Wednesday, October 30, 2013

മാതായനങ്ങൾ


പുസ്തകം : മാതായനങ്ങൾ
രചയിതാവ് : സൂനജ
പ്രസാധകർ : സൈകതം ബുക്സ്
അവലോകനം :   സിതാര. എസ്





മുന്‍പൊരിക്കലും ചെയ്യാത്ത ഒരു ജോലി ആണ് അവതാരിക എഴുതല്‍..അതും ഒരു പുസ്തകത്തെ വിലയിരുത്തിക്കൊണ്ട്. വായന ഹൃദയത്തെ തൊട്ടോ ഇല്ലയോ എന്നല്ലാതെ, വായിച്ചതിനെപറ്റി കൂടുതലൊന്നും പറയാന്‍ അറിയാത്ത ഒരു വ്യക്തിയാണ് ഞാന്‍. എങ്കിലും,തന്റെ കഥാസമാഹാരത്തിന് അവതാരിക എഴുതാമോ സിതാര എന്ന് ചോദിച്ചുകൊണ്ട് സൂനജ എന്നെ സമീപിച്ചപ്പോള്‍ ഇല്ല എന്ന് പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല. ഞാന്‍ ശ്രമിക്കാം എന്ന് ആത്മാര്‍ഥമായിതന്നെ പറയുകയും ചെയ്തു. സൌമ്യവും ദീപ്തവുമായ ചില കുറിപ്പുകള്‍ സൂനജയുടെതായി മുന്‍പ് വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലാളിത്യവും നന്മയും അവയില്‍ കണ്ടു മനസ്സ് നിറയുകയും ചെയ്തിട്ടുണ്ട്.അതൊക്കെ കൊണ്ടാവാം മുന്‍പ് പലരോടും ചെയ്തിട്ടുള്ളത് പോലെ, പലരുടെയും നീരസം സമ്പാദിച്ചു കൊണ്ട് തന്നെ, എഴുതാന്‍ പ്രയാസം ഉണ്ട് എന്ന് എടുത്തടിച്ചു പറയാന്‍ എനിക്ക് തോന്നാതിരുന്നത്. കഥകള്‍ അയച്ചുകിട്ടിക്കഴിഞ്ഞിട്ടും സ്വതസിദ്ധമായ മടിയും ഇടയില്‍ കയറിവന്ന അനേകം ബദ്ധപ്പാടുകളും കാരണം ഒന്ന് സ്വസ്ഥമായിരുന്നു അത് വായിക്കാന്‍ സാധിച്ചതേയില്ല. എങ്കിലും ഒരു ദിവസം ഇന്ന് സൂനജയെ വായിച്ചു തീർത്തെ അടങ്ങു എന്ന വാശിയില്‍തന്നെ കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നു, എത്രത്തോളം അതില്‍ മുന്നോട്ടുപോകും എന്ന് സംശയമുണ്ടായിരുന്നെങ്കിലും.
വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് നിര്‍ത്തണമെന്ന് തോന്നിയതേയില്ല. ഒറ്റയിരിപ്പിനിരുന്നു എല്ലാ കഥകളും ഞാന്‍ വായിച്ചുതീര്‍ത്തു. ഒരു പക്ഷെ, അതുതന്നെയാണ് സൂനജയുടെ കഥകളുടെ ഏറ്റവും വലിയ ശക്തി. വായനയെ തടസ്സപ്പെടുത്താത്ത ഒഴുക്ക് ഉണ്ടാവുക എന്നതാണ് എന്റെ അഭിപ്രായത്തില്‍ ഒരു കൃതിയുടെ ആദ്യധര്‍മം. വായിച്ചു തീര്‍ക്കാന്‍പോലും ആവാത്തത് എത്ര കൊട്ടിഘോഷിക്കപ്പെട്ടതായാലും എനിക്ക് ഉള്‍ക്കൊള്ളാനും ആവില്ല.
തുറന്നു പറയട്ടെ, സൂനജയുടെ കഥകള്‍ മഹത്തരമോ അത്യുത്തമമോ ആണെന്ന് വായന കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയില്ല. ആധുനികസാഹിത്യത്തിന്റെ ഉദാഹരണങ്ങളായും തോന്നിയില്ല. പക്ഷെ പല കഥകളിലും മനസ്സിനെ സ്പര്‍ശിച്ച എന്തൊക്കെയോ ഉണ്ടായിരുന്നു. എന്ത് എന്ന് കൃത്യമായി പറയാന്‍ ഒരു പക്ഷെ എന്റെ പരിമിതമായ ഭാഷാജ്ഞാനം എന്നെ സഹായിച്ചെന്ന് വരില്ല. പക്ഷെ, ഏതൊക്കെയോ രീതിയില്‍ എന്റെ മനസ്സിനെ തൊടാന്‍ ഈ വായനക്ക് തീര്‍ച്ചയായും സാധിച്ചു.
വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ, ചരലുകളും കൊച്ചു പച്ചപ്പുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട് , മനസ്സില്‍ ഓര്‍മ്മകളുടെ നനവ്‌ തിങ്ങിനിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നുപോകും പോലെയാണ് സൂനജയെ ഞാന്‍ വായിക്കുന്നത്. ഒരു സാധാരണസ്ത്രീയായി നിന്ന് തന്റെ കഥകളിലൂടെ സൂനജ ലോകത്തെ നോക്കിക്കാണുന്നു. അവരുടെ വാക്കുകളും ഒരു സാധാരണ സ്ത്രീയുടെതാണ്.പക്ഷെ അവയില്‍ തെളിഞ്ഞുണരുന്ന സ്വയം പ്രതിഫലനങ്ങള്‍ ഓരോ വായനക്കാരിലും അസാധാരണമായ ചില സ്നേഹവെളിച്ചങ്ങള്‍ ഉണ്ടാക്കിയേക്കാം.
ജീവിതത്തിന്റെ ശരിയായ പരിഛെദം ആയി, നന്മകൾ‍ക്കൊപ്പം മുറിവുകളെയും ചതികളെയും സൂനജ വിഷയമാക്കുന്നുണ്ട്. മകന്റെ അച്ഛന്‍,മകളുടെയും.,യക്ഷികള്‍ പിറക്കുന്നത് പോലുള്ള ചില കഥകളില്‍ ഇത് വ്യക്തമായിട്ടുണ്ട്.എങ്കിലും, മനസ്സിലെവിടെയോ എന്നെങ്കിലും വരാനിരിക്കുന്ന ഒരു സന്തോഷതുണ്ട് സൂനജ ഒരു വാക്ക് പോലും പറയാതെതന്നെ ബാക്കി വയ്പ്പിക്കുന്നുണ്ട്. പ്രത്യാശയുടെയും നന്മയിലുള്ള വിശ്വാസത്തിന്റെയും വെളിച്ചപ്പൊട്ടുകള്‍ മിക്ക കഥകളില്‍നിന്നും പെറുക്കിയെടുക്കാം. 'കണ്‍നിറയെ' യിലെ അമ്മയും 'പേരിടാത്ത കഥ'യിലെ തങ്കവേലുവും ഒക്കെ നേരിയതെന്കിലും മനസ്സിനെ കുളിര്‍പ്പിക്കുന്ന ഇത്തരം വെളിച്ച തുണ്ടുകള്‍ വായനക്കിടയില്‍ നമുക്ക് തരുന്നുണ്ട്.
മനസ്സിനെ സ്പര്‍ശിക്കുന്ന മറ്റൊരു വശം ഈ കഥകളിലെ ബന്ധങ്ങളുടെ സൌന്ദര്യമാണ്. എത്ര പഴഞ്ചന്‍ ചിന്താഗതിയെന്നു പുരോഗമാനക്കാര്‍ പറഞ്ഞാലും, ജീവിതത്തിനു ഭംഗിയും ശക്തിയും നല്‍കുന്നത് തീര്‍ച്ചയായും ബന്ധങ്ങളുടെ ഊഷ്മളതയാണ്.പേരുള്ളതും പേരില്ലാത്തവയും ആകാം അവ. 'സാന്ധ്യമേഘങ്ങളി'ല്‍ എന്നപോലെ, എന്നോ മരിച്ചുപോയ എലിക്കുട്ടിയും അവരുടെ മത്തായിയും തമ്മിലുള്ള സാധാരണമായ അസാധാരണബന്ധം, അല്ലെങ്കില്‍ 'ഇരുട്ടില്‍ നിഴലുണ്ടാവ്വോ' എന്ന കഥയില്‍, ഭാര്യയുടെ അമ്മയോട് പ്രശാന്ത്‌ കാട്ടുന്ന അലിവിന്റെ തണുപ്പ്, ഇങ്ങനെ ഒരു പാട് ബന്ധങ്ങളെ സൂനജ വരച്ചു കാണിക്കുന്നു. ഓരോന്നും നമ്മുടെ മനസ്സിനെ എവിടെയൊക്കെയോ ഉണര്‍ത്തുകയും ചെയ്യുന്നു.
പതിനെട്ടുകഥകളുടെ ഈ സമാഹാരത്തെ പറ്റി ഗാഡമായ ഒരു പഠനം നടത്താനൊന്നും ഒരുപക്ഷെ, എനിക്കാവില്ല. പക്ഷെ, തെളിച്ചവും സന്തോഷവും ഇത്തിരി കണ്ണീര്‍ നനവും ഒക്കെയായി ഉള്ള ഒരു പാവം വായന ഈ കഥകള്‍ നിങ്ങള്ക്ക് തരാനാവും എന്നെനിക്കുറപ്പുണ്ട്.അത് തീര്‍ച്ചയായും ഏതൊക്കെയോ രീതിയില്‍ നിങ്ങളുടെ സ്വയം പ്രതിഫലങ്ങളാവുമെന്നും. അതിനായി ഈ കഥകള്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.

Saturday, October 26, 2013

ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍

പുസ്തകം : ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍
സമാഹരണം / വിവര്‍ത്തനം : കെ പി. പ്രേംകുമാര്‍
പ്രസാധകര്‍ : ഡി സി ബുക്സ്,കോട്ടയം
അവലോകനം : ഷീബ.ഇ.കെ




ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരമായി ഒരു പോലെത്തന്നെയാണ്. എങ്കില്‍ കൂടി,മതാധിഷ്ഠിതനിയമങ്ങള്‍ പാലിക്കപ്പെടുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ക്കുനേരെ മതവും ഭരണകൂടവും സമൂഹവും ചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകള്‍ കൂടുതല്‍ ശക്തമാണ്.പാക്കിസ്ഥാനില്‍ നിന്നുള്ള ഒന്‍പതു യുവ കഥാകാരികളുടെ രചനകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ് ശ്രീ.കെ .പി.പ്രേംകുമാര്‍ 'ജീന്‍സ്-പാക്കിസ്ഥാനി പുതുപെണ്‍കഥകളിലൂടെ.

പെണ്‍കുട്ടി പിറക്കുന്നത് അത്യന്തം നീചമെന്നു കരുതുന്ന ഒരുസമൂഹത്തില്‍ ഒരു പെണ്‍കുട്ടി ജീവിച്ചിരിക്കണമെങ്കില്‍ ഒന്നുകില്‍ അതിന് ഒരു ഇരട്ട സഹോദരന്‍ ഉണ്ടായിരിക്കണം.അല്ലെങ്കില്‍ സമീപത്തെവിടെയെങ്കിലും അതേസമയത്ത് ഒരാണ്‍കുട്ടി ജനിച്ചിരിക്കണം.അതല്ലെങ്കില്‍ ജനിച്ചയുടനെ പെണ്‍കുഞ്ഞിനെ കുഴിവെട്ടി മൂടണമെന്നാണ് ട്രിബ്യൂണലിന്റെ കല്പന. സ്വന്തം മകളെ കുഴിവെട്ടിമൂടുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന നിസ്സഹായയായഅമ്മയുടെ കഥയാണ് സോണിയ നഹീദ് കമാല്‍ എഴുതിയ 'മുല'.

മുലയൂട്ടാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടുമാത്രം,തെറ്റാണെന്നറിഞ്ഞിട്ടും അയല്‍പക്കത്തെ കുഞ്ഞിനെ ആരും കാണാതെ മുലയൂട്ടാന്‍ ശ്രമിക്കുന്ന അവളെ സ്വന്തം അമ്മ തന്നെ ട്രിബ്യൂണലിന് ഒറ്റിക്കൊടുക്കുകയും മാതൃത്വത്തിന്റേതായ ആ അവയവം തന്നെ ചെത്തിമാറ്റപ്പെടുക എന്ന ക്രൂരശിക്ഷക്ക് വിധേയമാക്കുകയുമാണ്.മാതൃത്വത്തിനു നേരെ സമുദായവും ഭരണനേതൃത്വവും അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ നിസ്സഹായയാക്കുന്ന സ്ത്രീകളുടെ മനസ്സ് പിന്നെ അതിനോടു സമരസപ്പെടുമെന്നും ഭാവിയില്‍ താനും സ്വന്തം അമ്മയെപ്പോലെ പെരുമാറിയേക്കാമെന്നും അന്ന് ഒരു പക്ഷേ മരണത്തെയാവും തനിക്ക് അതിനേക്കാള്‍ ഇഷ്ടമാവുക എന്നും ശിക്ഷ കാത്തു കിടക്കവേ അവള്‍ ഓര്‍ക്കുന്നുണ്ട്.

ബീന ഷായുടെ 'സുന്ദരിയുടെ കല്യാണം' ബാല്യ വിവാഹത്തിന്റെ ദയനീയ ചിത്രമാണ് വരച്ചിടുന്നത്.പന്ത്രണ്ടുകാരി സുന്ദരിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലും അസ്വസ്ഥയും നിസ്സഹായയുമായി നില്‍ക്കുകയാണ് അവളുടെ ഉമ്മ സേഭാംഗി,സമൂഹത്തിന്റെ തീര്‍പ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കെല്‍പ്പില്ലാതെ.വരന്റെ കൂടെ പറഞ്ഞയച്ച മകളുടെ മരണവാര്‍ത്തയാണ് പിന്നെയവര്‍ കേള്‍ക്കുന്നത്.അഞ്ചു പെണ്‍മക്കളുള്ള ഒരു വിധവ തന്റെ മകളുടെ വിവാഹം നടക്കുന്നതിനു വേണ്ടി സുന്ദരിയെക്കുറിച്ചു പറഞ്ഞ അപവാദം വിശ്വസിച്ച ഭര്‍തൃവീട്ടുകാര്‍ അവളെ അവിശുദ്ധയായി പ്രഖ്യാപിച്ച് കൊലപ്പടുത്തി.സ്വന്തം പെണ്മക്കളുടെ വിവാഹം എന്ന കടമ്പ കടക്കാന്‍എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹം സ്വന്തമായ ഒരു ഖബറിടം പോലും നിഷേധിച്ച് സുന്ദരിയെ വഴിയരികില്‍ തള്ളിക്കളയുകയാണ്.

'മണല്‍ക്കല്ലുകള്‍ക്കപ്പുറം 'എന്ന സേഭാ സര്‍വറുടെ കഥ മതങ്ങള്‍ക്കതീതമായി സ്നേഹവും സൗഹൃദവും സ്വപ്നം കാണുന്നു. ഇരുകുടുംബങ്ങളുടെയും എതിര്‍പ്പു കണക്കിലെടുക്കാതെ വിവാഹിതരാവാന്‍ തീരുമാനിച്ച ഹമീദിന്റെയും സരിതയുടെയും വിവാഹദിവസം ഹമീദിന്റെ ബന്ധുക്കള്‍ സരിതയെ കൊലപ്പെടുത്തി.വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രേതം ഗതികിട്ടാതെ അലയുന്നത് അവിടെ വിരുന്നിനെത്തിയ പെണ്‍കുട്ടി കാണുന്നു.പെണ്‍കുട്ടിയുടെ ഹിന്ദുവായ കൂട്ടുകാരിയുടെ മുന്‍തലമുറക്കാരിയാണ് സരിതയെന്നു മനസ്സിലാക്കുന്ന പെണ്‍കുട്ടി ,ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു മുങ്ങിക്കുളിക്കുന്ന ഇന്ത്യയിലെ ജലാശയങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നുണ്ട്.മകളുടെ ദുരന്തത്തോടെ ഇന്ത്യയിലേക്കുപോയ സരിതയുടെ കുടുംബം തിരിച്ച് പാക്കിസ്ഥാനിലേക്കുതന്നെ വരണമെന്നും അങ്ങനെ ആ ആത്മാവിന് ശാന്തി കിട്ടണമെന്നും അവള്‍ ആഗ്രഹിക്കുന്നു.

'അങ്ങനെ..ലോകമങ്ങു മാറിപ്പോയി 'എന്ന സാബിന്‍ ജാവേരി ജില്ലാനിയുടെ കഥയില്‍ വാര്‍ത്തകള്‍ കേള്‍ക്കാനായി ഹിന്ദുവും മുസ്ലിമുമൊക്കെ ഒത്തു കൂടിയിരുന്ന കാര്‍റേ‍ഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ലഹളയുടെ വാര്‍ത്തകള്‍ തന്നെ അവര്‍ക്കിടയില്‍ ഭിന്നിപ്പു സൃഷ്ടിക്കുന്നു.പരസ്പരം അവര്‍ ആസ്വദിച്ചിരുന്ന ആ കൂട്ടായ്മകള്‍ക്കിടയില്‍ വല്ലാത്തൊരു ഘനം വന്നു ചേരുന്നതും അയല്‍ക്കാര്‍ അകന്നു പോകുന്നതും കൂട്ടുകാര്‍ കളിക്കാന്‍ വരാതായതും മുന്ന എന്ന കൊച്ചുബാലനില്‍ അന്യതാബോധം വളര്‍ത്തി.ആഹ്ലാദത്തോടെ അവരെല്ലാം കഴി‍ഞ്ഞിരുന്ന കടല്‍ത്തീരത്തെ പഴയ മഹല്ല് തന്നില്‍ ഏറെ നഷ്ടബോധമുണ്ടാക്കുമെന്ന് ഒടുവില്‍ അവന്‍ മനസ്സിലാക്കുന്നുണ്ട്.വാര്‍ത്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണിതില്‍.

പിറന്നു വീഴുമ്പോള്‍ തന്നെ നാവുകള്‍ ഛേദിക്കപ്പെടുന്ന ഒരു സമൂഹത്തില്‍,പിഴുതുമാറ്റിയിട്ടും മുളച്ചുവരുന്ന നാവുകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം തന്നെയാവുന്നു നിഖത് ഹസന്റെ 'നാവ് 'എന്ന കഥ.

ഖ്വൈസ്റോ ഷഹ്റാസിന്റെ 'ജീന്‍സ് 'യാഥാസ്ഥിതികത്വം വരച്ചു കാട്ടുന്ന രസകരമായ കഥയാണ്.മിറിയത്തിന്റെ അടക്കവും ഒതുക്കവും കണ്ട് അവളെ മകനു വധുവായി കണ്ടെത്തിയ ഫറൂഖിന്റെ മാതാപിതാക്കള്‍ പെട്ടൊന്നൊരുനാള്‍ അവളെ ജീന്‍സിലും ഇറക്കം കുറഞ്ഞ ടോപ്പിലും കാണുന്നതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെ വേണ്ടന്നുവെയ്ക്കുന്നു.വസ്ത്രങ്ങളിലൂടെ പുതിയൊരു പറ്റം മൂല്യങ്ങളേയും വ്യക്തിത്വത്തേയും ആശ്ലേഷിക്കുന്നതോടെ മിറിയത്തിനു കൈവിട്ടു പോകുന്നത് അവളുടെ ജീവിതം തന്നെയാണ്.പാശ്ചാത്യവേഷം ധരിക്കുന്ന, കൂട്ടുകാര്‍ക്കൊപ്പം ഔട്ടിംഗിനുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല പുത്രവധുമാകാന്‍ കഴിയില്ല എന്നും അത്തരം പെണ്‍കുട്ടി തങ്ങളുടെ മകനെ ചൊല്‍പ്പടിക്കു നിര്‍ത്തുമെന്നും ഭയക്കുന്ന മാതാപിതാക്കള്‍ രണ്ടു വര്‍ഷത്തോളം അവള്‍ മനസ്സിലോമനിച്ച സ്വപ്നങ്ങളെ ജീന്‍സിന്റെ പേരില്‍ നിര്‍ദ്ദയം ചവിട്ടിയരക്കുന്നു.ഇവിടെ ,പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുടെ പ്രതീകമാകുന്നു ജീന്‍സ്.സ്വാതന്ത്ര്യം സ്വായത്തമാവുമ്പോള്‍ സാധാരണജീവിതം അവള്‍ക്കന്യമായിത്തീരുന്നുവെന്നും കഥാകാരി പറയുന്നു.

ഫാത്തിമ നഖ് വിയുടെ 'നല്ല ഭാര്യ ' വിവാഹമെന്ന ചട്ടക്കൂടിലേക്ക് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങുന്ന ഡോക്ടര്‍ സുലൈമാന്‍ അലിമിന്റെ കഥയാണ്.വിവാഹശേഷവും തന്റെ ദിനചര്യകള്‍ക്കുമാത്രം പ്രാധാന്യം നല്‍കി,ഭാര്യയുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ക്കോ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ യാതൊരു പരിഗണനയും കൊടുക്കാതിരുന്ന അയാള്‍ക്ക് ,രതി വല്ലപ്പോഴും അനുഷ്ഠിക്കുന്ന ഒരു ചടങ്ങുമാത്രമായിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു നാള്‍ പെട്ടെന്ന്, തന്റെ ഭാര്യ എത്ര സുന്ദരിയും യുവതിയും ആകര്‍ഷണീയത ഉള്ളവളുമാണെന്ന് ഡോക്ടര്‍ കണ്ടെത്തുകയാണ്.അന്നേരം തന്നിലേക്കവളെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന അയാളില്‍ നിന്നവള്‍ വഴുതിമാറുകയാണ്.ഇക്കാലമത്രയും അവള്‍ അനുഭവിച്ചു പോന്ന പ്രണയനഷ്ടങ്ങളെ അയാള്‍ക്ക് അയവിറക്കാന്‍ വിട്ടു കൊണ്ട് സ്വാതന്ത്ര്യം സ്വയം കണ്ടെത്തുകയാണ്.

'ആയിയുടെ പെണ്മക്കള്‍ 'ഫാമിദാ റിയാസിന്റെ രചനയാണ്.ബുദ്ധിമാന്ദ്യമുള്ള ഫാത്തിമക്കു നേരെ കാമാന്ധരായ പരിസരവാസികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ക്കൊടുവില്‍ അവള്‍ ഗര്‍ഭിണിയാവുന്നു.അവിഹിത ഗര്‍ഭം ഗ്രാമത്തില്‍ ലഹളയുണ്ടാക്കുമെന്നു ഭയന്ന ആയി മകളുടെ കുഞ്ഞിനെ ആയിടെ ഭര്‍ത്താവു മരിച്ച സ്ത്രീക്കു നല്‍കി അവര്‍ക്കു ഭര്‍ത്താവിന്റെ സ്വത്തില്‍ അര്‍ഹത നേടാന്‍ അവസരം കൊടുത്ത് മകളെ ഗ്രാമത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരുന്നു.ഫാത്തിമക്ക് ജിന്ന് കൂടിയതാണെന്നു പറഞ്ഞ നാട്ടുകാര്‍ ഒരാല്‍ത്തറ പണിത് അവളെ വിശുദ്ധയായി പ്രഖ്യാപിച്ച് ആരാധിക്കാന്‍ തുടങ്ങി.അങ്ങനെ പുതുലോകത്തിന്‍ ലഭിക്കാത്ത സുരക്ഷിതത്വത്തോടെ അന്ധവിശ്വാസങ്ങളുടെ പഴയലോകത്തില്‍ മന്ദബുദ്ധിയായ ആ യുവതിക്കൊരിടം കിട്ടുന്നു.

നയ്യാര റഹ്മാന്റെ 'ജോലിക്കുള്ള അപേക്ഷ',മെച്ചപ്പെട്ട ഒരു ജോലിക്കു വേണ്ടി നെട്ടോട്ടമോടുന്ന ഫര്‍സാന അന്‍സാരിയെന്ന യുവ വിധവയുടെ കഥയാണ്.ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ ടൈപ്പിസ്റ്റ് ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വരുന്ന അവള്‍ക്ക് അധികയോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും വിധവയും ഒരു കുട്ടിയുടെ അമ്മയുമായതിനാല്‍ വേണ്ട വിധത്തില്‍ ജോലിചെയ്യാന്‍ കഴിയില്ല എന്നു പറയുന്ന ഉദ്യോഗസ്ഥ സ്വന്തം ചാര്‍ച്ചക്കാരിക്ക് ജോലികൊടുക്കാനായി അവളെ ഒഴിവാക്കുമ്പോള്‍ ഫര്‍സാന അതുവരേക്കു പടുത്തുയര്‍ത്തിയ പ്രതീക്ഷകള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു പോകുന്നു.

Tuesday, October 22, 2013

ആരാച്ചാര്‍

പുസ്തകം : ആരാച്ചാര്‍
രചയിതാവ് : കെ.ആര്‍.മീര
പ്രസാധകര്‍ : ഡിസി ബുക്സ്
അവലോകനം : ഉഷാകുമാരി.ജി





    രാച്ചാര്‍ വായിച്ചു കഴിഞ്ഞ നിമിഷം എനിക്കെന്റെ കൗമാരം തിരിച്ചുകിട്ടി. ദിവസം  ഒന്നിലധികം നോവലുകള്‍ വായിച്ചു തള്ളിയിരുന്ന സ്‌കൂള്‍കാലത്തെ ഏറ്റവും അടുപ്പമുള്ള ഒരു കൂട്ടുകാരിയോട് ഈ കൃതി മുഴുവനായി വാതോരാതെ പങ്കുവെയ്ക്കാന്‍ ഞാനാഗ്രഹിച്ചു. തീക്ഷ്ണമായും വൈകാരികമായും വായിച്ചുതീര്‍ത്ത ഏതൊരു കൃതിയും സ്വകാര്യമായ ഒരു പങ്കിടല്‍ ആഗ്രഹിക്കന്നുണ്ട്, അര്‍ഹിക്കുന്നുണ്ട്.  കടലാസിന്റെ ഉദാസീന നിസ്സംഗതയ്ക്കപ്പുറം ജീവനുള്ള, കുതിപ്പുള്ള പ്രോത്സാഹനത്തിനും ജിജ്ഞാസയ്ക്കും മുന്നില്‍ ചിതറിയും കുതറിയുമുള്ള ആര്‍ത്തിപിടിച്ച ഒരു 'കഥപറച്ചില്‍' എ ന്നെതൃപ്തിപ്പെടുത്തുക ത ന്നെചെയ്യും. വായനയ്ക്ക് എന്നും കൗമാരമായിരിക്കട്ടെ, എത്രയെങ്കിലും വായന എന്നില്‍ തിരിച്ചെത്തട്ടെ! കെ.ആര്‍.മീര എന്ന എഴുത്തുകാരിയെ മുഴുവനായും മറന്നാണീ വായന നീങ്ങിയത് എതും ഇതിനെ കൗമാരമാക്കി. അല്ലെങ്കില്‍ അതുവരെ വായിച്ച മീരയുടെ എഴുത്താണിത്?! എന്നു കൗതുകാത്ഭുതങ്ങളോടെ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. മീരാസാധുവും ആ മരത്തെയും മറന്നു മറന്നുവും മറുകളയാന്‍ തന്നെ കഴിഞ്ഞിരുന്നു.
    സ്ത്രീവാദപരമായ ഒരു വിശകലനത്തില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനില്ക്കാന്‍ ശ്രമിയ്ക്കും തോറും അതിലേക്കുതന്നെ ഏതൊരു വായനക്കാരിയെയും കുരുക്കിയിടുന്ന ഒരു വൈകാരികപാഠമാണീ കൃതിയുടെ വിജയം. ഈ കൃതി ആശയാവലികള്‍കൊണ്ടോ രചനാപരമായ സങ്കേതങ്ങള്‍കൊണ്ടോ ചരിത്രംകൊണ്ടോ അല്ല, സ്ത്രീയുടെ സൂക്ഷ്മവൈകാരികഭേദങ്ങള്‍ കൊണ്ടാണ് എഴുതപ്പെട്ടതെന്നു തോന്നും. മറ്റെല്ലാ ഘടകങ്ങളും അതില്‍ ലയിച്ചു കിടക്കുകയാവണം, പശ്ചാത്തലമായും അടിസ്ഥാനപ്രമേയമായും ഒക്കെ. ആരാച്ചാരായി നിയമിക്കപ്പെടു ചേതനയുടെ ഹൃദയമിടിപ്പുകള്‍ക്കൊപ്പമായിരുന്നു  എന്നിലെ കൗമാരക്കാരി.  കഥാപാത്രവും വായനക്കാരിയും ഒന്നായ എത്രയോ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇതൊരു സവിശേഷ അനുഭവമായിരുന്നു. കഥാപാത്രം- വായനക്കാരി -കൂട്ടുകാരി ത്രിത്വത്തിലെ ജീവിതം, തണുത്ത നിലവറകള്‍ക്കകത്ത് പെരുകിവരുന്ന സ്വകാര്യതയുടെ അരണ്ടവെളിച്ചം ഒക്കെ എനിക്കിന്നും പ്രിയപ്പെട്ടതാണ്.
    വേര്‍ത്തിരിഞ്ഞുകിട്ടാന്‍ എളുപ്പമുള്ളതല്ല ഈ നോവലിന്റെ വിചാരഘടന. പല ആശയങ്ങളും കെട്ടുപിണഞ്ഞുകിടക്കു മണ്ഡലമാണത്. ചരിത്രത്തെ അത് എഴുതുന്നു, തീക്ഷ്ണമായും നാടകീയമായും. പ്രണയത്തെ അത് അപനിര്‍മിയ്ക്കുന്നു , വ്യക്തിപരമായും ചരിത്രപരമായും. നീതിന്യായ വ്യവസ്ഥയെ അതു മുഴുവനായും അഴിച്ചുപണിയുന്നു. പ്രതിയും വാദിയും സാക്ഷിയും ന്യായാധിപരും ഒക്കെ നിഷ്ഠുരമായി എഴുതപ്പെടുന്നു . എല്ലാറ്റിനുമുപരിയായി മരണം - അതിന്റെ ആത്യന്തികത ആവരണങ്ങളില്ലാതെ സ്വയം വിശദീകരിക്കപ്പെടുന്നു  ഈ കൃതിയില്‍. പ്രണയം, മരണം, ചരിത്രം, നീതി ഇവയ്‌ക്കെല്ലാം അഭിമുഖമായി നിര്‍ത്തിയ പെണ്മയുടെ അടയാളങ്ങള്‍- മറ്റൊരു വിധത്തില്‍ ഇവയെല്ലാം പെണ്ണില്‍ നടത്തിയ കൊത്തുപണികള്‍ -കൊണ്ടാണീ കൃതി എഴുതപ്പെടുത്.

    ചരിത്രത്തെ വര്‍ത്തമാന സന്ദര്‍ഭത്തിലേക്ക് കൊണ്ടുവ്ന്ന് കെട്ടിയിട്ട്  മുട്ടിച്ചുരത്തുകയാണിവിടെ. ഉറന്നൊഴുകുന്ന ചരിത്രത്തില്‍ അധികാരത്തിന്റെ ചോരപ്പാടുകള്‍ തിരിച്ചറിയാം. സ്വന്തം വ്യക്തിസത്തയ്ക്കും അസ്തിത്വത്തിനും അഭിമുഖമായി ചരിത്രം എന്ന  ഊര്‍ജ്ജ പ്രവാഹം ചേതന വരച്ചെടുക്കുന്നു. കുന്ദേര പറഞ്ഞതുപോലെ ചരിത്രത്തെ അസ്തിത്വത്തിന്റെ മുദ്രകളും മാനങ്ങളുമുള്ള സന്ദര്‍ഭമാക്കി മാറ്റുകയാണ് (ഠവല മൃ േീള വേല ചീ്‌ലഹ) ചേതനയിലൂടെ മീര ചെയ്യുന്നത്. ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമായി മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്നതിനെ ചേതന കളിയായും കാര്യമായും എടുത്തു പറയുന്നുണ്ട്. സമകാലികതയുടെയും ഗതകാലചരിത്രത്തിന്റെയും വിമര്‍ശനാത്മകസ്ഥാനമായി ചേതനയുടെ കഥനത്തെ കണ്ടെടുക്കുകയാണ് നോവലിസ്റ്റ്. 

സമകാലികജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ക്കുത്തരം ചരിത്രത്തില്‍ തേടുകയും ചരിത്രത്തിലേക്കുള്ള പിന്‍തുടര്‍ച്ചകളിലൂടെ ഊര്‍ജ്ജം സംഭരിയ്ക്കുകയും ചെയ്യു ഒരു വിചാരഗതി ചേതനയില്‍ സദാ സന്നിഹിതമാണ്. ചരിത്രത്തിന്റെ അദൃശ്യമായ ചരടിന്‍തുമ്പ് അവളെ ഓര്‍ക്കാപ്പുറത്ത് അപരിചിതമായ ഇടങ്ങളിലേക്ക് നയിക്കുന്നു. അനിശ്ചിതത്വത്തില്‍ കുരുക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അതവളെ ഈ 'എലിയും പൂച്ചയുംകളി'യില്‍ ജയിക്കാനും അനുവദിക്കുന്നു. സഞ്ജീവ്കുമാര്‍ മിത്രയുടെ പൂര്‍വ്വികന്‍ ഒരു കള്ളനും അമ്മ ഒരു വേശ്യയുമാണെ ചേതന കണ്ടെത്തു സന്ദര്‍ഭം ഒരു ഉദാഹരണമാണ്. ജ്ഞാനാനന്ദത്താല്‍ സ്വയം മന്ദഹസിയ്ക്കുന്ന ബുദ്ധസന്യാസിനി അനസൂയയെയും ജ്യോതിഷിയും  കവിയുമായിരു ഖാവ്‌നയെയും ചേതന വീണ്ടെടുക്കുത് തന്റെ അതിജീവനങ്ങള്‍ക്കും കൂടിയാണ്. സ്ത്രീപക്ഷ ആത്മീയതയുടെ ആന്തരികമായ മറ്റൊരു ധാര കൂടി ഈ നോവലില്‍ ഉറവെടുക്കുന്നുണ്ട്, ഇത്തരം  ഉപകഥനങ്ങളിലൂടെ.

    വ്യക്തിജീവിതത്തിന്റെ ഉപകഥനങ്ങള്‍ ബൃഹദ്ചരിത്രത്തിന്റെ ആധികാരികയുക്തിയോട് കണ്ണിചേര്‍ന്നു കിടക്കുകയാണ് ചേതനയെ സംബന്ധിച്ചിടത്തോളം. കാരണം തന്റെ കുടുംബപാരമ്പര്യത്തിന്റെ കഥകള്‍ വെറും വംശമഹിമയുടെ വാഴ്ത്തുപാട്ടുകളല്ല. മറിച്ച് മരണത്തിന്റെയും രാജനീതിയുടെയും കുറ്റാന്വേഷണത്തിന്റെയും കോടതിമുറികളുടെയും ഭരണകൂടത്തിന്റെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും നാള്‍വഴികളുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു. കല്‍ക്കത്തയുടെ പരിണാമചരിത്രവും ഇന്ത്യന്‍ കൊളോണിയല്‍ ഭരണചരിത്രവും ഒക്കെയായി അതു കെട്ടുപിണഞ്ഞു കിടക്കുന്നു താന്‍ ഭാരതസ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമാണെന്നു  പറയുമ്പോള്‍ ചേതന ഉണര്‍ത്തിയെടുക്കുന്നത്. ഈ വേരുകളെ കൂടിയാണ്. അതു പറയുമ്പോഴുള്ള അവളുടെ ഉപഹാസവും നാടകീയമായ മിഥ്യാഭിമാനവും ഈ ഗതകാലചിത്രങ്ങളോടും കൂടിയാണ്. ചരിത്രത്തോടുള്ള പെണ്ണിന്റെ ഉദാസീനത, നിഷേധം അവളുടെ ചരിത്രയുക്തി തെയാണു സ്ഥാപിക്കുന്ന/നിരീക്ഷിക്കുന്നവര്‍ സ്വന്തം വിധിയെ അട്ടിമറിക്കാന്‍ ചരിത്രത്തെ ഭാവനാത്മകമായ ഒരു ഉപകരണമായി, വ്യാവഹാരികായുധമായി ഉപയോഗിക്കുന്നതിനെ കൂടി തിരിച്ചറിയണ്ടതുണ്ട്. ഒപ്പം ചരിത്രത്തിന്റെ ഉള്ളുകളളികള്‍ പൊളിച്ചെഴുതാനും അവള്‍ക്കു കഴിയുമെന്നും.

    നോവലില്‍ നി്ന്ന് ഒരു സന്ദര്‍ഭം: ''പത്രങ്ങളിലൊക്കെ നിന്നെക്കുറിച്ച് എന്നും വാര്‍ത്തയുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആരാച്ചാര്‍ ആയി ജോലി ചെയ്യു ആദ്യത്തെ സ്ത്രീ! ലോകത്തുതന്നെ മറ്റൊരിടത്തും സ്ത്രീകള്‍ ഇങ്ങനെ തൊഴില്‍ ചെയ്യുന്നില്ല അങ്ങനെ നീ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു ചേതൂ.''
    ''എനിക്കു ചരിത്രത്തെ ഭയമാണ്...''
    ''എല്ലാ സ്ത്രീകള്‍ക്കും അങ്ങനെതന്നെ..'' രാമുദാ മന്ദഹസിച്ചു. പറഞ്ഞതില്‍ ലേശം പിശകുണ്ടെന്ന് എനിക്ക് അപ്പോള്‍ തോന്നി. ചരിത്രത്തെ സ്ത്രീകളല്ല, സ്ത്രീകളെ ചരിത്രമാണു ഭയക്കുന്നത്. അതുകൊണ്ടാണു ചരിത്രത്തില്‍ വളരെകുറച്ചു സ്ത്രീകള്‍ മാത്രം സ്ഥാനം പിടിച്ചിട്ടുള്ളത്. യതീന്ദ്രനാഥ ബാനര്‍ജിയുടെ കഴുത്തില്‍ കുടുക്കിടുകയും അയാള്‍ കുറ്റമറ്റവിധം കൊല്ലപ്പെടുകയും ചെയ്താല്‍ മാത്രമേ ചരിത്രത്തില്‍ എന്റെ സ്ഥാനം ഉറപ്പാകുകയുള്ളൂ...! (പുറം 237)

ഇരയുടെ സന്ദിഗ്ദ്ധത
 ഈ നിര്‍ഭയത്വം നാളുകളായി തുടരുന്ന ആണ്‍കോയ്മയ്‌ക്കെതിരെയുള്ള ചരിത്രപരമായ പകരം വീട്ടല്‍ കൂടിയായി ചേതന തിരിച്ചറിയുന്നുണ്ട്. ഒരാളെ കൊല്ലുന്നതിന്റെ എന്നതിലുപരി തന്റെ ചരിത്രപരമായ പക തീര്‍ക്കലിന്റെ അവസരമായി അവളതിനെ പോറ്റിവളര്‍ത്തിയിരുന്നു മനസ്സില്‍.

    ''എനിക്കൊരു ഭയവും തോന്നുന്നില്ല ബാബാ'' ഞാന്‍ ഉറപ്പു പറഞ്ഞു. അതു വാസ്തവവുമായിരുന്നു. ഒരു ഭയവും തോന്നാത്തവിധം എന്റെ മാറിടങ്ങള്‍ ഉറച്ചു കല്ലുകളായി. മുമ്പ് മാരുതി പ്രസാദ് യാദവ് പിന്നില്‍ നിന്നു പിടിച്ചപ്പോഴും ഇന്ന് ആ പോലീസ് ഉദ്യോഗസ്ഥന്‍ റൂള്‍ത്തടികൊണ്ടു കുത്തിയപ്പോഴും തോന്നിയ വേദന മാഞ്ഞു. കൊല്ലാനുള്ള ത്വര എന്റെ കൈവിരലുകളില്‍ പതഞ്ഞു. എനിക്കൊരു പുരുഷനെ കൊന്നേതീരൂ എന്ന്  ഞാന്‍ ശാഠ്യത്തോടെ തീരുമാനിച്ചു. എന്റെ കൈവിരലുകളില്‍ അയാളുടെ പ്രാണന്റെ അവസാനപിടപ്പുകള്‍ അനുഭവിച്ചേതീരൂ. മുഴുവന്‍ ലോകത്തിനുമുള്ള എന്റെ സന്ദേശം അതായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. (പുറം 506).

    എന്നാല്‍ മറ്റൊരിടത്ത് അവള്‍ ''ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമാവുക എത് ഇക്കാലത്തു വളരെ ലളിതമായൊരു പ്രവൃത്തിയാണെന്നു’'  സ്വയം കരുതുന്നു. (പുറം 243). അതില്‍ തെല്ല് ഉപഹാസവും കലര്‍ന്നിരിക്കാം. ഇവിടെ ചേതനയില്‍ ഒരു സന്ദിഗ്ദ്ധത പ്രവര്‍ത്തിക്കുന്നുണ്ട്. ഇര എന്ന നിലയുള്ള തന്റെ സ്‌ത്രൈണാവസ്ഥയെ വളരെ സന്ദിഗ്ധമാക്കിക്കൊണ്ടാണ് അവള്‍ കര്‍തൃത്വത്തിലേക്ക് കടന്നു കയറുന്നത്. ചരിത്രത്തെ സമകാലികമായി വ്യാവഹാരിക യുക്തിക്കനുസരിച്ച് ഉപയോഗപ്പെടുത്തുക-അതു വളരെ ലളിതമാണ്- സ്ത്രീശാക്തീകരണത്തിന്റെ ഭരണകൂടയുക്തിക്കനുസരിച്ച് നിന്നുകൊടുത്താല്‍ മാത്രം മതി. പക്ഷേ അതിന്റെ നിര്‍വ്വഹണം അതിനുള്ള കരുത്ത് തന്റെ സ്‌ത്രൈണസ്വത്വത്തില്‍ നിന്ന്, ഇരയുടെ പകയില്‍ നിന്ന് മാത്രമേ നേടാനാവൂ. ഇര എന്ന അവസ്ഥയെ പൂര്‍ണമായും മറികടക്കാതിരിക്കേണ്ടതും ചേതനയുടെ ആവശ്യമാണിവിടെ.

പ്രണയത്തിന്റെ രാഷ്ട്രീയവല്‍ക്കരണം
ആരാച്ചാരിന്റെ പ്രമേയത്തിന്റെ ശക്തമായ അടിയരുകളിലൊന്നായ സ്ത്രീപുരുഷബന്ധത്തിലേക്കാണ് മേല്പറഞ്ഞ വിശദീകരണങ്ങള്‍ ചെന്നുമുട്ടുക. ഥാക്കുമാ മുതല്‍ ചേതനവരെയുള്ളവരുടെ പ്രണയം, അത് ഭാവുകത്വപരമായും (ആഖ്യാനപ്രേമയതലങ്ങളില്‍) മൂല്യസംബന്ധിയായും (ലിംഗബോധത്തിന്റെ വ്യവസ്ഥയില്‍) വലിയ രാഷ്ട്രീയവല്‍ക്കരണം ഈ കൃതിയില്‍ നേടുന്നുണ്ട്. കാല്പനിക പ്രണയത്തിന്റെ സമര്‍പ്പിതഭാവം എന്ന മിഥ്യയെ മുച്ചൂടും തകര്‍ക്കുന്നരീതി നാമിവിടെ കാണുന്നു. പ്രണയം, ആസക്തി, തിരസ്‌കാരം , പക ഇവ ഇടകലരു സ്ത്രീമനസ്സിന്റെ അകത്തളങ്ങളെ ഒട്ടൊരു നാടകീയ കാല്പനികതയിലൂടെ മീരാസാധുവില്‍ മീര മുമ്പു വരച്ചു കാട്ടിയിട്ടുണ്ട്. എങ്കിലും അതിലധികം പ്രണയത്തെ ഒരു അധികാര വ്യവസ്ഥയായി അഴിച്ചുപണിയുന്നതിന്റെ വ്യാപ്തിയും ഊര്‍ജ്ജസ്വലതയും ഈ കൃതിയിലാണ് സാര്‍ത്ഥമാകുന്നത്.
    
പരമ്പരാഗതമായ ആഖ്യാനരീതിയിലുള്ള ഭാവതീവ്രത ഒട്ടും ഉപേക്ഷിക്കാതെ തന്നെയാണ് പ്രണയത്തിന്റെ അപനിര്‍മാണം മീര സാധിയ്ക്കുന്നത്. പ്രണയം, മരണം എന്നത് ഭാവതീവ്രമായ ഒരു ദ്വന്ദ്വമാക്കിത്തന്നെ പലയിടത്തും നിലനിര്‍ത്തുന്നുണ്ട് മീര.
    
''ഭൂമിയില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..'' (പുറം 18) എന്നു  ചേതന ആവര്‍ത്തിച്ചു ബോധ്യപ്പെടുന്നുണ്ട്. ദുപ്പട്ടയുടെ തലപ്പുകൊണ്ട് എപ്പോഴും കുടുക്കുകള്‍ തീര്‍ക്കുന്ന മല്ലിക് സ്ത്രീകള്‍... മരണവും പ്രണയവും ഒന്നാണെന്നു സ്ഥാപിക്കുന്ന ആ ശരീരഭാഷ ചേതനയ്ക്കും സ്വായത്തമായിരുന്നു.
    ഒരു നോവല്‍ സന്ദര്‍ഭം:
    ''അവന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും'' അച്ഛന് തെറ്റിപ്പോയി. അയാള്‍ മരിക്കേണ്ടത് എന്റെ കൈകൊണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് അയാളോട് ആ നിമിഷം ത ന്നെ ആകര്‍ഷണം അനുഭവപ്പെടുത്. നല്ല ഉയരം, സമൃദ്ധമായ കോലന്‍ മുടിയും നീണ്ടുയര്‍ന്ന മൂക്കും അയാളുടെ പ്രത്യേകതകളായിരുന്നു. ആ സമയത്ത് അയാളോട് എനിക്ക് തോന്നിയ വികാരത്തെയാണ് ജനങ്ങള്‍ പ്രണയം എന്നു വിളിച്ചിരുതെന്ന്  ബോധ്യം വരാന്‍ പിന്നെയും ഏറെക്കാലമെടുത്തു. കഴുത്തിലെ മൂന്നും  നാലും കശേരുക്കള്‍ക്കിടയില്‍ ഉറപ്പിച്ച കൂടുക്കുപോലെയായിരുന്നു  ഞങ്ങളുടെയെല്ലാം പ്രണയങ്ങള്‍. കുടുക്ക് ഒന്നുകില്‍ മുറുകി, ആള്‍ മരിച്ചു. ഇല്ലെങ്കില്‍ കയര്‍പൊട്ടി ആള്‍ രക്ഷപ്പെട്ടു. പക്ഷേ കയര്‍ പൊട്ടിച്ചവര്‍ക്കും കഴുത്തില്‍ നി്ന്ന്  കുടുക്ക് ഒരിക്കലും ഊരിക്കളയാന്‍ സാധിച്ചില്ല. രാധാരമ മല്ലിക്കിനെ വിവാഹം കഴിച്ച ചിന്മയീദേവിയെപ്പോലെ ഞങ്ങള്‍ ആ ജീവനാന്തം ശ്വാസം മുട്ടി പിടഞ്ഞു.'' (പുറം 28)
    താന്‍ ഒരേസമയം സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യു പുരുഷന്‍ ചേതനയെ മറ്റൊരാളാക്കിമാറ്റി. എന്താണു സ്‌നേഹം? ചേതന എപ്പോഴും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു ,കയ്‌പോടെ. ശരീരത്തില്‍ സ്പര്‍ശിക്കാതെതന്നെ വാക്കുകള്‍കൊണ്ട് കുത്തിത്തുളച്ചതിന്റെ  അപമാനം അവളെ എക്കാലവും എരിയിച്ചു, മുറിപ്പെടുത്തി. 'നിന്നെഒരിക്കലെങ്കിലും എനിക്കൊന്ന് അനുഭവിക്കണ''മെന്ന  അയാളുടെ വാക്കുകള്‍ താന്‍ നടപ്പാക്കിയ വധശിക്ഷയ്ക്കുശേഷമുള്ള ടി.വി.ഷോയുടെ പ്രത്യേക മുഹൂര്‍ത്തത്തില്‍ സെറ്റു ചെയ്ത തൂക്കു മരത്തിനും കുടുക്കിനുമിടയില്‍ അയാളെ നിര്‍ത്തി അവളതു തിരികെ കൊടുത്തു. നിങ്ങളെ ഒരിക്കലെങ്കിലും എനിക്കൊന്ന് അനുഭവിക്കണം. പുരുഷനെപ്പോലെ രഹസ്യമായല്ല, ഒരു ടി.വി.ചാനല്‍ ഷോയുടെ പരസ്യാത്മകതയെ ആവോളം ഉപയോഗിച്ചുകൊണ്ട്, അകം പുറം തിളച്ചു മറിഞ്ഞുകൊണ്ട്,  ആസുരവും മാന്ത്രികവുമായി അവളതു നിര്‍വഹിക്കുന്നു. 
    
സ്ത്രീപുരുഷബന്ധത്തിനുള്ളിലെ ശാരീരികലൈംഗികതയ്ക്കപ്പുറം സ്‌നേഹം എന്നൊന്ന് ഇല്ലേ എന്ന് മീരയുടെ സ്ത്രീകളെല്ലാം നിസ്സഹായരായി വിളിച്ചുചോദിയ്ക്കുന്നു. മാധവിക്കുട്ടി മുതല്‍ സിതാര വരെയുള്ളവരുടെ രചനയിലെ സ്ത്രീകള്‍  ആത്മാര്‍ത്ഥമായി ഉപയോഗിച്ചതെങ്കിലും പഴകിയ തേഞ്ഞ ആ വാക്ക് കടുത്ത വേദനയോടെ, ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ നീറ്റല്‍ ഊതിയാറ്റുമ്പോലെ മീര എടുത്തെഴുതുന്ന  സന്ദര്‍ഭങ്ങള്‍ വളരെയുണ്ട് ഈ നോവലില്‍. സാമാന്യവല്‍ക്കരണംകൊണ്ട് അരാഷ്ട്രീയമായിത്തീര്‍ സ്‌നേഹം എന്ന വാക്ക് ഇവിടെ വളരെ മര്‍മപ്രധാനമാണ്. സാധാരണമായ ഒരുവാക്ക് എങ്കിലും അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അതു കടുവരുന്നു. ശരീര, ലൈംഗിക സംബന്ധമായ പുരുഷാധിപത്യക്രമത്തില്‍ ഈ വാക്ക് ഇടം കിട്ടാതെ പൊള്ളുകയാണ്. സ്‌നേഹം എന്ന വാക്കിന് സാധാരണ നാം കാല്‍പനിക വ്യവഹാരങ്ങളില്‍ കല്‍പ്പിക്കുന്ന  ആത്മനിഷ്ഠ വൈകാരികതയുടെ തലം , അത്തരം ആഖ്യാനങ്ങളില്‍ ഊറിക്കൂടുന്ന  ഭാവൈക്യം ഒക്കെ  കാമത്തിന്റെയും ക്രൗര്യത്തിന്റെയും ലാഭേഛയുടെയും ഇടപെടലുകള്‍ പരോക്ഷമായി പൊളിച്ചുകളയുകയാണ്. ഇവിടെ സ്‌നേഹം തികച്ചും ഒരു അസാധ്യത കൂടിയാണ്. ചേതനയില്‍  മാത്രം നിസ്സഹായമായി സംഭവിച്ചുപോകുന്ന  ഒന്നാണത് . അതിന്റെ ഏകപക്ഷീയത കൊണ്ടുതന്നെ ആ പരിചിതമായ ഭാവൈക്യത്തിന്റെ തുടര്‍ച്ച അവള്‍ക്ക് സഞ്ജീവില്‍ കണ്ടെത്താനാവുന്നില്ല.

    ''ദാദു ഥാക്കുമായെ സ്‌നേഹിച്ചിരുില്ലേ?'' ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ഥാക്കുമാ ചിരിച്ചു.
    ''പുരുഷന്റെ സ്‌നേഹവും സ്ത്രീയുടെ സ്‌നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുവളെ മാത്രമേ പുരുഷനു സ്‌നേഹിക്കാന്‍ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുവനെയും സ്‌നേഹിക്കാന്‍ കഴിയും.'' (പുറം 140)

മാധ്യമവിപണിയും സ്ത്രീപക്ഷ ഏജന്‍സികളും
  പ്രണയത്തിന്റെ വൈകാരിക/ആവിഷ്‌കാര പ്രതിസന്ധിപോലെത്തന്നെ സമകാലിക മാധ്യമവിപണിയുടെ ദുരയും മനുഷ്യപറ്റില്ലായ്മയും ഈ നോവലില്‍ കൃത്യമായി അടയാളപ്പെടുന്നുണ്ട്. എന്തും ഏതു ഹൃദയശൂന്യതയും വാര്‍ത്തയും പരിപാടിയുമാക്കി തങ്ങളുടെ റേറ്റിംഗ് കൂട്ടുക. അതിനായി ഏതറ്റം വരെയും തരം താഴുക എന്നത് സഞ്ജീവ്കുമാര്‍ മിത്രയിലൂടെതന്നെവെളിവാകുന്നുണ്ട്. ബ്യൂറോക്രസിയുടെയും അഴിമതിയുടേയും അനുബന്ധഘടകം എന്ന നിലക്കാണ് മാധ്യമങ്ങളുടെ അധാര്‍മികതയും കടന്നുവരുന്നത്. വധശിക്ഷയ്ക്കു സ്റ്റേ വന്നതു മുതല്‍ രാമുദാ മരിച്ചിട്ടുപോലും ചേതനയോട് അവഗണന മാത്രം വച്ചു പുലര്‍ത്തിയ സഞ്ജീവ്കുമാര്‍ വീണ്ടും വധശിക്ഷ സംബന്ധിച്ച പരിപാടി ഷൂട്ടു ചെയ്യാനായി ചേതനയെ നിര്‍ബ്ബന്ധിക്കുന്നു, വിവാഹാഭ്യര്‍ത്ഥന ഉറപ്പിക്കുന്നു.
    
ഒരു കൃതി ഒരേ സമയം വൈകാരികമായിരിക്കുകയും ഒപ്പം സമകാലികമായിരിക്കുകയും ചെയ്യുക എത് പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായി വെല്ലുവിളി തന്നെയാണ്.  ആ വെല്ലുവിളിയെ ആവും വിധം നേരിട്ടുകൊണ്ടാണ് മീരയുടെ ആഖ്യാനം നീങ്ങുന്നത്. 'പൊളിറ്റിക്കലി കറക്റ്റ്' എന്ന് ചേതനയുടെ അച്ഛന്‍ ശുദ്ധാമല്ലിക് ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കു വാക്കുകളുടെ യഥാര്‍ത്ഥത്തിലുള്ള ആന്തരദാര്‍ഢ്യം ഈ കൃതിയുടെ രാഷ്ട്രീയമാനങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പുരുഷാധിപത്യവ്യവവസ്ഥയും ഭരണകൂട അധികാരകേന്ദ്രങ്ങളും ഉദ്യേഗസ്ഥ ദുഷ്പ്രഭുത്വവും ഇഴുകിച്ചേര്‍്ന്ന് എത്രമാത്രം സ്ത്രീയുടെ സാമൂഹ്യജീവിതത്തെയും വൈകാരികസ്വത്വത്തെയും മലിനീകരിക്കുന്നുവെന്ന്  ഈ കൃതി വ്യക്തമായും തിരിച്ചറിയുന്നു. എന്നല്‍ അവയെക്കുറിച്ചുള്ള ഉച്ചഭാഷണം ഇവിടെയില്ല താനും. അവയുടെ പൊള്ളയായ ഘോഷണങ്ങളുടെ  വ്യര്‍ത്ഥതയെക്കുറിച്ചുള്ള ജാഗ്രത തയൊണ്, സ്ത്രീപക്ഷപ്രവര്‍ത്തനത്തിന്റെ പേരില്‍ ചേതനയെ സന്ദര്‍ശിക്കുന്ന ഫെമിനിസ്റ്റുകളെ ചിത്രീകരിയ്ക്കുന്നിടത്ത് പ്രവര്‍ത്തിക്കുന്നതും. വധശിക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ ഉത്തരം മുട്ടുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ട്. സ്ത്രീപക്ഷപ്രസ്ഥാനങ്ങളെ സംബന്ധിച്ച വാര്‍പ്പു മാതൃകകളാണിവിടെ അവതരിപ്പിക്കപ്പെടുന്നത്. ഋജുവായ രാഷ്ട്രീയ യുക്തിക്കകത്ത് സ്വന്തം പ്രതിസന്ധികള്‍ മൂടിവെച്ച് വായാടിത്തം കൊണ്ടു പിടിച്ചു നില്ക്കുന്നവര്‍ തന്നെയാണിവിടെയും. തങ്ങളുടെ ഇമേജിനു ചേരുന്ന വണ്ണം അലങ്കാരങ്ങള്‍ അണിഞ്ഞ്, വിലകൂടിയ പരുത്തിവസ്ത്രങ്ങള്‍ ധരിച്ച അവരോട് ചേതനയ്ക്കു തോന്നുന്ന അകല്‍ച്ചയും അരുചിയും ചൂണ്ടിക്കാണിക്കുന്നത് പോരാട്ടത്തില്‍ ഏജന്‍സികളില്ല, ആവശ്യവുമില്ല എന്നതു തന്നെയാണ്.
    
ഇന്ത്യന്‍ ഗ്രാമങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും യാഥാര്‍ത്ഥ്യങ്ങളിലേക്ക് തുറന്നുപിടിച്ച സൂക്ഷ്മാഖ്യാനങ്ങള്‍കൂടി ചേരുമ്പോള്‍ ഇത് വേറിട്ട ഒരു ഇന്ത്യന്‍  നോവലായിത്തീരുന്നു. എന്നാല്‍ മുമ്പ് ആനന്ദും വിജയനും മുകുന്ദനും എഴുതിയ, ഒട്ടൊക്കെ ദാര്‍ശനികമായ ആധുനികനോവലുകളിലെ ഇന്ത്യന്‍ അവസ്ഥകളെക്കാള്‍ ചലനാത്മകവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണ് ഈ കൃതി.  ദാരിദ്ര്യം, പട്ടിണി, ജാതിവിവേചനം, തൊഴിലില്ലായ്മ, ഉച്ചനിമ്‌നവര്‍ഗങ്ങള്‍ക്കിടയിലെ അകലം, ഒരേ വര്‍ഗങ്ങള്‍ക്കിടയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന വരേണ്യതയുടെയും കീഴായ്മയുടെയും സൂക്ഷ്മസീമകള്‍, കുടിയിറക്കലുകള്‍ മുതലാളിത്തത്തിന്റെയും മാധ്യമങ്ങളുടെയും വഞ്ചനാപരമായ കരുനീക്കങ്ങള്‍, ബ്യൂറോക്രസി, അഴിമതി, എന്നിങ്ങനെയുള്ള സമകാലിക ഇന്ത്യന്‍ ചരിത്രത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം ഈ നോവലില്‍ പതിഞ്ഞു കിടപ്പുണ്ട്, വഞ്ചനയുടെ ഒരു കൈപ്പടമായി. ഒരു സ്ത്രീയിലൂടെ- അധികാരത്തിന്റെ ഏറ്റവും താഴ് ന്ന ശ്രേണിയില്‍ ചവിട്ടിമെതിക്കപ്പെട്ടവളുടെ ജീവിതത്തിലൂടെ- ഇവയെല്ലാം ആഴത്തില്‍ അനാവൃതമാകുന്നു. ഒരുപക്ഷെ ആള്‍ക്കൂട്ടത്തിലെ രാധയേക്കാള്‍ പൗരത്വത്തിനും കര്‍തൃത്വത്തിനുമുള്ള ആകാംക്ഷകള്‍ പുലരുന്നത് ചേതനയില്‍ തന്നെ.  അവളിലെ  ആധികാരികതയ്ക്ക് ഒരു സമാന്തരത/താരതമ്യം തേടണമെങ്കില്‍ത്തന്നെ   മഹാശ്വേതാദേവിയുടെ ദ്രൗപദിയിലാണ് കുറച്ചെങ്കിലും അതുള്ളത്. 
    
ശിക്ഷ നടപ്പിലാക്കുതിലൂടെ തനിക്കു ലഭിച്ച ജനകീയപ്രശസ്തിയും മാധ്യമശ്രദ്ധയും നിമിഷങ്ങള്‍കൊണ്ട് തന്റെ യാഥാര്‍ത്ഥ്യത്തെ പൂരിപ്പിക്കാനെവണ്ണം അവള്‍ തകര്‍ത്തെറിയുന്നു. വധശിക്ഷയ്ക്കുശേഷമുള്ള ടി.വി.ഷോയില്‍ അവള്‍ സഞ്ജീവ്കുമാറിന്റെ കഴുത്തില്‍ കുരുക്കു മുറുക്കുമ്പോള്‍ നീതി ഒരു ഭരണകൂട പൊങ്ങച്ചത്തിനപ്പുറം അതിന്റെ ആത്യന്തികത തേടുന്നു. രാജാഅമരിയുടെ ടുണീഷ്യന്‍ ചിത്രം  ബറീഡ് സീക്രറ്റ്‌സിന്റെ ഞെട്ടിപ്പിക്കുന്ന  അവസാനരംഗം-ലേശം മന്ദബുദ്ധിയായ ഇളയമകള്‍ അയിഷ, മമ്മയെയും മൂത്തസഹോദരിയെയും കൊന്ന  ശേഷം പുറംലോകത്തേക്ക് കൂസലില്ലാതെ തൂവെള്ള നീളന്‍ ഉടുപ്പില്‍  പുരണ്ട ചോരയുമായി അതുവരെ വിലക്കപ്പെട്ട പുറം ലോകത്തേക്ക് കൂസലില്ലാതെ നടന്നു നീങ്ങുന്ന ദൃശ്യം-അതോര്‍മിപ്പിക്കുന്നു.  ആഗ്രഹനിഷേധവും വിലക്കുകളും അവളെയും സ്വത്വഛേദം നടത്തിയിരുന്നു .   നോവലിന്റെ ക്ലൈമാക്‌സ് എന്ന  നിലയില്‍ അതിന്റെ ഹരം പിടിപ്പിക്കു നാടകീയമായ ജനപ്രിയത എന്തുമാകട്ടെ, ഉന്നയിക്കപ്പെടുത് സ്ത്രീപ്രശ്‌നം തന്നെയാണിവിടെ, ആദ്യന്തം.  നന്ദി, മീര.

Friday, October 18, 2013

അമ്മമാര്‍ അറിയാത്തത്

പുസ്തകം : അമ്മമാര്‍ അറിയാത്തത്
രചയിതാവ് : കെ..ബീന
പ്രസാധകര്‍ : പിയാനോ പുബ്ലിക്കേഷന്‍സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍




തു പ്രായത്തിലും സ്ത്രീ അമ്മയും സ്നേഹവുമാണ്. മകളും ചിറ്റയും അമ്മായിയും സുഹൃത്തുമൊക്കെ പല നിമിഷങ്ങളിലുംഅമ്മയായിമാറിയ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഏറെ പറയാനുണ്ടാവും. സ്നേഹിക്കാനുള്ള സ്ത്രീയുടെ അപരിമേയമായ കഴിവാണ് അവളുടെ ജീവസത്ത. പുസ്തകം കയ്യിലെടുത്താല്‍ നിങ്ങള്‍ അതിലെ അവസാനത്തെ വരികള്‍ ആദ്യം വായിക്കുക. എഴുത്തുകാരി എന്ന നിലയില്‍, സുഹൃത്ത് എന്ന നിലയില്‍, സ്നേഹിക്കാനുള്ള ഇവളുടേയും അപരിമേയമായ കഴിവിനേയും ശക്തിയേയും തിരിച്ചറിയുക. കെ.. ബീനയെന്ന സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരിയെ സൃഷ്ടിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ശ്രീമതി സി. എസ്. സുജാത, ബീനയുടെ മറ്റൊരു പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞത് ഇവിടെയും പ്രസക്തം. സാമൂഹത്തിന്റെ ഇന്നത്തെ സന്നിഗ്ധാവസ്ഥയില്‍, പ്രതിബദ്ധതയുള്ള മനസ്സ് അതിന്റെ പ്രഷര്‍വാല്‍‌വ് തുറന്നുവിടുന്നതാണ് സ്ത്രീപക്ഷചിന്തയുടെതായ പുസ്തകം.

ലേഖനങ്ങളെല്ലാം ദേശാഭിമാനിപത്രത്തില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. “ അമ്മമാര്‍ അറിയാത്തത്എന്നാണ് പുസ്തകത്തിന് ബീന നല്‍കിയ പേരെങ്കിലുംസ്വപ്നങ്ങള്‍ കാണണംഎന്ന അവസാനത്തെ ലേഖനമാണ് പുസ്തകത്തിന്റെ ഊര്‍ജ്ജം. ( അമ്മമാര്‍ അറിയാത്തത് , കെ.. ബീന , പിയാനോ പുബ്ലിക്കേഷന്‍സ് , വില 60 രൂപാ.) പ്രതീക്ഷയാണ് ജീവിതത്തിന്റെ രസതന്ത്രം എന്നു പറയുന്നതാണ് എഴുത്തുകാരിയുടെ ജീവിതവീക്ഷണം. അതു നാം ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍, പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ കേരളനാട് ഇന്നെത്തിനില്‍ക്കുന്ന രാക്ഷസീയതയില്‍ മനംനൊന്ത് പരിഹാരമില്ലാത്ത അസ്വാസ്ഥ്യം നമ്മെയും പിടികൂടും.

കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാട്എന്ന ലേഖനത്തില്‍ തുടങ്ങി 33 ലഘുലേഖനങ്ങളിലായി , നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരതകളുടെ ഭയാനകചിത്രം വരച്ചുകാട്ടുന്നതോടൊപ്പം, നമുക്ക് ഇതിനായി എന്തുചെയ്യാന്‍ പറ്റുമെന്ന് ഒരു ചോദ്യം കൂടി ബാക്കി വക്കുന്നു, ബീന. ഈയടുത്ത ദിവസം സൌമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയാത്രക്കിടയില്‍ സഹയാത്രികനില്‍നിന്നും പീഢനമേറ്റുവാങ്ങി മരണം വരിക്കേണ്ടിവന്ന സാഹചര്യമാണ് കേരളത്തിലെ യാത്രയിലെ സുരക്ഷിതത്വം. യാത്രാവിവരണങ്ങളെഴുതി ചിരപ്രതിഷ്ഠനേടിയ ബീന, യാത്രക്കിടയില്‍, പൊതുവഴിയില്‍, അഭിമാനത്തോടെ നടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിനെപ്പറ്റിയും, പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്തുവിടാനാവാത്ത അവസ്ഥയെപ്പറ്റിയും ഇതില്‍ ഉത്കണ്ഠപ്പെടുന്നു.

നമ്മുടെ നാട്ടില്‍ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങല്‍ക്ക് ഇരയാവുന്നു.അദ്ധ്യാപകരില്‍നിന്ന്, ബന്ധുക്കളില്‍ നിന്ന്, പൊതുസ്ഥലങ്ങളില്‍ നിന്ന് - ഓരോ കുഞ്ഞുശരീരവും പീഢനങ്ങള്‍ എറ്റുവാങ്ങുന്നു. ഭൌതികതയും ഉപഭോഗ സംസ്ക്കാരവും അടിമകളാക്കി മാറ്റിയ ഒരു സമൂഹത്തിലെ കുഞ്ഞുങ്ങള്‍ നേരിടേണ്ടിവരുന്ന ദുര്യോഗമാണിത്. എന്തേ അമ്മമാര്‍ ഇതൊന്നും അറിയാത്തത്? ബീന തന്നെ ഉത്തരവും തരുന്നു. സ്നേഹം നഷ്ടപ്പെട്ടുപോയ നമ്മുടെ സമൂഹത്തിന് ഇതെല്ലാം സംഭവിക്കുന്നു. പത്രം വായിക്കാതിരുന്നെങ്കില്‍, ടെലിവിഷന്‍ കാണാതിരുന്നെങ്കില്‍ എന്ന് ഓരോ അമ്മയും ആഗ്രഹിച്ചുപോകും. വാര്‍ത്തകള്‍ അത്രക്ക് ഭീതിദവും കരാളവുമായി മാറിക്കൊണ്ടീരിക്കുന്നു. ബീന അസമില്‍ താമസിച്ചിരുന്ന കാലത്ത് അവി‍ടുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. പത്തുവയസ്സുകാരിയെ ബലാത്സഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുനടത്തുന്ന ബന്ദിന് അവിടത്തെ സ്ത്രീ സംഘടനകളായിരുന്നു ആഹ്വാനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം വേണമെന്ന മുദ്രാവാക്യം അസം ജനത മുഴുവനും ഏറ്റെടുത്തു. ഇവിടെ കൊലചെയ്യപ്പെടുന്ന ഷഹാനമാര്‍ക്കുവേണ്ടീ സ്ത്രീകള്‍ ബന്ദു പ്രഖ്യാപിച്ചാല്‍ അതേറ്റെടുക്കാന്‍ എത്രപേര്‍ കൂടെയുണ്ടാവുമെന്ന് ബീന ചോദിക്കുന്നു.

വീടെവിടെയാണ് എന്ന ചോദ്യത്തിന് ഒരു കുട്ടി നല്‍കിയ മറുപടി അമ്മ ഉള്ള സ്ഥലം എന്നായിരുന്നു. അമ്മയാണ് കുട്ടിക്ക് വീട്. ഒരോ മനുഷ്യനും അമ്മ വ്യക്തിപരമായ ഒരു വികാരമാണ്. അതോ, അമ്മയെന്നാല്‍ സ്നേഹമായതുകൊണ്ട് തോന്നുന്നതാണോ? പ്രപഞ്ചമാ‍കെ നിറയുന്ന കരുതലിന്റെ സാന്നിദ്ധ്യമാണ് അമ്മ. ഓരോ വ്യക്തിയിലും അതുണ്ട്. സ്നേഹം പങ്കുവയ്ക്കുമ്പോള്‍ ഒരാള്‍ മറ്റേയാളിന് ഭാവം പകര്‍ന്നു നല്‍കുന്നു. പുസ്തകത്തിന്റെ സന്ദേശം ലേഖനമാണ്.
അമ്മയുടെ പരാജയമായണ് നമ്മുടെ സമൂഹത്തിന്റെ പരാജയം എന്ന് തോന്നിപ്പോകുന്നു. പഴയ അമ്മമാര്‍ മക്കളെ വെട്ടിപ്പിടിക്കാന്‍ പഠിപ്പിച്ചിരുന്നവരല്ല. നിറയെ സ്നേഹത്തോടെ സ്വന്തം മക്കള്‍ക്കൊപ്പം അന്യരെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിവുള്ള വലിയ മനസ്സുള്ളവരായിരുന്നു ഏറെയും. “ ബീന നിരീക്ഷിക്കുന്നു. “ ചെറിയ പ്രായം മുതല്‍ കുട്ടിയെ മത്സരിക്കാന്‍ പഠിപ്പിക്കുന്നവരാണ് ഇന്നത്തെ ഏറെ അമ്മമാരും. തന്നേക്കാള്‍ മാര്‍ക്കു വാങ്ങുന്ന കൂട്ടുകാരനോട് ശത്രുതാമനോഭാവമാണ് വേണ്ടത് എന്ന ബാലപാഠം കുട്ടിക്ക് നല്‍കുന്ന അമ്മമാരെ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തില്‍ മത്സരിക്കാനും വിജയിക്കാനും അന്യനെ വെറുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊടുക്കാനറിയാത്ത അമ്മമ്മാര്‍ വളര്‍ത്തുന്ന കുട്ടികള്‍ക്ക് ദൃഢമായ സൌഹൃദബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ടാവുകയില്ല. സ്നേഹിക്കാന്‍ അറിയാത്തവന് സ്നേഹം ലഭിക്കുക ബുദ്ധിമുട്ടാണ്.”

സ്നേഹം നല്‍കുന്നതുപോലെ തന്നെ സ്നേഹമാഗ്രഹിക്കുന്നവളുമാണ് സ്ത്രീ.അതുകൊണ്ടാണ് സ്നേഹത്തിന്റേയും ആദര്‍ശത്തിന്റേയും ചതിക്കുഴിയില്‍ പെട്ട് , ആത്മഹത്യക്കു ശ്രമിച്ച് അവസാനം ഭ്രാന്താശുപത്രിയില്‍ എത്തപ്പെട്ട ലക്ഷ്മിയുടേയും ദാമ്പത്യത്തിന്റെ പീഢനങ്ങള്‍ സ്വയം സഹിച്ച് മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ തീരുമാ‍നിച്ച മറ്റൊരു സ്ത്രീയുടേയും കഥ വിവരിക്കേണ്ടീ വരുന്നത്. ഭര്‍ത്താക്കന്‍മാരില്‍ നിന്നും എച്. . വി.അണുബാധ പകര്‍ന്നുകിട്ടിയ രണ്ടു സ്ത്രീകളുടെ കഥയും എല്ലാവര്‍ക്കും പ്രതീക്ഷ പകര്‍ന്നുനല്‍കും. മരണത്തെ മുന്നില്‍ കണ്ടിട്ടും സാമൂഹ്യപ്രവര്‍ത്തനത്തിന് സന്മനസ്സുകാട്ടുന്ന ഉല്ലാസവതികളായ മിടുക്കികള്‍.

ഇക്കാലത്ത് വിവാഹങ്ങളക്കാള്‍ കൂടൂതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതിനെപ്പറ്റിയും പൊന്നില്‍ കുളിപ്പിച്ച് വധുവിനെ കല്യാണത്തിന് അണിയിച്ചൊരുക്കുന്നതിനെപ്പറ്റിയും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വര്‍ണപ്പണ്ടങ്ങള്‍ അണിഞ്ഞു എന്നുവച്ച് ഏതെങ്കിലും പെണ്‍കുട്ടിയുടെ വിവാഹജീവിതം സുരക്ഷിതമായതായി അറിവില്ല. പരസ്യക്കാരും കച്ചവടക്കാരും സ്വര്‍ണ്ണക്കടക്കാരും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ വിഡ്ഢികളാക്കി വച്ചിരിക്കുന്നു. ഇലക്ഷന്‍ നടത്തുമ്പോള്‍ ചെലവിന് പരിധി വച്ചിരിക്കുന്നതുപോലെ, വിവാഹധൂര്‍ത്തിനും പരിധിവക്കണമെന്ന് ബീന നിര്‍ദ്ദേശിക്കുന്നു.

സ്ത്രീയും പുരുഷനും -പ്രകൃതി പരസ്പ്പരപൂരകങ്ങളാകാന്‍ സൃഷ്ടിച്ചതാണ്. ഒന്നു മറ്റൊന്നിനെക്കാള്‍ ചെറുതോ വലുതോ അല്ലാതെ അന്യോന്യം പൂരകങ്ങള്‍ ആകേണ്ടവര്‍. പക്ഷേ ഇവിടെ ജീവിത യാത്രയില്‍ വണ്ടി ഒറ്റച്ചക്രത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ലോകമാകെത്തന്നെ ഒറ്റച്ചക്രത്തില്‍ വണ്ടി ഓടുന്നതിന്റെ തിക്തഫലങ്ങള്‍ അറിയുന്നുണ്ട്. ഒരു ചക്രം ഊരിമാറ്റി വീടിനുള്ളില്‍ വക്കാന്‍ ശ്രമിച്ച് വണ്ടി ഓടിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത് ജീവിതം തന്നെയാണ്. സ്ത്രീ സഹജമായ വികാരവിചാരങ്ങളും നിലപാടുകളുമില്ലാതെ നീങ്ങുന്ന ലോകത്ത് പുരുഷസഹജമായ അക്രമവാസനകളും താന്‍പോരിമകളും യുദ്ധങ്ങളുമല്ലാതെ മറ്റെന്താണ് പ്രാമുഖ്യം നേടുക? ഭൂമിക്ക് പൊള്ളുമ്പോള്‍, നദിക്ക് ദാഹിക്കുമ്പോള്‍, കാട് കരയുമ്പോള്‍, പെണ്ണിന് നോവുമ്പോള്‍ ഇരുട്ടില്‍നിന്ന് ചാടി വീണ്അരുത്എന്ന് ഉറക്കെ പറയാന്‍ പലപ്പോഴും സ്ത്രീയേ ഉണ്ടാകാറുള്ളൂ. പ്രകൃതിക്കുവേണ്ടി മുറവിളികൂട്ടുന്നവരുടെ കണക്ക് എടുത്താല്‍ പലപ്പോഴും സ്ത്രീക്ക് മുന്‍‌തൂക്കമേയുള്ളൂനിരവധി പ്രതിസന്ധികള്‍ക്കു ശേഷവും ഇനിയും പാര്‍ളിമെന്റു പാസ്സാക്കിയിട്ടില്ലാത്ത വനിതാ സംവരണബില്ലിന്റെ പശ്ചാത്തലത്തിലാണ് ബീനയുടെ ഇപ്പറഞ്ഞ ചിന്തകള്‍.

ഒരുപാട് ഊര്‍ജ്ജ വാഹികളായ ശുഭചിന്തകള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ശ്രീ. ജോര്‍ജ്ജ് ഓണക്കൂറാണ്. നല്ല ചിന്തകള്‍, നല്ല സുഹൃത്തുക്കള്‍, നല്ല പുസ്തകങ്ങള്‍ - ഇവയൊക്കെയാണ് മനസ്സിന്റെ ശക്തിസ്രോതസ്സുകള്‍. ആത്മവിശ്വാസമാണ് അതിലും അപാരമായ ശക്തിസ്രോതസ്സ്. ബീഥോവന്റെ കഥ വിവരിച്ചുകൊണ്ട് ആത്മവിശ്വാസത്തിന്റെ ശക്തിയെ വരച്ചുകാട്ടുന്നു. നല്ല നാളെക്കുള്ള ചൂണ്ടുപലകയാവട്ടെ രചന.

Monday, October 14, 2013

I Am Nujood Age 10 Divorced

പുസ്തകം : I Am Nujood Age 10 Divorced
രചയിതാവ് : നുജൂദ് അലി / തയ്യാറാക്കിയത് : ഡെല്‍ഫിന്‍ മിനോയി
പ്രസാധകര്‍ :
അവലോകനം : മൈന ഉമൈബാന്‍



പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു. ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്. അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു. പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല.. ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു. അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു.

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.

കുറച്ചു ദിവസം മുമ്പ് വന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി കൂടി ഇവിടെ കൂട്ടി വായിക്കാമെന്നു തോന്നുന്നു. ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്. അത് നീതികരിക്കാനാവുമോ?
ഇന്ത്യയിലെ പൗരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടതെന്നും അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല എന്നും ആഗ്രഹിക്കുന്നു.

അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല. പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ.. രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.

നുജൂദിന്റെ ഉമ്മ 16 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അബ്ബയ്ക്ക് വലിയൊരു കുടുംബത്തെപ്പോറ്റാനുള്ള കഴിവുണ്ടായിരുന്നില്ല. കുട്ടികള്‍ പിച്ചതെണ്ടി നടന്നു. ഒന്നുരണ്ടുവട്ടം നുജൂദും. അബ്ബ ഖാട്ടും ചവച്ച് തെരുവില്‍ രസമായിരുന്നൊരു ദിവസം ഒരാള്‍ വന്നു ചോദിച്ചു' നമ്മുടെ രണ്ടു കുടുംബങ്ങളും തമ്മില്‍ ബന്ധപ്പെടണമെന്നാണെന്റെ ആഗ്രഹം' അബ്ബ നിമിഷം സമ്മതം മൂളി. പതിമൂന്നുവയസ്സില്‍ ബലാത്സംഗത്തിലൂടെ മാനം നിലനിര്‍ത്താന്‍ വിവാഹം കഴിക്കേണ്ടി വന്ന നൂജൂദിന്റെ ചേച്ചി മോന അബ്ബയോട് കയര്‍ത്തു. അവള്‍ തീരെ ചെറുപ്പമാണെന്നു പറഞ്ഞ്... പ്രവാചകന്‍ ഐഷയെ വിവാഹം ചെയ്യുമ്പോള്‍ അവള്‍ക്ക് വയസ്സ് ഒമ്പതേ ആയിരുന്നുവുള്ളു എന്നാണ് അബ്ബ ന്യായം പറഞ്ഞത്. വിവാഹമെന്നാല്‍ നുജൂദ് ആഘോഷമാണെന്നു മാത്രമേ അറിഞ്ഞുള്ളു. കൈ നിറയെ മൈലാഞ്ചി... സനാനയിലെ തെരുവിലൂടെ പോകുമ്പോള്‍ ചില്ലിട്ട കടകളില്‍ കണ്ട വെളുത്ത വിവാഹവസ്ത്രം... പക്ഷേ, അതുപോലുമവള്‍ക്ക് കിട്ടിയില്ല. ഭര്‍തൃസഹോദരന്റെ ഭാര്യയുടെ വിയര്‍പ്പു നാറുന്ന കുപ്പായമായിരുന്നു അവള്‍ക്കു കിട്ടിയത് . അത് അവളേയും കവിഞ്ഞു കിടന്നു. ഉമ്മയ്ക്ക് ഒരക്ഷരം പോലും എതിര്‍ത്തു പറയാനുള്ളു അവകാശമില്ലായിരുന്നു. വിധിപോലെ വരട്ടെ എന്ന വിധേയത്വമായിരുന്നു അവരുടെ മുഖത്ത്. എന്നിട്ടും അവര്‍ നുജൂദിന്റെ പ്രായത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. ഋതുമതിയായ ശേഷം മാത്രമേ അവന്‍ അവളേ തൊടൂ എന്ന് വാക്ക് തന്നിട്ടുണ്ടെന്ന് അബ്ബ ഉമ്മയോട് പറഞ്ഞു.

പക്ഷേ, ആദ്യരാത്രിയിലെ ക്രൂരമായ ബലാത്സംഗം... രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞിട്ട് ആരും വന്നില്ല. എപ്പോഴോ ബോധം പോയിരുന്നു. അമ്മായിയമ്മയും ഭര്‍തൃസഹോദര ഭാര്യയും കൂടി നഗ്‌നയായിക്കിടന്നിരുന്ന അവളെ തട്ടിവിളിച്ചുണര്‍ത്തി. മെത്തയില്‍ ഇത്തിരി രക്തം. അവര്‍ 'അഭിനന്ദനങ്ങള്‍' എന്നു പറഞ്ഞ് അവളെ ഒരു ചാക്കുകെട്ടന്നോണം പൊക്കിയെടുത്തുകൊണ്ടുപോയി കുളിമുറിയിലിരുത്തി തണുത്തവെള്ളം കോരിയൊഴിച്ചു. അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നു... 'അഭിനന്ദനങ്ങള്‍'...!

സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. അമ്മായിയമ്മയും ഭര്‍ത്താവും അവളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. എങ്ങനെയും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്... രണ്ടുദിവസത്തേക്ക് വീട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടിയപ്പോള്‍ അവള്‍ ആഹ്ലാദിച്ചു. അബ്ബയോടവള്‍ മടങ്ങിപ്പോകില്ല എന്നു പറഞ്ഞിട്ട് ഒരു കുലുക്കവുമുണ്ടായില്ല. ഉമ്മ ഇതാണ് ജീവിതമെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നു തോന്നിയ അവള്‍ അവസാനത്തെ രക്ഷയ്‌ക്കെത്തിയത് അബ്ബയുടെ രണ്ടാംഭാര്യയായിരുന്ന ദൗലയുടെ അടുത്തായിരുന്നു. അവര്‍ക്ക് അഞ്ചുമക്കളുണ്ടായിരുന്നു. അവരെയും കുഞ്ഞുങ്ങളെയും അയാള്‍ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. അവര്‍ പിച്ചതെണ്ടിയായിരുന്നു ജീവിച്ചിരുന്നത്. അവരാണ് കോടതിയില്‍ പോയി ജഡ്ജിയോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അവള്‍ക്ക ധൈര്യം പകര്‍ന്നത്.

പിറ്റേന്നവള്‍ അതു തന്നെ ചെയ്തു. തനിച്ച് യാത്രചെയ്ത് എങ്ങനെയൊക്കെയോ ജഡ്ജിയുടെ മുമ്പിലെത്തി... ഷാദ എന്ന നല്ല വക്കീലിനെ അവള്‍ക്കു കിട്ടി. വിവഹമോചനം അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും അവള്‍ വിവാഹമോചിതയായി. അതോടെ ലോക ശ്രദ്ധനേടി. ഒരുപാടുപേര്‍ സഹായഹസ്തവുമായി വന്നു. അവളും അനിയത്തിയും തുടര്‍ന്നും സ്‌കൂളില്‍ ചേര്‍ന്നു. അവള്‍ക്ക് ഷാദയെപ്പോലെ വക്കീലാകണമെന്നാണാഗ്രഹം.

വിവാഹമോചനം നേടി പുറത്തിറങ്ങുമ്പോള്‍ ഷാദയോട് അവള്‍ പറഞ്ഞത് എനിക്കു കുറച്ചു കളിപ്പാട്ടങ്ങള്‍ വേണമെന്നും കുറച്ച് മിഠായിയും കേക്കും തിന്നണമെന്നുമാണ്. നുജൂദിന്റെ കേസോടെ വേറെയും പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. യെമനില്‍ വിവാഹപ്രായം 17 വയസ്സ് എന്ന നിയമമുണ്ടായി. യെമനിലെ നാട്ടിന്‍ പുറങ്ങളില്‍ ഒരു പഴഞ്ചൊല്ലുണ്ട്.' സുഖകരമായ ദാമ്പത്യം ഉറപ്പു വരുത്താന്‍ ഒന്‍പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക'

നുജൂദിന്റെ കഥ നമ്മള്‍ വായിക്കും. അത് പങ്കുവെയ്ക്കും. എന്തൊരു കഷ്ടം എന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കുറച്ചു കഴിയുമ്പോള്‍ മറക്കുകയും ചെയ്യും.

എന്നാല്‍ നമുക്കു മുന്നില്‍ എത്രയെത്ര നുജൂദുമാരാണ്. അവളേക്കാള്‍ അല്പം കൂടു പ്രായക്കൂടുതലുണ്ടാവാം. ദാരിദ്ര്യവും നാട്ടാചാരങ്ങളുമാണ് നുജൂദുമാരെ സൃഷ്ടിക്കുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ഒരു കണക്കെടുത്താല്‍ ശരാശരി ജീവിതനിലാവാരത്തിനു മുകളിലുള്ളവരില്‍ ശൈശവവിവാഹം ഇല്ലെന്നു കാണാം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്നവരില്‍...

ഈയവസ്ഥ മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങള്‍ക്കിടയിലാണെങ്കില്‍ മറ്റു പലയിടത്തും ആദിവാസി ഗോത്രങ്ങളിലും മറ്റു മതങ്ങളിലുമുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന ഇടുക്കിജില്ലയിലെ ഗ്രാമത്തില്‍ 90% വും ദരിദ്രരായിരുന്നു. പക്ഷേ, മുസ്ലീങ്ങള്‍ക്കിടയില്‍ 20 വയസ്സിനു മുകളിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം. അപൂര്‍വ്വമായിട്ടായിരുന്നു പതിനെട്ടു വയസ്സില്‍ തന്നെ നടന്നിരുന്നത്. ഇതു കാണിക്കുന്നത് ഒരേ മതത്തിന്റെ നാട്ടാചാരങ്ങള്‍, പൊതുബോധം ഒരുപോലെയല്ലെന്നു തന്നെയാണ്. അതുകൊണ്ടു തന്നെ ബഹുഭാര്യത്വം തീരെയില്ലായിരുന്നു. വിവാഹമോചനങ്ങളും കുറവ്. മാത്രമല്ല അവിടെ സ്ത്രീക്ക് താരതമ്യേന തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് വിദ്യാഭ്യാസത്തിലൂടെയും പൊതുബോധത്തിലൂടെയും പ്രായപൂര്‍ത്തിയായുള്ള വിവാഹത്തിലൂടെയും അവള്‍ നേടിയെടുത്തതാണ്.

രണ്ടാം ക്ലാസ്സിലായിരുന്നപ്പോള്‍, സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുവിനെ പേടിയായിരുന്നു. അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...അവള്‍ക്ക് ഞങ്ങളേക്കാള്‍ വലിപ്പമുണ്ടായിരുന്നോ എന്നോര്‍മയില്ല. ഇല്ലെന്നാണ് തോന്നല്‍. ഒരുപക്ഷേ, ഒന്നോ രണ്ടോ വയസ്സു കൂടുതലുണ്ടായിരുന്നിരിക്കാം. അവള്‍ ചെറുപ്പം മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഋതുമതിയായ ഉടനെ അവള്‍ അമ്മയായി. സ്‌കൂള്‍ പഠനം നിലച്ചു.

ഞങ്ങള്‍ കൊച്ചുപാവാടയും ബ്ലൗസുമൊക്കെയിട്ട് സ്‌കൂളിലും പറമ്പുകളിലും പുഴയോരത്തും തുള്ളിച്ചാടി നടക്കുമ്പോള്‍ അവള്‍ നീളന്‍ബ്ലൗസും ലുങ്കിയുമടുത്ത് തോളത്തൊരു തോര്‍ത്തുമിട്ട് കൈയ്യിലൊരു അരിവാളുമായി പണിക്കു പോകുന്നത് കാണാമായിരുന്നു. മുതിര്‍ന്നവരുടെ വേഷം അവള്‍ ധരിച്ചപ്പോള്‍ പ്രച്ഛന്നവേഷമത്സരത്തിനു നില്ക്കുന്നപോലെയേ തോന്നിയുള്ളു.

ഏഴാം ക്ലാസിലെ കൂട്ടുകാരിയായിരുന്നവളുടെ വിവാഹം പെട്ടെന്നാണ് നടന്നത്. അവള്‍ക്കും ഒരുവര്‍ഷത്തിനകം ഒരു കുഞ്ഞുണ്ടായി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബപ്രാരാബ്ധത്തില്‍ മുങ്ങിപ്പോയി അവള്‍. പിന്നെയുമുണ്ടായിരുന്നു അതുപോലെ ചിലര്‍. അതിലൊരാള്‍ക്ക് 15 വയസ്സായിരുന്നു. ഭര്‍ത്താവിന് മുപ്പത്തിയെട്ടും. അവളെ കൊച്ചുകുഞ്ഞിനെ എന്നപോലെ അയാള്‍ നോക്കിക്കോളുമെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. അവളുടെ വീട്ടില്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. ആദ്യത്തെ ആളെ ഒഴിവായിക്കിട്ടിയാല്‍ അത്രയും ഭാരം കുറഞ്ഞു.

നൂജൂദിന്റെ അബ്ബയും അതാണ് പറഞ്ഞത്.. 'ഇതു നടക്കുകയാണെങ്കില്‍ ഒരു വായ കുറഞ്ഞു കിട്ടും. അത്ര തന്നെ' എന്ന്. ഒരു ഭാരം ഒഴിവാക്കാന്‍ കൈയ്യില്‍ കിട്ടുന്ന ആദ്യ അവസരം പലരും ഉപയോഗപ്പെടുത്തുന്നു. യെമനിപ്പെണ്‍കുട്ടിയുടെ അനുഭവം വായിക്കുമ്പോള്‍ അവിടെ സ്ത്രീകളുടെ സാക്ഷരത 30% മാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമുക്കിടയിലോ?
അക്ഷരം പഠിച്ച് ബിരുദം നേടിയിട്ട് കാര്യമില്ല. മാനസിക വളര്‍ച്ചകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിയമപരമായി പ്രായം പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ കണ്‍മുമ്പില്‍ പതിനെട്ടു തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുമ്പോള്‍ കണ്ണടച്ചു കളയും. നമ്മളായിട്ട് ഒരു കുട്ടിയുടെ ഭാവി തകര്‍ക്കണ്ട എന്നും മറ്റൊരു ഭാവിയുണ്ടാക്കികൊടുക്കാന്‍ നമുക്കാവില്ല എന്നും. അല്ലെങ്കില്‍ അവനവന്‍ അവനവനിലേക്കൊതുങ്ങുമ്പോള്‍ ചുറ്റുപാടിലേക്ക് നോക്കുന്നതെന്തിനെന്ന തോന്നല്‍... സ്ത്രീധനംപോലുള്ള നാട്ടാചാരങ്ങളുടെ പിടിയിലമര്‍ന്നു പോകുന്നു നമ്മുടെ കുഞ്ഞുകുട്ടികളുടെ കളിയും ചിരിയും ഭാവിയും.

ശരിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പൊതുബോധത്തിലൂടെ മാത്രമേ സത്രീ സ്വാതന്ത്ര്യത്തിലേക്കും അതുവഴി സമത്വത്തിലേക്കും എത്താനാവൂ.

നുജൂദിന് പത്തുവയസ്സേയുണ്ടായിരുന്നുളളു. എന്നിട്ടും രക്ഷപെടണമെന്നു തോന്നി അവള്‍ ധൈര്യപൂര്‍വ്വം കോടതിയിലേക്ക് കയറിച്ചെന്നു. 2008 ല്‍ ന്യൂയോര്‍ക്കിലെ ഗ്ലാമര്‍ മാസിക വര്‍ഷത്തെ വനിതയായി അവളെ തെരഞ്ഞെടുത്തു. അവള്‍ ബഹുമതി പങ്കുവെയ്ക്കുന്നത് അതിപ്രശസ്തകളായ ചിലരോടൊപ്പമാണ്. സിനിമാനടി നിക്കോള്‍ കിഡ്മാന്‍, സെനറ്റര്‍ ഹില്ലാരി ക്ലിന്റണ്‍, കോണ്ടലീസ്സാ റൈസ് എന്നിവരോടൊത്ത്. ഇന്നലെവരെ ഒരു ദീരാചാരത്തിന് ഇരയായി ആരോരുമറിയാതെ കഴിഞ്ഞവള്‍. ഇന്ന് പെട്ടെന്ന് ധീരവനിതയുടെ പദവിയേലേക്കുയര്‍ന്നു. അവള്‍ക്ക് ഒരേയൊരു മോഹമേയുള്ളു. ഒരു സാധാരണ പെണ്‍കുട്ടിയായി തിരിച്ചുവരിക.

I Am Nujood Age 10 Divorced (ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത) എന്ന പുസ്തകം ഡെല്‍ഫിന്‍ മിനോയി അവളില്‍ നിന്ന് കേട്ടെഴുതിയതാണ്. തുടക്കത്തില്‍ 16 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തില്‍ നിന്നു കിട്ടുന്ന വരുമാനം അവളുടേയും അനിയത്തിയുടേയും പഠിത്ത ചിലവിനാണ് ഉപയോഗിക്കുന്നത്. പിന്നെ, വാടക, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കും... നമ്മുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ എത്രപേര്‍ക്ക് നുജൂദിന്റെ ധൈര്യമുണ്ടാവും എന്നാലോചിച്ചു പോകുന്നു.