്ഞു ആക്രോശിക്കുകയും ചെയ്യുന്നതും കാണാം . എങ്ങനെ ഇതെഴുതി എന്നുള്ള ചോദ്യത്തിനു പ്രധാന ദൈവദൂതന്‍ രാത്രികളിൽ എന്റെ ചെവിയിൽ  ഓതി തന്നവയാണ്  ഇവ എന്നാണു മാത്യുവിന്റെ  മറുപടി. താങ്കള്‍ പറഞ്ഞവയെ എഴുതാന്‍ ദൈവ ദൂതന്‍ എന്നെ അനുവദിക്കുന്നില്ല എന്നൊക്കെയാണ് മാത്യുവിന്റെ ന്യായ വാദങ്ങളെല്ലാം . 

ക്രൈസ്തവ സഭയുടെ താല്പര്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ വേണ്ടി കാലാ കാലങ്ങളായി  എഴുതിയതും തിരുത്തിയതുമായ ഒന്നാണ്  ബൈബിളും അനുബന്ധ ലേഖനങ്ങളും എന്ന വാദത്തിനു ശക്തി കൂട്ടുന്നുണ്ടോ ഇത് ?

താന്‍ കൊല്ലപ്പെടുമെന്ന് യേശുവിനു അറിയാം എന്നാണു ഈ പുസ്തകത്തില്‍ പറയുന്നത് . അത് തന്റെ അനുയായികളോട് പറയുകയും ചെയ്യുന്നുണ്ട് . തന്നെ ഒറ്റിക്കൊടുക്കുവാന്‍ യൂദാസിനോട്‌  ആവശ്യപ്പെടുന്നത് യേശു തന്നെയാണ് . മൂന്നു ദിവസത്തില്‍ ഞാന്‍ ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും അത് വരെ മാത്രമാണ് ദു:ഖം എന്നും അനുയായികളോട് പറയുന്നുണ്ട് . നാളെ സൂര്യന്‍ ഉദിക്കുന്നതിന്  മുമ്പ് മൂന്നു തവണ നീയെന്നെ തള്ളി പറയും എന്ന് യേശു പീറ്ററിനോടു പറയുന്നുണ്ട് . യൂദാസ് ഒഴികെ എല്ലാവരെയും ദുര്‍ബലരായ അനുയായികള്‍ ആയിട്ടാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത് .

തന്റെ ഏറ്റവും വലിയ വ്യാകുലതകളും സങ്കടങ്ങളും യേശു പങ്കു വെക്കുന്നത്   ഏറ്റവും പ്രിയപ്പെട്ട അനുയായിയായ യൂദാസിനോടാണ് . തന്റെ മരണം മുന്കൂട്ടി കാണുന്ന യേശു തന്നെയാണ് യൂദാസിനോട് തന്നെ പുരോഹിതന്മാര്ക്ക് കാണിച്ചു കൊടുക്കുവാൻ പറയുന്നതും ചെയ്യിക്കുന്നതും . സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുക്കുവാൻ താങ്കൾ തയ്യാറാവുമോ എന്നുള്ള യൂദാസിന്റെ ചോദ്യത്തിനു മുന്നിൽ മൗനിയായി മാറുന്നു യേശു. "എനിക്ക്  കഴിയില്ല" എന്ന് സമ്മതിക്കുന്ന യേശുവിന്റെ മറുപടി "അത് കൊണ്ടാണ് ഞാൻ അതിലും എളുപ്പമായ മരണത്തെ ഏറ്റെടുക്കുന്നത് " എന്നതാണ്  . കുരിശു ചുമന്നു കൊണ്ട്  പോവുന്ന യേശുവിനെ തള്ളിപ്പറയുന്ന, സ്വന്തം ജീവൻ കാക്കാൻ വേണ്ടി  ഒളിച്ചിരിക്കുന്ന ഭീരുക്കൾ മാത്രമാവുന്നു മറ്റുള്ള എല്ലാ അനുയായികളും .  ഒരിക്കൽ മാത്രം കണ്ടു പരിചയമുള്ള ഒരു സത്രമുടമയാണ് കുരിശിന്റെ ഭാരം താങ്ങാൻ ആവാതെ വീഴുന്ന യേശുവിൽ നിന്നും കുരിശു ഏറ്റു വാങ്ങുന്നതും അത് പിന്നീട് ചുമന്നു കൊണ്ട് പോവുന്നതും.  

The Cyrenian rushed forward, lifted him up, took the cross and loaded it upon his own back. Then he turned and smiled at Jesus. 
“Courage,” he said to him. “I‟m here; don‟t be afraid.”

പിന്നീട് ക്രൂശിതനായി കിടക്കുന്ന യേശുവിനു ഉണ്ടാകുന്ന ചിന്തകള്‍ , മരണ സമയത്ത് അദ്ദേഹത്തിന്റെു ആഗ്രഹങ്ങള്‍ , കഴിഞ്ഞ ജീവിതത്തില്‍ നിന്നും കണ്ടവയും അനുഭവിച്ചതുമായ എല്ലാം കൂടിച്ചേര്ന്നു  , ആ ഓര്മ്മ്കളെ  പുനര്ജ്ജീ വിതത്തില്‍ കിട്ടാന്‍ പോവുന്നവയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എന്നിവ നമ്മെ മനസ്സിലാക്കി തരുന്നുണ്ട്  എന്തായിരുന്നു  യേശുവിന്റെ അന്ത്യ പ്രലോഭനം എന്ന് . 

യേശുവിന്റെ  മരണത്തിനും  ഉയിര്ത്തെ ഴുന്നേല്‍പ്പിനും ശേഷമുള്ള കാര്യവിവരണങ്ങള്‍ വായനക്കാരനെ തീര്ത്തും  അതിശയിപ്പിക്കുകയാണ് ചെയ്യുക . അതില്‍ ഗ്രന്ഥകാരന്റെ അവിശ്വസനീയമായ വിജയത്തെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല  . 

പുറം വായനയില്‍ കിട്ടുന്ന അറിവാണ് ഈ മേല്‍ വിവരിച്ചത്  . ഒരു തവണ മാത്രം വായിച്ചു മാറ്റി വെക്കാന്‍ പറ്റിയ ഒന്നല്ല ഈ പുസ്തകം. യേശുവിനെ ഒരു സാധാരണ മനുഷ്യന്‍ മാത്രമാക്കി കാണിച്ചു അയാളുടെ മാനസിക ആത്മീയ  വ്യാപാരങ്ങളെ പൊളിച്ചു കാണിക്കല്‍ ആവുന്നുണ്ട്‌ ഇത് പൂര്ണ്ണാമായും . ദൈവപുത്രന്‍ സ്വയവും മറ്റുള്ളവരും വാഴ്ത്തുമ്പോള്‍ കൂടിയും  സ്ത്രീ എന്നത് ഒരു വികാരമായി യേശുവിന്റെ മനസ്സില്‍ ഉണ്ട് . താന്‍ ആരെന്നു മനസ്സിലാക്കി തിരികെ വരുന്ന രാത്രി താമസിക്കാന്‍ സൗകര്യം കൊടുക്കുന്ന മാര്താ്മ -മറിയം സഹോദരിമാരെയും  യേശു കാണുന്നത് ഇതേ വികാരത്തോടെ തന്നെ ആണ്. 

സാധാരണ മനുഷ്യര്ക്ക് ‌  യേശു , പ്രലോഭനങ്ങള്ക്ക്  വഴിപ്പെടാത്ത , ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന, ആ പാത അനുഷ്ടിച്ചിരുന്ന ഒരു ദൂതനാണ്‌ . സാധാരണ മനുഷ്യന് , അവന്‍ ആഗ്രഹിക്കുന്ന എല്ലാ ആനന്ദത്തിനെയും നിരാകരിച്ച, കീഴടക്കാനാവാത്ത  എല്ലാ വശീകരണങ്ങളെയും അതി ജീവിച്ച ദൈവ പുത്രനാണ് യേശു എന്നാണു കരുതിയിരിക്കുന്നത് , അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളും പുരോഹിതന്‍മാരുമെല്ലാം പറഞ്ഞു പഠിപ്പിച്ചത് അങ്ങനെ ആയിരുന്നു . കുരിശില്‍ ഏറ്റപ്പെടുന്നതിനായുള്ള, ദൈവത്തിലേക്കുള്ള , അനശ്വരതയിലേക്കുള്ള ത്യാഗത്തിന്റെ പരമമായ യാത്രയില്‍ യേശു എല്ലാ തരത്തിലും ഉള്ള വൈഷമ്യതകളും അനുഭവിക്കുന്നുണ്ട് . ഈ കാര്യമാണ് നമ്മള്ക്കെലല്ലാം അറിയാവുന്നത് . അത് കൊണ്ട് തന്നെയാണ് യേശുവിനെ ദൈവപുത്രന്‍ എന്ന രീതിയില്‍ നമ്മള്‍ അംഗീകരിക്കുന്നതും ആരാധികുന്നതും. 

ഈ പുസ്തകത്തിലും പറയുന്നത് ഇത് തന്നെ പക്ഷെ ഒരു പച്ചയായ മനുഷ്യന്‍ എന്നതില്‍ നിന്നും ദൈവ പുത്രനിലേക്ക്   തന്റെ എല്ലാ വിധത്തിലും ഉള്ള വിഷയാസക്തികളെയും ആത്മാവിലേക്ക് , ദൈവിക വിചാരത്തിലേക്ക് മാറ്റി മനുഷ്യ നന്മക്കായി , അനുയായികള്ക്ക്ത ദൈവത്തെ ആരാധിക്കുന്നവര്ക്ക്   സ്വര്ഗ്ഗ രാജ്യം  കിട്ടുമെന്ന് ബോധ്യപ്പെടുത്തുവാന്‍  ഗൊൽഗോഥായിലെത്തി കുരിശ്ശില്‍ ഏറുന്നു എന്നാണു പറഞ്ഞിരിക്കുന്നത് എന്ന് മാത്രം . 

പുസ്തകത്തെ കുറിച്ച്  നിക്കോസ് കസാന്ദ്സാക്കിസിന്റെ വാക്കുകള്‍ 

ജീവിതകാലം മുഴുവന്‍ സ്വന്തം ആത്മാവും ശരീരവും തമ്മില്‍ ഉള്ള യുദ്ധത്തില്‍ അകപ്പെട്ടു തളര്ന്നി ഒരു മനുഷ്യന്റെ ചിന്തകളുടെയും അനുഭവങ്ങളുടെയും സങ്കലനം ആണ് ഈ കൃതി .
ഇതൊരു ജീവചരിത്രമല്ല . സംഘര്ഷംം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും കുമ്പസാരമാണ് . ഇത് പ്രസിദ്ധീകരിക്കുക വഴി ഞാന്‍ ചെയ്തത് എന്റെ കടമ മാത്രമാണ് . ഒരുപാടു ദുരിതങ്ങള്‍ അനുഭവിച്ച , കയ്പ്പേറിയ ജീവിതം നയിച്ച , ഒരുപാടു പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തിയ ഒരു മനുഷ്യന്റെ കടമ മാത്രം . ഈ പുസ്തകം വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും ഇതില്‍ നിറഞ്ഞു നില്ക്കു ന്ന സ്നേഹം പോലെ , ഇതിനു മുമ്പ് ഒരിക്കല്‍ പോലും ചെയ്യാതിരുന്നത് പോലെ , ഇത് വരെക്കും എല്ലാം അധികം യേശുവിനെ സ്നേഹിക്കും .
 ( നിക്കോസ് കസാന്ദ്സാക്കിസ്)

ഈ പുസ്തകം വായിച്ചു കഴിഞ്ഞു യേശു ആരെന്നു നമ്മള്‍ നമ്മോടു തന്നെ  ചോദിക്കുകയാണെങ്കില്‍  ഒരുപാടുത്തരങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞു വന്നേക്കാം. 

ദൂതന്‍  

വിശ്വാസി

യഹൂദനായ ആചാര്യന്‍

ഗുരു

പണ്ഡിതന്‍ 

അതീന്ദ്രിയ ജ്ഞാനമുള്ളവന്‍

പ്രവാചകന്‍ 

അവിശ്വാസി

കലാപകാരി 

ദൈവപുത്രന്‍ 

ഒരു പച്ചയായ മനുഷ്യന്‍ 

ഇതില്‍ ആരാണ് ഇദ്ദേഹം എന്ന സന്ദേഹത്തിനിടയില്‍ മുങ്ങി നില്‍ക്കുന്ന നമ്മുടെ നേര്‍ക്ക്‌  ‌ നിഗൂഡമായ ചിരിയുമായി നില്‍ക്കുന്നവനായി മാറുന്നു കഥാകാരന്‍  നിക്കോസ് കസാന്ദ്സാക്കിസ്. 

Highly Recommended

Wednesday, September 25, 2013

ദുരവസ്ഥ

പുസ്തകം : ദുരവസ്ഥ
രചയിതാവ് : കുമാരനാശാന്‍
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍‌വ

സമയവാഹനത്തില്‍ കയറിപ്പോയി കാലത്തെ പകര്‍ത്താനാവില്ല എന്നതാണ് ചരിത്രത്തിന്റെ പരിമിതി. ലഭ്യമായ വാസ്തവീകതകളെ സമകാലത്തിന്റെ മൂല്യ, ഭാവുക പ്രദേശങ്ങളില്‍ വച്ച് വിന്യസിക്കുക എന്നതാവും ചരിത്രനിര്‍മ്മിതിയുടെ പരമവിധി. സര്‍ഗാത്മകതയുടെ ഭ്രാന്തന്‍ ഇടങ്ങളിലൂടെ ചരിത്രത്തിലേക്ക് ഭ്രമാത്മകമായ യാത്രകള്‍ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷെ അവയൊക്കെ കലയുടെ ഭൂമികയാണ്, ചരിത്രത്തിന്റെ അല്ല. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട ഒരു പുസ്തകം ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കാന്‍ ശ്രമിക്കുക എന്നതിന്റെ ഒഴിവാക്കാനാവാത്ത ഭ്രംശം, മൂല്യവിചാരങ്ങള്‍ ഇന്നത്തെ ഭാവുകത്വത്തിന്‌ അനുസാരിയായി മാത്രമേ സാധ്യമാവൂ എന്നതാവും. ലോകമഹായുദ്ധങ്ങളെയും വ്യാവസായികവിപ്ലവത്തെയും തുടര്‍ന്ന് വന്ന വന്‍കുതിപ്പുകളെ ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ആവാഹിച്ചെടുത്ത മലയാള സാഹചര്യത്തില്‍, ഒരു ശതാബ്ദത്തിന്റെ ദൂരം, 'ദുരവസ്ഥ' എഴുതപ്പെട്ട കാലം, മധ്യകാലത്തെക്കാളും പുരാതനമായി നില്‍ക്കുന്നു എന്നറിഞ്ഞുകൊണ്ട്‌ തന്നെയാവും അത്തരം ഒരു ഉദ്യമത്തിന് തുനിയാനുമാവുക.

തന്നില്‍ സാധാരണയുള്ള ഇതിവൃത്തസ്വീകരണത്തിന്റെ മറ്റേ അതിരിലൂടെയാണ് ദുരവസ്ഥയില്‍ ആശാന്‍ സഞ്ചരിക്കുന്നത്. ഇത് മറ്റാരേക്കാളും നന്നായി അറിഞ്ഞത് കവി തന്നെ: "..... ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയില്‍ ഉള്ള ഒരു കാവ്യമാണ് ... ... സാഹിത്യ സംബന്ധമായ വലിയ ഉല്‍ക്കര്‍ഷമൊന്നും ഇല്ലെങ്കിലും, ഇത് അര്‍ഹിക്കുന്ന സ്ഥാനത്തില്‍ സഹൃദയലോകം ഇതിനേയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയോടുകൂടി പുറത്തയച്ചുകൊള്ളുന്നു." കവിതയുടെ ചരിത്രപശ്ചാത്തലം മാപ്പിളലഹളയാണെന്ന് കൃത്യമായി ആമുഖം പറയുന്നു. ലഹളയുടെ വിമാനുഷികതയോടുള്ള പ്രതികരണമാണ് ഉദ്ദേശിച്ചതെങ്കില്‍ മൂലകഥയായ ചാത്തന്‍ - സാവിത്രി സംയോഗത്തിന്റെ ഇതിവൃത്തസ്വംശീകരണത്തില്‍ സാംഗത്യകേടുണ്ട് തന്നെ. സാവിത്രിയെ നിരാലംബയാക്കുന്നു ലഹള എന്നതിനപ്പുറം അവളുടെയും ചാത്തന്റെയും പ്രണയം ആ ചരിത്രവാസ്തവീകതയോടുള്ള കാവ്യരോഷം ആകുന്നില്ല. ആശയങ്ങളെ കൈവിട്ട് കവിത പോവുക പക്ഷെ കവിയുടെ കൈത്തെറ്റും ആവില്ല.

ശീര്‍ഷകം തന്നെ ഒരുതരത്തില്‍ അലോസരം ഉണ്ടാക്കുന്നതാണ്. കഥാസമാപ്തിയുടെ ശുഭസൂചകം അത് ഉള്‍ക്കൊള്ളുന്നില്ല. അങ്ങിനെയൊക്കെ ആണെങ്കിലും പുലയയുവാവിനോടൊപ്പം ജീവിക്കേണ്ടിവരുക ഒരു അന്തര്‍ജ്ജനത്തിന് ദുരവസ്ഥ തന്നെ എന്നാവുമല്ലോ വിവക്ഷ. അന്നും ഇന്നും സാമൂഹ്യാവസ്ഥ അങ്ങിനെയൊക്കെ തന്നെയാണെങ്കിലും, അത് പാഠത്തിന് നിരക്കുന്നില്ല. സാവിത്രിയുടെ അക്കാല സ്ഥിതിവിശേഷത്തെ സൂചിപ്പിക്കാനോ, മാപ്പിളലഹള ആ പ്രദേശത്ത്‌ ഉണ്ടാക്കിയ വ്യവസ്ഥാരാഹിത്യത്തെ മുന്നോക്കം കൊണ്ടുവരാനോ ഒന്നുമല്ല ദുരവസ്ഥ എന്ന് പക്ഷെ കവിത തന്നെ അവസാനം എത്തുന്നുണ്ട്. അത് ആശാന്റെ സാമൂഹിക വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണം ആയാണ് വെളിപ്പെടുക:

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍

മാറ്റൊലികൊണ്ടീ മൊഴിതന്നെ സര്‍വ്വദാ
കാറ്റിരംബുന്നിന്നു കേരളത്തില്‍

നാലുപാടും നിന്നു തന്നെ ചൊല്ലുന്നു
കാലവും, നിങ്ങളിന്നൂന്നി നില്‍ക്കും

കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു.

ജോലിത്തിരക്കുകള്‍ മൂലവും സേവക-
ജാലങ്ങള്‍ തന്‍ സ്തുതി ഘോഷം കൊണ്ടും

ആലോചിയാ ഭാവാന്മാരോന്നു, മീവക-
യാലാപം തന്നെ ചെവിയിലെത്താ.

ഇ'ദുരവസ്ഥ'യിലുള്ളില്‍ വികാരങ്ങ-
ളുദ്വല്ലഭാവമിയന്നുയരും

മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കി-
ലുദേശ്യശുദ്ധിയാല്‍ മാപ്പ്നല്‍കിന്‍"

ജാതീയമായ നീച്ചത്വത്തിന് എതിരായ ആചരണങ്ങളുടെ തുടര്‍ച്ചയില്‍, സംഭോഗശൃംഗാരപ്രദമായ ഒരു കഥയില്‍ പാഠവിഭിന്നമായ ശീര്‍ഷകം വന്നുചേര്‍ന്നതില്‍ അനൌചിത്യം കണ്ടെത്തുക കടന്നകൈ ആയിപ്പോയേക്കും എന്ന തിരുത്തലും ആവാം.

എന്നാല്‍ അത്ര നിഷ്കളങ്കതയോടെ ഈ കവിതയില്‍ കടന്നുവരുന്ന ജാതീയമായ വിഹ്വലതകളുമായി സമപ്പെട്ടു കവച്ചുപോകാന്‍ വയ്യ. കേരളചരിത്രത്തിന്റെ സഞ്ചാരവഴികളില്‍ ജാതീയമായ അസമത്വത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച ബ്രാഹ്മണ്യം വളരെ സമ്മോഹനമായാണ് കടന്നുവരുന്നത്‌.

"ഞാനോ വലിയൊരു നമ്പൂരിയാഡിയന്റെ
മാദനയായ പെണ്‍കുട്ടിയല്ലോ

എന്തറിവൂ നീ മനയ്ക്കലെ പ്രൌഡിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും

ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിനകത്തെ മണിയറയില്‍

ഇച്ഛാനുകൂലസുഖം പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായി ഞാന്‍

എന്തുചെയ്തിടാനുമേറെപരിജന-
മോടിവന്നു വണങ്ങി നില്‍ക്കും

... ... ...

പിച്ചിവിടര്‍ന്നു പുതിയ പരിമളം
മച്ചിന്മേലെന്‍ കിളിവാതിലൂടെ

പിച്ചയായുള്ളില്‍ ചിരിക്കുമിളംകാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിടുന്നു.

തൂമഞ്ഞ്ജു ചന്ദ്രികയെന്റെ മന്ച്ചത്തിലെ-
പ്പൂമെത്തമേല്‍‍ വെന്‍ വിരിപ്പിന്‍മീതെ

ശ്രീമെത്തു മന്യവെന്‍പട്ടു ഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.

നായികയോട് എഴുത്തുകാരന് തോന്നുന്ന സ്നേഹവാഞ്ചയുടെ അബോധപ്രവര്‍ത്തനമായി ഇതിനെ കുറച്ചുകാണാന്‍ വയ്യ. നായികയെ സമ്പൂര്‍ണതയോടെ അവതരിപ്പിക്കുക എന്ന കാവ്യധര്‍മ്മത്തിനുള്ളില്‍ നിന്നായാല്‍പോലും സംശയങ്ങള്‍ ബാക്കിയാവുക തന്നെ ചെയ്യും. ജാതീയതയ്ക്കെതിരെ അനേകം വരികള്‍ ശക്തമായി ആശാന്‍ വരഞ്ഞിടുന്നെങ്കിലും, വാളുകള്‍ ആര്‍ക്കുനേരെ എന്നത്, ഇരുട്ടത്തെ കാലാള്‍യുദ്ധം പോലെ നിഷ്ഫലമായി ചിതറുന്നു. അവര്‍ണസമുദായത്തിന്റെ വ്യവസ്ഥാപിത ഉദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും സവര്‍ണതയുടെ ആഴമുള്ള ധാരകള്‍ ആശാനില്‍ ലീനമായിരുന്നു എന്നാവും കവിതകള്‍ തെളിവ് തരുക. ഒരുപക്ഷെ, അതുതന്നെയാവും ഉജ്ജ്വല കാവ്യാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ അക്കാലത്ത് ആശാനെ പര്യാപ്തമാക്കിയതും.

മാപ്പിളലഹളയുടെ ചരിത്രാന്വേഷണങ്ങള്‍ പലവഴിക്കാണ്. അവയൊന്നും പിന്തുടരാതിരുന്നാലും, ആശാനെ പോലുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ സസൂക്ഷ്മം ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നാവുന്ന ചില കാലികസങ്കീര്‍ണതകളുടെ അഭാവം കവിതയുടെ സൌന്ദര്യത്തിനു ലോപത്വം ഒന്നും സൃഷ്ടിക്കുന്നില്ലെങ്കിലും, ആഴം കുറയ്ക്കുന്നുണ്ട്. ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ മുഴുവനും, നന്മയുടെ വശത്തും 'ക്രൂര അഹമ്മദീയര്‍' എന്ന ഒരു സമൂഹത്തെ തിന്മയുടെ വശത്തും നിര്‍ത്തി വ്യവഹരിക്കുമ്പോള്‍ വാസ്തവങ്ങളുടെ ഒരു വലിയ നിര നിരാകരിക്കപ്പെടുക മാത്രമല്ല, പലയിടത്തും അധസ്ഥിത അവസ്ഥ തന്നെ സവര്‍ണമൂല്യങ്ങളുടെ കാഴ്ചയിലൂടെ അവഹേളനത്തോളം എത്തുന്നുണ്ട്.

"തമ്പുരാന്മാരും തിരുമുല്‍പ്പാടുമാരും
വമ്പേറും ആഡിയന്‍മാര് മറ്റുള്ളോരും

കുമ്പിടും വന്ദ്യനങ്ങീപ്പീറജോനകര്‍-
മുമ്പില്‍ തലതാഴ്ത്തി നില്‍പ്പായല്ലോ!

എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ

പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ.

എന്നല്ലീ മൂസ്സായും കാസീമും കൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ"

നവകന്യകയായ ഒരു ബ്രാഹ്മണയുവതിയുടെ അന്തരംഗം, തന്റെ കുടുംബത്തിനു സംഭവിച്ച ദുരവസ്ഥയില്‍ ഇത്തരം ഒരു വീക്ഷണത്തിലേക്ക് ചെന്നതില്‍ തെറ്റുപറയാന്‍ ഇല്ല. കവിതയുടെ നിഷ്കളങ്കസത്തയില്‍ അതു ശരിയാവും. എന്നാല്‍ ഒരു സൃഷ്ടിക്കും അതിന്റെ സ്വത്വത്തില്‍ പൂര്‍ണമായും ഒറ്റയ്ക്ക് നില്‍ക്കാനാവില്ല. അത് സൃഷ്ടാവിന്റെ മാറിവരുന്ന ആശയജീവിതത്തിന്റെ മാനിഫെസ്റ്റോ ആയിക്കൂടി വായിക്കാനുള്ള അധികാരം വായനക്കാരനുണ്ട്‌.

സാമൂഹ്യമായ അസമത്വങ്ങളുടെ പ്രത്യക്ഷമായ രോഷാകുലതകള്‍ക്കിടയില്‍ മുങ്ങാംകുഴിയിട്ടു കിടക്കുന്ന മറ്റൊരു രാഷ്ട്രീയാവബോധത്തെ കൂടി ആഴത്തില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടിയേക്കും. ഖിലാഫത്ത് പ്രസ്ഥാനം ദിശാബദ്ധം ആയിരുന്നില്ല എന്നാണെങ്കിലും കോളനിവത്കരണത്തിന് എതിരായ ദേശീയതയോട് ആഭിമുഖ്യം സൂചിപ്പിക്കുന്ന ഒന്നും കവിതയില്‍ അടയാളപ്പെടുന്നില്ല. മറിച്ചുള്ള ചില സൂചനകള്‍ ഉണ്ടുതാനും.

"വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിന്‍"

എന്ന ലഹളക്കാരുടെ മുദ്രാവാക്യത്തിന് കവിതയില്‍ വിപ്ലവാത്മകമായ ഒരു മുന്നേറ്റത്തിന്റെ ധ്വനിയല്ല ഉള്ളത്. ദുഷ്ടമായ ഒരു നീചകൃത്യത്തിന്റെ ആഹ്വാനമായാണത് അവതരിപ്പിക്കപ്പെടുന്നത്. കവിതയുടെ ചുരുങ്ങിയ പ്രമേയലോകത്തില്‍ ഇതിനു സാംഗത്യകേടൊന്നും ഇല്ല. കാലത്തിന്റെ നീളിച്ചയില്‍ ചരിത്രം ഉത്തരം അന്വേഷിക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ സത്യാത്മകവും വിശാലവും ആയ ആകാശത്തിലേക്ക് കടന്നുനില്‍ക്കാനാവാതെ പോയ ഒരു ചിന്താശകലം എന്ന പഴികേട്ടുകൂടെന്നില്ല എന്ന് മാത്രം. കോളനിവത്കരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അവസാനവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവും ഉള്‍ക്കൊള്ളുന്ന അമ്പതു കൊല്ലക്കാലത്തെ കേരളത്തിലെ സാഹിത്യ പുരോഗമാനക്കാരില്‍ എന്ത് ഏശലുണ്ടാക്കി എന്ന് സി. വി മുതല്‍ കേസരി നായനാര്‍ വഴി ഇങ്ങോട്ട് തിളങ്ങിയ സര്‍ഗസാഹിത്യകാരന്മാര്‍ ആരുംതന്നെ വ്യക്തമാക്കാത്തിടത്തോളം ആശാനും ജാമ്യം കിട്ടുന്നുണ്ട്‌. ആശാനെ സംബന്ധിച്ചിടത്തോളം ജാതീയതയെ ഇല്ലാതാക്കാന്‍ കോളനിവത്കരണം പരിശ്രമിച്ചു എന്നതും ഈ ഉദാസീനതക്ക് കാരണമായിരുന്നിരിക്കാം.

പ്രമേയസ്വീകരണം എഴുത്തുകാരന്റെ മാത്രം വിവേചനാവകാശമാണ്. വായനക്കാരന്‍ അതില്‍ കൈകടത്തുക എന്നാല്‍ വിമര്‍ശനഫാസിസം ആയിപ്പോവും. എങ്കിലും ദേശീയപ്രസ്ഥാനങ്ങള്‍ ചലനാത്മകമായിരുന്ന ഒരു കാലത്ത് അതുല്യസര്‍ഗാത്മകത ഉണ്ടായിരുന്ന ആശാന്റെ വലിയ കാവ്യങ്ങളെല്ലാം വിപ്രലംഭശൃംഗാരത്തിന്റെയും സംഭോഗശൃംഗാരത്തിന്റെയും ശ്രാവസ്തിയിലും ഉത്തരമധുരാപുരിയിലുമൊക്കെ അലഞ്ഞതെന്തേ എന്നത് അദ്ഭുതമായിരിക്കും. മറ്റൊരു നോട്ടത്തില്‍, ആശാന്‍ സ്വയം വിശ്വസിച്ചിരുന്നത് പോലെ, സമകാലിക സംഭവങ്ങളുടെ പതിത്വങ്ങളിലേക്ക് ഇറങ്ങിവരാന്‍ മാത്രം ഉദാത്തനഷ്ടം സംഭവിച്ച ഒന്നല്ല കവിത എന്നുമാവാം. ദുരവസ്ഥയുടെ ആമുഖവും കവിതയിലെ വരികള്‍ തന്നെയും ഈ വിശ്വാസം പങ്കുവയ്ക്കുന്നുണ്ട്.

ആശാന്റെ പ്രണയലോകത്തെ അധികാരി സ്ത്രീയാണ്. നായകന്‍ ഉപലംഭകഥാപാത്രം മാത്രം. പ്രധാന നായികമാരില്‍ സംഭോഗശൃംഗാരത്തിന്റെ സാക്ഷാത്കാരത്തില്‍ എത്തപ്പെടുന്നത് സാവിത്രി മാത്രമാണ്. വിപ്രലംഭപ്രണയത്തിന്റെ വൈദേഹോഷ്ണത്തില്‍ നീറുന്നവര്‍ ആണ് നളിനിയും ലീലയും മാതംഗിയും വാസവദത്തയും ഒക്കെ. പ്രണയസമാഗമത്തിന്റെ ശൃംഗാരഗിരിശ്രിംഗത്തില്‍ അവരാരും എത്തുന്നില്ല. മരണത്തിന്റെയും അദ്ധ്യാത്മികതയുടെയും ഒക്കെ പ്ലേറ്റോണിക്കായ അപാരതകള്‍ മാംസനിബദ്ധമായ ഇടങ്ങള്‍ക്കു മാത്രം എത്തിചേരാനാവുന്ന പ്രണയത്തിന്റെ ചില ആത്യന്തികതീര്‍പ്പുകളുടെ അനന്യതക്ക് പകരമാവില്ല. ആ നിലയ്ക്ക് ആശാന്റെ നായികമാരില്‍ പ്രണയം സമ്പൂര്‍ണമായി അനുഭവിക്കുന്നത് സാവിത്രി മാത്രമാണ്. എന്നാല്‍ ഏറെച്ചുഴിഞ്ഞാല്‍ പ്രണയത്തിന്റെ അടിസ്ഥാനഭാവങ്ങളില്‍ അവള്‍ കവിയുടെ മൂല്യബോധത്താല്‍ ആസകലം വന്ചിക്കപ്പെടുന്നത് അനുഭവപ്പെടും.

പുലയകുടിലില്‍ വന്നു ചേര്‍ന്നതിന്റെ ദയനീയതകള്‍ സാവിത്രി തന്റെ കൂട്ടുകാരായ കിളികളോട് പങ്കുവയ്ക്കുന്നുണ്ട്‌. അവള്‍ ആദ്യമായി ആലോചിക്കുന്നത് ആത്മഹത്യയെ കുറിച്ചാണ്. അതിനുള്ള ധൈര്യം സംഭരിക്കാനാവാതെ പോയതില്‍ അവള്‍ ദുഖിക്കുന്നു. തന്റെ സൌഭാഗ്യങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം അവള്‍ മറച്ചുവയ്ക്കുന്നില്ല:

"ജീവിച്ചിരിപ്പതുമിങ്ങിനെയെത്രനാള്
പാവം കുലം വിട്ട കന്യക ഞാന്‍?

പോവാന്‍ തരമില്ലയന്തനരിന്നെന്നെ-
ബ്ഭാവിക്കില്ലില്ലത്തെ പെണ്കിടാവായി ‍

വൈദീകപ്രീതി വരുത്തുവാന്‍ പണമില്ല
വേണ്ടവിരില്ലതു നല്‍കുവാനും"

ഇത്തരം ഭൌതീകകാരണങ്ങള്‍ക്ക് ഉപരിയായി സാവിത്രിയുടെ മൂല്യബോധം തന്നെ സ്യൂഡോ ധാര്‍മ്മികതകളിലും സദാചാരങ്ങളിലും ആഴ്ന്നുള്ളതാണ്:

"പക്ഷേയതെല്ലാം ലഭിച്ചാലുമിക്കറ
പ്രായശ്ചിത്തം കഴുകാത്തതാവാം

... ...

സ്വച്ഛമാം പാലിലൊട്ടെച്ചില്‍ വീണാലുമ-
തെച്ചിലില്‍ വീണാലും തജ്യമല്ലോ.

പിന്നെ ഞാന്‍ ചാടിപോന്നീ പുലചാളയില്‍
വന്നീവിധത്തില്‍ വസിക്കയായി

തിങ്കളും നാലഞ്ചു പോയി പരിഹാര-
ശങ്കയെന്തിന്നു ഞാന്‍-ഭ്രഷ്ടയായി!"

പുലക്കുടിലില്‍ എതാനും ദിവസം താമസിച്ചു എന്നത് പാല്‍ എച്ചിലില്‍ വീണതുപോലെ നികൃഷ്ടമായ ഒരു ലോപത്വമായി അവതരിപ്പിക്കപെടുന്നു. "തിങ്കളും നാലഞ്ചു പോയി" എന്നതിലെ ദിനസൂചനയും പ്രകടമായ ഒരു അര്‍ത്ഥം ധ്വനിപ്പിക്കുന്നുണ്ട്. കുലകന്യകകള്‍ അനുരൂപരായ പുരുഷന്മാര്‍ക്കായി നോമ്പെടുക്കുന്ന ദിവസമാണല്ലോ അത്.

മറ്റു പല വഴികളും സാവിത്രി ആലോചിക്കാതിരിക്കുന്നില്ല:

"നാട്ടും പുറത്തോ നഗരത്തിലോ വല്ല
വീട്ടിലും പോയി വിടുവേലചെയ് വാന്‍

നാട്ടമുണ്ടായില്ലയുള്ളില്‍ ലഹളയാം
കാട്ടുതീമൂലം കഴിഞ്ഞതുമില്ല.

ഇന്നെന്നെ നായന്മാര്‍ തീയര്‍ തുടങ്ങിയ
ഹിന്ദുക്കള്‍ ചെന്നാലും മാനിക്കില്ല.

ഉന്നതരാമവര്‍ക്കീ പുലച്ചാളയില്‍-
നിന്ന് ചെല്ലും ഞാന്‍ പുലയി തന്നെ"

എന്തായാലും ഇനി ഗുണാനുസാരിയായ ഒരു പുരുഷന്‍ സാധ്യമാവില്ല എന്ന ഉറപ്പിനുശേഷമാണ് സാവിത്രിയുടെ മോഹം ചാത്തനിലേക്കു തിരിയുന്നത്.

കാവ്യത്തിന്റെ ആദ്യഭാഗത്തുള്ള ഇത്തരം വിരുദ്ധകാഴ്ചകള്‍ കണ്ടില്ലെന്നു നടിച്ചാല്‍, ചാത്തന്‍ സാവിത്രിക്കായി കുളത്തില്‍ നിന്നും അറുത്തെടുത്ത താമരപ്പൂവുമായി എത്തുന്ന ഇടംമുതല്‍ അതിസമ്മോഹനമായ പ്രണയത്തിന്റെ സ്വാഭാവികമായ ഔന്നത്യങ്ങളിലേക്ക്‌ കവിത യാത്രപോകുന്നുണ്ട്. അനന്തരം, അലോസരമുണ്ടാക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍നിന്നും വിടുതല്‍നേടി, തന്റെ അവസാന അഭയലോകത്ത് സാവിത്രി സന്തോഷത്തോടെ ശിഷ്ടകാലം ജീവിച്ചിരിക്കുമോ? സാവിത്രി ആഗ്രഹിക്കുന്നതുപോലെ ദുര്‍മേദസ്സ് ഒഴിവാക്കിയുള്ള സവര്‍ണതയുടെ, അല്ലെങ്കില്‍ വര്‍ണരാഹിത്യതിന്റെ, ഉയരങ്ങളില്‍ എത്തിയിരിക്കുമോ അവരുടെ പില്‍ക്കാലം? ശുഭസൂചകം അല്ലാത്ത വര്‍ണപരമായ വലിയൊരു വിവേചനം ആശാന്റെ അബോധം ഇവിടെയും സൃഷ്ടിക്കുന്നുണ്ട്:

"ചെറ്റു കറുത്ത മേയ്യേറെകറുക്കുവാന്‍
മുറ്റും വെയിലില്‍ പണിയെടുക്കാം"

പുലയന്‍ അന്തര്‍ജ്ജനത്തെ വേട്ടാല്‍ അവളും കറുത്തുതന്നെയാവണം എന്ന വ്യവസ്ഥാപിതമായ ഒരു വര്‍ണബോധത്തിന്റെ പ്രകാശനം. ഇത് ആശാനെന്നല്ല, നൂറു കൊല്ലങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാവ്യ ഭാവുകത്വത്തിന്‌ കുടഞ്ഞു കളയാനായിട്ടില്ല. ഒരുപക്ഷെ നമ്മുടെ ഭാഷാവികാസത്തിന്റെ ജനിതകകണികകളില്‍ തന്നെ ഇത്തരം ഇഴകള്‍ ലീനമായിരിക്കുന്നതും ആവാം.

ചാത്തനെ പഠിപ്പിച്ച് സംസ്ക്കാരചിത്തയാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ട്. ചാത്തനോ അവള്‍ പറയുന്നതൊക്കെ ഗ്രഹിക്കാന്‍ ബുദ്ധിസാമര്‍ദ്ധ്യം ഉള്ളവനും. തന്നില്‍ ചാത്തന് ജനിക്കുന്ന കുട്ടികള്‍ വളര്‍ന്ന് ജാതിരഹിതമായ ഒരു ലോകത്ത് ഗതിപ്രാപിക്കും എന്ന് സാവിത്രി സ്വപ്നം കാണുന്നുണ്ട്. സ്വാതന്ത്ര്യത്തിന് തൊട്ട് മുന്‍പും പിന്‍പും നേരിയ ചലനങ്ങള്‍ ആ ദിശയിലേക്കു ഉണ്ടായെങ്കിലും അതൊന്നും വേരുപിടിച്ചില്ല എന്ന് നമുക്കറിയാം. നാരായാണഗുരു കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണാടി കൂടുകള്‍ക്കുള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടു. നക്സലിസം പോലുള്ള തീവ്രആശയപ്രചാരകരുടെ പില്‍ക്കാല ജീവിതപ്രകാശനങ്ങള്‍ ആ പ്രയോഗങ്ങള്‍ എത്ര ഉപരിപ്ലവം ആയിരുന്നിരിക്കാം എന്ന സൂചന തരുന്നുണ്ട്. കൊമ്മ്യൂണിസം ചെയ്തത് ഇന്ത്യക്ക് ആദ്യ ദളിത പ്രസിഡന്റിനെയും ദളിത ചീഫ്ജെസ്റ്റിസിനെയും ഒക്കെ സംഭാവന ചെയ്യാനുള്ള സാമൂഹ്യസാഹചര്യം കേരളത്തില്‍ ഉണ്ടാക്കി എന്നുള്ളതാണ്. പ്രസിഡന്റിനെ പോലും ദളിതനായി തന്നെ നിര്‍ത്താനുള്ള മാന്യതയുടെ ഒരു വിശാല ഇടം നമ്മള്‍ ഉണ്ടാക്കിയെടുത്തു. അതിനപ്പുറം വര്‍ണബോധത്തിന്റെ വേരുകളിലൊന്നും നമുക്ക് തൊടാനായിട്ടില്ല. വളരെ പ്രായോഗികതയോടെ പ്രണയിക്കാന്‍ സാവിത്രിയുടെ കാലംമുതല്‍ നമ്മള്‍ പഠിച്ചത്കൊണ്ട് കൂടിയാണ് ഇത്തരം മൂല്യങ്ങള്‍ ഒഴുകിപോകാത്തത്. സാവിത്രിയുടെ മക്കളെയോ അവരുടെ മക്കളെയോ സംവരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജോഫീസില്‍ ഇന്നും കാണുന്നുവെങ്കില്‍ തോറ്റുപോയത് സാവിത്രിയല്ല, ഇങ്ങിനെയൊക്കെ മാത്രം സാവിത്രിമാരെ സൃഷ്ടിക്കാന്‍ പ്രതിഭ വ്യയംചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന, സാഹിത്യ, സാമൂഹ്യ ഇടങ്ങളിലെ പ്രതിലോമമായ അനുഭവതീര്‍പ്പുകളാണ്.

Sunday, September 22, 2013

ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ

പുസ്തകം : ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ
രചയിതാവ് : ജോൺസൺ ഐരൂർ
പ്രസാധകര്‍ : കറന്റ് ബുക്സ് 
അവലോകനം : നിരക്ഷരൻ




ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സുകൊണ്ട് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിന് മുന്നേ അതേയളവിൽ വലിയൊരു നന്ദി ശ്രീ.പെരുമ്പടവം ശ്രീധരനോട് പറയണമെന്നാണ് തോന്നിയത്. ‘അത്രയ്ക്കൊക്കെ ഉണ്ടോ ഈ ജീവിതം‘ എന്ന് സംശയിച്ച് നിന്നിരുന്ന ഐരൂരിനെ, പെരുമ്പടവം നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സംഭവബഹുലമായ ജീവിതാനുഭവങ്ങൾ വായനക്കാരിലേക്ക് എത്തുമായിരുന്നില്ല. ‘ആത്മകഥ എഴുതണമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ ജീവിതം കുറേക്കൂടെ സംഭവബഹുലമാക്കുമായിരുന്നു ഞാൻ‘ എന്ന് നടൻ ശ്രീനിവാസൻ നർമ്മരൂപേണ പറഞ്ഞിട്ടുണ്ട്. അക്കണക്കിന് നോക്കിയാൽ, ഒന്നിനുപുറകെ ഒന്നായി പത്ത് വാല്യങ്ങളായി എഴുതാൻ പോന്ന അനുഭവങ്ങളുള്ള ഒരാളാണ് മടിച്ചുനിന്നിരുന്നത്.

സ്വന്തം വസ്തുവകകൾ പോലും വിറ്റുപെറുക്കി പെന്തക്കോസ്ത് സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പാസ്റ്ററുടെ മകൻ യുക്തിവാദിയും നിരീശ്വരവാദിയുമായത്, ജനിച്ചുവളർന്ന ചട്ടക്കൂടുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ആർജ്ജവം കാണിച്ചതുകൊണ്ടുമാത്രമാണ്. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുകയും സ്വയം പര്യാപ്തത കൈവരിക്കാത്തതുമായ ഒരു കാലത്ത് ചെയ്ത കാര്യമാണെന്നുള്ളതാണ് ആ കർമ്മത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അതേ സമയം, നിരീശ്വരവാദിയുടെ മകനായിപ്പിറന്നിട്ടും പെന്തക്കോസ്തുകാരനായി മാറിയ മറ്റൊരു വ്യക്തിയെപ്പറ്റിയും പുസ്തകത്തിൽ പരാമർശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യമനസ്സിന്റെ പിടികിട്ടാത്ത പല ഇടവഴികളിലൂടെയും ജോൺസൺ ഐരൂരിന്റെ അനുഭവക്കുറിപ്പുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

ജ്ഞാനസ്നാനം ഏൽക്കാത്തവന് നരകത്തിലാണ് സ്ഥാനം എന്ന മിഷണറി പ്രചരണവും വിശ്വാസവും, ഗാന്ധിജിയെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ വഴിമാറുന്നു. ക്രിസ്ത്യാനിയല്ലാത്ത ഗാന്ധിജി നരകത്തിൽ പോകുമെന്നോ ? അദ്ദേഹത്തെപ്പോലൊരാൾക്ക് കിട്ടാത്ത സ്വർഗ്ഗം തന്നെപ്പോലുള്ളവർക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ ? അങ്ങനെ പോകുന്ന ബാല്യകാലത്തെ സ്വതന്ത്രചിന്തകൾ തന്നെയാകാം എഴുത്തുകാരന്റെ ജീവിതത്തെ മാറിമറിച്ചത്.

പതിനഞ്ച് വയസ്സിലാണ് യുക്തിവാദി പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പിന്നങ്ങോട്ട് പ്രശസ്ത വ്യക്തികളുമായി ഉണ്ടാക്കിയ സൌഹൃദങ്ങൾ, ബുക്ക് സ്റ്റാളിലെ ജോലി,  പുസ്തകങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ അടുപ്പം, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കൽ, അങ്ങനെയങ്ങനെ കഥാനായകന്റെ ജീവിതത്തിലുണ്ടാകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് യൌവ്വനാരംഭത്തിലാണ്. സി.കെ.സെബാസ്റ്റ്യൻ, പി.ജെ.ആന്റണി, എം.പ്രഭ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്നീ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കിയ ആ കാലഘട്ടം, അവരെയൊക്കെ അടുത്ത് പരിചയപ്പെടുന്ന അനുഭവം കൂടെയാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്.

അർ.എം.എസ്.ലെ കേന്ദ്രസർക്കാർ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം ഇക്കാലത്താണെങ്കിൽ ഒരു കാരണമേയല്ല. സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ സാധാരണവ്യക്തികൾക്ക് പോലും ഉണ്ടാകുന്ന ഒരു കാലഘട്ടത്തിൽ നീതിക്കും ന്യായത്തിനും വേണ്ടി ഏത് കടുത്ത നിലപാടും സ്വീകരിക്കുന്ന ഐരൂരിനെപ്പോലുള്ളവർക്ക് പ്രതിസന്ധികൾ ഏറെയുണ്ടാകുന്നതിൽ അതിശയമൊന്നുമില്ല.

വിവാഹ ശേഷം ചാത്തന്റെ ഉപദ്രവമുള്ളതും ഒരാൾ ആത്മഹത്യ ചെയ്തതുമായ വീട്ടിൽ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുകയും ‘ചാത്തനെ‘ പിടികൂടുകയുമൊക്കെ ചെയ്യുന്നത് വായിച്ചപ്പോൾ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആവേശത്തോടെ വായിച്ചുതീർത്ത, ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ യാണ് ഓർത്തുപോയത്. യുക്തിവാദികൾ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയതല്ലാതെ മറിച്ചൊരനുഭവം ഉണ്ടായതായി കേട്ടറിവോ വായിച്ചറിവോ ഇതുവരെയില്ല. എന്നിട്ടും അന്ധവിശ്വാസികളേക്കാൾ എണ്ണത്തിൽ കുറവായിപ്പോകുന്നത് എതിർപക്ഷത്തുള്ളവരാണെന്നുള്ളത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.

കേരളത്തിലെ ഇന്നത്തെ സാമൂഹികസാഹചര്യത്തിൽ വല്ലാതെ ആവശ്യമാണെന്ന് തോന്നുന്ന മിശ്രവിവാഹം പോലുള്ള കാര്യങ്ങൾ നാൽ‌പ്പതുകളുടെ അവസാനം തൊട്ടിങ്ങോട്ട് ഒരുപാടുകാലം വാർത്താപ്രാധാന്യമില്ലാത്ത ഒരു വിഷയമാക്കിയിട്ടുള്ളവരാണ് ഐരൂരും വി.കെ.പവിത്രനും ചൊവ്വര പരമേശ്വരനും ടി.കെ.സി. വടുതലയുമൊക്കെ. സ്വന്തം വിവാഹവും മക്കളുടെ വിവാഹങ്ങളുമൊക്കെ ഇപ്രകാരം നടത്തി മാതൃക കാണിച്ചിട്ടുള്ള ഐരൂനെപ്പോലുള്ളവരുടെ മഹനീയ മാതൃക പിന്തുടരുന്നതിൽ ഇന്നത്തെ കേരളസമൂഹം സത്യത്തിൽ പരാജയപ്പെട്ടിരിക്കുകയല്ലേ ? ലേഖകനും സുഹൃത്തുക്കളുമൊക്കെ ചേർന്ന് പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ, അതിന്റെ പകുതി പകിട്ടോടെയെങ്കിലും ഉയർത്തിപ്പിടിക്കാൻ നമുക്കാകുന്നുണ്ടോ എന്ന ചിന്തയും അസ്വസ്തതയും പുസ്തകം ബാക്കിവെച്ചിട്ടുപോകുന്നു.

മാദ്ധ്യമങ്ങൾ ഇക്കാലത്ത് വളരെയധികമായി കാണപ്പെടുന്ന ശിശുപീഡനം അടക്കമുള്ള ലൈംഗിക അരാജകത്വങ്ങൾ മുൻപും ഉണ്ടായിട്ടുള്ളത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഹിപ്നോട്ടിസം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അത്തരം സംഭവങ്ങൾക്ക് അന്നും കുറവൊന്നുമില്ല. പക്ഷെ അത്തരക്കാരെ ചികിത്സിക്കാൻ പ്രാപ്തരായ ജോൺസൺ ഐരൂരിനെപ്പോലെയുള്ളവർക്കാണ് അന്നും ഇന്നും സമൂഹത്തിൽ ക്ഷാമം.

മാന്ത്രികൻ മലയത്തിനൊപ്പം ജോൺസൺ ഐരൂർ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിപ്പോന്ന മെന്റാരമ എന്ന സ്റ്റേജ് ഹിപ്നോട്ടിസം പരിപാടിക്ക് അക്കാലത്തേക്കാൾ സാദ്ധ്യതയുണ്ടാവുക ഇക്കാലത്തല്ലേ ? കേസന്വേഷണങ്ങളിൽ ഹിപ്നോട്ടിസത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പറ്റുന്നതും ഇക്കാലത്തല്ലേ ? ചേകന്നൂർ മൌലവി കേസിൽ ഹിപ്നോട്ടിസം വിജയകരമായിട്ട് പ്രയോജനപ്പെടുത്താമെങ്കിൽ, സംസ്ഥാനത്തെ പിടിച്ചുലച്ചുകളയുന്ന മറ്റ് കേസുകളിലും എന്തുകൊണ്ടായിക്കൂടാ? മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങൾക്കെതിരെ എന്തുകൊണ്ട് ഹിപ്നോട്ടിസം വ്യാപകമായി പ്രയോജനപ്പെടുത്തുന്നില്ല? എന്നിങ്ങനെ ഒരുപാട് ചിന്തകൾക്കാണ് ഹിപ്നോട്ടിസിന്റെ അനുഭവ സാക്ഷ്യങ്ങൾ തിരികൊളുത്തുന്നത്.

ഒരു നാസ്തികന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ഉണ്ടാകുക സ്വാഭാവികമാണല്ലോ ? പക്ഷെ മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാൻ അദ്ദേഹം ശ്രമിക്കുന്നതേയില്ല. അങ്ങനെ ചെയ്യണമെങ്കിൽ അത് വിശ്വാസികളായ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ മാത്രമേ അദ്ദേഹത്തിന് കഴിയൂ. വിശ്വാസങ്ങളും വിശ്വാസമില്ലായ്മയുമൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിനും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പരസ്പരമുള്ള കരുതലും സ്നേഹവും കൈമോശം വരുന്നില്ല. തുടക്കകാലത്ത് വീട് വിട്ട് പോകേണ്ടി വന്നെങ്കിലും എല്ലാവരും വീണ്ടും ഒരുമിക്കാൻ ഇടയായതും അതുകൊണ്ടുതന്നെയാണ്. ഈ കരുതൽ സമൂഹത്തോടും എതിരഭിപ്രായമുള്ളവരോടും ജീവിതത്തിൽ ഉടനീളം കാണിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്.

നാസ്തികൻ സണ്ണി, ജമാൽ കടവത്ത്, എം.ടി. കാമ്പിശ്ശേരി, സിദ്ധാർത്ഥൻ മാങ്കുഴി, എം.എ.ജോൺ, ഡോ:എ.ടി.കോവൂർ, വർഗ്ഗീസ് കൊരട്ടി, കൃഷ്ണസ്വാമി റെഡ്ഡ്യാർ, കാക്കനാടൻ ബ്രദേർസ്, രാമദാസ് വൈദ്യർ, സഖി കുര്യാക്കോസ്, നാലകത്ത് ബീരാൻ ഹാജി, എം.സി.വർഗ്ഗീസ്, സിവിൿ ചന്ദ്രൻ, പി.ആർ.നാഥൻ, മുണ്ടൂർ കൃഷ്ണൻ‌കുട്ടി എന്നിങ്ങനെ പുതുതലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ലാത്തതും സാദ്ധ്യതയുള്ളതുമായ ഒട്ടനവധി പ്രമുഖരുമായിട്ടുള്ള ഇടപഴകലുകളുടെ നേർച്ചിത്രങ്ങൾ ഇതിലുണ്ട്. എന്നിരുന്നാലും കെ.ടി.മുഹമ്മദ്, ബഷീർ, മലയത്ത്, കാക്കനാടൻ സഹോദരങ്ങൾ എന്നിവരുമായുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വരികളിൽ കൂടുതലായി കാണാനാവും. ബഷീറ് എന്ന മഹാനായ എഴുത്തുകാരന്റെ അധികം ആരും കാണാത്ത മാന്ത്രികന്റെ മുഖവും മതവിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും നാസ്തികനായ ഐരൂരിനോട് കാണിക്കുന്ന താൽ‌പ്പര്യവുമെല്ലാം ബേപ്പൂർ സുൽത്താനെ കൂടുതൽ അടുത്തറിയാൻ പ്രാപ്തമായ കാര്യങ്ങളാണ്.  

നിലംബൂരിലെ ആറാം വാർഡിന്റെ പ്രത്യേകതയെന്തായിരുന്നു ? ‘മോഡി വെപ്പും എടുപ്പും‘ എന്നാൽ എന്തായിരുന്നു ? എന്നുതുടങ്ങി ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടുപോലും പലരും കേട്ടിട്ടില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ അനാവരണം ചെയ്യുന്നു. എട്ട് പേജുകളിലായി അപൂർവ്വമായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. അതിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്,  ഗ്രന്ഥകർത്താവിന്റെ പുത്രനായ ശ്രീ.നിഖിൽ ഐരൂർ തന്റെ ബാല്യകാലത്ത്, മാങ്കോസ്റ്റിന്റെ ചുവട്ടിലിരിക്കുന്ന ബഷീറിന്റെ കഷണ്ടിത്തല തലോടുന്ന ചിത്രം തന്നെയാണ്.

നാസ്തികൻ, യുക്തിപ്രഭ, യുക്തിവിചാരം, എന്നീ പ്രസിദ്ധീകരണങ്ങളും കെ.ടി.മുഹമ്മദിന്റെ മാംസപുഷപ്പങ്ങൾ, ‘ഭക്തിയും കാമവും‘ എന്ന ഐരൂരിന്റെ വിഖ്യാതമായ പുസ്തകവുമൊക്കെ വായിക്കാത്തവർക്ക് സംഘടിപ്പിച്ച് വായിക്കണമെന്നോ മുൻപ് വായിച്ചിട്ടുള്ളവർക്ക് ഒന്നുകൂടെ വായിക്കണമെന്നോ തോന്നലുണ്ടാക്കിയായിരിക്കും ഈ ഗ്രന്ഥവായന അവസാനിക്കുക. പുസ്തകത്തിന്റെ പേര് വായിച്ചാൽ തോന്നുന്നത് പോലെയുള്ള ഹിപ്നോട്ടിസം അനുഭവങ്ങൾ മാത്രമല്ല, മറിച്ച് ഓർമ്മ വെച്ച കാലം മുതൽക്കുള്ള ചിന്തകളും പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇതിലുള്ളത്. ചെയ്ത് പോന്ന ജോലികൾ, കുടുംബം, കൂടപ്പിറപ്പുകൾ, സുഹൃത്തുക്കൾ, ചികിത്സിച്ച് ഭേദമാക്കിയ കേസുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലൂടെയും കടന്ന് പോകുന്ന ഒരു ആത്മകഥതന്നെയാണിത്. പല സംഭവങ്ങളും അക്കാലത്ത് വന്ന പത്രവാർത്തകളുടെ അകമ്പടിയോടെയാണ് വിവരിച്ചിരിക്കുന്നത്.

ഇനിയെത്ര നാളുണ്ടാകും എന്നറിയില്ല അതുകൊണ്ട് എഴുതിക്കളഞ്ഞേക്കാം എന്ന് ആമുഖത്തിൽ വിനീത വിധേയനായി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും, ഈ പുസ്തകം പിശുക്കിപ്പിശുക്കിയാണ് എഴുതിയിരിക്കുന്നതെന്നും ആത്മകഥാപരമായ ഒരുപാട് അനുഭവസ്മരണകളുമായി ഇനിയും പുസ്തകങ്ങൾ അദ്ദേഹത്തിന് എഴുതാനുണ്ടാകുമെന്നും തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.



Saturday, September 21, 2013

ധമനികള്‍

പുസ്തകം :ധമനികള്‍
രചയിതാവ്: ദിവാകരന്‍ വിഷ്‌ണുമംഗലം
പ്രസാധകര്‍: നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍



















വാചാലതയും
ഭാഷയുടെ ആര്‍ഭാടതയും കവിതയായി കൊണ്ടാടുന്ന ഇക്കാലത്ത്‌ സൂക്ഷ്‌മധ്യാന രൂപങ്ങളും നവീന സൗന്ദര്യാവബോധങ്ങളും എന്ന നിലയില്‍ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. സമകാലിക കവിതയുടെ പൊതുവഴിയില്‍ കാണാത്ത കാഴ്‌ചകളാണ്‌ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ `ധമനികള്‍' എന്ന പുസ്‌തകത്തില്‍. ജീവിതവും കവിതയും കെട്ടുപിണയുന്ന രചനകളാണ്‌ ധമനികളിലുള്ളത്‌. ചെറുതും വലുതുമായ നിരവധി കാവ്യസന്ദര്‍ഭങ്ങളില്‍ നിരന്തരം ചെന്നു തൊടുന്ന കവിതകളില്‍ വലിയ തിരക്കുകളില്ല; മന്ദതാളത്തില്‍ ഉരുവം കൊള്ളുന്ന ഭാവരൂപങ്ങള്‍ മാത്രം. അതേസമയം താനും തന്റെ ചുറ്റുപാടുകളുമൊക്കെ പ്രമേയ സ്വീകരണങ്ങളില്‍ വിഷ്‌ണുമംഗലം ദിവാകരന്‍ ഇഴചേര്‍ക്കുന്നു. വ്യത്യസ്‌തമായൊരു അനുഭൂതിയിലൂടെ നമ്മുടെ സാമൂഹിക സ്വത്വത്തെ സ്‌പര്‍ശിക്കുന്നു.


പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക്‌ വളര്‍ന്നുപടരുന്ന കവിതകള്‍ സദാ ജാഗ്രത കൊള്ളുന്നു. പദബോധവും കാവ്യാത്മകതയും നിറഞ്ഞ ധമനികള്‍ സൂക്ഷ്‌മബിംബങ്ങള്‍ കൊണ്ട്‌ കാലഘട്ടത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌ക്കരിക്കുന്നു. ഫോട്ടോ, ധമനികള്‍, മടക്കം, റെയ്‌ഞ്ച്‌, ഒന്നാം പാഠം, കനല്‍, നിമിഷം, മുറിവ്‌, ചന്തയില്‍, ഇരുട്ട്‌, ഭിക്ഷ, പാട്ട, ജലജന്മം, ജാഗ്രത തുടങ്ങി മിക്ക കവിതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളാണ്‌ അടയാളപ്പെടുത്തുന്നത്‌.
നാഗരികതയുടെ ആസുരമായ യന്ത്രഗതിയില്‍ എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചില്‍ ധമനികളിലെ കവിതകള്‍ അനുഭവിപ്പിക്കുന്നു.

വൈയക്തികവും സാമൂഹികവും രാഷ്‌ട്രീയവും പാരിസ്ഥിതികവുമായ അനുഭവമണ്‌ഡലങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാണ്‌ ദിവാകരന്റെ കവിതകള്‍. `വെയില്‍ കത്തിയുരുകുന്ന, മനം കണക്കെ, ഉലകെല്ലാം ഉമിത്തീപോല്‍, പുകയുന്നല്ലോ' (അവസ്ഥ-എന്ന കവിത) എന്നിങ്ങനെ എഴുതിച്ചേര്‍ക്കാന്‍ കാണിച്ച ധീരതയാണ്‌ `ധമനിക'ളെ വര്‍ത്തമാനകാല കവിതകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. (വില- 40 രൂപ)

Tuesday, September 17, 2013

ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍

പുസ്തകം : ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചയിതാവ് : ജെ.ഇടമറുക്
പ്രസാധകര്‍ : ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി

അവലോകനം : സുനില്‍ കൃഷ്ണന്‍





കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല. കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല. ഈ കുറിപ്പ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു. എന്നാല്‍ ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കണ്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി. ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്. ഈ ജന്മത്തില്‍ മോക്ഷം കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്. അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്. സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്. ഞാന്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്. അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം. സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍

പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം. അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു. വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്. ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു. പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്. ശബരിഗിരീശന്‍, ഹരിഹരസുതന്‍, ജലന്ധരനിഹന്താവ്, മോഹിനീസുതന്‍, കയ്യപ്പന്‍, മഹിഷീമര്‍ദ്ദകന്‍, താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍, ഭൂതനാഥന്‍, മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്. ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഇവിടെ വിശദമായി എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്. ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്. അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്. അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം. അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്. ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്. എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്

ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു. മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്. അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല, പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി. പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്. പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി (അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്. അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്. അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്. ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗിച്ചിട്ടുമുണ്ട് (quote). കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

(ഈ പുസ്തകം ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 011-64630651 എന്ന നമ്പരില്‍ വിളിക്കാം.വി പി പി ആയി അവര്‍ അയച്ചു തരും.ഇല്ലെങ്കില്‍ indianatheist@gmail.com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാലും മതി.എറണാകുളം കലൂരിലുള്ള ബുക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ടും വാങ്ങാം)

Saturday, September 14, 2013

ബയസ്കോപ്പ്

പുസ്തകം : ബയസ്കോപ്പ്
രചയിതാവ് : കെ എം മധുസൂദനൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




മൂന്ന് അന്തർദേശീയ പുരസ്കാരങ്ങളും ദേശീയ അവാർഡും അഞ്ചു സംസ്ഥാന അവാർഡുകളും നേടിയ ‘ബയസ്കോപ്പി’ന്റെ തിരക്കഥ(വില : 50 രൂപ ). ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കെ എം മധുസൂദനനാണ്. 2008 ലെ ലോകത്തിലെ മികച്ച പത്തു ചിത്രങ്ങളിലൊന്നായി ലിസ്റ്റോളജി ബയസ്കോപ്പിനെതെരെഞ്ഞെടുത്തിരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനു തൊട്ടു മുൻപുള്ള കാലമാണ് ബയസ്കോപ്പിന്റെ പശ്ചാത്തലം. അതുവരെ പരിചയമില്ലാതിരുന്ന ചലിക്കുന്ന ചിത്രങ്ങൾ മലയാളിയെ കാണിക്കാൻ ഒരു ബയസ്കോപ്പുമായിറങ്ങിയ വാറുണ്ണി ജോസഫിനെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയല്ല, മധുസൂദനനിവിടെ. തീർത്തും കൽ‌പ്പിതമാണ് കഥ. ‘ആധുനികത’യുടെ കടന്നു വരവുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകൾക്കാണ് സിനിമയിൽ പ്രാധാന്യം വരുന്നത്. പോണ്ടിച്ചേരിയിൽ വച്ച് ഫ്രഞ്ചുകാരനായ ഡ്യുപോണ്ടിന്റെ ബയസ്കോപ്പ് പ്രദർശനത്തിൽ ആകൃഷ്ടനായി ‘കടലു കടന്നെത്തിയ’ ആ ഉപകരണവുമായി സ്വന്തം നാട്ടുകാരെ ചലിക്കുന്ന ചിത്രങ്ങളുടെ വിസ്മയം കാണിക്കാനെത്തിയ ദിവാകരന്റെ കഥയാണ് ബയസ്കോപ്പ്. അയാളുടെ ഭാര്യ നളിനി നിത്യരോഗിയാണ്. കുട്ടിക്കാലത്ത് കടൽത്തീരത്ത് വച്ചു കണ്ട വെള്ളക്കാരന്റെ ശവമാണ് അവളെ ഈ രീതിയിലാക്കിയതെന്നൊരു പരാമർശം മുരുകൻ നായർ (ദിവാകരന്റെ അച്ഛൻ) നടത്തുന്നുണ്ട്. നളിനിയെ സംബന്ധിക്കുന്ന ഭ്രമാത്മക കൽ‌പ്പനകളിൽ കടലും നാവികനും പൂച്ചകളും വാസ്കോടിഗാമയും കൂടിക്കലർന്നിരിക്കുന്നതു കാണാം. ബയസ്കോപ്പ് നളിനിയുടെ അസ്വാതന്ത്ര്യത്തിന്റെയും ദിവാകരന്റെ സ്വാതന്ത്ര്യത്തിന്റെയും മൂലകമായി തീരുന്നു. കൊളോണിയൽ ഘടകങ്ങളോടുള്ള പാരമ്പര്യബദ്ധവും ആധുനികവുമായ രണ്ടു സമീപനങ്ങൾ തമ്മിൽ കലമ്പുന്നത് കാണാം ഇവിടെ. കടലുകടന്നെത്തിയ ഒരു സാധനമാണ് വീടിന്റെ ശാപമെന്നും നളിനിയുടെ അസുഖം മാറാൻ അതു കളയുകയാണു വേണ്ടതെന്നും ആയഞ്ചേരി കൈമൾ ഉപദേശിക്കുന്നതും മരിച്ചാലും പോകാത്ത നിഴൽ രൂപങ്ങളാണ് പോട്ടോത്തിൽ തെളിയുന്നതെന്നും അതെല്ലാം പിടിച്ചെടുത്ത് ആൾക്കാരെ കാണിക്കുന്നത് പ്രാന്താണെന്നും നാരായണിയമ്മ (ദിവാകരന്റെ അമ്മായി) പറയുന്നതും പാരമ്പര്യത്തിന്റെ ‘അപര’ഭയം നിമിത്തമാണ്. ശീമക്കാര് ഭൂതത്താൻമാരാണെന്നാണ് വേലക്കാരി മാളുവിന്റെ പ്രതികരണം. ഇതിന്റെ മൂർത്തമായ അനുഭവമാണ് നളിനിയുടെ അസുഖം.

സിനിമയെന്ന ആധുനിക വിസ്മയത്തിനു വേണ്ടി ജീവിതം തുലച്ച ഒട്ടനവധി ആളുകളുണ്ട്. അവരുടെ ദുരന്തങ്ങൾക്കുള്ളത് കലാപരമായ മാനവുമാണ്. ബയസ്കോപ്പിന്റെ വരവിനു മുൻപ് നടന്ന അനേകം പരീക്ഷണങ്ങളെക്കുറിച്ച് ഡ്യുപോണ്ട് ദിവാകരനോട് സംസാരിക്കുന്നുണ്ട്. ഫിനാക്കിസ്റ്റോസ്കോപ്പ് എൺപതുവയസ്സുള്ള അന്ധനായ മനുഷ്യനാണ് കണ്ടുപിടിച്ചത്, ഭാര്യയുടെ സഹായത്തോടെ. ലൂമിയർ സഹോദരന്മാർ ചലചിത്രപ്രദർശനം നടത്തിത്തുടങ്ങിയ കാലത്ത് താൻ കണ്ടു പിടിച്ച ഉപകരണം -പ്രാക്സിനോസ്കോപ്പ്- എമിലി റയ്നൌസ് സീൻ നദിയിലെറിഞ്ഞ് വിഷാദരോഗം മൂർച്ഛിച്ചു മരിച്ചു. ജെ സി ഡാനിയൽ ഉൾപ്പടെ ഇവിടത്തെയും ആദ്യകാല ചലച്ചിത്രപ്രവർത്തകരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മലയാളത്തിലെ ആദ്യ നായിക റോസിയെ പാരമ്പര്യവാദികൾ ഉപദ്രവിച്ചതെങ്ങനെയെന്ന കഥ സുവിദിതമാണല്ലോ. കാലത്തിന്റെ ഓർമ്മകളുമായി ചേർന്നു നിൽക്കുന്ന കഥകളിലെ ദുരന്തങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം ഏറും. മലയാള സിനിമാചരിത്രത്തിന്റെ നിറം മങ്ങി മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഖണ്ഡത്തെ ഓർത്തെടുക്കുകയാണ് ബയസ്കോപ്പ് ചെയ്യുന്നത്. കെ ഗോപിനാഥന്റെയും (സിനിമയുടെ നോട്ടങ്ങൾ) സനിൽ വിയുടെയും (വെളിച്ചത്തിന്റെ താളം) ഗൌരവമുള്ള രണ്ടു പഠനങ്ങൾ കൂടിചേർന്നാണ് ഈ പുസ്തകത്തെ കനപ്പെടുത്തുന്നതെന്ന കാര്യം എടുത്തുപറയട്ടെ.

Tuesday, September 10, 2013

ചുവന്ന അടയാളങ്ങള്‍

പുസ്തകം : ചുവന്ന അടയാളങ്ങള്‍
രചയിതാവ് : കെ.എം.ഷാജഹാന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി


താണ്ട്‌ 15 വര്‍ഷത്തിലധികമായി കേരള രാഷ്ട്രീയത്തിലെ അതികായനാണ്‌ വി.എസ്‌. അച്യുതാനന്ദന്‍. വയലാറിലെ സമര കാലം മുതല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കിലും .എം.എസ്‌, നായനാര്‍ തുടങ്ങിയ അതികായന്മാരുടെ മരണാനന്തരം കേരളത്തിലെ രാഷ്ട്രീയം പൂര്‍ണമായും അച്യുതാനന്ദനെ ചുറ്റി കറങ്ങുക തന്നെയാണ്‌. അച്യുതാനന്ദനോടുള്ള എതിര്‍പ്പോ അച്യുതാനന്ദന്റെ നിലപാടുകളോടുള്ള അനുഭാവമോ എന്തായാലും കേരള രാഷ്ട്രീയത്തിന്റെ കേന്ദം എന്തായാലും അച്യുതാനന്ദന്‍ തന്നെ. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്‌ അച്യുതാനന്ദന്‍ നടത്തിയ ജനകീയ സമരങ്ങള്‍ കേരള ചരിത്രത്തില്‍ അതിനു മുമ്പ്‌ ഒരു രാഷ്ട്രീയ നേതാവു നടത്തിയിട്ടില്ലാത്തത്ര വ്യാപകവും ശക്തവുമായിരുന്നു. അതിനു ലഭിച്ച ജനസമ്മതിയും മുമ്പൊരു നേതാവിനും കിട്ടിയിട്ടില്ലാത്തതു തന്നെ. 2006 ലെ തിരഞ്ഞെടുപ്പായപ്പൊഴേക്ക്‌ കേരളമാകെ അലയടിച്ച അച്യുതാനന്ദന്‍ തരംഗം കുറഞ്ഞ തോതിലാണെങ്കിലും ഒരളവോളം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.
പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ അച്യുതാനന്ദന്‍ നടത്തിയ സമരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയാളായിരുന്ന അഡീഷനല്‍ പ്രൈവറ്റ്‌ കെ.എം.ഷാജഹാന്‍ പഴയ സമരങ്ങളെക്കുറിച്ച്‌ ഓര്‍മിക്കുകയും മുഖ്യമന്ത്രി എന്ന നിലയിലുള്ള അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന പുസ്‌തകമാണ്‌ ചുവന്ന അടയാളങ്ങള്‍. അച്യുതാന്ദന്റെ സമരങ്ങളെന്ന പോലെ ഇത്തരമൊരു പുസ്‌തകവും മലയാളത്തില്‍ അപൂരവമാണ്‌. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം..മത്തായി രചിച്ച നെഹ്രുയുഗസ്‌മരണകള്‍ എന്ന പുസ്‌തകം പോലൊന്ന്‌ എന്നു വേണമെങ്കില്‍ പറയാം. വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തിയ എണ്ണമറ്റ വീറുറ്റ പോരാട്ടങ്ങള്‍ ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലുള്ള വി.എസിന്റെ പ്രവര്‍ത്തനങ്ങളും വസ്‌തുനിഷ്‌ഠമായി വിലയിരുത്തപ്പെട്ടിട്ടില്ല. ..വി.എസ്‌.എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ പക്ഷപാതരഹിതമായി നോക്കിക്കാണാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശക്തിയും ദൗര്‍ബല്യങ്ങളും വസ്‌തുനിഷ്‌ഛമായി വിലയിരുത്താനുമാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ ഷാജഹാന്‍ പറയുന്നു.

യുഡിഎഫ്‌ കൊണ്ടു വന്ന സ്‌മാര്‍ട്ട്‌ സിറ്റി കരാറിനെതിരായ സമരങ്ങള്‍,കോവളത്തെ ഹോട്ടല്‍ വില്‌പനയുമായി ബന്ധപ്പെട്ട സമരങ്ങള്‍, സ്‌ത്രീ പീഡനക്കേസില്‍ നിന്ന്‌ കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ട സംഭവങ്ങള്‍, മണിച്ചന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മതികെട്ടാന്‍ സമരം. കഞ്ചാവു കൃഷിക്കെതിരായ സമരം, മേക്കരയിലെ തമിഴ്‌നാട്‌ ഡാമിനെതിരായ സമരം, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ നിലപാടുകള്‍, മുത്തങ്ങാ സമരത്തിലെടുത്ത നിലപാട്‌ ഓണ്‍ ലൈന്‍ ലോട്ടറി വിവാദം, .ടി.അറ്റ്‌ സ്‌കൂള്‍ എന്ന വലിയ പദ്ധതി ഇന്ന്‌ ലോകത്തിലെ തന്നെ മികച്ച പൊതുസോഫ്‌റ്റ്‌വെയര്‍ പരിശീലന പദ്ധതിയിലൊന്നായി നിലനില്‍ക്കാനനിടയാക്കിയ ഇടപെടല്‍, മൂന്നാറിലെ പോരാട്ടങ്ങള്‍,വാഗമണ്‍ കൈയേറ്റങ്ങള്‍ക്കും ചന്ദനമാഫിയയ്‌ക്കും എതിരായ സമരങ്ങള്‍,കുഞ്ഞാലിക്കുട്ടി പ്രശ്‌നം, കിളിരൂര്‍ ദുരന്തം,കൊട്ടിയത്തെ പീഡനം തുടങ്ങി വിവിധ സ്‌ത്രീപീഡനക്കേസുകളില്‍ വി.എസ്‌.സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവയെല്ലാം കാര്യമായി വിശദീകരിക്കുന്നുണ്ട്‌ പുസ്‌തകം. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളായ സംഭവങ്ങളെക്കുറിച്ചൊക്കെയുള്ള മികച്ച വിശദീകരണങ്ങളാണ്‌ ഷാജഹാന്‍ നല്‍കുന്നത്‌. എന്നാല്‍ അതിനെക്കാളധികം പുസ്‌തകം പ്രധാനമാകുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കകത്തെ ചേരിതിരിവുകളുടെ ആഴം എത്ര വലുതാണെന്നും അതില്‍ ഓരോ ഭാഗത്തിന്റെയു നിലപാട്‌ എങ്ങനെയൊക്കെയായിരുന്നു എന്നുമുള്ള വിശദീകരണങ്ങളെ പ്രതിയാണ്‌. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഒരു വിശദ ചരിത്രം ഇതില്‍ നിന്നു വായിച്ചെടുക്കാന്‍ നമുക്കു കഴിയും. മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ടത്‌ വിഎസ്‌ ഉയര്‍ത്തിക്കാട്ടിയ മൂല്യവത്തായ നിലപാടുകളായിരുന്നു എന്ന്‌ വ്യക്തമായും പറയുന്നുണ്ട്‌ പുസ്‌തകം.(പേജ്‌ 222 വില 125രൂപ) പാര്‍ട്ടിയില്‍ നിന്ന്‌ താന്‍ പുറത്താക്കപ്പട്ടതിന്റെ വിശദാംശങ്ങളും നല്‍കുന്നു ഷാജഹാന്‍.
പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പല സമരങ്ങളിലെയും നിലപാടുകള്‍ തുടര്‍ന്നു കൊണ്ടുപോകാനും അതനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും വിഎസിനു കഴിഞ്ഞു. സ്‌മാര്‍ട്ട്‌ സിറ്റി പ്രശ്‌നം, ഇടയ്‌ക്കു നിന്നു പോയെങ്കിലും മൂന്നാര്‍ സംഭവം തുടങ്ങിയവ ഉദാഹരണം. അതേ സമയം ഏറെ അലകളുണര്‍ത്തിയ സ്‌ത്രീപീഡനക്കേസുകളില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. വി.എസിന്റെ വീഴ്‌ചകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്‌ പുസ്‌തകം. ഒരു രാഷ്ട്രീയ നേതാവിന്റെ പോരാട്ടങ്ങളും നിലപാടുകളും വിജയങ്ങളും പരാജയങ്ങളും നേതാവിനൊപ്പം നിന്ന ഒരുദ്യോഗസ്ഥന്‍ വിലയിരുത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു എന്നതും ഒരു സംഭവമാണ്‌ കേരളത്തില്‍. കേരളത്തിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കുമൊപ്പമുള്ളത്‌ വിശ്വസ്‌ത ഭൃത്യന്മാര്‍ മാത്രമാണല്ലോ. പലപ്പോഴും ഇത്തരമൊരു പുസ്‌തകമെഴുതുന്നതിന്റെ ലക്ഷ്യം അതെല്ലാം ചെയ്‌തത്‌ ഞമ്മളായിരുന്നു എന്ന്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദമുന്നയിക്കലാകാറുണ്ട്‌. എന്നാല്‍ ഷാജഹാന്‍ അത്തരമൊരു അവകാശവാദം കാര്യമായി ഉന്നയിക്കുന്നില്ല. നമുക്ക്‌ അറിയാവുന്ന പല കാര്യങ്ങളുടെയും വിശദീകരണങ്ങളുണ്ട്‌ എന്നതിനപ്പുറം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോ അവകാശ വാദങ്ങളോ രൂക്ഷമായ കുറ്റപ്പെടുത്തലുകളോ ഇതിലില്ല. വി.എസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനുള്ളവര്‍ക്ക്‌ വേണ്ടത്ര വിവരങ്ങള്‍ ഇതില്‍ നിന്നു കണ്ടെടുക്കാനാവും. വി.എസിനു വേണ്ടി വാദിക്കുന്നവര്‍ക്കും വേണ്ട വിഭവങ്ങള്‍ ഇതിലുണ്ട്‌. എതിര്‍പ്പിനു സാധ്യതകളേറെയുള്ളത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കാണ്‌. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ഒരാളുടെ വാദങ്ങള്‍ എന്ന്‌ പാര്‍ട്ടിക്ക്‌ അവയെ അവഗണിക്കാനാവും. പുസ്‌തകം വായിച്ചവസാനിക്കുമ്പോള്‍ പക്ഷേ, തെളിയുന്നത്‌ ഒട്ടേറെ പരിമിതികളുടെയും ചില ചില സ്വാര്‍ഥതകളുടെയും ഒക്കെയിടയിലും ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടുന്ന വി.എസ്‌.കേരളത്തിന്റെ കാരണവരായി നില്‍ക്കുന്ന ദൃശ്യം തന്നെയാണ്‌. പലരും പറഞ്ഞിട്ടുള്ളതുപോലെ ഇരുട്ടുമുറിയിലെ മിന്നാമിനുങ്ങിനെപ്പോലെ തെളിയുന്ന വി.എസിന്റെ നേര്‍ത്ത പ്രകാശം തന്നെയാണ്‌.